കോഴിക്കോട്: നീണ്ട ഇടവേളക്ക് ശേഷം വടകരയും ഒഞ്ചിയവുമൊക്കെ വീണ്ടും അശാന്തമാവുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പ്രദേശങ്ങളിൽ നിരവധി സംഘർഷങ്ങളാണ് അരങ്ങേറിയത്. ഒറ്റതിരിഞ്ഞും വ്യാപകമായും അതിപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്. ആർഎംപിയും സിപിഎമ്മുമെല്ലാം തങ്ങളുടെ കൈക്കരുത്തും ആയുധ ബലവും പരീക്ഷിക്കുന്നതിനുള്ള തിരക്കിലാണ്. ആർഎംപി പ്രവർത്തകനും ഓട്ടോ ഡ്രൈവറുമായ വിപിൻലാലിനെ എളങ്ങോടിൽ വെച്ച് സിപിഎം പ്രവർത്തകർ മർദ്ദിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.

തുടർന്ന് ഇന്നലെ വൈകിട്ടാണ് അക്രമങ്ങൾ ഈ തോതിലുള്ള സംഘർഷങ്ങൽലേക്ക് വഴിതിരിഞ്ഞത്. ഇന്നലെ വൈകിട്ട് ഏറാമല പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ആക്രമങ്ങളിൽ നിരവധി ആർഎംപി പ്രവർത്തകർക്ക് പരിക്കേൽക്കുകയും പാർട്ടി ഓഫീസുകൾ തകർക്കപ്പെടുകയും ചെയ്തു. ആർഎംപി ഓർക്കാട്ടേരി ലോക്കൽ കമ്മറ്റി ഓഫീസിൽ കയറി ലോക്കൽ സെക്രട്ടറി കെകെ ജയൻ, ഒഞ്ചിയം ഏരിയ കമ്മറ്റി അംഗം പെരുവാട്ടി കുനി അടക്കമുള്ള ആർഎംപി പ്രവർത്തകർകരെയും മർദ്ദിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് ഇന്ന് സ്ഥലത്ത് ആർഎംപി ഹർത്താലിന് ആഹ്വാനം ചെയ്തത്. ഹർത്താലിൽ നിരവധി കടകൾ അക്രമിക്കപ്പെട്ടു. പണവും മറ്റ് സാധനങ്ങളുമെല്ലാം കൊള്ളയടിച്ച സംഭവങ്ങളും ഉണ്ടായി.

അതേ സമയം ആർഎംപി പ്രവർത്തകരെ മർദ്ദിച്ചെന്നാരോപിച്ച് സിപിഎം പ്രവർത്തകനായ പൊക്കഞ്ചേരി അനിയെ വീട്ടിൽ കയറി മർദ്ദിച്ച് ആർഎംപിയും തിരിച്ചടികൾക്ക് തുടക്കമിട്ടു. പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന ജില്ലാ ആശുപത്രിയിലും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. പരിക്കേറ്റവരെ സന്ദർശിക്കാൻ വന്ന ജനദാദൾ നേതാക്കൾക്കും ആശുപത്രിയിൽ വെച്ച് മർദ്ദനമേറ്റു. അതേ സമയം സംഘർഷത്തിൽ ആർ എസ് എസും കൂടി കൂടിയതോടെ സിപിഎമ്മിനെതിരെ വ്യപകമായി അക്രമങ്ങളാണ് നടക്കുന്നത്.

നാദാപുരം, കൊയിലാണ്ടി മേഖലകളിൽ ആർഎസ്എസും വടകരയിൽ ആർഎംപിയുമാണ് സിപിഎം പാർട്ടി ഓഫീസുകൾക്കും പ്രവർത്തകർക്കും നേരെ അക്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്. കിട്ടിയതിനേക്കാളിരട്ടി തിരിച്ച് നൽകുന്നതിൽ സിപിഎമ്മും പിറകിലല്ല. ഇന്ന് പുലർച്ചെ സിപിഎം കുട്ടോത്ത് ബ്രാഞ്ച് ഓഫീസിന് നേരെ ബോംബേറുണ്ടായി. ആർഎസ്എസ് ആണ് പിറകിലെന്നാണ് ആരോപണം.

കഴിഞ്ഞ ശനിയാഴ്ച ഇവിടെ ബിജെപി പ്രവർത്തകനെ മുഖംമൂടിയണിഞ്ഞ് അപായപ്പെടുത്താൻ ശ്രമം നടന്നിരുന്നു. അതിന് പിന്നിൽ സിപിഎമ്മാണെന്ന് അന്ന് തന്നെ തെളിയുകയും ചെയ്തിരുന്നു. ഇതിന് പകരമായിട്ടാണ് ഇന്ന് പാർട്ടി ഓഫീസിലേക്ക് ബോംബെറിഞ്ഞതെന്നാണ് പൊലീസിന്റെ നിഗമനം. കൊയിലാണ്ടിയിൽ ഇന്നലെ നാല് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് കൊയിലാണ്ടിയിൽ സിപിഎമ്മും ഹർത്താൽ നടത്തിക്കൊണ്ടിരിക്കുകയാണ്.

ഡിവൈഎഫ്ഐ കുന്നുക്കര മേഖല സെക്രട്ടറിയും സി പി എം അംഗവുമായ ബ്രിജിത്തടക്കം 4 പേർക്കാണ് ഇന്നലെ വെട്ടേറ്റത്. സാരമായ പരിക്കേറ്റ ബ്രിജിത്തിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രയിൽ ചികിത്സയിലാണ്. ഇന്ന് ബ്രിജിത്തിന്റെ പിറന്നാളുകൂടിയാണ്. പിറന്നാൾ ദിനത്തിലും പാർട്ടിക്ക് വേണ്ടി ചോരചിന്തി ആശുപത്രിയിൽ കിടക്കാനാണ് ഇവിടുത്തെ സഖാക്കളുടെ വിധി.

അതേ സമയം തനിക്കും ആർഎംപി നേതാക്കൾക്കും സിപിഎമ്മിന്റെ വധഭീഷണിയുണ്ടെന്നും, പൊലീസിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും ആർഎംപി നേതാവ് കെകെ രമ പറഞ്ഞു. ഒഞ്ചിയത്ത് ആർഎംപി നേതാവ് എൻ വേണുവിനെ അപായപ്പെടുത്താനുള്ള സിപിഎം ശ്രമത്തിന് പൊലീസ് കാവലൊരുക്കുകയാണെന്നും ആക്ഷേപമുണ്ട്. അതേസമയം അക്രമത്തിൽ നിന്ന് രക്ഷപ്പെട്ട് പാർട്ടി ഓഫീസിൽ കയറിയ വേണുവിനെ പൊലീസെത്തി കരുതൽ തടങ്കലിൽ വെക്കുകയായിരുന്നു.

ഏതായാലും വടകരയും സമീപ പ്രദേശങ്ങളുമെല്ലാം വീണ്ടും പഴയ അക്രമങ്ങളുടെ പാതയിലേക്ക് തന്നെ നീങ്ങിത്തുടങ്ങിയത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. സമാധാനം പുനഃസ്ഥാപിക്കാനായി വിളിച്ചുചേർത്ത സർവ്വകക്ഷിയോഗം പോലും അക്രമത്തിൽ കലാശിക്കുന്ന വടകരയിൽ ഇതിനി അടുത്തൊന്നും കെട്ടടുങ്ങുമെന്നുള്ള പ്രതിക്ഷയില്ല. പാർട്ടി പ്രവർത്തകർ അല്ലാത്തവരിൽ പലരും അടുത്ത പ്രദേശങ്ങളിലെ ബന്ധുവീട്ടുകളിൽ അഭയം പ്രാപിച്ചു തുടങ്ങിയിരിക്കുന്നു.

അതേ സമയം അക്രമങ്ങളിൽ പ്രതിഷേധിച്ച വടകര നഗരസഭയിലെ യു ഡി എഫ് കൗൺസിലർമാരെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നാളെ യുഡിഎഫും ഹർത്താലിന് ആഹ്വാനം ചെയതിട്ടുണ്ട്. ഹർത്താലുകളും ശിവരാത്രിയുമൊക്കെയായി തുടർച്ചയായി അവധി ലഭിക്കുമെന്നതിനാലും ഇതിപ്പോഴൊന്നും തീരില്ലെന്നുറപ്പുള്ളതിനാലും അക്രമങ്ങളിൽ നിന്ന് രക്ഷനേടാൻ പലരും ബന്ധുവീടുകളിലാണ്.