- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മുംബൈ, പാക് അധിനിവേശ കശ്മീർ പോലെ'; വായിൽ തോന്നിയത് കോതയ്ക്ക് പാട്ടാക്കുന്ന കങ്കണ റണൗട്ടിന് വിവാദ പ്രസ്താവനയിൽ കൈപൊള്ളി; നടിക്കെതിരെ വ്യാപക പ്രതിഷേധവുമായി ശിവസേന; മുംബൈയിൽ പ്രവേശിച്ചാൽ കങ്കണയുടെ കാല് തല്ലിയൊടിക്കുമെന്ന് സേനാ നേതാക്കൾ; കങ്കണ പാക് അധീന കശ്മീരിലേക്ക് പോവുന്നതാണ് നല്ലതെന്ന് സഞ്ജയ് റാവുത്ത്; മുംബൈയിൽ വിമാനം ഇറങ്ങുന്ന സമയം അറിയിക്കാം, ധൈര്യമുള്ളവർ തടയാൻ വരട്ടേയെന്ന് വെല്ലുവിളിയുമായി കങ്കണയും
മുംബൈ: വായിൽ തോന്നിയതെല്ലാം വിളിച്ചു പറഞ്ഞു കൊണ്ട് തുടർച്ചയായി വിവാദത്തിൽ ചാടിയ ബോളിവുഡ് നടി കങ്കണ റണൗട്ടിന് ഒടുവിൽ ശരിക്കും കൈപൊള്ളി. 'മുംബൈ, പാക് അധിനിവേശ കശ്മീർ പോലെ'യാണെന്ന വിവാദ പ്രസ്താവന നടത്തിയതാണ് കങ്കണ വിവാദത്തിൽ ചാടിയിരിക്കുന്നത്. നടിക്കെതിരെ മുംബൈ വാസികളുടെ പ്രതിഷേധം അലയടിക്കുകയാണ്. ശിവസേനയും കങ്കണക്കെതിരെ പരസ്യമായി രംഗത്തെത്തി. ഇതോടെ വെല്ലുവിളിയുമായി നടിയും രംഗത്തെത്തി. വിവാദത്തിൽ കൈപൊള്ളുമെന്ന അവസ്ഥ വന്നതോടെ നടിയെ പിന്തുണച്ച ബിജെപിയും പതിയെ പിൻവാങ്ങുകയാണ്.
തിന്നുന്ന പാത്രത്തിൽ തുപ്പുന്ന താരം പാക് അധീന കശ്മീരിലേക്ക് പോവുന്നതാണ് നല്ലതെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് നേരത്തെ പ്രതികരിച്ചിരുന്നു. മുംബൈ പൊലീസിനെച്ചൊല്ലി ശിവസേനാ നേതാവ് സഞ്ജയ് റാവുത്തുമായി വാക്പോര് തുടരുന്നതിനിടെയാണ് താൻ സെപ്റ്റംബർ ഒമ്പതിന് മുംബൈയിൽ തിരിച്ചെത്തുമെന്ന് കങ്കണ പ്രഖ്യാപിച്ചത്. മുംബൈ പൊലീസിൽ വിശ്വാസമില്ലെങ്കിൽ കങ്കണ മുംബൈയിലേക്ക് തിരിച്ചു വരേണ്ട എന്ന സഞ്ജയ് റാവുത്തിന്റെ പ്രസ്താവനയെ പരസ്യ ഭീഷണിയായി ചിത്രീകരിച്ചുകൊണ്ടായിരുന്നു അവരുടെ പ്രതികരണം. 'മുംബൈയിലേക്ക് തിരിച്ചു വരരുതെന്ന് പലരും ഭീഷണിപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് സെപ്റ്റംബർ ഒമ്പതിന് മുംബൈയിലേക്കു പോകാൻ ഞാൻ തീരുമാനിച്ചു. അവിടെ വിമാനമിറങ്ങുന്ന സമയം അറിയിക്കാം. ധൈര്യമുള്ളവർ തടയാൻ വരട്ടേ'- ഹിമാചൽ പ്രദേശിലെ മണാലിയിലെ വസതിയിൽനിന്ന് ട്വിറ്റർ സന്ദേശത്തിൽ കങ്കണ പറഞ്ഞു.
മുംബൈ നഗരം പാക് അധീന കശ്മീരിന് സമാനമായി തോന്നുവെന്നുവെന്ന കങ്കണയുടെ പ്രസ്താവനയാണ് പ്രശ്നങ്ങൾക്ക് തുടക്കംകുറിച്ചത്. മഹാരാഷ്ട്രയിലെ ഭരണ സഖ്യത്തെ കങ്കണ താലിബാനുമായി താരതമ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശിവസേന നേതാക്കൾ കങ്കണയ്ക്കെതിരേ തുടർച്ചയായ വിമർശനങ്ങൾ ഉന്നയിച്ചത്. തിന്നുന്ന പാത്രത്തിൽ തുപ്പുകയാണവർ. അവരുടെ മനോനില ശരിയല്ല. മുംബൈയിലേക്കു വരുന്നതിനു പകരം അവർ പാക് അധീന കശ്മീരിലേക്ക് പോയ്ക്കോട്ടെ. രണ്ടു ദിവസം പാക് അധീന കശ്മീരിൽ പോയി താമസിക്കാൻ കേന്ദ്രസർക്കാർ കങ്കണയെ സഹായിക്കണം. സർക്കാർ തയ്യാറല്ലെങ്കിൽ അതിനുള്ള ചെലവു വഹിക്കാൻ ഞങ്ങൾ ഒരുക്കമാണ്-ടെലിവിഷൻ ചാനലിനോട് സംസാരിക്കവേ റാവുത്ത് പറഞ്ഞു.
നിങ്ങൾ താമസിക്കുന്ന, നിങ്ങൾക്ക് പേരും പ്രശസ്തിയും തന്ന നഗരത്തെയാണ് നിങ്ങൾ അവഹേളിക്കുന്നത്. ആ നഗരത്തിന്റെ സുരക്ഷയ്ക്കു വേണ്ടി ജീവൻ ബലികഴിക്കാൻ തയ്യാറായി നിൽക്കുന്ന പൊലീസുകാരെയാണ് അപമാനിക്കുന്നത്. ഇത്തരം ഭാഷയിൽ ആരും സംസാരിക്കാൻ പാടില്ല - റാവുത്ത് പറഞ്ഞു. മുംബൈ നഗരത്തെപ്പറ്റി കങ്കണ നടത്തിയ അഭിപ്രായ പ്രകടനത്തോട് ബിജെപി. യോജിക്കുന്നില്ലെന്ന് പാർട്ടി നേതാവ് ആഷിഷ് ഷെലാർ പറഞ്ഞു. മുംബൈയിലെയും മഹാരാഷ്ട്രയിലെയും ജനങ്ങളെ മര്യാദ പഠിപ്പിക്കാൻ കങ്കണ ശ്രമിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം കങ്കണയ്ക്കെതിരേ ഭീഷണി ശക്തമായതോടെ വിഷയത്തിൽ ദേശീയ വനിതാ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. മുംബൈയിൽ പ്രവേശിച്ചാൽ കങ്കണയുടെ കാല് തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശിവസേന എംഎൽഎ പ്രതാപ് സർനായികിനെതിരേ സ്വമേധയാ കേസെടുക്കുമെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ പറഞ്ഞു. സംഭവത്തിൽ നടപടിയെടുത്ത് എംഎൽഎയെ അറസ്റ്റ് ചെയ്യാൻ മഹാരാഷ്ട്ര ഡിജിപിക്ക് കത്തയക്കുമെന്നും രേഖ ശർമ്മ വ്യക്തമാക്കി.
അതേസമയം, ട്വിറ്ററിൽ കളിക്കുന്നതിനുപകരം തനിക്കെതിരായ തെളിവുകളോടെ പൊലീസിനെയും സർക്കാരിനെയും സമീപിക്കുകയാണ് വേണ്ടതെന്ന് റാവുത്ത് പറഞ്ഞു. മുംബൈ പൊലീസിനെ ആക്ഷേപിക്കുന്നവർക്ക് എതിരെ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് റാവുത്ത് ആവശ്യപ്പെട്ടു. പൊലീസിന്റെ മനോവീര്യം തകർക്കുന്ന പ്രസ്താവനകൾ ആണിത്. ഇത്തരം മാനസിക രോഗികളെ ആരോഗ്യവകുപ്പും ആഭ്യന്തര വകുപ്പും ചേർന്ന് കൈകാര്യം ചെയ്യണം. കങ്കണ ആദ്യം പാക് അധിനിവേശ കശ്മീരിൽ പര്യടനം നടത്തി അവിടുത്തെ സ്ഥിതിഗതികൾ മനസ്സിലാക്കണം. മുംബൈ പൊലീസിനെ ആക്ഷേപിക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. മുംബൈയെ പാക് അധിനിവേശ കശ്മീർ എന്നുവിളിക്കുന്നവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് മുംബൈയിലും സംസ്ഥാനത്തും വോട്ട് ചോദിക്കാൻ അവകാശമില്ല-റാവുത്ത് പറഞ്ഞു.
മഹാരാഷ്ട്രയോ മുംബൈയോ സുരക്ഷിതമല്ലെന്ന് കരുതുന്നവർക്ക് സംസ്ഥാനത്ത് ജീവിക്കാൻ അവകാശമില്ലെന്ന് എൻസിപിക്കാരനായ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു. സ്കോട്ട്ലാൻഡ് യാർഡ് പൊലീസിനൊപ്പം പ്രകീർത്തിക്കപ്പെട്ടിട്ടുള്ള സേനയാണ് മുംബൈ പൊലീസ്. മുംബൈ ഉൾപ്പെടെ മുഴുവൻ സംസ്ഥാനവും പൊലീസിന്റെ കൈകളിൽ സുരക്ഷിതമാണ്-ദേശ്മുഖ് പറഞ്ഞു.
സംസ്ഥാന സർക്കാരിനെയും മുംബൈ പൊലീസിനെയും കരിവാരിത്തേക്കാൻ ബിജെപിയുടെ കയ്യിലെ ചട്ടുകമായി പ്രവർത്തിക്കുകയാണ് കങ്കണയെന്ന് കോൺഗ്രസ് സംസ്ഥാന വക്താവ് സച്ചിൻ സാവന്ത് ആരോപിച്ചു. മുംബൈ നഗരത്തെ പാക് അധിനിവേശ കശ്മീരുമായി താരതമ്യം ചെയ്യുക വഴി 13 കോടി മഹാരാഷ്ട്രക്കാരെയാണ് കങ്കണ അപമാനിച്ചിരിക്കുന്നതെന്ന് സാവന്ത് ആരോപിച്ചു. കങ്കണയുടെ പ്രസ്താവനകളെ പിന്തുണയ്ക്കുന്ന പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസും സംസ്ഥാന ബിജെപിയും നിരുപാധികം മാപ്പു പറയണമെന്നും സാവന്ത് ആവശ്യപ്പെട്ടു.
കങ്കണയുടെ അധിക്ഷേപകരമായ പ്രസ്താവനകളെ പാർട്ടി പിന്തുണയ്ക്കുന്നില്ലെന്ന് ബിജെപി എംഎൽഎ രാം കദം പറഞ്ഞു. എന്നാൽ വലിയ ആളുകളെ സംരക്ഷിക്കാൻ മുംബൈ പൊലീസിനെ ദുരുപയോഗിക്കുകയാണെന്ന് ആരോപിച്ചു. ലഹരിമരുന്ന് മാഫിയയുമായി ബന്ധമുള്ള സിനിമാക്കാരുടെയും വലിയ രാഷ്ട്രീയക്കാരുടെയും പേരുകൾ വെളിപ്പെടുത്താൻ തയാറാണ് കങ്കണയെന്നും സർക്കാർ ഭയപ്പെടുന്നുണ്ടോയെന്നും കദം ചോദിച്ചു. കങ്കണയുടെ പരാമർശങ്ങളുമായി പാർട്ടിയെ ബന്ധിപ്പിക്കരുതെന്ന് ബിജെപി നേതാവ് ആശിഷ് ഷേലാർ പറഞ്ഞു.
മറുനാടന് ഡെസ്ക്