ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. പ്രശാന്ത് കിഷോറിനെ പാർട്ടിയിൽ സഹകരിപ്പിക്കണമോയെന്നതിൽ കോൺഗ്രസിൽ നിർണായക തീരുമാനം കൈക്കൊണ്ടേക്കും. പ്രശാന്ത് കിഷോറുമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ സോണിയ ഗാന്ധിയുടെ വസതിയിലാണ് ചർച്ച നടത്തിയത്.

പ്രശാന്ത് കോൺഗ്രസിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കൂടിക്കാഴ്ച. ഇതിനു മുൻപു നിരവധിത്തവണ പ്രശാന്ത് കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചു ചർച്ച ചെയ്യാനാണ് കൂടിക്കാഴ്ചയെന്നാണ് കോൺഗ്രസ് വിശദീകരണമെങ്കിലും 2024 ലോക്‌സഭാ തിരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള ചർച്ചകളാണ് പുരോഗമിക്കുന്നതെന്നാണ് പ്രശാന്തുമായി അടുത്തവൃത്തങ്ങൾ നൽകുന്ന വിവരം.

'മിഷൻ 2024' സംബന്ധിച്ച് ധാരണയിലെത്തിയാൽ ഗുജറാത്ത് ഉൾപ്പെടെയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ചുമതലയും പ്രശാന്ത് കിഷോറിനെ ഏൽപ്പിച്ചേക്കും. ഉപദേശക റോളിനുപകരം പ്രശാന്ത് കിഷോറിനു കോൺഗ്രസിൽ അംഗത്വം നൽകുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും ഇതു സംബന്ധിച്ചു വ്യക്തതയില്ല. മെയ്‌ 2നുള്ളിൽ തന്റെ ഭാവിപരിപാടികൾ വ്യക്തമാക്കുമെന്നാണു പ്രശാന്ത് നേരത്തെ അറിയിച്ചത്.

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഹാർദിക് പട്ടേലിനൊപ്പം, പട്ടേൽ സമുദായത്തിൽ നിർണായക സ്വാധീനമുള്ള നരേഷ് പട്ടേലിനെ കൂടി കോൺഗ്രസിലെത്തിക്കുകയെന്നത് കൂടി ലക്ഷ്യമിട്ടാണ് ചർച്ചകൾ നടക്കുന്നത്. കോൺഗ്രസിൽ ചേരണമെങ്കിൽ പ്രശാന്ത് കിഷോറിനെ തെരഞ്ഞെടുപ്പ് ചുമതലകളിൽ നിയോഗിക്കണമെന്ന് നരേഷ് പട്ടേൽ കോൺഗ്രസിനോട് ഉപാധി വെച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കിടെ കോൺഗ്രസും പ്രശാന്ത് കിഷോറുമായി ചർച്ചകൾ നടന്നിരുന്നുവെങ്കിലും ഒടുവിൽ കടുത്ത ഭിന്നിപ്പിലാണ് അവസാനിച്ചത്. രാജസ്ഥാൻ, ഛത്തീസ്ഘട്ട് സംസ്ഥാനങ്ങൾ നിലനിർത്താനും മധ്യപ്രദേശ് തിരിച്ചു പിടിക്കാനുമുള്ള ഫോർമുല നേതൃത്വം ആരാഞ്ഞതായാണ് വിവരം. ഗ്രൂപ്പ് 23 നനെ ഉൾക്കൊള്ളാനുള്ള നേതൃത്വത്തിന്റെ നീക്കത്തിന് പിന്നിലും പ്രശാന്ത് കിഷോറിന്റെ നിർദേശങ്ങളുണ്ടെന്നാണ് വിവരം.

കോൺഗ്രസിനെ പൂർണമായും ഉടച്ചുവാർത്തു നവീകരിക്കണമെന്ന അഭിപ്രായമാണ് പ്രശാന്ത് നേതൃത്വത്തിനു മുന്നിൽവച്ചത്. എന്നാൽ മുതിർന്ന നേതാക്കളെ ഉൾപ്പെടെ അധികം പിണക്കാതെയുള്ള സമീപനം മതിയെന്നാണ് ഹൈക്കമാൻഡ് പക്ഷം. ഇതു സംബന്ധിച്ചാണ് ചർച്ചകൾ നീളുന്നത്.