കോഴിക്കോട്: കാലിക്കറ്റ് യൂണിവഴ്സിറ്റിയുടെ വിവിധ സോണൽ കോലത്സവവങ്ങൾക്ക് വിവിധയിടങ്ങളിൽ രണ്ട് ദിവസത്തിനകം തുടക്കമാകും. പാലക്കാട് ജില്ല ഡി സോൺ, മലപ്പുറം ജില്ലയുൾപെടുന്ന സി സോൺ കലോത്സവങ്ങൾ തർക്കങ്ങൾക്കിടയില്ലാതെ ഏതാണ്ട് നടത്താൻ ഇക്കുറി സാധിക്കുമെങ്കിലും കോഴിക്കോട് ജില്ലയുൾപെടുന്ന ബി സോണും, വയനാട് ജില്ലയുൾപെടുന്ന എഫ് സോൺ കലോത്സവവും ഇക്കുറി വിദ്യാർത്ഥി സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെ വടംവലിയിലും വീതംവെക്കലിലും നിറം മങ്ങുമെന്ന് ഉറപ്പായി.

കഴിഞ്ഞ കാലങ്ങളിൽ യൂണിവേഴ്സിറ്റി യൂണിയനിലെ ജില്ലാ പ്രതിനിധകളായിരുന്നു സാധാരണ രീതിയിൽ സോണൽ കലോത്സവങ്ങൾ നടത്തിയിരുന്നത്. എന്നാൽ ഇക്കുറി യൂണിവേഴ്സിറ്റി യൂണിയൻ നേരിട്ട് ജില്ലാ പ്രതിനിധികൾക്ക് യാതൊരു പങ്കുമില്ലാത്ത രീതിയിലാണ് കലോത്സവങ്ങൾ തീരുമാനിച്ചത്. ഇതാണ് പ്രശനങ്ങൾക്ക് വഴിവെക്കുന്നതും. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ യൂണിയൻ ഭരണം കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് കഴിഞ്ഞ രണ്ട് വർഷമായി എസ് എഫ് ഐക്ക് ലഭിക്കുന്നത്. കഴിഞ്ഞ വർഷം മലപ്പുറം, കോഴിക്കോട് ജില്ലാ റെപ്പുകൾ യുഡിഎസ്ഫിന് ലഭിച്ചിരുന്നെങ്കിലും ഇപ്രാവശ്യം കോഴിക്കോട് ജില്ലാസീറ്റ് മാത്രമാണ് യുഡിഎസ്എഫിന് ലഭിച്ചത്.

അതുകൊണ്ടുതന്നെ കഴിഞ്ഞ കാലങ്ങളിലെന്ന പോലെ ഇപ്രാവശ്യവും കോഴിക്കോട് ജില്ലയുൾപ്പെടുന്ന ബി സോൺ കലോത്സവം നടത്താൻ കോഴിക്കോട് ജില്ലാ പ്രതിനിധിയായ യുഡിഎസ്എഫിലെ നജ്മു സാഖിബ് വേദിയും തിയ്യതിയുമെല്ലാം വച്ച് യൂണിവേഴ്സിറ്റിയിലും യൂണിവേഴ്സറ്റി യൂണിയനിലും അവതരിപ്പിച്ചെങ്കിലും യൂണിവേഴ്സിറ്റി യൂണിയൻ ഇടപെട്ട് നജ്മുസാഖിബിന്റെ അപേക്ഷ നിരസിക്കുകയായിരുന്നു.

നജ്മു സാഖിബ് വേദിയായി പറഞ്ഞ കൊടുവള്ളിയിലെ കോളേജിന് കലോത്സവം നടത്താനുള്ള സൗകര്യങ്ങളില്ലെന്ന് പറഞ്ഞ് യൂണിവേഴ്സിറ്റി യൂണിയൻ എസ് എഫ് ഐക്ക് അപ്രമാദിത്വമുള്ള വടകര മടപ്പള്ളി കോളേജിലേക്ക് വേദി മാറ്റുകയും എംഎൽഎ സികെ നാണുവിനെ സംഘാടകസമിതി ചെയർമാനാക്കി പരിപാടി നിശ്ചയിക്കുകയുമായിരുന്നു.

നജ്മുസാഖിബ് നിർദ്ദേശിച്ച കൊടുവള്ളിയിലെ കോളേജിൽ എസ്എഫ്‌ഐക്ക് പ്രതിനിധ്യമില്ലാത്തതാണ് വേദിമാറ്റാൻ കാരണമായതെന്നാരോപിച്ച് യുഡിഎസ്എഫ് അനുകൂല വിദ്യാർത്ഥികളും കോളേജുകളുമെല്ലാം കലോത്സവം ബഹിഷ്‌കരിച്ച് സമാന്തര സോണൽ കലോത്സവം നടത്താനുള്ള ശ്രമം തുടങ്ങി.

ഇതിനിടെയാണ് യൂണിവേഴ്‌സിറ്റി വിഷയത്തിൽ ഇടപെടുന്നത്. പിന്നീട് യൂണിയനെ മാറ്റി യൂണിവേഴ്സിറ്റി നേരിട്ട് കോലത്സവം നടത്താമെന്നുള്ള രീതിയിലാണ് കാര്യങ്ങൾ ഇപ്പോൾ മുന്നോട്ടുപോകുന്നത്. അതിനായി പ്രോ വൈസ് ചാൻസലർ ചെയർമാനായ സമിതിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥിക്ഷേമ ഡീൻ പി.വി. വൽസരാജ് സമിതിയുടെ കൺവീനറും സിൻഡിക്കറ്റംഗങ്ങളായ കെ.കെ.ഹനീഫ, ശ്യാംപ്രസാദ് എന്നിവർ അംഗങ്ങളുമായ സമിതിയാണിപ്പോൾ കലോത്സവം നടത്തുന്നതിനായി രൂപീകരിച്ചിട്ടുള്ളത്.

വേദി മടപ്പള്ളി ഗവ. കോളജിൽ തന്നെയായിരിക്കും. സ്റ്റേജിതര ഇനങ്ങൾ അഞ്ച്, ആറ് തിയതികളിലും സ്റ്റേജിനങ്ങൾ ഏഴ്, എട്ട്, ഒമ്പത് തിയതികളിലും നടത്തും. സ്റ്റേജിതര ഇനങ്ങൾക്ക് നാളെ വൈകുന്നേരം അഞ്ച് വരെയും സ്റ്റേജിനങ്ങൾക്ക് അഞ്ചിന് വൈകുന്നേരം അഞ്ച് വരെയും രജിസ്ട്രേഷൻ നടത്താം. സംഘാടകസമിതി ജനറൽ കൺവീനറായ കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് അംഗം നജ്മു സാഖിബ് പ്രോഗ്രാം കമ്മറ്റിയുടെയും ജനറൽ കൺവീനറാകും.

പ്രിൻസിപ്പലോ അദ്ദേഹം നാമനിർദ്ദേശം ചെയ്യുന്ന അദ്ധ്യാപകനോ ചെയർമാനാകും. വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ, സിൻഡിക്കറ്റംഗങ്ങളായ പ്രഫ. ആർ. ബിന്ദു, കെ.കെ. ഹനീഫ, ശ്യാംപ്രസാദ്, യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ പി. സൂജ, സെക്രട്ടറി മുഹമ്മദലി ഷിഹാബ്, കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് മെംബർ നജ്മു സാഖിബ്, വിദ്യാർത്ഥിക്ഷേമ ഡീൻ പി.വി. വൽസരാജ് എന്നിവർ യോഗം ചേർന്നാണ് തീരമാനമെടുത്തത്.

അതേ സമയം വയനാട്ടിൽ പ്രശനം അൽപം കൂടി കടുത്ത തലത്തിലാണ്. ചരിത്രത്തിലാദ്യമായി മുസ്ലിംലീഗ് മാനേജ്മെന്റിന്റെ കീഴിലുള്ള വയനാട് മുട്ടിൽ ഓർഫേനേജ്് കോളേജിൽ ഇക്കുറി എസ്എഫ്‌ഐക്ക് യൂണിയൻ ഭരണം കിട്ടിയത് മുതലുള്ള പ്രചരണമായിരുന്നു ഇക്കൊല്ലത്തെ എഫ് സോൺ കലോത്സവം ഇവിടെ വെച്ച് നടത്തുമെന്നത്. എന്നാൽ കലോത്സവത്തിന് വേദി അനുവദിക്കണമെന്ന് കാണിച്ച് യൂണിവേഴ്സിറ്റി യൂണിയൻ നൽകിയ കത്ത് നിരസിച്ച കോളേജ് മാനേജ്മെന്റ് കലോത്സവം ഇവിടെ നടത്താൻ അനുവദിക്കില്ലെന്ന് മറുപടിയും നൽകി.

ഇതിനായി കോളേജ് കാരണം പറഞ്ഞത് കോളേജിൽ ഇത്രയും വിദ്യാർത്ഥികൾ വന്നാൽ പ്രാഥമികാവശ്യം നിറേവറ്റാനുള്ള ടോയ്ലറ്റ് സൗകര്യങ്ങൾ കുറവാണെന്നായിരുന്നു. എന്നാൽ എസ്എഫ്‌ഐക്ക് പ്രാധിനിധ്യം ലഭിക്കുമെന്നതിനാൽ മുസ്ലിംലീഗ് മാനേജ്മെന്റ് പ്രൻസിപ്പലിനെകൊണ്ട് ഇത്തരത്തിൽ മറുപടി നൽകിച്ചതാണെന്നാരോപിച്ച് എസ്എഫ്‌ഐ കോള്ജിലേക്ക് മാർച്ച് നടത്തി.

ടോയ്ലറ്റ് അപര്യാപ്തത പരിഹരിക്കാനായി കോളേജിൽ ടോയ്ലറ്റുകളുണ്ടായക്കാനാണെന്ന് പറഞ്ഞ അങ്ങാടിയിൽ പിരിവും ഉണ്ടായി. ഏതായാലും വേദി കിട്ടാതെ അനിശ്ചിതത്ത്വത്തിലായ എഫ് സോൺ കോലോത്സവവും ഇവരുടെ രാഷ്ട്രീയ വടംവലികളാൽ നിറം മങ്ങിയതാകുമെന്ന് തന്നെയാണ് വിലയിരുത്തൽ.

അതിനിടെയിലും മലപ്പുറം ജില്ലയുൾപ്പെടുന്ന സി സോൺ കലോത്സവത്തിന് ഫെബ്രുവരി 4ന് മഞ്ചേരി എൻ എസ് എസ് കോളേജിൽ തുടക്കമാകും. തൃശൂർ ജില്ലയുൾപ്പെടുന്ന ഡി സോൺ കലോത്സവം ചാലക്കുടി പനമ്പള്ളി മെമോറിയൽ കോളേജിൽ ഭംഗിയായി പൂർത്തിയായി. ഇതെല്ലാം കഴിഞ്ഞ് വേണം ഇനി ഇന്റർ സോൺ കലോത്സവം നടത്താൻ. അതിനുള്ള വേദിയും തിയ്യതിയും ഇതുവരെ തീരുമാനമായിട്ടുമില്ല.