കോട്ടയം: കോട്ടയം എംപി ജോസ് കെ മാണിയുടെ ഭാര്യ എഴുതിയ പുസ്തകത്തിൽ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകൻ ട്രെയിനിൽ വെച്ച് തന്നെ അപമാനിച്ചെന്ന് തുറന്നു പറഞ്ഞത് കോട്ടയം രാഷ്ട്രീയത്തിൽ കൊടുങ്കാറ്റ് ഉയർത്തുന്ന വിവാദമായി മാറുന്നു. 'മീ ടൂ' പ്രചാരണത്തിൽ താനും പങ്കുചേരുന്നുവന്ന പറഞ്ഞു കൊണ്ടാണ് നിഷാ ജോസ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തിയത്. നിഷ എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ 'ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ്' എന്ന പുസ്തകത്തിലാണ് ഈ തുറന്നു പറഞച്ചിലുണ്ടായത്.

നിഷ തുറന്നു പറഞ്ഞ കാര്യം പുറത്തുവന്നതോടെ കോട്ടയത്തെ ഉന്നതനായ രാഷ്ട്രീയ നേതാവിന്റെ മകൻ ആരാണെന്ന ചോദ്യം വിവിധ കോണുകളിൽ നിന്നും ഉയർന്നു. പേര് പറഞ്ഞില്ലെങ്കിലും കൃത്യമായ സൂചനകളാണ് നിഷ തന്നെ പുസത്കത്തിൽ നൽകിയിരുന്നത്. അതകൊണ്ട് തന്നെ നിഷയുടെ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ പലരും വിരൽ ചൂണ്ടിയത് പി സി ജോർജ്ജിന്റെ മകൻ ഷോൺ ജോർജ്ജിനെതിരെയാണ്. നിഷയോട് അടുത്ത കേന്ദ്രങ്ങൾ പറയുന്നതും അവർ ഉദ്ദേശിച്ചത് ഈ നേതാവിനെ തന്നെയാണെന്നാണ്.

തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്കുള്ള യാത്രയിലാണ് നേതാവിന്റെ മകൻ തന്നോട് മോശമായി പെരുമാറിയതായി നിഷ പറയുന്നത്. പുസ്തകത്തിൽ നേതാവിന്റെ മകനെ കുറിച്ചു അവർ നൽകുന്ന സൂചനകൾ ഇങ്ങനെയാണ്:

''തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ രാത്രി വൈകി തനിയെ കോട്ടയത്തേക്കു ട്രെയിൻ കയറാൻ എത്തിയപ്പോഴാണ് അയാളെ കണ്ടത്. മെലിഞ്ഞ യുവാവ് രാഷ്ട്രീയനേതാവായ സ്വന്തം അച്ഛന്റെ പേരു പറഞ്ഞാണ് പരിചയപ്പെട്ടത്. അപകടത്തിൽപ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയിൽ കിടക്കുന്ന ഭാര്യാപിതാവിനെ കാണാൻ വന്നതാണെന്നും പറഞ്ഞു. ട്രെയിനിൽ കയറിയ അയാൾ അടുത്തു വന്നിരുന്നു സംസാരം തുടർന്നു. സഹികെട്ടപ്പോൾ ടിടിആറിനോട് പരാതിപ്പെട്ടു. ടിടിആർ നിസ്സഹായനായി കൈമലർത്തി. യുവാവും അയാളുടെ അച്ഛനെപ്പോലെയാണെങ്കിൽ ഇടപെടാൻ എനിക്കു പേടിയാണ് എന്നായിരുന്നു ടിടിആറിന്റെ മറുപടി. 'നിങ്ങൾ ഒരേ രാഷ്ട്രീയ മുന്നണിയിൽ ഉൾപ്പെട്ടവരായതിനാൽ ഇത് ഒടുവിൽ എന്റെ തലയിൽ വീഴും' ഇങ്ങനെ പറഞ്ഞ് ടിടിആർ ഒഴിവായി. തിരികെ സീറ്റിലെത്തിയിട്ടും സഹയാത്രികൻ ശല്യപ്പെടുത്തൽ തുടർന്നു. മൂന്നോ നാലോ തവണ അനാവശ്യമായി തന്റെ കാൽപാദത്തിൽ സ്പർശിച്ചു. അതോടെ അടുത്തുനിന്നു പോകാൻ അയാളോട് കർശനമായി പറഞ്ഞെന്നും വീട്ടിൽ എത്തിയശേഷം ഇക്കാര്യം ഭർത്താവ് ജോസ് കെ. മാണിയെ അറിയിച്ചെന്നും പുസ്തകത്തിൽ പറയുന്നു.''

നിഷ നൽകുന്ന സൂചന വെച്ച് ഷോൺ ജോർജ്ജിലേക്കാണ് എല്ലാവരും വിരൽ ചൂണ്ടുന്നത്. അപകടത്തിൽപ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയിൽ കിടക്കുന്ന ഭാര്യാപിതാവിനെ കാണാൻ വന്നതാണെന്ന് ഉദ്ദേശിച്ചത് ജഗതിയെ കാണാൻ ഷോൺ എത്തിയതാണെന്ന വിധത്തിലാണ് വ്യാഖ്യാനങ്ങൾ പോകുന്നത്. പിതാവിനെ പോലെയെന്ന സൂചനയും ഷോണിനെ ഉദ്ദേശിച്ചു തന്നെയാണെന്ന ആശങ്ക ഉയരുന്നു. അതേസമയം നിഷയുടെ വെളിപ്പെടുത്തൽ എത്രത്തോളം സത്യമുണ്ടെന്ന ചോദ്യവും ഉയരുന്നുണ്ട്. ജോസ് കെ മാണിക്കെതിരെ സോളാർ കേസിൽ ശക്തമായ ആരോപണങ്ങളുമായി രംഗത്തെത്തിയത് പി സി ജോർജ്ജായിരുന്നു. അതുകൊണ്ട് കിട്ടിയ അവസരത്തിൽ നിഷ അവസരം മുതലെടുക്കുകയായിരുന്നു എന്നുമാണ് ആരോപണം.

നിഷ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ ഉദ്ദേശിക്കുകയാണെന്നും മാത്രമാല്ല, പുസ്തകത്തിന്റെ പബ്ലിസിറ്റിക്ക് വേണ്ടിയാണ് നിഷ ഇത് എഴുതി ചേർത്തതെന്നുമാണ് ആരോപണം. എന്തായാലും കോട്ടയത്തെ പ്രമുഖ നേതാവിന്റെ മകനെ ലക്ഷ്യമിട്ടുള്ള ആരോപണം ചൂടുപിടിച്ച മട്ടാണ്. സംഭവത്തിൽ ശക്തമായ പ്രതികരണവുമായി നേതാവ് രംഗത്തെത്താനുള്ള സാഹചര്യവും കൂടുതലാണ്.

കോട്ടയത്തെ ഒരു യുവ കോൺഗ്രസ് നേതാവിനെതിരെയും നിഷയുടെ പുസ്തകത്തിൽ പരാമർശമുണ്ട്. ഹീറോ എന്ന് പരിഹാസ രൂപത്തിലാണ് ആ നേതാവിന്റെ പേര് പുസ്തകത്തിൽ പറയുന്നത്. തന്നെക്കുറിച്ച് അപഖ്യാതി പറഞ്ഞുപരത്തിയത് 'ഹീറോ'ആണെന്ന് നിഷ ആരോപിക്കുന്നു. സ്വന്തം നേതാവിനെ മോശപ്പെടുത്തി ഇയാൾ സംസാരിച്ചതിന്റെ ശബ്ദരേഖ പുറത്തു വന്നതിനെപ്പറ്റിയും പുസ്തകത്തിൽ സൂചനയുണ്ട്. പേരൊന്നും വെളിപ്പെടുത്തുന്നില്ലെങ്കിലും ആളെ മനസ്സിലാക്കാവുന്ന സൂചനകൾ പുസ്തകം നൽകുന്നുണ്ട്.

കോട്ടയം ജില്ലയിലെ ഒരു പ്രമുഖ പാർട്ടിയുടെ പ്രമുഖനായ നേതാവും ജോസ് കെ. മാണിയെ പ്രതികൂട്ടിലാക്കാൻ ശ്രമിച്ചെന്ന് പുസ്തകത്തിൽ പറയുന്നു. സരിതയെ അറിയാമോയെന്നു കൂട്ടുകാരികൾ ചോദിച്ചപ്പോൾ മക്കൾക്കുണ്ടായ വിഷമത്തെപ്പറ്റിയും പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. സോളാറിലെയും ബാർ വിഷയത്തിലെയും കഥകൾ ചിലർ പൊടിപ്പുംതൊങ്ങലും വച്ച് ചിത്രീകരിച്ചപ്പോൾ ഒരു ദിവസം വീട്ടിൽ കെ.എം. മാണി പറഞ്ഞു: പട്ടികൾ കുരയ്ക്കും, കുറച്ചു കഴിയുമ്പോൾ അവ കുരച്ചു ക്ഷീണിക്കും. എന്നാൽ ഈ പട്ടികളുടെ കുര കേൾക്കുന്ന സിംഹം ഓരോ നിമിഷവും കഴിയുമ്പോൾ കൂടുതൽ കരുത്തോടെ ഗർജിക്കാൻ തുടങ്ങും. ഇതാണ് വിവാദങ്ങളുടെ എല്ലാം അവസാനം.

ബാർ കോഴവിവാദം, സോളർ, സരിത തുടങ്ങി കെ.എം. മാണിയുടെ കുടുംബം നേരിട്ട ആരോപണങ്ങളെപ്പറ്റിയും അതു കുടുംബത്തിലുണ്ടാക്കിയ വിഷമങ്ങളെപ്പറ്റിയും നിഷ എഴുതുന്നുണ്ട്. കുമരകത്തു നടന്ന ചടങ്ങിൽ 'ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ്' അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി പ്രകാശനം ചെയ്തു. കെ.എം. മാണിയുടെ ഭാര്യ കുട്ടിയമ്മയും നിഷയുടെ മാതാവ് റോസി ജോണും ചേർന്ന് പുസ്തകം ഏറ്റുവാങ്ങി. കെ.എം. മാണി എംഎൽഎ, ജോസ് കെ. മാണി എംപി എന്നിവർ പങ്കെടുത്തു.