കണ്ണൂർ: യു.ഡി.എഫ്- എൽ.ഡി.എഫ് മുന്നണികൾക്ക് ഭീഷണിയായി സ്വതന്ത്ര സ്ഥാനാർത്ഥികൾ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. മത്സരചിത്രം തെളിഞ്ഞപ്പോഴും കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തെരഞ്ഞെടുപ്പു കളത്തിൽ ഭീഷണിയായി സ്വതന്ത്രർ നിൽക്കുകയാണ്. 24 ഡിവിഷനുകളുള്ള കണ്ണൂർ ജില്ലാ പഞ്ചായത്തിൽ മത്സരരംഗത്തുള്ളത് 86 പേർ. യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികൾക്കും ബിജെപിക്കും ഇത് തലവേദന സൃഷ്ടിക്കുകയാണ്. ചില ഡിവിഷനുകളിൽ ഒന്നിൽക്കൂടുതൽ സ്ഥാനാർത്ഥികൾ തങ്ങളുടെ വിജയത്തിന് വിലങ്ങുതടിയാകുമോ എന്ന ഭീഷണിയിലാണ് സ്ഥാനാർത്ഥികൾ. കാസർഗോഡ് ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനുകളിൽ 8 സ്വതന്ത്രന്മാരാണ് രംഗത്തുള്ളത്. ചിലർ ഇന്നലെ പിന്മാറുമെന്ന് കരുതിയെങ്കിലും അത് ഉണ്ടായില്ല.

കാസർഗോഡ് ജില്ലയിൽ ഇരുമുന്നണികളേയും അമ്പരപ്പിച്ച് ദളിത് മഹാസഭയും ബി.എസ്‌പിയും ബിജെപി. സഖ്യത്തിലെത്തി. അവസാന നിമിഷം ബിജെപി. നടത്തിയ അടവുനയം ഇരുമുന്നണികൾക്കും ഭീഷണിയാകുമെന്നാണ് കരുതുന്നത്. ദളിത് മഹാസഭയുടെ സംസ്ഥാന പ്രസിഡണ്ടും ബി.എസ്‌പി. സംസ്ഥാന സമിതി അംഗവുമായ പി.കെ. രാമനെ പിൻതുണച്ചാണ് ബിജെപി.അടവു നയത്തിന് രൂപം കൊടുത്തത്. ജില്ലാ പഞ്ചായത്ത് മടിക്കൈ ഡിവിഷനിൽ പി.കെ.രാമനെ പിൻതുണയ്ക്കാനാണ് ബിജെപി. തീരുമാനിച്ചിട്ടുള്ളത്. ഇവിടെ നിന്നും ബിജെപി. സ്ഥാനാർത്ഥിയെ പിൻവലിച്ചു. എടനീർ, പനത്തടി, പാണത്തൂർ, കോടോം ബേളൂർ എന്നിവിടങ്ങളിലെ ബിജെപി.സ്ഥാനാർത്ഥികൾക്ക് ഇതുമൂലം വിജയസാധ്യത ഉണ്ടെന്നാണ് ബിജെപി.യുടെ കണക്കുകൂട്ടൽ.

എൽ.ഡി.എഫ്. സ്വതന്ത്രനായി കാസർഗോഡ് പടന്നയിൽ പത്രിക നൽകിയ താജുദ്ദീനെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ടെലിഫോണിലൂടെ ബന്ധപ്പെട്ടതിനെത്തുടർന്ന് പത്രിക പിൻവലിച്ചു. മുൻ കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡണ്ടായിരുന്നു താജുദ്ദീൻ. എൽ.ഡി.എഫ്. സ്ഥാനാർത്ഥിക്ക് വിമതനായി നിന്ന ബ്രാഞ്ച് സെക്രട്ടറിയെ സിപിഐ(എം)യിൽ നിന്നും പുറത്താക്കി. കാഞ്ഞങ്ങാട് നഗരസഭയിലെ അരയിൽ പത്രിക നൽകിയ പി. രാജനെയാണ് പാർട്ടി പുറത്താക്കിയത്. യു.ഡി.എഫ്. വിമതനായി കാഞ്ഞങ്ങാട്ട് നഗരസഭയിൽ മത്സരിക്കുന്ന മഹിളാ കോൺഗ്രസ്സ് നേതാവ് ജില്ലാ സെക്രട്ടറിസ്ഥാനം രാജിവച്ചു. നേരത്തെ കാഞ്ഞങ്ങാട് നഗരസഭയിൽ മത്സരിച്ച് കൗൺസിലറായിരുന്നു സി.എച്ച് സുബൈദ.

നക്ഷത്രബാറിന് അനുമതി നൽകുന്നതിൽ യു.ഡി.എഫ്. ഭരണസമിതിക്കെതിരെ നിലകൊണ്ട സുബൈദക്ക് ഇത്തവണ സീറ്റ് നിഷേധിക്കുകയായിരുന്നു. കെപിസിസി. പ്രസിഡണ്ടിന് സുബൈദ ഉൾപ്പെടെയുള്ളവർ പരാതി നൽകിയതിനെ തുടർന്നാണ് യു.ഡി.എഫ്. ഭരിക്കുന്ന നഗരസഭയുടെ ബാർ നിലപാട് തിരുത്താൻ നടപടി വന്നത്. പക്ഷെ നഗരസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ സുബൈദയെ തഴയുകയായിരുന്നു. സുബൈദക്ക് വേണ്ടി കെപിസിസി. പ്രസിഡണ്ടും ഇക്കാര്യത്തിൽ അനുകൂല നിലപാടെടുത്തിട്ടില്ല. പുതിയതായി രൂപീകൃതമായ കണ്ണൂർ കോർപ്പറേഷനിൽ പഞ്ഞിക്കയിൽ വാർഡിലുടക്കി കോൺഗ്രസ്സ്-ലീഗ് തർക്കത്തിന് പരിഹാരമായില്ല.

എൽ.ഡി.എഫിന് ആദ്യമേ അനുവദിച്ച ഈ ഡിവിഷനിൽ മുസ്ലിം ലീഗ് പത്രിക സമർപ്പിച്ചതാണ് കുഴപ്പത്തിന് കാരണമായത്. കെ.സുധാകരൻഗ്രൂപ്പിൽ നിന്നും കൂടുമാറിയ പി.കെ. രാഗേഷിന്റെ നേതൃത്വത്തിൽ എ.ഗ്രൂപ്പ് ഇവിടെ 7 വാർഡുകളിൽ വിമതരായി മത്സരിക്കുന്നുണ്ട്. ഇരിക്കൂറിലും രാമന്തളിയിലും മുസ്ലിം ലീഗും കോൺഗ്രസ്സും വേർപിരിഞ്ഞാണ് മത്സരം. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും ജില്ലാ പഞ്ചായത്ത് ഡിവിഷനിലും പരസ്പരം മത്സരം അരങ്ങേറും. രാമന്തളി പഞ്ചായത്തിലും 5 വാർഡുകളിൽ ചേരിതിരിഞ്ഞ് മത്സരിക്കുകയാണ് എൽ.ഡി.എഫിൽ.

പിണറായിൽ സിപിഐ.എം- സിപിഐ.തർക്കം തീർന്നു. എന്നാൽ ഏഴോം പഞ്ചായത്തിൽ സിപിഐ(എം). നിർത്തിയ കെ.എസ്.ടി.എ അംഗത്തിനെതിരെ കെ.എസ്.ടി.എ. നേതാവ് ആർ.സി. ശ്രീനിവാസൻ വിമതനായി രംഗത്തുണ്ട്. വിമതരും സ്വതന്ത്രരും പ്രാദേശികതലത്തിൽ അംഗീകാരമുള്ളവരായതിനാൽ മുന്നണി നേതൃത്വങ്ങൾ ഈ തെരഞ്ഞെടുപ്പിനെ ഭയത്തോടെയാണ് കാണുന്നത്.