തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ ഭൂരിഭാഗവും കത്തോലിക്കാ ആശുപത്രി മാനേജമെന്റുകളുടെ നിയന്ത്രണത്തിൽ ഉള്ളവയാണ്. മറ്റുള്ളവ വലിയ വ്യവസായികളുടേയും മത സംഘടനകളുടേതുമാണ്. സി.പി.എം എന്ന പ്രബലമായ ഭരണപാർട്ടിയുടെ നിയന്ത്രണത്തിലാണ് കേരളത്തിലെ മറ്റ് പ്രധാന ആശുപത്രികൾ. അതുകൊണ്ട് തന്നെ നഴ്‌സുമാർക്ക് 20,000 രൂപ ശമ്പളം കൊടുക്കണമെന്ന ആവശ്യത്തെ പൂർണമായും അംഗീകരിക്കാൻ കേരള സർക്കാർ തയ്യാറല്ല. കണ്ണൂരിൽ അടക്കം സി.പി.എം മനസു വച്ചാൽ തീരാവുന്ന പ്രശ്‌നമേ നഴ്‌സുമാർക്കിടയിലുള്ളൂ. എന്നാൽ, അതിന് സിപിഎമ്മിന് സാധിക്കാത്തത് അവരുടെ കീഴിലാണ് പ്രബലമായ ആശുപത്രികൾ എന്നതു തന്നെയാണ്.

എന്നാൽ, കേരളത്തിൽ യാതൊരു രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയില്ലാതെയാണ് നഴ്‌സുമാർ സമരത്തിനിറങ്ങിയത്. ഈ സമരം തീർക്കാൻ ആര് രംഗത്തു വരും എന്നതായിരുന്നു ഇതുവരെ ഉയർന്നു കേട്ട ചോദ്യം. കേന്ദ്രത്തിനായാലും സംസ്ഥാന സർക്കാറിനായാലും സ്വകാര്യ മേഖലയിലെ ഈ തൊഴിൽ പ്രശ്‌നം പരിഹരിക്കാൻ കൃത്യമായ ഇടപെടൽ നടത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്കിൽ കൂടി ഇപ്പോഴത്തെ നിലയിലേക്ക് കാര്യങ്ങൾ എത്തിയതിൽ സുപ്രധാന പങ്കുള്ളത് സുപ്രീം കോടതിക്കും കേന്ദ്രസർക്കാറിനുമാണ്.

നഴ്‌സുമാരുടെ മിനിമം ശമ്പളം 20,000 രൂപ ആക്കണമെന്ന സുപ്രീം കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ 2016 നവംബർ മാസത്തിൽ കേരള സർക്കാറിന് അടക്കം ഇക്കാര്യം വ്യക്തമാക്കി നിർദ്ദേശം നൽകുകയുണ്ടായി. ആവശ്യമെങ്കിൽ സംസ്ഥാനങ്ങൾക്ക നിയമനിർമ്മാണം നടത്താമെന്നും കേന്ദ്രം കേരളത്തിനോട് അടക്കം പറഞ്ഞിരുന്നു. എന്നിട്ടും യുഎൻഎയുടെയും ഐഎൻഎയുടെയും നേതൃത്വത്തിൽ നഴ്‌സുമാർ സമരവുമായി രംഗത്തിറങ്ങിയതോടെയാണ് സംസ്ഥാന സർക്കാർ ചർച്ചകൾക്ക് പോലും തയ്യാറെടുത്തത്. വിഷയം ഇന്ന് പാർലമെന്റിൽ കോൺഗ്രസ് എംപിമാരായ ആന്റോ ആന്റണിയും കെ സി ജോസഫും ഉന്നയിച്ചതോടെ കേന്ദ്ര സർക്കാർ വീണ്ടും ഈ വിഷയത്തിൽ ഇടപെട്ട് രംഗത്തെത്തി. ഇ

നഴ്സുമാരുടെ ശമ്പളം ഇരുപതിനായിരം രൂപയിൽ കുറയരുതെന്ന് നിലവിൽ നിർദേശമുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ പാർലമെന്റിനെ അറിയിക്കുകയായിരുന്നു. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ നഴ്സുമാർക്ക് വേതനം നൽകണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ ലോക്സഭയിൽ പറഞ്ഞു. നിങ്ങൾ ഇത്ര കൊടുക്കണമെന്ന് നിയമവും പാസ്സാക്കിക്കോളൂ, കേന്ദ്രം അതിനും പിന്തുണക്കാം എന്ന് കൂടി ആരോഗ്യമന്ത്രി വ്യക്തമാക്കിയതോടെ ഇനി പന്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കോർട്ടിലാണ്. ഒരു കേന്ദ്രസർക്കാർ എന്ന നിലയിൽ നഴ്‌സുമാരുടെ വിഷയത്തിൽ ഇടപെടൽ നടത്തേണ്ട കാര്യം തങ്ങൾ ചെയ്തുമവെന്നാണ് മോദി സർക്കാറിന്റെ അഭിപ്രായം. ഇതനുസരിച്ച് ഇനി തീരുമാനം കൈക്കൊള്ളേണ്ടത് സംസ്ഥാന സർക്കാറാണ്.

കേന്ദ്രമന്ത്രിയുടെ പരാമർശത്തോടെ രാഷ്ട്രീയത്തിന് അതീതമായി തങ്ങളുടെ ജീവിത സമരത്തിൽ നിലകൊണ്ട നഴ്‌സിങ് സമൂഹത്തിന്റെ പിന്തുണ നേടിയെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിച്ചിട്ടുണ്ട്. ഇതോടെ മോദിയുടെ ചെലവിൽ രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ബിജെപിയുടെ ശ്രമം. എന്തായാലും തങ്ങളുടെ ശമ്പള പ്രശ്‌നത്തിൽ ഇനിയും തീരുമാനം കൈവരണമെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വിചാരിക്കണമെന്നാണ് നഴ്‌സുമാർ പറയുന്നത്. കേന്ദ്രം നിലപാട് വ്യക്തമാക്കിയതോടെ ഇനി 20,000 ശമ്പളം നിശ്ചയിച്ചുകൊണ്ടുള്ള തീരുമാനം പിണറായി വിജയൻ കൈക്കൊള്ളേണ്ട അവസ്ഥയിലാണ്. മാനേജ്‌മെന്റുകളും ഇക്കാര്യത്തിൽ നിർബന്ധിതരായേക്കും.

രാജ്യം ഭരിക്കുന്ന സർക്കാറും സുപ്രിം കോടതിയും നഴ്‌സുമാരുടെ ആവശ്യം ന്യായമാണെന്ന് വ്യക്തമാക്കി കഴിഞ്ഞു. ഇതോട ആശുപത്രി മുതലാളിമാരുടെ പക്ഷത്തു നിൽക്കാൻ സംസ്ഥാന സർക്കാറിനും സാധിച്ചേക്കില്ല. സ്വാശ്രയ മെഡിക്കൽ മാനേജ്‌മെന്റുകൾക്ക് അവർ പോലും ആവശ്യപ്പെടാതെ ഫീസ്് വർദ്ധിപ്പിച്ചു നൽകിയെന്ന ചീത്തപ്പേര് പിണറായിക്ക് ഇപ്പോൾ തന്നെയുണ്ട്. അതുകൊണ്ടു തന്നെ ഈ വിഷയത്തിൽ വീണ്ടും യോഗം ചേരുമ്പോൾ കേന്ദ്രത്തിന്റെയും സുപ്രീംകോടതിയുടേയും വഴിയെ വരാതെ സംസ്ഥാന സർക്കാറിനും മറ്റുവഴികളില്ല.

20,000 രൂപ നഴ്സുമാർക്ക് മിനിമം വേതനമായി നൽകണമെന്ന കോടതി വിധി പ്രകാരമുള്ള ആവശ്യം അംഗീകരിക്കാൻ കേരള സർക്കാറും തയ്യാറായിരുന്നില്ല. സർക്കാർ മിനിമം വേതനമായി നിശ്ചയിച്ചത് 17,200 രൂപയായിരുന്നു. ഇത് അംഗീകരിക്കില്ലെന്ന് നഴ്സിങ് സംഘടനകൾ വ്യക്തമാക്കുകയും ചെയ്തു. കൂടാതെ യുഎൻഎ ഒരു ലക്ഷം പേർ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമർപ്പിച്ചിരുന്നു.

20നു വൈകിട്ടു നാലിനു നടത്തുന്ന ചർച്ച പരാജയപ്പെട്ടാൽ അന്നു തന്നെ നഴ്സുമാർ അനിശ്ചിതകാല സമരം ആരംഭിച്ചേക്കും. അന്നു 11നു വ്യവസായ ബന്ധ സമിതിയുടെയും മിനിമം വേജസ് കമ്മിറ്റിയുടെയും സംയുക്തയോഗവും ഉണ്ട്. 10നു നടന്ന മിനിമം വേജസ് കമ്മിറ്റിയുടെ ശുപാർശകളാണ് ഇവിടെ പരിഗണിക്കുന്നത്. സംയുക്ത യോഗത്തിന്റെ റിപ്പോർട്ട് മുഖ്യമന്ത്രിക്കു ലഭിച്ചശേഷമായിരിക്കും അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ചർച്ച നടക്കുക. നഴ്‌സിങ് സമരം ന്യായമാണെന്ന് സിപിഎമ്മും വ്യക്തമാക്കിയിട്ടുണ്ട്. ഈ വാക്കിന് ആത്മാർത്ഥയുണ്ടെങ്കിൽ 20,000 രൂപ മിനിമം വേതനം നിശ്ചയിക്കാൻ തയ്യാറാണമെന്നാണ് നഴ്‌സിങ് സംഘടനകളും അഭിപ്രായപ്പെടുന്നത്.