പത്തനംതിട്ട: ഭർതൃമതിയുമായുണ്ടായിരുന്ന രഹസ്യബന്ധം കാമുകി അറഞ്ഞതിന്റെ പേരിൽ ഓമല്ലൂർ സ്വദേശി ആത്മഹത്യ ചെയ്ത സംഭവം രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കാൻ എതിരാളികൾ. ബിജെപി ജില്ലാ നേതാവിന്റെ ഭാര്യയാണ് യുവാവിനൊപ്പം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതെന്നതാണ് എതിരാളികൾ ആയുധമാക്കുന്നത്.

തിങ്കളാഴ്ച രാവിലെയാണ് ഓമല്ലൂർ പറയനാലി പടിഞ്ഞാറേമുറി സുരേഷിന്റെ മകൻ സുമേഷ് കാർത്തിക് (വിഷ്ണു-22) ഓമല്ലൂർ-പ്രക്കാനം റോഡരികിലെ പറയനാലി കുളത്തിൽ ചാടി ആത്മഹത്യ ചെയ്തത്. അയൽവാസിയായ ബിജെപി ജില്ലാ നേതാവിന്റെ ഭാര്യ സുമേഷിനൊപ്പം ആത്മഹത്യക്കു ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടിരുന്നു.

സുമേഷിന്റെ കാമുകി ഒരാഴ്ച മുൻപ് തന്നെ ഭാര്യയുടെ അവിഹിതബന്ധത്തിന്റെ കഥ ബിജെപി നേതാവിനെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് ഇയാൾ ഭാര്യയെ മർദിച്ചു. പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയ യുവതിയെ ആത്മഹത്യയ്ക്ക് തയ്യാറെടുത്ത് തിങ്കളാഴ്ച രാവിലെ സുമേഷ് വിളിച്ചു കൊണ്ടു വരികയായിരുന്നു. ഈ വിവരം യുവതിയുടെ വീട്ടുകാർ ഭർത്താവിനെ അറിയിക്കുകയും ആത്മഹത്യാക്കുറിപ്പിന്റെ കാര്യം പറയുകയും ചെയ്തു. അങ്ങനെ സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് കുളത്തിന്റെ കരയിൽ സുമേഷിന്റെ ബൈക്ക് കണ്ടത്. തുടർന്ന് കുളത്തിലേക്ക് നോക്കിയപ്പോൾ മൃതപ്രായയായ ഭാര്യയെയും കണ്ടു. ഇവരെ വിളിച്ചു കയറ്റി വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ബിജെപിയുടെ ജില്ലാകമ്മിറ്റിയംഗമാണ് ആത്മഹത്യക്കൊരുങ്ങിയ യുവതിയുടെ ഭർത്താവ്. അതിനാൽ തന്നെ ബിജെപിയിലെ ഒരു വിഭാഗത്തിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ എതിരാളികൾ ഈ അവസരം വിനിയോഗിക്കാൻ തയ്യാറെടുത്തിരുന്നു. അതിന്റെ ഭാഗമായി സുമേഷിനെ കൊന്ന് കുളത്തിൽ തള്ളിയതാണെന്ന പ്രചാരണവും നടന്നിരുന്നു. ഇതിനിടെയാണു മരണം വെള്ളത്തിൽ മുങ്ങിയാണെന്ന റിപ്പോർട്ടു വന്നത്. യുവാവ് മരിച്ചത് വെള്ളംകുടിച്ചു തന്നെയാണെന്നാണ് പോസ്റ്റുമോർട്ടം ചെയ്ത് ഡോക്ടറുടെ പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. പിന്നീട് വിവാദങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊലീസ് നല്ല തയ്യാറെടുപ്പിലാണ് പോസ്റ്റുമോർട്ടം നടത്തിയത്. ഒരു എസ്‌ഐ കൂടി ഇതിന് സാക്ഷിയായിരുന്നു.

ശരീരത്തിൽ അസ്വാഭാവികമായ മുറിവുകൾ ഒന്നുമില്ല. കുളത്തിൽ ചാടിയ വഴിക്കുള്ള പരിക്കുകൾ മാത്രമാണ് ഉള്ളത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെയും സുമേഷിന്റെ കാമുകിയെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഇവർക്കെതിരേ പ്രേരണാക്കുറ്റം ചുമത്താനും സാധ്യതയുണ്ട്.