പത്തനംതിട്ട: സന്ദേശം എന്ന സത്യൻ അന്തിക്കാട് ചിത്രത്തിൽ പാർട്ടി നേതാവായ ശങ്കരാടി പറയുന്ന ഒരു ഡയലോഗുണ്ട്; എംഎസ്‌പിക്കാർക്കിടയിൽ പുതിയ കുറേ ചെറുപ്പക്കാർ വളർന്നു വരുന്നുണ്ട്. അവരെ ഉടനെ തന്നെ മോഷണക്കേസിലോ പെണ്ണുകേസിലോ ഉൾപ്പെടുത്തി അകത്താക്കണമെന്ന്.

ഏതാണ്ട് ഇതേ അവസ്ഥയാണ് ഇപ്പോൾ ഓമല്ലൂരിൽ ഒരു യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത്. ബിജെപി നേതാവിന്റെ ഭാര്യയുമായി ബന്ധം ഉണ്ടായിരുന്ന യുവാവ് ജീവനൊടുക്കിയതിനെ കൊലപാതകമാക്കി മാറ്റി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുവിച്ചിരിക്കുകയാണ് സിപിഐ(എം) നേതൃത്വം. അടുത്ത കാലത്ത് ബിജെപി വിട്ട് സിപിഐ(എം) യിലെത്തിയ നേതാവിന്റെ പാർട്ടിയിലെ വളർച്ചയ്ക്ക് വേണ്ടിയാണ് ഈ കളി. യുവാവ് മരിച്ചത് വെള്ളംകുടിച്ചു തന്നെയാണെന്നാണ് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ പ്രാഥമിക നിഗമനം.

നവംബർ 14 ന് രാവിലെയാണ് ഓമല്ലൂർ പറയനാലി പടിഞ്ഞാറേമുറി സുരേഷിന്റെ മകൻ സുമേഷ് കാർത്തിക് (വിഷ്ണു-22), തൊട്ടടുത്ത വീട്ടിലെ കല്ലുംപുറത്ത് പ്രസാദിന്റെ ഭാര്യ ബിന്ദു (35) എന്നിവർ ജീവനൊടുക്കാൻ വേണ്ടി ഓമല്ലൂർ-പ്രക്കാനം റോഡരികിലെ പറയനാലി കുളത്തിൽ ചാടിയത്. സുമേഷ് കുളത്തിന്റെ ആഴങ്ങളിൽ മുങ്ങിമരിച്ചു. എന്നാൽ, ബിന്ദു തൊട്ടടുത്ത പടവിൽ പിടിച്ചു കിടന്നതിനാൽ മരിച്ചില്ല. പ്രസാദ് ബിജെപിയുടെ ജില്ലാകമ്മിറ്റിയംഗമാണ്. ഈ അവസരം വിനിയോഗിക്കാൻ സിപിഐ-എമ്മും ബിജെപിയിലെ ഒരു വിഭാഗവും തയ്യാറെടുത്തിരുന്നു. അതിന്റെ ഭാഗമായിട്ടാണ് സുമേഷിനെ കൊന്ന് കുളത്തിൽ തള്ളിയതാണെന്ന തരത്തിൽ പ്രചാരണം നടന്നത്.

പിന്നീട് വിവാദങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊലീസ് നല്ല തയ്യാറെടുപ്പിലാണ് പോസ്റ്റുമോർട്ടം നടത്തിയത്. ഒരു എസ്ഐ കൂടി ഇതിന് സാക്ഷിയായിരുന്നു. വെള്ളംകുടിച്ചാണ് സുമേഷ് മരിച്ചതെന്നാണ് ഡോക്ടറുടെ പ്രാഥമിക നിഗമനം. ശരീരത്തിൽ അസ്വാഭാവികമായ മുറിവുകൾ ഒന്നുമില്ല. കുളത്തിൽ ചാടിയ വഴിക്കുള്ള പരുക്കുകൾ മാത്രമാണ് ഉള്ളത്. മരണം സംബന്ധിച്ച് നാട്ടുകാർക്കിടയിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്.

അതേസമയം, ഇതു സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. സുമേഷിന്റെ കാമുകി ഒരാഴ്ച മുൻപ് തന്നെ ഭാര്യയുടെ അവിഹിതബന്ധത്തിന്റെ കഥ പ്രസാദിനെ അറിയിച്ചിരുന്നുവത്രേ. ഇതേ തുടർന്ന് ഇയാൾ ഭാര്യയെ മർദിച്ചു. പിണങ്ങി സ്വന്തം വീട്ടിലേക്കു പോയ ബിന്ദുവിനെ 14 ന് രാവിലെ ആത്മഹത്യയ്ക്ക് തയ്യാറെടുത്ത് സുമേഷ് ചെന്നു വിളിച്ചു കൊണ്ടു വരികയായിരുന്നുവത്രേ. ഈ വിവരം ബിന്ദുവിന്റെ വീട്ടുകാർ പ്രസാദിനെ അറിയിക്കുകയും ആത്മഹത്യാക്കുറിപ്പിന്റെ കാര്യം പറയുകയും ചെയ്തു.

അങ്ങനെ സംശയം തോന്നി പ്രസാദ് അന്വേഷിച്ചു വരുമ്പോഴാണ് കുളത്തിന്റെ കരയിൽ സുമേഷിന്റെ ബൈക്ക് കണ്ടത്. തുടർന്ന് കുളത്തിലേക്ക് നോക്കിയപ്പോൾ മൃതപ്രായയായ ഭാര്യയെയും കണ്ടു. ഇവരെ വിളിച്ചു കയറ്റി പ്രസാദ് വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇതാണ് സംഭവത്തിന്റെ സത്യാവസ്ഥയെന്ന് എല്ലാവർക്കും അറിയുകയും ചെയ്യാം.

ആത്മഹത്യയെന്ന് പറഞ്ഞ് ലോക്കൽ പൊലീസ് കേസ് അവസാനിപ്പിക്കുകയും ചെയ്തു. ഇതു കൊലപാതകമാക്കി മാറ്റാൻ ലോക്കൽ പൊലീസിനോടും മുൻഎസ്‌പിയോടും സിപിഐ(എം) നേതാക്കൾ നിർബന്ധം ചെലുത്തിയിരുന്നു. എന്നാൽ, അങ്ങനെയല്ലാത്തതിനാൽ അവർ അതിന് തയാറായില്ല. ഇതിനു ശേഷമാണ് മുഖ്യമന്ത്രിയെ കണ്ട് ഇവർ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.

ബിജെപി ജില്ലാ നേതാവായ പ്രസാദിനെ പ്രതിയാക്കണമെന്നത് അടുത്തിടെ പാർട്ടി വിട്ട എജി ഉണ്ണികൃഷ്ണന്റെ നിർബന്ധമാണ്. ഉണ്ണികൃഷ്ണൻ ഇപ്പോൾ സിപിഐ(എം) ആണ്. ഉണ്ണികൃഷ്ണന്റെ വരവ് സിപിഐ(എം) ൽ ഒരുവിഭാഗത്തിന് ഇഷ്ടമല്ല. എന്തെങ്കിലും ചെയ്ത് പാർട്ടിയിൽ പിടിച്ചു നിൽക്കാനുള്ള ശ്രമമാണ് ഉണ്ണികൃഷ്ണന്റെ ഭാഗത്തു നിന്നുള്ളത്. ഈ ക്രൈം ബ്രാഞ്ച് അന്വേഷണവും അതിന്റെ ഭാഗമാണ്.