രാജസ്ഥാനിലെ ഗുരുസാർ മോദിയ ഗ്രാമത്തിലെ സിക്ക് കുടുംബത്തിൽ മഹർ സിംങിന്റെയും നാസിബ് കൗറിന്റെയും മകനായി 1967 ഓഗസ്റ്റിലാണ് വിവാദസ്വാമിയായ ഗുർമീത് സിംങ് ജനിച്ചത്. ഗുർമീത് സിംങ് ഹർജീത്ത് കൗറിനെ വിവാഹം കഴിക്കുകയും ഈ ബന്ധത്തിൽ മൂന്ന് ആൺമക്കൾ ജനിക്കുകയും ചെയ്തു. പഞ്ചാബിലെ കോൺഗ്രസ് നേതാവായ ഹർമീന്ദർ സിംങ് ജാസിയുടെ മകളെയാണ് ഗുർമീതിന്റെ മകനായ ജാസമീത് വിവാഹം ചെയ്തത്. പിന്നീട് ഈ ബന്ധം തകർന്നു.

ദേര സച്ചാ സൗദയുടെ പ്രചാരകരായി വിവിധ മത വിഭാഗങ്ങളിൽപ്പെട്ടവരാണ് ഗുർമീതിന് പിന്നിലുള്ളത്. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പ് കാലങ്ങളിൽ തന്റെ അനുയായികളെ മുൻനിർത്തി വോട്ടു രാഷ്ട്രീയം കളിക്കുന്നതും രാഷ്ട്രീയ പാർട്ടികളെ സമ്മർദ്ദത്തിലാക്കുന്നതും പതിവാക്കി. ഇതിനിടെ കോൺഗ്രസ് സർക്കാർ ഗുർമീതിന് ഇസഡ് പ്ലസ് സുക്ഷയൊരുക്കുകയും ചെയ്തു.

പഞ്ചാബിലെ കോൺഗ്രസ് നേതാവിന്റെ മകളെ ഗുർമീതിന്റെ മകൻ കല്യാണം കഴിച്ചതിനു പിന്നാലെ 2007-ലെ പഞ്ചാബ് തെരഞ്ഞെടുപ്പിൽ ദേരെ സച്ചാ സൗദ കോൺഗ്രസിനു പിന്തുണ പ്രഖ്യാപിച്ചു. 2012-ലെ പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നേതാവ് അമരീന്ദർ സിങും ഭാര്യ പ്രണീത് കൗറും ഗുർമീത് സിംങിനെ നേരിട്ട് സന്ദർശിച്ച് പിന്തുണ അഭ്യർത്ഥിച്ചു. എന്നാൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടു.

ദേര സച്ചാ സൗദയുടെ തലവൻ ഗുർമീത് റാം റഹിം സിങ് ഇപ്പോൾ രാഷ്ട്രീയമായി ബിജെപിയോടൊപ്പമാണെങ്കിലും വളർന്നു പന്തലിച്ചത് കോൺഗ്രസിനൊപ്പമായിരുന്നെന്നു വ്യക്തം. രണ്ടു പ്രമുഖ പാർട്ടികളും ദേര സച്ചാ സൗദയുടെ വോട്ടു വാങ്ങിയിട്ടുണ്ട്. പഞ്ചാബിൽ അകാലിദൾ ആദ്യം ദേരയ്ക്ക് എതിരായിരുന്നുവെങ്കിലും അവരും പിന്നീടു സൗഹൃദത്തിലായി.

2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഹരിയാനയിലെ നിയമസഭാ തിരഞ്ഞെടുപ്പിലും ദേര പരസ്യമായി ബിജെപിയെ പിന്തുണച്ചതാണ്. ഹരിയാനയിൽ ആദ്യത്തെ ബിജെപി സർക്കാർ അധികാരത്തിൽ വരാൻ സഹായിച്ചതിനു പിന്നിൽ ദേരയുടെ പിന്തുണയ്ക്കു വലിയ പങ്കുണ്ട്. അതിനു മുൻപു ഹരിയാനയിൽ കോൺഗ്രസിനെയും ദേര പിന്തുണച്ചിരുന്നു. അതുകൊണ്ടു തന്നെ ഗുർമീതിന്റെ വളർച്ചയിൽ കോൺഗ്രസിനും ബിജെപിക്കും ഒരുപോലെ പങ്കുണ്ട്.

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കേരളത്തിൽ മത, സമുദായ നേതാക്കളുടെ ആസ്ഥാനങ്ങളിലേക്കു രാഷ്ട്രീയനേതാക്കൾ പോകുന്നതു പോലെ സിർസയിൽ ദേരയുടെ ആസ്ഥാനത്തേക്കു നേതാക്കളുടെ പ്രവാഹമാണ്. അതുകൊണ്ടാണു രാഷ്ട്രീയ നേതാക്കൾ ഗുർമീതിനെതിരെ പരസ്യ വിമർശനവുമായി രംഗത്തു വരാൻ മടിക്കുന്നതും.

പഞ്ചാബിൽ 2002 ലും 2007 ലും ദേര കോൺഗ്രസിനെയാണ് സഹായിച്ചത്. എന്നാൽ 2012 ലും ഇക്കൊല്ലവും അവർ ബിജെപി അകാലിദൾ സഖ്യത്തിനു പിന്തുണ നൽകി. ദേരയുമായി സിഖ് വിശ്വാസികൾ പരസ്യമായി ഏറ്റുമുട്ടിയിരുന്ന കാലത്ത് അവരുമായി ഒരു തരത്തിലുമുള്ള സൗഹൃദത്തിനും അകാലിദൾ തയാറായിരുന്നില്ല. എന്നാൽ, പിന്നീടു ഗുർമീതിനെതിരായ വിലക്ക് അകാൽ തക്ത് നീക്കിയതോടെ അകാലിദൾ രഹസ്യമായി അവരുമായി അടുക്കാൻ തുടങ്ങി.

കേരളത്തിൽ നടന്ന ദേശീയ ഗെയിംസിനിടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കൊപ്പം ഗുർമീത് റാം റഹിം സിങ് വേദി പങ്കിതും വിവാദത്തിനിടയാക്കിയിരുന്നു. ഗെയിംസിലെ വിജയികൾക്ക് ഇയാൾ സമ്മാനം നൽകുകയും ചെയ്തു.

നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട വ്യക്തിയാണ് ഗുർമിത് റാം റഹിം. സെൻസർ ബോർഡ് അധ്യക്ഷയുടെ രാജിക്കും ഇയാൾ കാരണമായിരുന്നു. സ്വയം ദൈവമായി പ്രഖ്യാപിച്ചുള്ള മെസഞ്ചർ ഓഫ് ഗോഡെന്ന ചിത്രത്തിന്റെ പ്രചാരണാർഥമാണ് റാം റഹിം കേരളത്തിലെത്തിയത്.

നീന്തൽ മത്സര വേദിയിലെത്തിയ ഇയാൾ മാനദണ്ഡങ്ങൾ മറികടന്ന് സമ്മാനദാന ചടങ്ങിലും പങ്കെടുത്തു. വ്യാഴാഴ്ചയാണ് ഇയാൾ ഗെയിംസ് വേദിയിലെത്തിയത്. മുഖ്യമന്ത്രിയും മത്സരം കാണാനെത്തിയതോടെ കാണികളുടെ ഇടയിൽ നിന്ന് ഇയാൾ എത്തുകയായിരുന്നു. മുഖ്യമന്ത്രിയോടൊപ്പം സമയം ചെലവഴിച്ച ഇയാളെ നീന്തൽ മത്സര വിജയികൾക്ക് സമ്മാനം നൽകാനായി സംഘാടകർ ക്ഷണിക്കുകയായിരുന്നു.

തിളങ്ങുന്ന ചുവപ്പ് ടീ ഷർട്ടും മഞ്ഞ പാൻസും ധരിച്ചെത്തിയ വിവാദസ്വാമിക്ക് സംഘാടകർ വി.ഐ.പി നിരയിൽ മുഖ്യമന്ത്രിക്കടുത്ത് തന്നെ സീറ്റ് നൽകി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വലതു വശത്തെ സീറ്റിലാണ് ഇരുന്നത് .

മുഖ്യമന്ത്രിയുമായി ആദ്യം ഗുർമീത് സംസാരിച്ചിരുന്നു. കാമറകൾ വളഞ്ഞപ്പോൾ മുഖ്യമന്ത്രി സംസാരം നിറുത്തി തൊട്ടടുത്തിരുന്ന ഭാര്യ മറിയം ഉമ്മനുമായി സംസാരിച്ചിരുന്നു. തൊട്ടടുത്തിരുന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീറുമായും ഏറെ നേരെ ഗുർമീത് സംസാരിച്ചു.

കുറച്ചു കഴിഞ്ഞപ്പോഴാണ് വിവാദസ്വാമിയെ പുകഴ്‌ത്തിയുള്ള പരിചയപ്പെടുത്തൽ സംഘാടകർ നടത്തിയത്. ഇതുകഴിഞ്ഞ് സ്വാമിയെ മെഡൽദാനത്തിനും ക്ഷണിച്ചു. പെൺകുട്ടികളുടെ 50 മീറ്റർ ബട്ടർഫ്ളൈ സ്ട്രോക്ക് മത്സര വിജയികൾക്കുള്ള മെഡലുകളാണ് ഗുർമീത് സമ്മാനിച്ചത്. മത്സരങ്ങൾ കഴിഞ്ഞാണ് ഗുർമീത് പോയത്. വി.ഐ.പി സീറ്റിൽ മുൻ മന്ത്രി എം. വിജയകുമാറും മുഖ്യമന്ത്രിയുടെ മകൻ ചാണ്ടി ഉമ്മനും അപ്പോൾ ഉണ്ടായിരുന്നു.

സമ്മാനദാനത്തോടനുബന്ധിച്ച് ഇയാളുടെ സിനിമയിലെ ഗാനം പശ്ചാത്തലമായി അവതരിപ്പിച്ചതും പ്രതിഷേധത്തിനിടയാക്കി. അതേസമയം സമ്മാനദാനച്ചടങ്ങിന് എത്തിയപ്പോൾ കൂക്കുവിളികളോടെയാണ് കാണികൾ ഇയാളെ സ്വീകരിച്ചത്.