- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രത്തിന് പിന്നാലെ ഇന്ധന നികുതി ഇളവ് പ്രഖ്യാപിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ; 'കേന്ദ്രം കുറച്ചതോടെ ആനുപാതിക മാറ്റമുണ്ട്'; നികുതി കുറയ്ക്കില്ലെന്ന് രാജസ്ഥാൻ; കേരളത്തിൽ നികുതി കുറയ്‌ക്കേണ്ടെന്ന് സിപിഎം; മോദിയുടെ നാടകമെന്ന് പരിഹസിച്ച് പ്രതിപക്ഷം
ന്യൂഡൽഹി: ഇന്ധനനികുതി കുറച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന് പിന്നാലെ നികുതിയിൾ ഇളവ് പ്രഖ്യാപിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും. അസ്സം, ത്രിപുര, കർണാടക, മണിപുർ, ഗോവ, ത്രിപുര, ഗുജറാത്ത്, സിക്കിം, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ് നികുതി കുറയ്ക്കുന്നതായി പ്രഖ്യാപിച്ചത്.
ഉത്തർപ്രദേശ്, ഹരിയാന എന്നാ സംസ്ഥാനങ്ങൾ 12 രൂപ വീതവും ഉത്തരാഖണ്ഡ് രണ്ട് രൂപയും ബാക്കി സംസ്ഥാനങ്ങൾ ഏഴ് രൂപ വീതവുമാണ് നികുതിയിൽ കുറച്ചത്. അതേസമയം ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ ഇതുവരെ വില കുറവ് പ്രഖ്യാപിച്ചിട്ടില്ല. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ഇന്ധനവിലയുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്.
കേന്ദ്രതീരുമാനം വന്നയുടൻ തന്നെ ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളും വാറ്റിൽ കുറവ് പ്രഖ്യാപിച്ചു. ഉത്തർപ്രദേശിലും ഹരിയാനയിലും പെട്രോളിന് 7ഉം ഡീസലിന് 2ഉം രൂപ വാറ്റിൽ നിന്നും കുറച്ചു. അസം, ഗുജറാത്ത്, ത്രിപുര, കർണാടക, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങൾ 7 രൂപ വീതമാണു കുറച്ചത്. ഉത്തരാഖണ്ഡ് രണ്ട് രൂപ കുറച്ചു. ഹിമാചൽ ഉപതിരഞ്ഞെടുപ്പിൽ ബിജെപി നേരിട്ട തിരിച്ചടിക്കു കാരണം ഇന്ധന വില വർധനയാണെന്ന് ആരോപിച്ച മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂർ വാറ്റ് കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു.
പ്രതിപക്ഷം ഭരിക്കുന്ന ഡൽഹി, മഹാരാഷ്ട്ര, ഛത്തീസ്‌ഗഡ്, തമിഴ്‌നാട്, പഞ്ചാബ്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, തെലങ്കാന, കേരളം തുടങ്ങിയ സംസ്ഥാനങ്ങൾ ഇതുവരെ ഇന്ധനനികുതി കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
വില കുറയ്ക്കേണ്ടതില്ലെന്നാണ് ഇടതുസർക്കാർ ഭരിക്കുന്ന കേരളത്തിന്റേയും നിലപാട്. അതേസമയം ഉപതിരഞ്ഞെടുപ്പുകളിലെ തോൽവിയുടെ ആന്തരികഫലമാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഇന്ധനികുതി കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. വിലകുറച്ചുകൊണ്ടുള്ള നാടകമാണ് മോദി സർക്കാർ കാണിക്കുന്നതെന്നാണ് പരിഹാസം.
പെട്രോളിനും ഡീസലിനുമുള്ള നികുതി കുറയ്ക്കില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് വ്യക്തമാക്കി. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതിന് ആനുപാതികമായ മാറ്റം സംസ്ഥാനങ്ങൾ ഈടാക്കുന്ന വാറ്റ് തുകയിൽ ഉണ്ടായിട്ടുണ്ടെന്നും അശോക് ഗെലോട്ട് പ്രതികരിച്ചു. കേന്ദ്രം ഇനിയും എക്‌സൈസ് തീരുവ കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിപക്ഷം ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതേസമയം കേന്ദ്രസർക്കാർ എക്‌സൈസ് തീരുവ കുറച്ചതിനു പിന്നാലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ നികുതി കുറച്ചു. എക്‌സൈസ് തീരുവ കുറച്ചതിനു പിന്നാലെ കേന്ദ്ര സർക്കാർ നികുതി കുറക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നതിൽ അർഥമില്ലെന്നാണ് പ്രതിപക്ഷ പാർട്ടി നേതാക്കളിൽ ഒരു വിഭാഗത്തിന്റെ വാദം.
കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതിന് ആനുപാതികമായ മാറ്റം സംസ്ഥാനങ്ങൾ ഈടാക്കുന്ന വാറ്റ് തുകയിൽ ഉണ്ടായിട്ടുണ്ട്. കേന്ദ്രം വീണ്ടും എക്‌സൈസ് തീരുവ കുറയ്ക്കണം. ഇപ്പോഴും എക്‌സൈസ് തീരുവ 2014നേക്കാൾ ഇരട്ടിയാണ്. അതിനാൽ നികുതി കുറയ്ക്കില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ട് വ്യക്തമാക്കി. കേരളത്തിൽ വാറ്റ് കുറയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനിടെയാണ് അശോക് ഗെലോട്ടിന്റെ പ്രതികരണം.
केन्द्र द्वारा Excise Duty कम करने के साथ ही राज्यों का उसी अनुपात में VAT स्वतः ही कम हो जाता है, फिर भी हमारी मांग है कि महंगाई को कम करने के लिए केन्द्र को और अधिक Excise Duty कम करनी चाहिए। pic.twitter.com/u5NWEDL1P4
- Ashok Gehlot (@ashokgehlot51) November 4, 2021
കേരളത്തിൽ സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്‌ക്കേണ്ടെന്ന് സിപിഎം തീരുമാനം. ഇന്ധന നികുതി കുറയ്‌ക്കേണ്ടതില്ലെന്ന സാഹചര്യം വിശദീകരിക്കാൻ ധനമന്ത്രി കെ.എൻ.ബാലഗോപാലിനെ സിപിഎം നേതൃത്വം ചുമതലപ്പെടുത്തി. ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താണ് തീരുമാനം. കേന്ദ്രസർക്കാർ വർധിപ്പിച്ച അധിക നികുതി പിൻവലിക്കണമെന്നും സിപിഎം നേതൃത്വം ആവശ്യപ്പെട്ടു.
പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.78 ശതമാനവുമാണ് കേരളത്തിലെ വിൽപന നികുതി. ഈ വിൽപന നികുതി കുറയ്ക്കണമെന്നാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ വിൽപന നികുതി കുറയ്ക്കാനാവില്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്.
ഇന്ധനനികുതി കുറച്ചതായി ബുധനാഴ്ച രാത്രിയാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് കുറച്ചത്. കേന്ദ്രപ്രഖ്യാപനത്തിനെതിരേ പ്രതിപക്ഷത്തെ മുതിർന്ന നേതാക്കൾ രംഗത്തെത്തിയിരുന്നു.
വിലകുറയ്ക്കാനുള്ള തീരുമാനം ഉപതിരഞ്ഞെടുപ്പിന്റെ ഉപ ഉത്പന്നം എന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം അഭിപ്രായപ്പെട്ടത്. പെട്രോളിന്റേയും ഡീസലിന്റേയും വില കത്തിക്കയറാനുള്ള തീരുമാനം അതിന്റെ കൂടിയ നികുതിയാണ്. നികുതി കൂടാനുള്ള കാരണം കേന്ദ്രസർക്കാരിന്റെ അത്യാഗ്രഹമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ്, ഗോവ, മണിപൂർ, ഉത്തരാഖണ്ഡ് തുടങ്ങി അഞ്ചു സംസ്ഥാനങ്ങളിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തീരുമാനം.
ഇന്ധനവില കുറയ്ക്കാനുള്ള കേന്ദ്രതീരുമാനം ഭയത്തിൽ നിന്നുണ്ടായതാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇന്ധന നികുതി കുറച്ചുകൊണ്ടുള്ള കേന്ദ്രസർക്കാർ പ്രഖ്യാപനം പുറത്തുവന്നതിനു പിന്നാലെയാണ് കേന്ദ്രസർക്കാരിനെതിരേ പ്രിയങ്ക ആഞ്ഞടിച്ചത്. 'ഈ തീരുമാനം ഭയത്തിൽ നിന്നുണ്ടായതാണ്, ഹൃദയത്തിൽ നിന്നുണ്ടായതല്ല. കേന്ദ്രസർക്കാരിന്റെ ഈ കൊള്ളയ്ക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഉത്തരം നൽകേണ്ടി വരും' പ്രിയങ്ക ട്വീറ്റ് ചെയ്തു.
കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാലയും കേന്ദ്രത്തിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. '2021ൽ പെട്രോളിന്റേയും ഡീസലിന്റേയും വില 28, 26 രൂപയാണ് വർധിപ്പിച്ചത്. എന്നാൽ 14 സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനും രണ്ട് സീറ്റുകളിലേക്കുള്ള ലോക്സഭാ തിരഞ്ഞെടുപ്പിനും ശേഷം പെട്രോൾ-ഡീസൽ വില 5-10 രൂപ കുറച്ചിരിക്കുന്നു. അതിനെ മോദിയുടെ ദീപാവലി സമ്മാനം എന്ന് വിളിക്കുന്നു. ഹേയ് റാം..' എന്നായിരുന്നു സുർജേവാലയുടെ ട്വീറ്റ്.
ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവും കേന്ദ്രപ്രഖ്യാപനത്തിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. വിലകുറച്ചുകൊണ്ടുള്ള നാടകമാണ് മോദി സർക്കാർ കാണിക്കുന്നത്. ലിറ്ററിന് 50 രൂപയെങ്കിലും കുറച്ചിരുന്നെങ്കിൽ അത് ജനങ്ങൾക്ക് ആശ്വാസമായേനെ. നികുതി കുറച്ചുകൊണ്ടുള്ള തീരുമാനം താൽക്കാലികം മാത്രമാണെന്നും ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കുറച്ച വില കൂട്ടുമെന്നും അദ്ദേഹം പ്രതികരിച്ചു.
ന്യൂസ് ഡെസ്ക്