- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മണ്‍സൂണ്‍ ഓഫര്‍: 100 കൊണ്ടുവരു, സര്‍ക്കാര്‍ രൂപീകരിക്കൂ': തമ്മിലടി രൂക്ഷമായ യുപി ബിജെപിയില്‍ കേശവ് പ്രസാദ് മൗര്യക്ക് ക്ഷണവുമായി അഖിലേഷിന്റെ കുറിപ്പ്
ലക്നൗ: യുപിയിലെ ബിജെപിയില്‍ തമ്മിലടി പരസ്യമായതോടെ, പാര്‍ട്ടിക്കെതിരെ ഒളിയമ്പുമായി സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്. കനൗജില്‍ നിന്നുളള ലോക്സഭാ എംപി കൂടിയായ അഖിലേഷ് എക്സിലാണ് ഹിന്ദിയില്‍ കുറിപ്പിട്ടത്.' മണ്‍സൂണ്‍ ഓഫര്‍: 100 കൊണ്ടുവരു, സര്‍ക്കാര്‍ രൂപീകരിക്കു'.
ബിജെപിയില്‍ ഇടഞ്ഞുനില്‍ക്കുന്ന ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്ക്ക് നേരത്തെ അഖിലേഷ് മുന്നോട്ടുവച്ച വാഗ്ദാനത്തിന്റെ തുടര്‍ച്ചയാണ് പുതിയ പോസ്റ്റെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ആജ് തക്കിന് നല്കിയ അഭിമുഖത്തില്‍, കേശവ് പ്രസാദ് മൗര്യയെ വളരെ ദുര്‍ബലനായ മനുഷ്യന് എന്നാണ് അഖിലേഷ് വിശേഷിപ്പിച്ചത്. ' അദ്ദേഹം മുഖ്യമന്ത്രി പദം സ്വപ്നം കണ്ടിരുന്നു. അദ്ദേഹം 100 എംഎല്‍എമാരെ നേടിയെടുക്കണം. ഒരിക്കല്‍ തനിക്ക് 100 ലേറെ എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. അതുശരിയായി വന്നാല്‍, എസ്പി അദ്ദേഹത്തെ മുഖ്യമന്ത്രിയാകാന്‍ പിന്തുണയ്ക്കും', യുപി ബിജെപി മുന്‍ അദ്ധ്യക്ഷന്‍ അവഹേളിക്കപ്പെടുകയാണെന്ന് സൂചിപ്പിച്ചുകൊണ്ട് അഖിലേഷ് പറഞ്ഞിരുന്നു.
403 അംഗ യുപി നിയമസഭയില്‍ എന്‍ഡിഎയ്ക്ക് 283 എംഎല്‍എമാരുണ്ട്. ഇന്ത്യ മുന്നണിക്ക് 107 എംഎല്‍എമാരേ ഉള്ളൂ. സംഘടനയാണ് സര്‍ക്കാരിനേക്കാള്‍ വലുതെന്ന കേശവപ്രസാദ് മൗര്യയുടെ പരസ്യമായ അഭിപ്രായ പ്രകടനത്തോടെ ബിജെപിയിലെ തമ്മിലടി കൂടുതല്‍ രൂക്ഷമായി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എതിരെയുള്ള ഒളിയമ്പായാണ് പ്രസ്താവനയെ എല്ലാവരും കണ്ടത്. അമിത ആത്മവിശ്വാസമാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുപി ബിജെപിക്ക് വിനയായതെന്നും മൗര്യ തുറന്നടിച്ചിരുന്നു. യോഗി ആദിത്യനാഥും കേശവ് പ്രസാദ് മൗര്യയും തമ്മിലുള്ള ഭിന്നത ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെയാണ് പ്രകടമായത്. കേശവ് പ്രസാദ് മൗര്യ കഴിഞ്ഞദിവസം ഡല്‍ഹിയിലെത്തി പാര്‍ട്ടിയധ്യക്ഷന്‍ ജെ.പി. നഡ്ഡയെ കണ്ടത് നേതൃമാറ്റത്തെച്ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിന് പിന്നാലെ യോഗി ആദിത്യനാഥ് ഗവര്‍ണറേയും കണ്ടിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുപിയില്‍ ബിജെപിക്ക് 80-ല്‍ 33 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. തിരഞ്ഞെടുപ്പിന് ശേഷം യോഗിയും കേശവ് പ്രസാദ് മൗര്യയും വ്യത്യസ്ത അഭിപ്രായങ്ങള്‍ പരസ്യമായി പറഞ്ഞതോടെയാണ് ഭിന്നത മറ നീക്കി പുറത്തുവന്നത്. സര്‍ക്കാരിനേക്കാള്‍ വലുത് പാര്‍ട്ടിയാണ്. പാര്‍ട്ടിപ്രവര്‍ത്തകരുടെ വേദന തന്റെയും വേദനയാണ്. ആരും സംഘടനയേക്കാള്‍ വലുതല്ല തുടങ്ങിയ പരാമര്‍ശങ്ങളാണ് കേശവ് പ്രസാദ് മൗര്യ പാര്‍ട്ടി യോഗത്തില്‍ നടത്തിയത്.
ബിജെപിയില്‍ നിന്ന് മറുകണ്ടം ചാടാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ക്ഷണമാണ് അഖിലേഷ് യാദവിന്റെ കുറിപ്പ്. 111 സീറ്റാണ് 2022 ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്പിക്ക് കിട്ടിയത്. അസംതൃപ്തരായ 100 ബിജെപി എംഎല്‍എമാരുടെ പിന്തുണ കിട്ടിയാല്‍ എസ്പിക്ക് വളരെ എളുപ്പം സര്‍ക്കാരുണ്ടാക്കാം, ഒരു മുതിര്‍ന്ന എസ്പി നേതാവ് പറഞ്ഞു.
അതേസമയം, ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാനത്തെ പാര്‍ട്ടിയിലെ അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാനും, 10 അസംബ്ലി സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കാനും നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്ത് നേതൃമാറ്റത്തിനും സാധ്യതയില്ല.