തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിലെ അന്തിമ ചിത്രത്തില്‍ നിറയുന്നത് സമാനതകളില്ലാത്ത യുഡിഎഫ് നേട്ടം. തദ്ദേശത്തിലെ എല്ലാ മേഖലയിലും യുഡിഎഫ് നേട്ടമുണ്ടാക്കി. 941 ഗ്രാമ പഞ്ചായത്തുകളില്‍ 382 എണ്ണത്തില്‍ യുഡിഎഫ് ഭരണം ഉറപ്പിച്ചു. ഇടതിന് 239 ഇടത്തു മാത്രമാണ് ഭരണം. ആറിടത്ത് ബിജെപിയും നാലിടത്ത് മറ്റുള്ളവരും ഭരണം ഉറപ്പിച്ചു. 310 പഞ്ചായത്തുകളില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. 152 ബ്ലോക്ക് പഞ്ചായത്തില്‍ 75 ഇടത്ത് യുഡിഎഫും 53 ഇടത്ത് കോണ്‍ഗ്രസ് മുന്നണിയും ഭരണം ഉറപ്പിച്ചു. ആറു വീതം ജില്ലാ പഞ്ചായത്തുകളില്‍ ഇരു മുന്നണികളും ഭരണം പങ്കിടും. രണ്ടിടത്ത് വ്യക്തതയില്ല. 87 മുന്‍സിപ്പാലിറ്റിയില്‍ 40 ഇടത്താണ് യുഡിഎഫ് മുന്നേറ്റം. 16 ഇടത്ത് ഇടതുപക്ഷവും. 31 ഇടത്ത് ആര്‍ക്കും കേവല ഭൂരിപക്ഷം ഇല്ല. ഇതില്‍ രണ്ടിടത്ത് ബിജെപിക്ക് ഭരിക്കാന്‍ കഴിയും. ആറു കോര്‍പ്പറേഷനില്‍ യുഡിഎഫ് ഭരണം നേടിയ മൂന്നിടത്തും കേവല ഭൂരിപക്ഷമുണ്ട്. തിരുവനന്തപുരത്ത് ബിജെപിയും കൊല്ലത്ത് യുഡിഎഫ് ഭരിക്കും. കോഴിക്കോട് യുഡിഎഫ് വന്‍ മുന്നേറ്റം നേടിയെങ്കിലും ഒറ്റ കക്ഷിയെന്ന ബലത്തില്‍ സിപിഎം ഭരണം വരും, കേവല ഭൂരിപക്ഷമില്ലാത്ത പല തദ്ദേശ സ്ഥാപനത്തിലും യുഡിഎഫാണ് വലിയ ഒറ്റകക്ഷി. പലയിടത്തും ബിജെപിയുണ്ടാക്കിയ മുന്നേറ്റം തൂക്ക് സഭകളെ സൃഷ്ടിച്ചു.

കേവല ഭൂരിപക്ഷം കിട്ടാത്ത തദ്ദേശ സ്ഥാപനങ്ങളിലും മുന്നണികള്‍ ഭരണം ഉറപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തു വിട്ട വിശകലനത്തിന് അപ്പുറത്തേക്ക് ഫലം പരിശോധിച്ചാല്‍ 505 ഗ്രാമ പഞ്ചായത്തില്‍ കോണ്‍ഗ്രസ് മുന്നണി ഫലം വരും. 340 ഇടത്താണ് ഇടതു മുന്‍തൂക്കം. ബിജെപിക്ക് 26 പഞ്ചായത്തുകള്‍ കിട്ടി. മറ്റുള്ളവര്‍ക്ക് ആറും. ബ്ലോക്കില്‍ 79 ഇടത്ത് യുഡിഎഫ് മുന്‍തൂക്കം ഉണ്ട്. 63 ഇടത്ത് സിപിഎം ഭരണം വരും. ജില്ലാ പഞ്ചായത്തില്‍ തുല്യമാണ് സ്ഥിതി. 54 മുന്‍സിപ്പാലിറ്റി കോണ്‍ഗ്രസും 28 മുന്‍സിപ്പാലിറ്റി സിപിഎമ്മും ഭരിക്കും. രണ്ടിടത്ത് ബിജെപിയാണ്. ഒരിടത്ത് മറ്റുള്ളവരും. നാലു കോര്‍പ്പറേഷന്‍ കോണ്‍ഗ്രസ് ഭരിക്കും. ഒരിടത്ത് ബിജെപിയും സിപിഎമ്മും. ഇടതു സര്‍ക്കാരിന്റെ ചെപ്പടി വിദ്യകളൊന്നും ഫലിച്ചില്ലെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ കേരളം കണ്ടത് അതിശക്തമായ ഭരണവിരുദ്ധ വികാരമാണ്. ഇടതുപക്ഷം പ്രതീക്ഷിച്ചതിലും അപ്പുറം, തീവ്രമായ ജനരോഷമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. പഞ്ചായത്തിരാജ്, നഗരപാലിക നിയമം നിലവില്‍ വന്നതിന് ശേഷം നടന്ന ആറ് തെരഞ്ഞെടുപ്പുകളില്‍ 2010-ല്‍ മാത്രമാണ് യുഡിഎഫിന് മുന്‍തൂക്കം നേടാനായത്. മറ്റ് അഞ്ച് തെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫിനായിരുന്നു മേല്‍ക്കൈ. അതുകൊണ്ടുതന്നെ ഇത്തവണത്തെ യുഡിഎഫ് വിജയം അത്ഭുതാവഹമാണ്, ഒരുപക്ഷേ യുഡിഎഫ് നേതാക്കള്‍ പോലും പ്രതീക്ഷിച്ചതിനേക്കാള്‍ ഉജ്വലം. 2010ലേതിന്റെ ഇരട്ടി വിജയമാണ് ഇത്. അതുകൊണ്ടാണ് ഏവരും അത്ഭുത വിജയമാണ് ഇതിനെ വ്യാഖ്യാനിക്കുന്നതും. ശബരിമലയും സ്വര്‍ണ്ണ കൊള്ളയും ഫലത്തെ സ്വാധീനിച്ചതിന് തെളിവാണ് ഈ അന്തിമ ചിത്രം.


ഭരണവിരുദ്ധത തടയാന്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇടതു സര്‍ക്കാര്‍ സാമൂഹിക ക്ഷേമപെന്‍ഷന്‍ 2,000 രൂപയായി ഉയര്‍ത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പ്രഖ്യാപിച്ചു. എന്നാല്‍, ജനരോഷം തണുപ്പിക്കാന്‍ ഈ ക്ഷേമപ്രഖ്യാപനങ്ങളൊന്നും മതിയായില്ല. തെരഞ്ഞെടുപ്പ് കാലത്ത് കത്തിക്കയറി നിന്ന ശബരിമല സ്വര്‍ണപ്പാളി മോഷണ വിവാദത്തില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ കേസ് പരമാവധി വാര്‍ത്തകളില്‍ നിറയ്ക്കാനും ശ്രമിച്ചു. എന്നാല്‍, അതും ഫലിച്ചില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. ജനം മുന്നേ തീരുമാനിച്ചുറപ്പിച്ചതുപോലെ വോട്ട് ചെയ്തു.

യുഡിഎഫിന് ഇത് ജീവന്‍മരണ പോരാട്ടമായിരുന്നു. ഇതില്‍ തോറ്റാല്‍ അഞ്ചു മാസത്തിനകം നടക്കാനുള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷ അറ്റുപോവുകയും, പാര്‍ട്ടി കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോകുകയും ചെയ്യുമായിരുന്നു. എന്നാല്‍, വ്യക്തമായ ആസൂത്രണത്തോടെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. താഴേത്തട്ടില്‍ നിന്ന് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതുവഴി വിമതന്മാരുടെ എണ്ണം കുറയ്ക്കാനും ഗ്രൂപ്പ് പരിഗണനകളില്ലാതെ മികച്ച സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനും സാധിച്ചു. താരതമ്യേന ഭേദപ്പെട്ട നിലയില്‍ പ്രചാരണം നടത്താനും കോണ്‍ഗ്രസിനും ഘടകകക്ഷികള്‍ക്കും കഴിഞ്ഞു.


കോണ്‍ഗ്രസിന്റെയും കേരള കോണ്‍ഗ്രസിന്റെയും ശക്തികേന്ദ്രങ്ങളായ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളൊക്കെ യുഡിഎഫിന് വന്‍പിന്തുണയാണ് നല്‍കിയത്. മുസ്ലീം ലീഗിന്റെ മേഘലകളില്‍ അവര്‍ തദ്ദേശ സ്ഥാപനങ്ങള്‍ തൂത്തുവാരി ശക്തി തെളിയിച്ചു. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നതിനു ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ചേലക്കര ഒഴികെയുള്ള എല്ലാ എടത്തും യുഡിഎഫ് തകര്‍പ്പന്‍ ജയം നേടിയിരുന്നു. ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരിലുള്ള രാഷ്ട്രീയ പ്രതിസന്ധിയിലും വിജയം കൈപ്പിടിയിലാക്കാന്‍ സാധിച്ചത് യുഡിഎഫിന് വര്‍ധിത ആത്മവിശ്വാസം നല്‍കുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ മാറ്റിനിര്‍ത്തിയാല്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ എല്‍ഡിഎഫ് നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. വികസനത്തെക്കുറിച്ച് വലിയ പ്രചാരണം നടത്തിയിട്ടും, ക്ഷേമപ്രഖ്യാപനങ്ങള്‍ ഏറെ നടത്തിയിട്ടും, 2,000 രൂപ ക്ഷേമപെന്‍ഷന്‍ 60 ലക്ഷം പേരുടെ കൈകളിലെത്തിച്ചിട്ടും ജനം അവരെ കൈവിട്ടു. ഭരണവിരുദ്ധത മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയനോടുള്ള എതിര്‍പ്പും ശക്തമാണ്. ശബരിമല സ്വര്‍ണപ്പാളി മോഷണം പുറത്തുവന്നതോടെ കാര്യങ്ങള്‍ പാളി. ഫലത്തില്‍ ന്യൂനപക്ഷങ്ങളും ഭൂരിപക്ഷ സമുദായങ്ങളും എതിരായ സ്ഥിതിയാണ് നിലവില്‍.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുത്തത് ബിജെപിയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണ്. കേരളത്തില്‍ വലിയ ലക്ഷ്യങ്ങളിലേക്കുള്ള യാത്രയില്‍ നിര്‍ണായകമായ ചുവടുവെപ്പായാണ് തലസ്ഥാന കോര്‍പ്പറേഷന്‍ ഭരണത്തെ ബിജെപി കാണുന്നത്.