കണ്ണൂർ: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ളോക്ക് സെക്രട്ടറി എസ്‌പി ഷുഹൈബിന്റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച കറുത്തകരങ്ങൾ ആരുടെതെന്ന ചോദ്യം കണ്ണൂരിലെ രാഷ്ട്രീയത്തിൽ വീണ്ടും ഉയരുന്നു. കൊന്നത് ആകാശ് തില്ലങ്കേരിയുടെ നേതൃത്വത്തിലാണെങ്കിലും കൊല്ലിക്കാൻ കൽപന കൊടുത്തത് ഉന്നത നേതാക്കളാണെന്ന വിവരമാണ് പുറത്തുവരുന്നത്. സാധാരണയായി സി.പി. എമ്മിന്റെ ഭാഷയിൽ ഒരു ആക്ഷൻ കണ്ണൂരിൽ നടക്കുമ്പോൾ അതു സംസ്ഥാന നേതൃത്വത്തിലെ ചിലരും ജില്ലാ നേതൃത്വവും ബന്ധപ്പെട്ട ഏരിയാ, ലോക്കൽ നേതൃത്വങ്ങളും അറിയാറുണ്ട്. വിവരം ചോരുന്നതിനാൽ ബ്രാഞ്ചുതലങ്ങളിൽ ഒന്നോ രണ്ടോ ആളുകളിൽ ആക്ഷൻ ഈ വിവരം ഒതുങ്ങാറാണ് പതിവ്. 2018-ഫെബ്രുവരി 12ന് രാത്രി ഒൻപതു മണിക്ക് സുഹൃത്തുക്കളോടൊപ്പം എടയന്നൂർ തെരുവിലെ തട്ടുകടകളിൽ ഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് ഷുഹൈബിനെ കാറിലെത്തിയ സംഘം അപായപ്പെടുത്തുന്നത്.

ചിതറിയോടുന്നതിനിടെയിൽ തട്ടുകടയിൽവെച്ചു ഷുഹൈബിനെ ആകാശിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിനുറുക്കുകയായിരുന്നു. എടയന്നൂർസ്‌കൂൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കെ. എസ്.യു പ്രവർത്തകരെ സ്‌കൂൾ പരിസരത്തു നിന്നും തല്ലിച്ചതച്ച സി. ഐ.ടി.യു പ്രവർത്തകരെ ഷുഹൈബിന്റെ നേതൃത്വത്തിലുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകർ നേരിട്ടത് സി.പി. എമ്മിന് ഏറെ ക്ഷീണം ചെയ്തിരുന്നു. ഷുഹൈബിന്റെയും കൂട്ടരുടെയും പ്രത്യാക്രമണത്തിൽ ഭയന്ന് ഓടുകയാണ് സി. ഐ.ടി.യുക്കാർ ചെയ്തത്. അന്നു തുടങ്ങിയ വൈരാഗ്യമാണ് ഷുഹൈബിനെ തീർക്കാൻ പാർട്ടി നേതൃത്വം തക്കം പാർത്തിരുന്നത്. ഇരുകാലുകളും വെട്ടിമാറ്റാനായിരുന്നു ഉന്നത നേതാക്കളിൽ നിന്നുള്ള നിർദ്ദേശമെങ്കിലും ഷുഹൈബിന്റെ ചെറുത്തു നിൽപ്പ് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നത്.

ഏകദേശം അൻപതിയഞ്ചോളം വെട്ടുകളാണ് ഷുഹൈബിന്റെ അരയ്ക്കു താഴെയേറ്റത്. കെ.സുധാകരന്റെ അതീവവിശ്വസ്തനായിരുന്നതും ഷുഹൈബിനെതിരെയുള്ള ആക്രമണം അതിക്രൂരമാക്കാനിടയാക്കി. ഷുഹൈബിന്റെ പൊതുസ്വീകാര്യതയും ജനങ്ങൾക്കിടെയിലുള്ള അംഗീകാരവും മുൻപിൻ നോക്കാതെയുള്ള സേവന പ്രവർത്തനങ്ങളും എന്തിനെയും നേരിടാനുള്ള ചങ്കുറപ്പും എടയന്നൂരിൽ സി.പി. എമ്മിനെ മാത്രമല്ല മുസ്ലിം ലീഗിനെപ്പോലും അലോസരപ്പെടുത്തിയിരുന്നു.മട്ടന്നൂരിൽ വളർന്നുവരുന്ന മറ്റൊരു സുധാകരനെന്നാണ് സി.പി. എം ഷുഹൈബിനെ കണക്കാക്കിയിരുന്നത്. കോൺഗ്രസിനായി ജീവൻ പോലും കൊടുക്കാൻ തയ്യാറായ ഒരു സംഘം പ്രവർത്തകർ ഷുഹൈബിനോടൊപ്പമുണ്ടായിരുന്നു. മുസ്ലിം ലീഗ്സ്വാധീനപ്രദേശമായിട്ടു കൂടി ലീഗ് പ്രവർത്തകർ വരെ ഇവരെ വെല്ലുവിളിയായി കരുതി.

ഭക്ഷണം കഴിക്കാനെത്തിയ ഷുഹൈബിനെ നാലംഗ സംഘമാണ് വെട്ടിക്കൊന്നതെങ്കിലും ഡി.വൈ. എഫ്. ഐ, സി.പി. എം പ്രവർത്തകരായ പതിനേഴുപേരാണ് കേസിൽ പ്രതി ചേർക്കപ്പെട്ടത്. ഒന്നാംപ്രതി ആകാശ് തില്ലങ്കേരി ഉൾപ്പെടെ രണ്ടുപേരെ പിന്നീട് സി.പി., എം പാർട്ടിയിൽ നിന്നും പുറത്താക്കി. ഹൈക്കോടതി ആദ്യം കേസ്സി.ബി. ഐക്ക് വിടുകയും പിന്നീട് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്യുകയുമായിരുന്നു. തുടർന്ന് ഷുഹൈബിന്റെ മാതാപിതാക്കൾസുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി തീർപ്പാക്കാൻ സുപ്രീം കോടതി ഹൈക്കോടതിയെ ചുമതലപ്പെടുത്തി. എന്നാൽ സി.ബി. ഐ അന്വേഷണം വേണ്ടെന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. കേസിലെ വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല.

പാർട്ടിയെ തിരിഞ്ഞു കൊത്തുന്ന സൈബർ സഖാക്കൾ

പി.ജയരാജൻ കണ്ണൂർ ജില്ലാസെക്രട്ടറിയായ കാലയളവിൽ പാർട്ടിയുടെ ചെങ്കൊടിത്തണലിൽ വളർന്ന സൈബർ സഖാക്കളാണ് ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയുമെല്ലാം. പി.ജെ ഇവരുടെ മനസിൽ ധീരസഖാവും റോൾ മോഡലുമായിരുന്നു. പിണറായി കോപത്തിനിരയായി വ്യക്തിപൂജയുടെ പേരിൽ പാർട്ടിക്കുള്ളിൽ പി.ജയരാജൻ ഒതുക്കപ്പെട്ടതോടെ അദ്ദേഹത്തെ വലം വെച്ചു പറന്നിരുന്ന പി.ജെ ആർമിയും സൈബർ സഖാക്കളും പെരുവഴിയിലായി. ഈയ്യാംപാറ്റകളെപ്പോലെയായ ഇവർക്ക് നിലനിൽപ്പിനായി പാർട്ടികൊടുത്തകൊടുവാൾ ഉപേക്ഷിച്ചു ക്വട്ടേഷൻ സംഘങ്ങളാകാൻ റിവോൾവർ കൈയിലെടുക്കേണ്ടി വന്നു. ക്വട്ടേഷൻ സംഘങ്ങളായി മാറിയ ഇവരുടെ വളർച്ചയും അവിശ്വസനീയമായിരുന്നു. ഒടുവിൽ പാർട്ടിയെ എളിയിൽ കെട്ടിയ പാമ്പായി മാറി തിരിഞ്ഞു കൊത്തുകയാണിവർ.

പി.ജയരാജൻ ജില്ലാസെക്രട്ടറിയായിരിക്കെ സജീവപാർട്ടി പ്രവർത്തകരായിരുന്ന സംഘങ്ങളാണ് പിന്നീട് സ്വർണകടത്ത്, ക്വട്ടേഷൻ ബന്ധത്തിന്റെ പേരിൽ സി.പി. എം മാറ്റിനിർത്തിയിരുന്നത്. ഈ സംഘം പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന വിധത്തിൽ സമൂഹമാധ്യമങ്ങളിൽ പലതും വിളിച്ചു പറയാൻ തുടങ്ങിയതോടെയാണ് പാർട്ടി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നത്. പാർട്ടി നേതാക്കൾ പലതും തങ്ങളെ കൊണ്ടു ചെയ്യിച്ചു ബലിയാടാക്കി മാറ്റിയെന്നാണ് ആകാശ് തില്ലങ്കേരിയുൾപ്പെടെയുള്ള ക്വട്ടേഷൻ സംഘങ്ങളുടെ ആരോപണം. കൊല്ലിച്ചവർ സുരക്ഷിതരായി അധികാരസോപാനങ്ങളിലിരിക്കുകയും കൊന്നതങ്ങൾ പാർട്ടിക്ക് പുറത്തായി പെരുവഴിവഴിയിലാവുകയും ചെയ്തുവെന്നാണ് ആകാശ് തില്ലങ്കേരി പരസ്യമായി ഫെയ്സ് ബുക്കിൽ ഉന്നയിച്ച ആരോപണങ്ങളുടെ പൊരുൾ.

ഇതിനെതിരെ സി.പി. എം സഹയാത്രികരും പ്രവർത്തകരും സമൂഹമാധ്യമത്തിൽ പ്രതികരിക്കാൻ തുടങ്ങിയതോടെ ആരോപണങ്ങൾ സഭ്യതയുടെ അതിരു കടന്നു. ലഹരിക്കടത്തും കള്ളവാറ്റും സ്ത്രീവിഷയവുമെല്ലാം ആരോപണങ്ങളായി സമൂഹമാധ്യമങ്ങളിൽ നിറയുന്നത് സി.പി. എം നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്. സ്വർണക്കടത്തും ക്വട്ടേഷൻ പ്രവർത്തനവും വിവാദമായപ്പോഴാണ് സി.പി. എം ആകാശ് തില്ലങ്കേരിയെയും സംഘത്തെയും തള്ളിപ്പറയാൻ തയ്യാറായത്. ഈ സംഘത്തെ നേരത്തെ പാർട്ടി പുറത്താക്കിയെന്നു പറഞ്ഞാണ് നേതൃത്വം തലയൂരിയത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ വധിച്ച കേസിലെ പ്രതിയാണ് ആകാശ്. പാർട്ടി തങ്ങളെക്കൊണ്ടു പലതും ചെയ്യിപ്പിച്ചുവെന്ന ആകാശിന്റെ വെളിപ്പെടുത്തൽ ഷുഹൈബ് വധത്തിൽ സി.പി. എമ്മിന്റെ പങ്കിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഈ വിഷയം കോൺഗ്രസ് രാഷ്ട്രീയവിഷയമായി ഏറ്റെടുക്കുകയും ചെയ്തു. അതേ സമയം ഷുഹൈബ് വധത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും ആകാശ് തില്ലങ്കേരിയുടെ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന വിതണ്ഡന്യായമാണ് സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ ഇപ്പോൾ പറയുന്നത്. ക്വട്ടേഷൻ സംഘങ്ങളെ സി.പി. എം പടിയടച്ചു പിണ്ഡംവെച്ചത് പി.ജയരാജനെതിരെ പാർട്ടിയിൽ നടന്ന ഒതുക്കൽ നടപടിയുടെ ഭാഗമായി കൂടിയായിരുന്നു. സമൂഹമാധ്യമങ്ങളിൽ പി.ജയരാജന്റെ വാഴ്‌ത്തുപാട്ടുകാരായിരുന്നു ഈ സംഘം. ഇതു കൂടിവന്നപ്പോൾ പാർട്ടി നേതൃത്വം വിലക്കുകയും പി.ജയരാജന് ഗത്യന്തരമില്ലാതെ തന്നെ അനുകൂലിക്കുന്നവരെ തള്ളിപ്പറയേണ്ടിവരികയും ചെയ്തു. അതു കൊണ്ടെന്നും പാർട്ടിക്കുമുകളിൽ റാകി പറക്കുന്ന പരുന്തുകളായ ക്വട്ടേഷൻ സംഘത്തെ അടക്കിനിർത്താൻ കഴിഞ്ഞില്ലെന്നതിന്റെ തെളിവാണ് ആകാശിന്റെ പുതിയ വെളിപ്പെടുത്തലുകൾ.

ആകാശിനെ അടക്കിനിർത്താൻ അധികാരം

സി.പി. എം നേതൃത്വത്തെ സമൂഹമാധ്യമത്തിലൂടെ വെല്ലുവിളിച്ച സൈബർ സഖാവ് ആകാശ് തില്ലങ്കേരിയെ ഒതുക്കാൻ പൊലിസിനെ ഉപയോഗിച്ചു സി.പി. എം അണിയറയിൽ നീക്കം തുടങ്ങിയിട്ടുണ്ട്. കേസുകളിൽ വരിഞ്ഞുമുറുക്കാനാണ് പാർട്ടി തീരുമാനം. ഇതിനായി ആകാശ് തില്ലങ്കേരിയുടെ നീക്കങ്ങൾ പൊലിസ് രഹസ്യാന്വേഷണം വിഭാഗം നിരീക്ഷിച്ചു തുടങ്ങിയിയിട്ടുണ്ട്. സാമൂഹിക മാധ്യമത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതിന് മുഴക്കുന്ന് പൊലിസും ആകാശതില്ലങ്കേരിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒരു മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നൽകിയ പരാതിയിലാണ് കേസെടുത്തത്.

ഡി.വൈ. എഫ്. ഐ യോഗത്തിൽ ആകാശ് തില്ലങ്കേരിക്കെതിരെ സംസാരിച്ചതിന്റെ പേരിൽ സാമൂഹ്യമാധ്യമത്തിലൂടെ അപമാനിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഡി.വൈ. എഫ്. ഐ നേതാവിനെ സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയതിന് ആകാശ് തില്ലങ്കേരിയുടെ പേരിൽ മട്ടന്നൂർ പൊലിസും കേസെടുത്തിട്ടുണ്ട്. ഡി.വൈ. എഫ്. ഐ മട്ടന്നൂർ ബ്ളോക്ക് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ബിനീഷിന്റെ പരാതി പ്രകാരമാണ് മട്ടന്നൂർ പൊലിസും കേസെടുത്തത്. കഴിഞ്ഞ ഡിസംബർ മുതലാണ് ആകാശ് തില്ലങ്കേരിയും ഡി.വൈ. എഫ്. ഐയും തമ്മിലുള്ള പോര് വീണ്ടും തുടങ്ങുന്നത്. മുഴക്കുന്ന് പഞ്ചായത്തിലെ ഒരു പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റിൽ ആകാശ് നയിച്ച ടീം ജയിച്ചിരുന്നു. ആകാശിന് ട്രോഫി നൽകിയത് ഡി.വൈ. എഫ്. ഐ കേന്ദ്രകമ്മിറ്റിയംഗം എം. ഷാജറാണ്.

ആകാശ് ഷാജറിൽ നിന്നും ട്രോഫി ഏറ്റുവാങ്ങുന്ന ചിത്രം സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. കേ്വേട്ടൻ സംഘമെന്ന് സി.പി. എം ചാപ്പകുത്തിയ ആകാശിന് ഡി.വൈ. എഫ്. ഐ കേന്ദ്രകമ്മിറ്റിയംഗം ട്രോഫി നൽകിയത് പാർട്ടിപ്രവർത്തകരിൽ രൂക്ഷ വിമർശനത്തിനിടയാക്കിയിരുന്നു. ഇതേ ചൊല്ലിയുണ്ടായ വിവാദങ്ങൾ സമൂഹമാധ്യമങ്ങളിൽ കുറച്ചുകാലമായി തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ സി.പി. എം പ്രാദേശിക നേതാക്കളും ആകാശ് തില്ലങ്കേരിയെ അനുകൂലിക്കുന്നവരും തമ്മിൽ ഫേസ്‌ബുക്കിൽ വാക്തർക്കങ്ങളുണ്ടായിരുന്നു. അതാണ് വീണ്ടും വെല്ലുവിളിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. പ്രാദേശിക നേതാക്കളുടെ പോസ്റ്റുകൾക്കു താഴെ ആകാശ് തില്ലങ്കേരിയിട്ട കമന്റുകളാണ് വിവാദമായത്. ഇതോടെ കമന്റിട്ട പോസ്റ്റുകൾ ഡിലിറ്റ് ചെയ്തു നേതാക്കൾ തടിയൂരി. മട്ടന്നൂർ എടയന്നൂരിലെ പാർട്ടി നേതാക്കളാണ് ഞങ്ങളെ കൊണ്ടു അതുചെയ്യിച്ചത്.

അവർ പല ആഹ്വാനങ്ങളും തരും, കേസ് വന്നാൽ തിരിഞ്ഞു നോക്കില്ല, ആഹ്വാനം ചെയ്തവർക്ക് പാർട്ടി സഹകരണ സ്ഥാപനങ്ങളിൽ ജോലികിട്ടി. നടപ്പാക്കിയ ഞങ്ങൾക്ക് പട്ടിണിയുംപടിയടച്ചു പിണ്ഡം വയ്ക്കലുമാണ് നേരിടേണ്ടിവന്നതെന്ന ദുരനുഭവം വിവരിച്ചാണ് ആകാശ് തില്ലങ്കേരി തുറന്നടിച്ചത്. ഡി.വൈ. എഫ്. ഐ മട്ടന്നൂർ ബ്ളോക്ക് സെക്രട്ടറി സരീഷ് പൂമരം, എസ്. എഫ്. ഐ മുൻ നേതാവ് പി.കെ പ്രഷീദ് തുടങ്ങിയവരുടെ പോസ്റ്റുകൾക്ക് താഴെയാണ് ആകാശ് തില്ലങ്കേരിയുടെ കമന്റുകൾ പ്രത്യക്ഷപ്പെട്ടത്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ളോക്ക് സെക്രട്ടറി എസ്‌പി ഷുഹൈബിന്റെ കൊല്ലപ്പെടുന്നത് എടയന്നൂർ തെരുവിലെ തട്ടുകടയിൽ വച്ചാണ്. ഷുഹൈബ് വധത്തെ കുറിച്ചു പ്രത്യക്ഷത്തിൽ പറയാതെയാണ് ആകാശ് തില്ലങ്കേരിയുടെ പ്രതികരണം.