തിരുവനന്തപുരം: ഡോ.ബി അശോകിനെ കൃഷി വകുപ്പില്‍ നിന്ന് നീക്കി പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചത് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവിന് പുല്ലുവില കല്‍പ്പിച്ചുകൊണ്ട്. സെപ്റ്റംബര്‍ ഒമ്പതിന് സിഎടിയുടെ ജസ്റ്റിസ് സുനില്‍ കുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് അംഗം വി രമാ മാത്യു എന്നിവരടങ്ങിയ എറണാകുളം ബഞ്ച്, ഡോ. ബി അശോകിനെ കെടിഡിഎഫ്സി ചെയര്‍മാനായി നിയമിച്ച സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്തിരുന്നു. അതായത് കേസ് അടുത്തതായി പരിഗണിക്കുന്ന സെപ്റ്റംബര്‍ 16 വരെ ബി അശോകിന് കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ബി അശോകിന് തുടരാം.

ഉത്തരവ് സ്റ്റേ ചെയ്തത് സംസ്ഥാന സര്‍ക്കാരിന് വലിയ തിരിച്ചടിയായിരിക്കെയാണ് ട്രിബ്യൂണല്‍ ഉത്തരവിനെ മറികടന്ന് പിണറായി സര്‍ക്കാര്‍ വീണ്ടും പണി ഇരന്നു വാങ്ങുന്നത്. അവധി കഴിഞ്ഞ് കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് വീണ്ടും ചുമതലയേറ്റ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തെ വീണ്ടും മാറ്റിയിരിക്കുകയാണ്.





അശോകിന് പകരമായി കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ടിങ്കു ബിശ്വാളിനെ നിയമിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 17 മുതല്‍ ഈ സ്ഥലം മാറ്റം പ്രാബല്യത്തില്‍ വരുമെന്നാണ് സര്‍ക്കാര്‍ അറിയിപ്പ്. നിയമന ഉത്തരവിനെതിരെ അശോക്് ചൊവ്വാഴ്ച ട്രിബ്യൂണലില്‍ സത്യവാങ്മൂലം നല്‍കും. ട്രിബ്യൂണലില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന് കടകവിരുദ്ധമാണ് ഇന്നത്തെ ഉത്തരവ്. തങ്ങളുടെ സ്റ്റേ ഉത്തരവിനെ മറികടന്ന് സര്‍ക്കാര്‍ തീരുമാനമെടുത്ത സാഹചര്യത്തില്‍ ട്രിബ്യൂണല്‍ കടുത്ത നടപടിക്ക് തന്നെ തുനിയുമെന്ന് ഉറപ്പാണ്. ചുരുക്കത്തില്‍ സര്‍ക്കാരിന് ട്രിബ്യൂണലില്‍ വീണ്ടും തിരിച്ചടിയേല്‍ക്കുന്ന ഗുരുതര സാഹചര്യമാണ് ഉടലെടുക്കുന്നത്.

കേര പദ്ധതി വാര്‍ത്ത ചോര്‍ത്തല്‍ വിവാദത്തിന് പിന്നാലെയാണ് കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റിയത്. ടിങ്കു ബിസ്വാളിനായിരുന്നു പകരം ചുമതല നല്‍കിയത്. കേര പദ്ധതി വിവാദവുമായി ബന്ധപ്പെട്ട് ബി അശോകിന് ആയിരുന്നു അന്വേഷണ ചുമതല ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യ പ്രകാരമായിരുന്നു വാര്‍ത്ത ചോര്‍ന്നതെങ്ങനെ എന്ന കാര്യത്തില്‍ അന്വേഷണം നടത്തിയിരുന്നത്.






ലോകബാങ്ക് ഇമെയില്‍ ചോര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു ബി അശോകിന്റെ റിപ്പോര്‍ട്ട്. ഇത് നിലനില്‍ക്കെയാണ് ബി അശോകിനെ സ്ഥലം മാറ്റിയത്. കെടിഡിഎഫ്സി ചെയര്‍മാന്‍ പദവി ഡെപ്യൂട്ടേഷന്‍ തസ്തികയാണ്. നേരത്തെ ഡെപ്യൂട്ടേഷന്‍ തസ്തികയായ തദ്ദേശ ഭരണ പരിഷ്‌കരണ കമ്മീഷണര്‍ പദവി നല്‍കിയത് ബി അശോക് ചോദ്യം ചെയ്തിരുന്നു. സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ആ ഉത്തരവ് റദ്ദാക്കിയിരുന്നു. തദ്ദേശ ഭരണ പരിഷ്‌കരണ കമ്മിഷന്‍ അദ്ധ്യക്ഷനായി നിയമിച്ചപ്പോള്‍ കോടതിയില്‍ പോയി സര്‍ക്കാരിനെതിരെ ഉത്തരവ് വാങ്ങുകയും കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി തുടരുകയും ചെയ്തിരുന്നു. സമാനരീതിയിലാണ് ഇപ്പോഴത്തെയും സ്ഥലംമാറ്റം.

നിയമനടപടിക്ക് ഒരുങ്ങുന്നതിനാല്‍ പുതുതായി ലഭിച്ച കെ.ടി.ഡി.എഫ്.സി യിലെ സി.എം.ഡി സ്ഥാനം അദ്ദേഹം ഏറ്റെടുത്തിരുന്നില്ല.സെപ്തംബര്‍ 8 വരെ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യുണല്‍ അവധിയായതിനാല്‍ സ്ഥലം മാറ്റം സംബന്ധിച്ച് പരാതി പരിഗണിക്കുന്നത് വൈകുമെന്ന സാങ്കേതികത്വം കണക്കാക്കിയാണ് അശോകിനെ അതിവേഗം ഓണത്തിന് മുമ്പുള്ള ശനിയാഴ്ച രാത്രിയില്‍ സ്ഥലം മാറ്റിയത്. പകരം ചുമതല നല്‍കിയ ടിങ്കു ബിസ്വാള്‍ കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കാര്‍ഷികോത്പാദന കമ്മിഷണര്‍ എന്നീ സ്ഥാനങ്ങളില്‍ ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു. ഗതാഗത വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനവും ടിങ്കു ബിസ്വാളിനാണ്. ഇതേ വകുപ്പിന് കീഴിലെ സ്ഥാപനമാണ് കെ.ടി.ഡി.എഫ്.സി. ഐ.എ.എസ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ അശോകിനെ സ്ഥലം സെക്രട്ടേറിയറ്റില്‍ നിന്നും മാറ്റിയതിനെതിരെ ഐ.എ.എസുകാരില്‍ ഒരുവിഭാഗം കടുത്ത അമര്‍ഷത്തിലാണ്.

കേര പദ്ധതി ഫണ്ട് വകമാറ്റിയത് സംബന്ധിച്ച് മാദ്ധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശ പ്രകാരം കൃഷി വകുപ്പ് അന്വേഷണം നടത്തിയിരുന്നു. ഡോ. ബി. അശോകിനായിരുന്നു അന്വേഷണ ചുമതല. മുഖ്യമന്ത്രിയുടെ ഓഫീസ്, കൃഷിവകുപ്പില്‍ നടത്തിയ അനധികൃത ഇടപെടല്‍ അന്വേഷണത്തില്‍ അശോക് കണ്ടെത്തിയിരുന്നു. ലോക ബാങ്ക് കൃഷിവകുപ്പിലേക്ക് അയച്ച ഇ മെയിലിന്റെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ ഓഫീസ് അനധികൃതമായി കൈവശപ്പെടുത്തിയെന്നായിരുന്നു അശോകിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ഐ.ടി. നിയമം അനുസരിച്ച് അന്വേഷിക്കാവുന്ന കുറ്റമാണിതെന്നും കൃഷി മന്ത്രി പി. പ്രസാദിന് അദ്ദേഹം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മാദ്ധ്യമങ്ങളില്‍ വാര്‍ത്ത ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു അടിയന്തര മാറ്റം.

ഡോ.ബി.അശോകിന്റെ ട്രാന്‍സ്ഫര്‍ ഉത്തരവില്‍ വിവിധ നിയമങ്ങളുടെയും ചട്ടങ്ങളുടെയും നഗ്നമായ ലംഘനമുണ്ട് എന്ന് ഏതൊരു ഐഎഎസ് ഉദ്യോഗസ്ഥനും ഒറ്റവായനയില്‍ മനസ്സിലാവുമെന്ന വിമര്‍ശനവുമായി എന്‍ പ്രശാന്ത് ഐഎഎസ് രംഗത്തെത്തിയിരുന്നു. ഐപിഎസ് അസോസിയേഷന്റെ പ്രസിഡന്റ് യോഗേഷ് ഗുപ്തയും ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റായ ബി.അശോകും സര്‍ക്കാര്‍ സംവിധാനത്തിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് ട്രിബ്യൂണലിനെ സമീപിച്ചിരിക്കുന്നത്. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഡോ.ബി.അശോകിനെ കേരള ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിച്ചത് സ്റ്റേ ചെയ്ത ട്രിബ്യൂണല്‍, യോഗേഷ് ഗുപ്ത വിഷയത്തിലും സര്‍ക്കാര്‍ നടപടികള്‍ ചോദ്യം ചെയ്തു.

തന്നെ കേഡര്‍ തസ്തികയില്‍നിന്ന് ഒഴിവാക്കാനാണ് സര്‍ക്കാര്‍ നിരന്തരം ശ്രമിക്കുന്നതെന്നാണു ബി.അശോക് പരാതിപ്പെടുന്നത്. അശോകിനെ തൊട്ട സര്‍ക്കാരിനു നാണംകെട്ട തിരിച്ചടികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ പാലിക്കാതെ സ്വീകരിക്കുന്ന പ്രതികാരനടപടികള്‍ തുടര്‍ച്ചയായി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനു മുന്നിലെത്തുമ്പോള്‍ പൊളിഞ്ഞടുങ്ങുന്ന സ്ഥിതിയാണുള്ളത്.

കെടിഡിഎഫ്സി ഡയറക്ടര്‍ നിയമനം നടത്താനുള്ള അധികാരം ഗവര്‍ണര്‍ക്കാണുള്ളതെന്നു ഗവര്‍ണര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകനും ട്രിബ്യൂണലിനെ അറിയിച്ചു. കോര്‍പ്പറേഷന്റെ ഡയറക്ടര്‍മാരെ നിയമിക്കേണ്ടത് ഗവര്‍ണറാണ്. ഈ ഡയറക്ടര്‍മാരില്‍ നിന്ന് ഒരാളെ ഗവര്‍ണറുടെ അംഗീകാരത്തോടെ ചെയര്‍മാനായി നോമിനേറ്റ് ചെയ്യാനുള്ള അധികാരം ഡയറക്ടര്‍ ബോര്‍ഡിനാണ്. അശോക് കോര്‍പ്പറേഷനില്‍ ഡയറക്ടര്‍ അല്ല. അദ്ദേഹത്തെ ഡയറക്ടര്‍ ബോര്‍ഡ് നോമിനേറ്റ് ചെയ്തിട്ടുമില്ല. ഈ ചട്ടങ്ങള്‍ ഒന്നും പാലിക്കാതെയാണ് തന്നെ ചെയര്‍മാനായി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നതെന്നാണ് അശോക് ട്രിബ്യൂണലില്‍ വാദിച്ചത്. ഇത് അംഗീകരിച്ച് സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യുന്നുവെന്നാണു ട്രിബ്യൂണലിന്റെ ഉത്തരവില്‍ പറയുന്നത്. നിലവിലെ തസ്തികയില്‍ അശോകിനു തുടരാമെന്നും ഉത്തരവ് വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍, ട്രിബ്യൂണലിന്റെ സ്റ്റേ ഉത്തരവ് മറികടന്ന് കൃഷി വകുപ്പില്‍ നിന്ന് ബി അശോകിനെ മാറ്റിയ സര്‍ക്കാര്‍ ഉത്തരവ് നിയമവിരുദ്ധമെന്ന കാര്യത്തില്‍ സംശയമില്ല.