- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെജ്രിവാളിനെ തോല്‍പ്പിക്കാമെങ്കില്‍ മമതയേയും വീഴ്ത്താം; രാജ്യത്തെ കാവി പുതപ്പിക്കാന്‍ ബംഗാള്‍ അനിവാര്യത; ആര്‍ എസ് എസ് മേധാവിയുടെ പത്ത് ദിവസത്തെ ഇടപെടലില്‍ പ്രതീക്ഷ കാണുന്നത് ബിജെപി; ദീദിയെ വീഴ്ത്താന്‍ തന്ത്രങ്ങളും സംഘടനയും സജ്ജമാക്കി ഭാഗവത്; 2026ല്‍ കൊല്‍ക്കത്തയില്‍ ഭരണമാറ്റം വരുമോ?
കൊല്‍ക്കത്ത: മഹാരാഷ്ട്രയും ഡല്‍ഹിയും ബിജെപി പക്ഷത്തേക്ക് എത്തിച്ച ആര്‍ എസ് എസിന്റെ അടുത്ത ലക്ഷ്യം ബംഗാള്‍? ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയുടെ കുത്തക ഭരമമായിരുന്നു. നാലില്‍ മൂന്ന് ഭൂരിപക്ഷമുള്ള ഭരണം. പ്രതിപക്ഷ അപ്രസക്തമായ കാലം. അരവിന്ദ് കെജ്രിവാള്‍ അജയ്യനാണെന്ന് ഏവരും വിലയിരുത്തി. പക്ഷേ ഡല്‍ഹിയിലെ ഫലം മറ്റൊന്നായിരുന്നു. ഇതിന് പിന്നില്‍ ആര്‍ എസ് എസ് എന്ന സംഘടനയുടെ കരുത്താണെന്ന് ഏവരും വിലയിരുത്തുകയും ചെയ്തു. മഹാരാഷ്ട്രയില്‍ ബിജെപിക്ക് ചരിത്ര ഭൂരിപക്ഷം നല്‍കിയതും ആര്‍ എസ് എസ് പ്രവര്‍ത്തനമായിരുന്നു. ഹരിയാനയില്‍ ഏവരേയും അമ്പരപ്പിച്ച് ബിജെപിക്ക് ഭരണ തുടര്‍ച്ചയും ആര്‍ എസ് എസ്. നല്‍കി. കെജ്രിവാളിന്റെ കൈയ്യില്‍ നിന്നും ഭരണം പിടിച്ചെടുത്ത ആര്‍ എസ് എസിന്റെ അടുത്ത ലക്ഷ്യം ബംഗാളാണെന്നാണ് റിപ്പോര്‍ട്ട്.
ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് നടത്തിയ പത്ത് ദിവസത്തെ ബംഗാള്‍ പര്യടനം ഇതിന്റെ സൂചനയാണ് നല്‍കുന്നത്. ബംഗാളില്‍ ഉടനീളം വേരുറപ്പിക്കുകയാണ് ലക്ഷ്യം. ആര്‍.എസ്.എസ്. പ്രാദേശിക പ്രവര്‍ത്തകരുമായി അടച്ചിട്ട മുറിയിലെ കൂടിക്കാഴ്ച, സംഘടനയെ താഴെത്തട്ടില്‍ ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുള്ള പദ്ധതികള്‍, പുതിയ ഓഫീസ് ഉദ്ഘാടനം, കൊല്‍ക്കത്ത ആര്‍ജി കര്‍ ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കളെ കാണല്‍ ഇങ്ങനെ പല ഇടപെടലും മോഹന്‍ ഭാഗവത് നടത്തി. ഭാഗവതിന്റെ സന്ദര്‍ശനത്തിനെ 2026ല്‍ നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തിയാണ് തൃണമൂലും കാണുന്നത്. 2026 മാര്‍ച്ച്-ഏപ്രില്‍ മാസത്തിലാകും ബംഗളില്‍ തിരഞ്ഞെടുപ്പ്.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപി മുന്നേറ്റമുണ്ടാക്കി. പിന്നീട് കാര്യങ്ങളെല്ലാം മുഖ്യമന്ത്രി മമതാ ബാനര്‍ജി അനുകൂലമാക്കി. തൃണമൂല്‍ കോണ്‍ഗ്രസ് അജയ്യ ശക്തിയായി മാറുകയും ചെയ്തു. ഡല്‍ഹിയില്‍ ഇന്ത്യാ സഖ്യത്തെ തകര്‍ത്താണ് ബിജെപി ജയിച്ചത്. ബംഗാളിലും മമതയ്‌ക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും രംഗത്തു വരും. ഇതിനൊപ്പം ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിക്കുകയും ചെയ്താല്‍ ബംഗാളും പിടിക്കാമെന്നാണ് പ്രതീക്ഷ. ഇതിന് സംഘടനയ്ക്ക് ശക്തിവേണം. അതിന് വേണ്ടിയാണ് ആര്‍ എസ് എസ് തലവന്റെ പത്ത് ദിവസത്തെ സന്ദര്‍ശനം. ഇത്രയും അധികം ദിവസം നാഗ്പൂര്‍ വിട്ട് ആര്‍ എസ് എസ് തലവന്‍ മാറി നില്‍ക്കുക എന്നത് അത്യപൂര്‍വ്വമാണ്.
മോഹന്‍ ഭാഗവതിന്റെ ബംഗാള്‍ സന്ദര്‍ശനം ഞായറാഴ്ച റാലിയോടെ സമാപിക്കും. പുര്‍ബ ബര്‍ധമന്‍ ജില്ലയിലെ സ്‌പോട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഓഡിറ്റോറിയത്തില്‍ വെച്ച് സ്വയം സേവകര്‍ ഉള്‍പ്പെടെയുള്ളവരുമായി അദ്ദേഹം അഭിസംബോധന ചെയ്യും. റാലിക്ക് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയും കൊല്‍ക്കത്ത ഹൈക്കോടതി റാലിക്ക് അനുമതി നല്‍കുകയുമായിരുന്നു. പരീക്ഷ നടക്കുന്ന സമയമായതിനാല്‍ പരീക്ഷാര്‍ത്ഥികള്‍ക്ക് അസ്വസ്ഥതയുണ്ടാകുമെന്ന് പറഞ്ഞായിരുന്നു സംസ്ഥാന പോലീസ് അനുമതി നിഷേധിച്ചത്. ഇതെല്ലാം ആര്‍ എസ് എസ് അനുകൂലത ബംഗാളില്‍ സൃഷ്ടിച്ചെന്ന വിലയിരുത്തല്‍ പരിവാറിനുണ്ട്.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് മുന്നറിയിപ്പ് നല്‍കി ബിജെപിയുടെ മുതിര്‍ന്ന നേതാവും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി രംഗത്തു വന്നിരുന്നു. ഡല്‍ഹിക്ക് ശേഷം പശ്ചിമബംഗാളാണ് അടുത്തത് എന്നാണ് സുവേന്ദു അധികാരി പറഞ്ഞത്. 'ഡല്‍ഹിയില്‍ ഞങ്ങള്‍ വിജയിച്ചു, അടുത്തവര്‍ഷം(2026) ബംഗാളിലെ ഊഴമാണ്. ഡല്‍ഹിയില്‍ താന്‍ പ്രചാരണം നടത്തിയ ബംഗാളി ആധിപത്യമുള്ള പ്രദേശങ്ങളില്‍ ബിജെപി വിജയിച്ചതായും അധികാരി പറഞ്ഞു. 'ഡല്‍ഹിയിലെ ബംഗാളി ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഞാന്‍ പ്രചാരണം നടത്തി, അവിടെ അടിസ്ഥാന സൗകര്യങ്ങള്‍ മോശമാണ്. അവര്‍ ഡല്‍ഹിയെ തകര്‍ത്തു. ഡല്‍ഹിയിലെ മിക്ക ബംഗാളി പ്രദേശങ്ങളിലും ബിജെപി അനായാസ വിജയം കണ്ടു, അത് ബംഗാളിലും ആവര്‍ത്തിക്കും'- അദ്ദേഹം പറഞ്ഞു.
ബംഗാള്‍ ബിജെപി അധ്യക്ഷനും എംപിയുമായ സുകാന്ത മജുംദാറും സമാനമായ മുന്നറിയിപ്പാണ് നല്‍കിയത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിലെ ജനങ്ങളും ബിജെപിക്ക് വോട്ട് ചെയ്യുമെന്നും ഡല്‍ഹി ആവര്‍ത്തിക്കുമെന്നും സുകാന്ത മജുംദാര്‍ പറഞ്ഞു. മമതയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വേരോടെ പിഴുതെറിയാനുള്ള ശ്രമത്തിലാണ് ബിജെപി. അതിനുള്ള പ്രചാരണങ്ങളാണ് അവര്‍ പയറ്റുന്നത്. ആര്‍ എസ് എസ് പിന്തുണയുണ്ടെങ്കില്‍ ഇത് സാധ്യമാകുമെന്നാണ് ബിജെപി വിലയിരുത്തല്‍.