- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മര്‍ദനവും പരസ്ത്രീ ബന്ധവും ആഭിചാരക്രിയയും ചര്‍ച്ചയാക്കിയ സഖാവായ ഭാര്യ; ആറു മാസ സസ്പെന്ഷന് കഴിഞ്ഞ് തിരിച്ചെടുത്തത് ബ്രാഞ്ചില്‍; ആര് എസ് എസുകാരനെ കൊന്ന സിപിഎം ചതി പറഞ്ഞ ജില്ലാ പഞ്ചായത്ത് അംഗം; ശബരിമലയിലെ ബിജെപിക്കാരുമായുള്ള ഹോട്ടല്‍ അടക്കം നിഷേധിച്ച നേതാവ്; കായംകുളത്ത് ഇനി വിഭാഗീയത ആളിക്കത്തുമോ? താമര കൈയ്യിലെടുത്ത് ബിപിന് സി ബാബു
തിരുവനന്തപുരം: ബിജെപിയിലേക്ക് പറന്നിറങ്ങിയ ആലപ്പുഴയിലെ മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിന്‍ സി ബാബു ഏറെ കാലമായി സിപിഎം നേതൃത്വവുമായി അകലത്തിലായ വ്യക്തി. സമാനതകളില്ലാത്ത ആരോപണങ്ങള്‍ ബിപിന്‍ സി ബാബുവിനെതിരെ ഉയര്‍ന്നിരുന്നു. അതൊന്നും പക്ഷേ പോലീസിന് മുന്നില്‍ എത്തിയിരുന്നില്ല. കായംകുളം കൃഷ്ണപുരം ഡിവിഷനില്‍നിന്നാണ് ജില്ലാ പഞ്ചായത്തിലേക്ക് ബിപിന്‍ ജയിച്ചത്. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പാര്‍ട്ടിക്കുടുംബത്തില്‍നിന്ന് മിശ്രവിവാഹമായിരുന്നു. അന്നു സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും ജില്ലാ സെക്രട്ടറിയായിരുന്ന സി.ബി. ചന്ദ്രബാബുവും അറിഞ്ഞ് പാര്‍ട്ടി ഇടപെട്ടായിരുന്നു വിവാഹം. പില്‍ക്കാലത്ത് ഭര്‍ത്താവിനെതിരേ ഭാര്യതന്നെ വ്യക്തിപരമായ ചില ആരോപണങ്ങളുയര്‍ത്തി. ഗാര്‍ഹികപീഡനം ആരോപിച്ച് ഭാര്യയും ഭാര്യാപിതാവും പാര്‍ട്ടിക്കു പരാതി നല്‍കിയതോടെയാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്സ്ഥാനം രാജിവെപ്പിച്ചതും ആറുമാസത്തേക്ക് പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതും. നടപടി വരുമ്പോള്‍ സി.പി.എം. കായംകുളം ഏരിയ കമ്മിറ്റിയംഗമായിരുന്നു ബിപിന്‍. നടപടിയുടെ കാലാവധി കഴിഞ്ഞപ്പോള്‍ ബ്രാഞ്ചിലേക്കാണ് തിരിച്ചെടുത്തത്. പിന്നീടും അസ്വസ്ഥത തുടര്‍ന്നു. കരീലക്കുളങ്ങരയില്‍ സത്യന്‍ എന്ന ഓട്ടോറിക്ഷക്കാരനെ 2001-ല്‍ സി.പി.എം. ആസൂത്രണംചെയ്തു കൊലപ്പെടുത്തിയതാണെന്ന് ബിബിന്‍ സി ബാബു തുറന്നു പറഞ്ഞു. ഈ നേതാവാണ് സിപിഎം ബന്ധം ഉപേക്ഷിച്ച് ബിജെിയില്‍ എത്തുന്നത്. ഇന്ന് സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്‍ നിര്‍ണ്ണായക യോഗങ്ങള്‍ക്ക് ആലപ്പുഴയിലുണ്ട്. അതേ ദിവസമാണ് ബിപിന്‍ സിപിഎം വിടുന്നത്.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രികയും ബിബിന്‍ സി ബാബു വാങ്ങി. വിമതനായി മത്സരിക്കുമെന്ന സൂചനയും നല്‍കി. പ്കഷേ മത്സരിച്ചില്ല. ഇതിന് ശേഷമാണ് 2001-ല്‍ പാര്‍ട്ടി ആസൂത്രണം ചെയ്ത കൊലപാതകക്കേസില്‍ നിരപരാധിയായ തന്നെ പ്രതിയാക്കിയെന്ന് ബിപിന്‍ സി. ബാബു ആരോപിച്ചത്. പാര്‍ട്ടി ഏരിയ കമ്മിറ്റിയംഗമായ ബിപിന്റെ അമ്മ കെ.എല്‍. പ്രസന്നകുമാരി നേരത്തെ പാര്‍ട്ടി വിട്ടിരുന്നുവെന്ന് വാര്‍ത്തകളെത്തി. എന്നാല്‍ സിപിഎം ഇത് നിഷേധിച്ചിരുന്നു. ബിപിനെ ബ്രാഞ്ചിലേക്കു മാത്രം തിരിച്ചെടുത്തത് ജില്ലാ സെക്രട്ടേറിയറ്റംഗത്തിന്റെ ഇടപെടല്‍ മൂലമാണെന്ന് അമ്മ ആരോപിച്ചതായും വാര്‍ത്തകളെത്തി. കായംകുളത്തെ സി.പി.എമ്മില്‍ ഏറെക്കാലമായി പ്രാദേശികപ്രശ്‌നങ്ങളും കുതികാല്‍വെട്ടുകളുമുണ്ട്. സിപിഎം വിടുമെന്നറിയിച്ചു സംസ്ഥാന സെക്രട്ടറിക്കു കത്തു നല്‍കിയ ചരിത്രവും ബിപിനുണ്ട്. ബിപിനും അമ്മ പ്രസന്ന കുമാരിയും സംസ്ഥാന സെക്രട്ടറിക്കു നല്‍കിയ കത്തു ചോര്‍ന്നതും വലിയ ചര്‍ച്ചയായിരുന്നു. പാര്‍ട്ടി ആലോചിച്ചു നടത്തിയ കൊലപാതകമാണു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കളീക്കല്‍ സത്യന്റേതെന്നു ബിപിന്റെ കത്തില്‍ പറയുന്നുണ്ട്. സത്യന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു എന്നാണ് കത്തിലുണ്ടായിരുന്നത്.
എന്നാല്‍ ആര്‍എസ്എസ് വിട്ട സത്യന്‍ വര്‍ഷങ്ങളായി കോണ്‍ഗ്രസിലായിരുന്നെന്നു ചില സിപിഎം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എന്നു കത്തില്‍ പരാമര്‍ശിച്ചതു ബോധപൂര്‍വമാണെന്ന് സിപിഎം ആരോപിച്ചിരുന്നു. ഭാര്യയുടെ പരാതിക്കു പുറമേ, മറ്റുചില ആരോപണങ്ങളും ബിപിനെതിരെ പാര്‍ട്ടിയില്‍ ഉയര്‍ന്നിരുന്നുവെന്നതാണ് വസ്തുത. ബിജെപിക്കാരുമായി ചേര്‍ന്നു ശബരിമലയില്‍ ഹോട്ടല്‍ നടത്തി എന്നതാണ് അതില്‍ പ്രധാനം. ബിജെപിയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയെന്നതായിരുന്നു മറ്റൊന്ന്. എന്നാല്‍, ഇതു ബിപിന്‍ സംസ്ഥാന സെക്രട്ടറിക്കുള്ള കത്തില്‍ നിഷേധിച്ചിരുന്നു. ബിജെപിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടപ്പോള്‍ ബിഡിജെഎസുമായി ചര്‍ച്ച നടത്തിയെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാല്‍, നേരത്തെ സിപിഐ വിട്ടു ബിഡിജെഎസിലെത്തിയ ആള്‍ അതിനു തടയിട്ടെന്നവം വാര്‍ത്തകളെത്തി. കായംകുളം നിയമസഭാ സീറ്റ് ലക്ഷ്യമിട്ടാണ് ഇയാള്‍ ബിപിന്റെ വഴിയടച്ചതെന്നും ഏപ്രിലില്‍ മനോരമയടക്കം വാര്‍ത്ത നല്‍കിയിരുന്നു. അത്തരമൊരു വ്യക്തിയാണ് സിപിഎം വിടുന്നത്. കായംകുളത്തെ സിപിഎം വിഭാഗീയതയെ ഇത് പുതിയ തലത്തിലെത്തിക്കും.
ബിജെപിയില്‍ ചേര്‍ന്ന ബിബിന്‍ സി ബാബുവിന്റെ പ്രതികരണം ഇങ്ങനെ
സിപിഎമ്മിനെ നിയന്ത്രിക്കുന്നത് വര്‍ഗ്ഗീയ ശക്തികളാണെന്നും മതനിരപേക്ഷ സ്വഭാവം സിപിഎമ്മിന് നഷ്ടമായെന്നും ബിപിന്‍ സി ബാബു. പാര്‍ട്ടിയില്‍ ജി. സുധാകരന്റെ അവസ്ഥ ദയനീയമാണ്. മോദിയുടെ വികസനനയം നല്ലത്. ആലപ്പുഴ ജില്ലാപഞ്ചായത്ത് മൂന്‍ വൈസ് പ്രസിഡന്റ് കൂടിയായ ബിപിന്‍.സി ബാബു ആലപ്പുഴയിലെ പാര്‍ട്ടിയില്‍ വിഭാഗീകത ശക്തമായിരിക്കുന്നതിനിടയിലാണ് പാര്‍ട്ടി വിട്ടത്. സിപിഐഎം ഏരിയാകമ്മറ്റിയംഗം, ഡിവൈഎഫ്ഐ സംസ്ഥാനസമിതി, ഡിവൈഎഫ്ഐ മുന്‍ ജില്ലാ സെക്രട്ടറി എന്നീ പദവികളെല്ലാം വഹിച്ചിട്ടുള്ള ബിപിന്‍ നിലവില്‍ കേരളാസര്‍വകലാശാല സെനറ്റംഗം കൂടിയായിരിക്കെയാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനുമായി ബിപിന്‍.സി. ബാബു കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടുതല്‍ സിപിഐഎം നേതാക്കള്‍ ബിജെപിയിലേക്ക് വരുമെന്ന് ബിബിന്‍ സി ബാബുവിനെ സ്വീകരിക്കുന്ന പരിപാടിയില്‍ സുരേന്ദ്രന്‍ പറഞ്ഞു. ജി സുധാകരനെപോലെയുള്ള നേതാക്കള്‍ പാര്‍ട്ടിയില്‍ അതൃപ്തിയിലാണെന്നും പറഞ്ഞു. ചില മാലിന്യങ്ങള്‍ പോകുമ്പോള്‍ ബിജെപിയിലേക്ക് ശുദ്ധജലം ഒഴുകി വരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരിക്കെ അഡ്വ. ബിപിന്‍ സി ബാബുവിനെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയിലാണ് പാര്‍ട്ടി നടപടിയെന്നായിരുന്നു മാധ്യമ വാര്‍ത്തകള്‍. മര്‍ദനം, പരസ്ത്രീ ബന്ധം, ആഭിചാര ക്രിയകള്‍ നടത്തല്‍ എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ബിപിന് എതിരെ ഭാര്യ ഉന്നയിച്ചതെന്നായിരുന്നു വാര്‍ത്തകള്‍.
2023 മേയില്‍ മനോരമയില്‍ വന്ന വാര്‍ത്ത ചുവടെ
പരസ്ത്രീ ബന്ധം, ആഭിചാരക്രിയ; ഭാര്യയുടെ പരാതിയില്‍ സിപിഎം നേതാവിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു
ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ സിപിഎമ്മില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ബിപിന്‍ സി. ബാബുവിനെയാണ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയിലാണ് പാര്‍ട്ടി നടപടി. മര്‍ദനം, പരസ്ത്രീ ബന്ധം, ആഭിചാരക്രിയ എന്നിവയായിരുന്നു ഭാര്യയുടെ പരാതി. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നിര്‍ദേശപ്രകാരം സിപിഎം കായംകുളം ഏരിയ സെക്രട്ടറി കമ്മിറ്റി യോഗം ചേര്‍ന്നാണ് ബിപിനെതിരെ നടപടിയെടുത്തത്.
ജബ്ബാര്‍ ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും സിപിഎം കായംകുളം കരീലകുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗവുമാണ് മിനിസ. മൂന്നുമാസം മുന്‍പാണ് ബിപിന്റെ ഭാര്യ മിനിസ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് പരാതി നല്‍കിയത്. എന്നാല്‍ നടപടികളൊന്നും ഉണ്ടായില്ല. ഞായറാഴ്ച എം.വി.ഗോവിന്ദന്‍ ഉള്‍പ്പെട്ട സെക്രട്ടേറിയറ്റ് യോഗത്തില്‍ വിഷയം വീണ്ടും ചര്‍ച്ചയായി. ഗാര്‍ഹിക പീഡനം തെളിഞ്ഞതിനാല്‍ നടപടി വേണമെന്നു ഗോവിന്ദന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇത്രയും നാള്‍ നടപടിയെടുക്കാത്തതില്‍ ജില്ലാ നേതൃത്വത്തെ വിമര്‍ശിക്കുകയും ചെയ്തു.
മര്‍ദനം, പരസ്ത്രീ ബന്ധം, ആഭിചാരക്രിയ.. ആരോപണങ്ങള്‍ പലവിധം
മനോരമയില്‍ വാര്‍ത്ത വരുന്നതിന് മൂന്ന് മാസം മുന്‍പ് ബിപിന്‍ സി ബാബുവിന്റെ ഭാര്യ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. ഗാര്‍ഹിക പീഡനമടക്കം ആരോപണമുള്ളതായിരുന്നു പരാതി. എന്നാല്‍ സിപിഎം ജില്ലാ നേതൃത്വം ഇത് പൂഴ്ത്തിവെക്കുകയായിരുന്നു. പിന്നീട് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ചയായി. ഇതില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പങ്കെടുത്തിരുന്നു. രൂക്ഷമായ ഭാഷയിലാണ് വിഷയത്തില്‍ ജില്ലാ നേതൃത്വത്തെ എംവി ഗോവിന്ദന്‍ വിമര്‍ശിച്ചത്. ഗാര്‍ഹിക പീഡനം നടന്നതായി തെളിഞ്ഞതിനാല്‍ നടപടി വേണമെന്നു എംവി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് ഏരിയാ കമ്മിറ്റി യോഗം ചേര്‍ന്ന് ബിപിന്‍ സി ബാബുവിനെ സസ്പെന്റ് ചെയ്തത്. ബിബിന്‍ സി ബാബുവിന്റെ ഭാര്യ ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും സിപിഎം കായംകുളം കരീലകുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു. മര്‍ദനം, പരസ്ത്രീ ബന്ധം, ആഭിചാരക്രിയ എന്നിവയായിരുന്നു ഭാര്യയുടെ പരാതി.
തന്നെ ഒഴിവാക്കാന്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും ആഭിചാരക്രിയ നടത്തിയെന്നുമാണ് ബിപിന്‍ സി ബാബുവിന്റെ ഭാര്യയുടെ പരാതി. പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിനാണ് ക്രൂരമായ മര്‍ദനമേല്‍ക്കേണ്ടിവന്നതെന്നും യുവതി പറയുന്നു. പരിക്കേറ്റ യുവതിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരാതി നല്‍കിയിട്ടും പാര്‍ട്ടി നേതത്വവും പൊലീസും നടപടി എടുക്കാന്‍ തയ്യാറാകുന്നില്ലെന്നും യുവതി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ആശുപത്രിയില്‍ മര്‍ദ്ദനത്തിനിരയായി യുവതി ചികിത്സ തേടിയത് അറിഞ്ഞിട്ടും പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്നാണ് ആരോപണം. പിന്നീട് ഈ കേസെല്ലാം ഒഴിവാക്കി. ലോക്കല്‍ കമ്മറ്റി അംഗം ആയ യുവതിയുടെ പിതാവും പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ നടപടിയെടുക്കാന്‍ പാര്‍ട്ടി തയ്യാറായില്ലെന്നും ആരോപണമുണ്ടായിരുന്നു. പരാതി ഒത്തു തീര്‍പ്പാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നാണ് പുറത്ത് ആദ്യം വന്ന സൂചന. ഇതേ തുടര്‍ന്നാണ് എംവി ഗോവിന്ദന് പരാതി നല്‍കിയത്.
ഇരുവരുടേതും മിശ്രവിവാഹമായിരുന്നു. പരസ്ത്രീ ബന്ധത്തെ ചൊല്ലി ഇരുവര്‍ക്കിടയിലും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക വാഹനത്തിന്റെ ബോര്‍ഡ് മറച്ച് മറ്റൊരു സ്ത്രീയുമായി കാറില്‍ യാത്ര ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് മര്‍ദ്ദനം നടന്നത്. ഭാര്യയെ ഒഴിവാക്കാനായി ഈ സ്ത്രീക്കൊപ്പം വിവിധ ക്ഷേത്രങ്ങളില്‍പ്പോയി ആഭിചാരക്രിയകള്‍ നടത്തിയതായും ഇതിന്റെ തെളിവുകള്‍ പരാതിക്കൊപ്പം വച്ചിട്ടുണ്ടെന്നും എല്ലാം വിവാദങ്ങള്‍ വന്നു. ഈ വാര്‍ത്തകളോടൊന്നും അന്ന് ബിബിന്‍ സി ബാബു പ്രതികരിച്ചിരുന്നില്ല. എല്ലാം പാര്‍ട്ടി ഗൂഡാലോചനയാണെന്നാണ് പറഞ്ഞത്.