ല്ലാവിധ പ്രാദേശിക ഭിന്നതകളെയും തൂത്ത് എറിഞ്ഞുകൊണ്ടുവന്ന മോദി തരംഗം. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണ്ണാടകയിൽ സംഭവിച്ചത് അതായിരുന്നു. പ്രാദേശികമായ എല്ലാ പടലപ്പിണക്കങ്ങളെല്ലാം, നര്രേന്ദമോദി എന്ന ഒറ്റ നേതാവിന്റെ ചിത്രം വച്ചാണ് കന്നഡ മണ്ണിൽ ബിജെപി പരിഹരിച്ചത്. ഇത്തവണയും അതേ തന്ത്രം തന്നെയാണ് ബിജെപി പയറ്റുക. 'മോദിക്ക് ഒരു വോട്ട്' എന്നാണ് കർണ്ണാടകയിൽ ബിജെപി ഉയർത്തുന്ന മുദ്രാവാക്യം. മാത്രമല്ല കഴിഞ്ഞ തവണത്തേക്കാൾ കാര്യങ്ങൾ ഒന്നുകൂടി കലങ്ങി മറിഞ്ഞിരിക്കയാണ്. സംസ്ഥാന ഭരണം കോൺഗ്രസ് തിരിച്ചുപിടിച്ചു. ബിജെപിയിലാവട്ടെ പടലപ്പിണക്കങ്ങൾ രൂക്ഷവും.

2019ൽ കർണാടകയിലെ ആകെയുള്ള 28 സീറ്റിൽ 25ലും വിജയിച്ചത് താമര ചിഹ്നത്തിലായിരുന്നു. മാണ്ഡ്യയിൽ ബിജെപി പിന്തുണയോടെ നടി സുമലതയും വിജയിച്ചു. അതോടെ മൊത്തം 26 സീറ്റായി. മുന്നണിയായി മത്സരിച്ച ജെഡിഎസിനും കോൺഗ്രസിനും ഓരോ സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. പക്ഷേ 2024-ൽ എത്തുമ്പോൾ ഇതിൽ എത്ര സീറ്റ് നിലനിർത്താനാവും എന്ന ചോദ്യമാണ് ബിജെപി ക്യാമ്പിൽ ഉയരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം ബിജെപിയെ ഉലച്ചിട്ടുണ്ട്. ജെഡിഎസുമായുള്ള സഖ്യവും എങ്ങനെ വർക്കൗട്ട് ചെയ്യണം എന്ന് കണ്ട് അറിയണം.

ശ്രദ്ധ യെദ്യൂരിയപ്പയുടെ മകനിൽ

കാര്യം എന്തൊക്കെയായലും ബി എസ് യെദ്യൂരിയപ്പ എന്ന മുൻ മുഖ്യമന്ത്രി ബിജെപിയുടെ ക്രൗഡ് പുള്ളർ ആയിരുന്നു. ഇത്തവണ അദ്ദേഹത്തെ ബിജെപി മുന്നിലേക്ക് നിർത്തുന്നില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ യെദ്യൂരപ്പക്കെതിരെ, ലൈംഗികാതിക്രമത്തിന് പോക്‌സോ കേസ് രജിസ്റ്റർ ചെയ്്തതും വിവാദമായി. 17 കാരിയുടെ അമ്മയുടെ പരാതിയിൽ ബംഗളൂരുവിലെ സദാശിവനഗർ പൊലീസാണ്, 81 കാരനായ യെദ്യൂരപ്പക്കെതിരെ കേസെടുത്തത്. തട്ടിപ്പ് കേസിൽ സഹായം തേടി ഫെബ്രുവരി രണ്ടിന് അമ്മയും മകളും യെദ്യൂരപ്പയെ സന്ദർശിച്ചപ്പോഴാണ് ലൈംഗികാതിക്രമം നടന്നതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പോക്‌സോ ആക്ട് സെക്ഷൻ 8 പ്രകാരവും ഐപിസി സെക്ഷൻ 354 എ പ്രകാരവുമാണ് കേസ് എടുത്തത്. ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന് ബിജെപി പറയുമ്പോഴും വിവാദങ്ങൾ അടങ്ങിയിട്ടില്ല.

ബി എസ് യെദ്യൂരിയപ്പക്ക് പകരം വെക്കാൻ തക്ക നേതാക്കാൾ കർണാടകയിൽ നിലവിൽ ബിജെപിയിൽ ഇല്ല. മകൻ ബി വൈ വിജയേന്ദ്രയാണ് ഇപ്പോൾ യെദ്യൂരിയപ്പക്ക് പകരം രംഗത്തുള്ളത്. പുതിയ ബിജെപി സംസ്ഥാന പ്രസിഡന്റായി ഇദ്ദേഹത്തെയാണ് തെരഞ്ഞെടുത്തത്. എന്നാൽ പിതാവ് യെദ്യൂരിയപ്പയുടെ നേതൃപാടവം മകനുണ്ടോയെന്ന് കണ്ടറിയണം. പ്രതിപക്ഷ നേതാവായ ആർ അശോക് മുതിർന്ന നേതാവാണെങ്കിലും ഒരു മാസ് ലീഡറല്ല. മുൻ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ അത്ര ജനപ്രിയനല്ല. മാത്രമല്ല, കഴിഞ്ഞ ബിജെപി സർക്കാർ നടത്തിയ കൊടിയ അഴിമതിയുടെ കറ ഇദ്ദേഹത്തിന്റെ കൈയിൽ നിന്ന് മാഞ്ഞുപോയിട്ടില്ല. എന്തിനും ഏതിനും 40 ശതമാനം അഴിമതിയായിരുന്നു കർണ്ണാടകയിൽ. '40 പെർസെന്റ് ലീഡർ' എന്നാണ് ബൊമ്മെയെ കോൺഗ്രസ് നേതാക്കാൾ വിശേഷിപ്പിച്ചത്.

പാർട്ടി അധ്യക്ഷൻ ബി വൈ വിജയേന്ദ്ര സംസ്ഥാനത്തെ ഏറ്റവും പ്രബല സമുദായങ്ങളിൽ ഒന്നായ ലിംഗായത്ത വിഭാഗത്തെയാണ് പ്രതിനിധീകരിക്കുന്നത്. പ്രതിപക്ഷ നേതാവ് ആർ അശോക് ആവട്ടെ മറ്റൊരു പ്രബല വിഭാഗമായ വൊക്കലിംഗ വിഭാഗത്തിൽ നിന്നുള്ള ആളാണ്. ഈയൊരു ചേരുവ വിന്നിങ്ങ് കോമ്പിനേഷൻ ആവുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

ഈശ്വരപ്പ ഇടഞ്ഞുതന്നെ

മുതിർന്ന നേതാക്കൾക്ക് സീറ്റ് നിഷേധിച്ചതാണ് ബിജെപിയിൽ വൻ കലാപം ഉണ്ടാക്കിയത്. കേന്ദ്രമന്ത്രി ശോഭാ കരന്ത്ലജെയെ ഉഡുപ്പി ചിക്ക്മംഗ്ലൂരിൽ നിന്ന് സദാനന്ദ ഗൗഡയുടെ ബാംഗ്ലൂർ നോർത്തിലേയ്ക്ക് മാറ്റി മത്സരിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ ശോഭാ കരന്ത്ലജെ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ നിരന്തരം വാർത്തയിൽ നിറയുന്ന വ്യക്തിയാണ്. ഈയിടെ തമിഴ്‌നാടിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയതിന്റെ പേരിൽ അവർ മാപ്പു പറഞ്ഞിരിക്കയാണ്.

സീറ്റ് നിഷേധിച്ചതിന്റെ പേരിൽ കെ എസ് ഈശ്വരപ്പ ബിജെപിയോട് ഇടഞ്ഞ് നിൽക്കുകയാണ്. ഈശ്വരപ്പ ഷിമോഗയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. മകൻ കാന്തേഷിനെ ഹാവേരി മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കണമെന്ന് ഈശ്വരപ്പ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെയാണ് ഹാവേരി മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിച്ചത്. മകനെ ഷിമോഗയിൽ മത്സരിപ്പിക്കണമെന്ന ഈശ്വരപ്പയുടെ ആവശ്യവും നേതൃത്വം പരിഗണിച്ചില്ല. സിറ്റിങ് എംപി വൈ രാഘവേന്ദ്രയാണ് ബിജെപി സ്ഥാനാർത്ഥിയാക്കിയത്. യെദ്യൂരിയപ്പയുടെ മകനായ രാഘവേന്ദ്രയ്ക്ക് ഇവിടെ നാലാം അങ്കമാണ്. എന്നാൽ ഈശ്വരപ്പ സ്വതന്ത്രനായി ഷിമോഗയിൽ നിന്ന് മത്സരിച്ചാൽ രാഘവേന്ദ്രയുടെ വിജയസാധ്യതയെ അത് ബാധിക്കുമെന്ന ആശങ്കയിലാണ് ബിജെപി നേതൃത്വം.

ഈശ്വരപ്പയുടെ നീക്കത്തെ കോൺഗ്രസ് മുതലെടുക്കാൻ തീരുമാനിച്ചാൽ അത് ബിജെപിക്ക് തിരിച്ചടിയാകും. പ്രബല വിഭാഗമായ കുറുബ വിഭാഗത്തിന്റെ ഏക ബിജെപി മുഖമാണ് ഈശ്വരപ്പ. രാഷ്ട്രീയമായി ഷിമോഗയിലും പരിസരത്തും മാത്രമാണ് ഈശ്വരപ്പയ്ക്ക് സ്വാധീനമെങ്കിലും കുറുബ വിഭാഗത്തിന്റെ പിന്തുണ നിർണ്ണായകമാണ്. കുറുബ വിഭാഗത്തിൽ നിന്നുള്ള കർണ്ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ ഈശ്വരപ്പയെ ഒപ്പം നിർത്താൻ കരുക്കൾ നീക്കിയാൽ കുറുബ വിഭാഗത്തിന്റെ വലിയൊരു ശതമാനം വോട്ടുകൾ കോൺഗ്രസിന് ഒറ്റയ്ക്ക് നേടിയെടുക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

സദാനന്ദ ഗൗഡ കോൺഗ്രസിലേക്കോ?

ബിജെപി കേന്ദ്ര നേതൃത്വവുമായി രസത്തിലല്ലാതിരുന്ന സദാനന്ദ ഗൗഡയ്ക്ക് ബാംഗ്ലൂർ നോർത്തിൽ നിന്നും ബിജെപി ഇത്തവണ സീറ്റ് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മൈസൂരിൽ മത്സരിക്കാൻ സദാനന്ദ ഗൗഡ, ഡി കെ ശിവകുമാറുമായി ചർച്ച നടത്തിയതും വാർത്തയായിരുന്നു. വൊക്കലിംഗ സമുദായത്തിന്റെ ഹൃദയഭൂമിയായാണ് മൈസൂർ അറിയപ്പെടുന്നത്. അതാണ് സദാനന്ദ ഗൗഢയെ കോൺഗ്രസ് പരിഗണിക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സദാനന്ദ ഗൗഡയ്ക്ക് വൊക്കലിംഗ സമുദായത്തിന്റെ പിൻബലം അവകാശപ്പെടാൻ കഴിയില്ലെന്ന വിമർശനം നേരത്തെ മുതൽ ഉള്ളതാണ്.

അരബാഷെ ഗൗഡ എന്ന വിഭാഗത്തെയാണ് സദാനന്ദ ഗൗഢ പ്രതിനിധീകരിക്കുന്നത്. വൊക്കലിംഗ സമുദായത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അരബാഷെ ഗൗഡ വിഭാഗത്തിന് കൂർഗ്, സുള്ള്യ, പുത്തൂർ തുടങ്ങിയ താലൂക്കുകളിൽ മാത്രമാണ് സ്വാധീനമുള്ളത്. അതിനാൽ മൈസൂരിലെ വൊക്കലിംഗ വോട്ടുകളെ ആ നിലയിൽ സ്വാധീനിക്കാൻ സദാനന്ദ ഗൗഡയ്ക്ക് സാധിക്കുമോയെന്ന് കണ്ടറിയണം. മൈസൂരിൽ കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുബാങ്കായ മുസ്ലിം ന്യൂനപക്ഷത്തിന്റെ പിന്തുണ ഉറപ്പിക്കാൻ സദാനന്ദ ഗൗഡയ്ക്ക് സാധിക്കുമോയെന്നതും ചോദ്യമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം ചേർന്ന് മത്സരിച്ച ബിജെപി മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന്റെ അനുഭവം ഓർമ്മയുള്ളതിനാൽ സദാനന്ദ ഗൗഢ കോൺഗ്രസിനൊപ്പം ചേരില്ലെന്നാണ് ബിജെപി വിലയിരുത്തൽ.

സീറ്റ് നിഷേധിക്കപ്പെട്ടവരിൽ മറ്റൊരു പ്രധാനനേതാവ് ബിജെപിയുടെ സംഘടനാകാര്യ ജനറൽസെക്രട്ടറി ബി എൽ സന്തോഷിന്റെ വിശ്വസ്തനും മുൻ സംസ്ഥാന അധ്യക്ഷനുമായ നളിൻകുമാർ കട്ടീലാണ്. ദക്ഷിണ കന്നഡ സീറ്റാണ് നിഷേധിച്ചത്. യെദ്യൂരിയപ്പ വിരുദ്ധനായി അറിയപ്പെടുന്ന കട്ടീലിനെ മാറ്റി മകൻ ബി വൈ വിജയേന്ദ്രയെ സംസ്ഥാന അധ്യക്ഷനാക്കാൻ യെദ്യൂരിയപ്പയ്ക്ക് കഴിഞ്ഞിരുന്നു. നരേന്ദ്ര മോദിയുടെ ഇഷ്ടക്കാരനായ യെദ്യൂരിയപ്പ ഇതുവഴി കേന്ദ്ര നേതൃത്വത്തിലുള്ള തന്റെ പിടിപാട് കൂടിയായിരുന്നു ഒരിക്കൽ കൂടി തെളിയിച്ചത്. എന്തായാലും സ്ഥാനാർത്ഥിത്വം നിഷേധിച്ചതിന്റെ പേരിൽ പ്രത്യക്ഷമായ വിമത പ്രവർത്തനം കട്ടീൽ നടത്തില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സ്ഥാനാർത്ഥിത്വം തീരുമാനമാകാത്ത അനന്ത്കുമാർ ഹെഗ്ഡേയാണ് മറ്റൊരു നേതാവ്. ബിജെപിക്ക് മതിയായ ഭൂരിപക്ഷം കിട്ടിയാൽ ഭരണഘടന തിരുത്തുമെന്ന് വീണ്ടും ആവർത്തിച്ച ഹെഗ്ഡേയ്ക്ക് ഇത്തവണ സീറ്റ് കിട്ടാനുള്ള സാധ്യത ഇല്ലായെന്ന് തന്നെ പറയാം. ബ്രാഹ്‌മണ വിഭാഗത്തിൽ നിന്ന് വരുന്ന അനന്ത്കുമാർ ഹെഗ്ഡേക്ക് ആ നിലയിൽ ബിജെപിയെ വെല്ലുവിളിക്കാനുള്ള സാധ്യതയില്ല. പാർലമെന്റിലെ പുകയാക്രമണ കേസിലെ പ്രതികൾക്ക് പാസ് അനുവദിച്ച മൈസൂരിൽ നിന്നുള്ള സിറ്റിങ്ങ് എം പി പ്രതാപ സിംഹയ്ക്കും ബിജെപി സീറ്റ് നിഷേധിച്ചിട്ടുണ്ട്. പ്രതാപ സിംഹയും വിമതനീക്കത്തിന് നേരിട്ടിറങ്ങാൻ വഴിയില്ലെങ്കിലും അദ്ദേഹത്തിന്റെ അനുയായികളുടെ നിലപാട് ബിജെപിയെ സംബന്ധിച്ച് നിർണ്ണായകമാണ്. രാജകുടുംബത്തിൽ നിന്നുള്ള യദുവീർ കൃഷ്ണദത്ത ചാമരാജ വാഡിയാറെയാണ് ബിജെപി മൈസൂരിൽ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്.

സുമലതയും ജെഡിഎസും പ്രശ്നത്തിൽ

2019-ൽ കോൺഗ്രസും ജെഡിഎസും സഖ്യത്തിലായിാണ് ബിജെപിയെ നേരിട്ടത്. എന്നാൽ ഇത്തവണ ബിജെപി- ജെഡിഎസ് സഖ്യമാണ്. ഇതിലുമുണ്ട് പ്രശ്നങ്ങൾ. ലോക്സഭാ തിരഞ്ഞെടുപ്പിൻ മൂന്ന് സീറ്റുകൾ മാത്രമാണ് ജെഡിഎസിന് ക്ിട്ടിയത്. ഹാസൻ, മാണ്ഡ്യ, കോലാർ സീറ്റുകളാണ് അവ. എന്നാൽ സിറ്റിങ് സീറ്റായ കോലാർ വിട്ടു കൊടുക്കുന്നതിൽ ബിജെപിക്കുള്ളിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ചിക്‌ബെല്ലാപൂർ കൊടുക്കാമെന്ന നിലപാടിലാണ് ബിജെപി. എന്തായാലും ഈ നാല് സീറ്റിലേയ്ക്കും ആദ്യഘട്ടത്തിൽ ബിജെപി സ്ഥാനാർത്ഥികളെ പഖ്യാപിച്ചിട്ടില്ല. 2019-ൽ കോൺഗ്രസ് സഖ്യത്തിൽ മത്സരിക്കുമ്പോൾ ജെഡിഎസ് ഏഴ് സീറ്റുകളിൽ മത്സരിച്ചിരുന്നു.

ശക്തികേന്ദ്രങ്ങളിൽ സ്വാധീനം നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കേണ്ടത് തന്നെയാണ് ജെഡിഎസിന്റ മുന്നിലുള്ള പ്രധാനവെല്ലുവിളി. അതിനാൽ തന്നെ പരമ്പരാഗത ശക്തികേന്ദ്രങ്ങളായ മാണ്ഡ്യയിലും ഹാസനിലും വിജയിക്കേണ്ടത് ജെഡിഎസിനെ സംബന്ധിച്ച് അനിവാര്യതയാണ്.മാണ്ഡ്യ പരമ്പരാഗതമായി ജെഡിഎസിനും കോൺഗ്രസിനും സ്വാധീനമുള്ള മണ്ഡലമാണ്. ജെഡിഎസും കോൺഗ്രസും സഖ്യത്തിൽ മത്സരിച്ച 2019 ൽ കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഡയായിരുന്നു ഇവിടെ ജെഡിഎസ് സ്ഥാനാർത്ഥി. എന്നാൽ ബിജെപി പിന്തുണയിൽ മത്സരിച്ച അഭിനേത്രി സുമലത ഇവിടെ 1,25,876 വോട്ടിന് വിജയിച്ചിരുന്നു. ഇത്തവണ മാണ്ഡ്യ ജെഡിഎസിന് നൽകാൻ ബിജെപി തീരുമാനിച്ചതോടെ സുമലതയുടെ രണ്ടാമൂഴം അനിശ്ചിതത്വത്തിലാണ്. ഇതോടെ തൂവാനത്തുമ്പികളിലെ ക്ലാരയായി മലയാളികളുടെ മനസ്സിൽ ഇന്നും നിലനിൽക്കുന്ന ഈ നടിയും കോൺഗ്രസിലേക്ക് പോവുമെന്ന് അഭ്യൂഹമുണ്ട്. കോൺഗ്രസ് നേതാവായിരുന്നു സുമലതയുടെ ഭർത്താവും നടനുമായ അംബരീഷ്. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് മാണ്ഡ്യ സീറ്റ് നൽകാത്താത്തിനെ തുടർന്നാണ് സുമലത ബിജെപി പിന്തുണയോടെ മത്സരിച്ചത്.

കോൺഗ്രസ് ഇവിടെ നിന്ന് സ്റ്റാർ ചന്ദ്രുവെന്ന വെങ്കട്ടരാമ ഗൗഢയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് കഴിഞ്ഞു. രാജ്യത്തെ തന്നെ ഏറ്റവും ധനികനായ രണ്ടാമത്തെ എംഎൽഎയായ കെ എസ് പുട്ടുസ്വാമി കെ ഗൗഡയുടെ സഹോദരനാണ് സ്റ്റാർ ചന്ദ്രു. സ്വതന്ത്രനായി മത്സരിച്ച് ജയിച്ച കെ എസ് പുട്ടുസ്വാമി ഗൗഡ ഇപ്പോൾ കോൺഗ്രസിനെയാണ് പിന്തുണയ്ക്കുന്നത്. ഈ മേഖലയിൽ നിന്നുള്ള കോൺഗ്രസിന്റെ ശക്തനായ നേതാവും മന്ത്രിയുമായ എൻ ചലുവരായ സ്വാമിയുടെ പിന്തുണയും സ്റ്റാർ ചന്ദ്രുവിനുണ്ട്. നേരത്തെ ജെഡിഎസ് നേതാവായിരുന്ന ചലുവരായ സ്വാമി മാണ്ഡ്യ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ നാഗമണ്ഡലയെന്ന ജെഡിഎസ് കോട്ടയിൽ നിന്നുള്ള എംഎൽഎയാണ്. സ്വതന്ത്രയായി മത്സരിച്ചാൽ ജയിക്കാനുള്ള സ്വാധീനശേഷി നിലവിൽ സുമലതക്കില്ലെന്നാണ് വിലയിരുത്തൽ. ബിജെപി-കോൺഗ്രസ് അസംതൃപ്ത വോട്ടുകൾ ലക്ഷ്യമിട്ട് സുമലത ഇവിടെ മത്സരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

നിഖിൽ ഗൗഡ തന്നെയായിരിക്കും ജെഡിഎസ് സ്ഥാനാർത്ഥി. നിഖിൽ മത്സരിക്കാനില്ലെങ്കിൽ കുമാരസ്വാമിയോ ഭാര്യ അനിതാ കുമാരസ്വാമിയോ മത്സരത്തിന് ഇറങ്ങുമെന്നാണ് അറിയുന്നത്. എന്തായാലും കർണ്ണാടകയിലെ മത്സരം ഇത്തവണ ബിജെപിയെ സംബന്ധിച്ച് അത്ര എളുപ്പമല്ല എന്ന് വ്യക്തമാണ്. എന്തായാലും അവസാന നിമിഷം ശക്തമായ മോദി തരംഗം ഉയർത്തി പ്രാദേശിക പ്രശ്നങ്ങളെ പരിഹരിക്കാമെന്നാണ് ബിജെപി കരുതുന്നത്.