- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുമ്മനത്തേയും പിള്ളയേയും മാറ്റിയത് 'ഗവര്‍ണ്ണറായി' ഉയര്‍ത്തി; തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പ് വരെ തുടരുമെന്ന് പ്രതീക്ഷിച്ച സുരേന്ദ്രനെ മാറ്റുന്നത് 'ഗ്രൂപ്പിസം' അതിരുവിടാന്‍ അനുവദിക്കില്ലെന്ന സന്ദേശം നല്‍കി; സുരേന്ദ്രന് 'കോര്‍ കമ്മറ്റിയില്‍' ഒതുങ്ങേണ്ടി വന്നേക്കും; 'അഞ്ചു കൊല്ലം ടേം അട്ടിമറി ' മോഹഭംഗമാക്കിയത് ആരുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്?
തിരുവനന്തപുരം: 'അഞ്ചു കൊല്ലം പൂര്‍ത്തിയാക്കിയ താന്‍ അട്ടിമറിയിലൂടെ വീണ്ടും തുടരുമെന്ന സന്ദേശാണ് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കെ സുരേന്ദ്രന്‍ അണികള്‍ക്ക് നല്‍കിയത്. ഡല്‍ഹിയില്‍ നടന്നതൊന്നും ആരും സുരേന്ദ്രനെ അറിയിച്ചില്ല. വി മുരളീധരന്‍ പോലും കേരളത്തില്‍ നേതൃത്വ മാറ്റത്തിന് അനുകൂലമായിരുന്നു. ഇതിനൊപ്പം ആര്‍ എസ് എസ് നേതാക്കളുടെ മനസ്സ്. ബിജെപിയുടെ സംഘടനാ ജനറല്‍ സെക്രട്ടിറിയായിരുന്ന പ്രചാരകനെ തിരിച്ചു വിളിച്ചപ്പോള്‍ തന്നെ പരിവാര്‍ മനസ്സ് വ്യക്തമായിരുന്നു. കെ സുരേന്ദ്രന് പൂര്‍ണ്ണമായും എതിരായിരുന്നു അത്. പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് തോല്‍വിയിലും പരിവാര്‍ പിന്തുണ ബിജെപിക്ക് കിട്ടിയോ എന്ന ചര്‍ച്ച സജീവമായിരുന്നു. ആര്‍ എസ് എസ് എതിര്‍ത്താല്‍ പിന്നെ ആര്‍ക്കും ബിജെപിയെ നയിക്കാന്‍ കഴിയില്ലെന്ന പൊതു തത്വം പോലും സുരേന്ദ്രന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. എല്ലാ അര്‍ത്ഥത്തിലും ഡല്‍ഹിയില്‍ നിന്നുള്ള 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്' ആയി രാജീവ് ചന്ദ്രശേഖറിനെ നിയമിച്ച കേന്ദ്ര തീരുമാനം സുരേന്ദ്രന്. ഒന്നും സുരേന്ദ്രന്‍ അറിയാതിരിക്കാനുള്ള കരുതല്‍ ഡല്‍ഹിയിലുണ്ടായിരുന്നു.
കെജി മാരാരും ഒ രാജഗോപാലും കെ രാമന്‍പിള്ളയും കെവി ശ്രീധരന്‍ മാസ്റ്ററും സി കെ പത്മനാഭനും പി എസ് ശ്രീധരന്‍ പിള്ളയും നയിച്ച ബിജെപി. ഇവിടെ തലമുറ മാറ്റമുണ്ടായത് പികെ കൃഷ്ണദാസിലൂടെയാണ്. സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്ന പിപി മുകുന്ദന്റെ പ്രധാന ശിഷ്യന്‍ 2006ല്‍ ബിജെപിയെ നയിക്കാനെത്തിയത് തലയെടുപ്പുള്ള യുവനേതാവെന്ന പ്രതിച്ഛായയിലൂടെയാണ്. അതുവരെ എല്ലാ അര്‍ത്ഥത്തിലും ബിജെപിയെ നയിച്ചത് സംഘടനാ ജനറല്‍ സെക്രട്ടറിയായ പിപി മുകുന്ദനാണ്. കൃഷ്ണദാസിന് കീഴില്‍ വൈസ് പ്രസിഡന്റായി എത്തിയ വി മുരളീധരന്‍ പിന്നീട് ബിജെപിയില്‍ ശക്തിദുര്‍ഗ്ഗമായി. ദേശീയ നേതൃത്വത്തിന്റെ പിന്തുണയില്‍ 2009ല്‍ സംസ്ഥാന അധ്യക്ഷനായി. അതിന് ശേഷം കുമ്മനം രാജശേഖരനേയും ബിജെപി ദേശീയ നേതൃത്വം സംസ്ഥാന അധ്യക്ഷനാക്കി. അന്നായിരുന്നു നേമത്തെ അക്കൗണ്ട് തുറക്കല്‍. കുമ്മനത്തെ മിസോറാം ഗവര്‍ണ്ണറാക്കി 2018ല്‍ പി എസ് ശ്രീധരന്‍ പിള്ളയെ വീണ്ടും അധ്യക്ഷനാക്കി. പിള്ളയെ ഗവര്‍ണര്‍ പദവിയിലേക്ക് മാറ്റിയാണ് കെ സുരേന്ദ്രനെ ബിജെപിയുടെ അധ്യക്ഷനാക്കിയത്. പക്ഷേ സുരേന്ദ്രന് ഒരു പദവിയും നല്‍കാതെയാണ് രാജീവിനെ നിയോഗിക്കുന്നത്. മുന്‍ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ ബിജെപി കോര്‍ കമ്മറ്റിയില്‍ സുരേന്ദ്രന് തുടരാം. ദേശീയ നേതൃത്വത്തിന്റെ ഭാഗമായി സുരേന്ദ്രന്‍ മാറാനുള്ള സാധ്യതയും കുറവാണ്.
വി മുരളീധരന്‍ ദേശീയ ജനറല്‍ സെക്രട്ടറിയാകാന്‍ സാധ്യതയുണ്ട്. എപി അബ്ദുള്ളകുട്ടി നിലവില്‍ വൈസ് പ്രസിഡന്റാണ്. മത സമവാക്യങ്ങള്‍ കാരണം ദേശീയ നേതൃത്വത്തില്‍ അബ്ദുള്ള കുട്ടിക്കും തുടരാനാകും. അങ്ങനെ വന്നാല്‍ മറ്റൊരു മലയാളിയ്ക്ക് സാധ്യത കുറയും. ജോര്‍ജ് കുര്യനും സുരേഷ് ഗോപിയും കേന്ദ്ര മന്ത്രിമാരാണ്. ഈ സാഹചര്യത്തില്‍ മറ്റൊരാളെ കൂടി കേരളത്തില്‍ നിന്നും കേന്ദ്രമന്ത്രിയാക്കാനുള്ള തീരുമാനം പ്രധാനമന്ത്രി മോദി എടുക്കാന്‍ സാധ്യത കുറവാണ്. ഇതോടെ സുരേന്ദ്രന്റെ ഇനിയുള്ള ഉത്തരവാദിത്തം എന്തെന്നത് നിര്‍ണ്ണായക ചോദ്യമായി മാറും. വി മുരളീധരന്റെ പിന്തുണയിലാണ് സുരേന്ദ്രന്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായത്. എന്നാല്‍ ഇന്ന് സുരേന്ദ്രന് മുരളീധരന്റെ പിന്തുണയില്ല. രണ്ടു പേരും രണ്ടു പക്ഷത്താണ്. കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും മുരളീധരനെയാണ് പിന്തുണയ്ക്കുന്നത്. ഈ സാഹചര്യത്തില്‍ രാജീവ് ചന്ദ്രശേഖര്‍ നേതാവാകുമ്പോള്‍ സുരേന്ദ്രന്റെ റോള്‍ എന്താകുമെന്നത് നിര്‍ണ്ണായകമാണ്. ആര്‍ക്കും ബിജെപി കേന്ദ്ര നേതൃത്വത്തെ തള്ളി മുമ്പോട്ട് പോകാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യവും സുരേന്ദ്രന് മുന്നിലുണ്ട്.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സുരേന്ദ്രന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കൃഷ്ണകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. എന്തു വന്നാലും ജയിക്കുമെന്നും വാദിച്ചു. പക്ഷേ ഗ്രൂപ്പിസത്തില്‍ എടുത്ത തീരുമാനം ആകെ പാളി. ആര്‍ എസ് എസ് ഒരു പിന്തുണയും ബിജെപിക്ക് നല്‍കിയില്ല. ശക്തി കേന്ദ്രങ്ങളില്‍ പോലും കൃഷ്ണകുമാര്‍ പിന്നോട്ട് പോയി. ഇതോടെ സുരേന്ദ്രന് ഗ്രൂപ്പ് താല്‍പ്പര്യമേ ഉള്ളൂവെന്ന വിലയിരുത്തലില്‍ നേതൃത്വം എത്തി. ഈ സാഹചര്യത്തിലാണ് തന്റെ പിന്‍ഗാമി ആരാണെന്ന് പോലും ചോദിക്കാതെ സുരേന്ദ്രനെ മാറ്റുന്നത്. അതിവിശ്വസ്തരോട് പോലും താന്‍ തുടരുമെന്ന സന്ദേശമാണ് സുരേന്ദ്രന്‍ കോര്‍ കമ്മറ്റി യോഗത്തിന് മുമ്പ് വരെ നല്‍കിയത്. പ്രധാന മാധ്യമങ്ങള്‍ പോലും ഇത്തരത്തില്‍ വാര്‍ത്ത നല്‍കി. അതുകൊണ്ട് തന്നെ ഈ മാറ്റം സുരേന്ദ്രന് രാഷ്ട്രീയ ക്ഷീണമാകുമോ എന്ന ചര്‍ച്ച സജീവമാണ്. കോര്‍ കമ്മിറ്റി യോഗത്തിനായി രാവിലെ തന്നെ രാജീവ് ചന്ദ്രശേഖര്‍ എത്തിയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയിരുന്നു രാജീവ് ചന്ദ്രശേഖര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശശി തരൂരിനെതിരെ പതിനായിരത്തോളം വോട്ടിനാണ് രാജീവ് ചന്ദ്രശേഖര്‍ പരാജയപ്പെടുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് താല്‍പര്യമില്ലെന്ന് കേന്ദ്രനേതൃത്വത്തെ അറിയിച്ചെങ്കിലും ഞായറാഴ്ചത്തെ കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ അമിത് ഷായാണ് നിര്‍ദേശം നല്‍കിയത്.
തിങ്കളാഴ്ച 11-ന് കവടിയാര്‍ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് പ്രഖ്യാപന സമ്മേളനം. തിങ്കളാഴ്ച കേരളത്തില്‍നിന്നുള്ള ദേശീയകൗണ്‍സില്‍ അംഗങ്ങളെയും തിരഞ്ഞെടുക്കുന്നുണ്ട്. രണ്ടുപതിറ്റാണ്ടിന്റെ രാഷ്ട്രീയ അനുഭവ സമ്പത്തുമായാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്. രണ്ടാം മോദി സര്‍ക്കാരില്‍ ഐടി ആന്‍ഡ് ഇലക്ട്രോണിക്‌സിന്റേയും നൈപുണ്യവികസനത്തിന്റേയും ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയായിരുന്നു അദ്ദേഹം. കര്‍ണാടകയില്‍നിന്ന് മൂന്ന് തവണ രാജ്യസഭയിലെത്തുകയും ചെയ്തിരുന്നു.