- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്ഥാനാർത്ഥികളെ അടക്കം നിശ്ചയിക്കുന്നതിൽ അഭിപ്രായം പറയും; സ്ഥാനാർത്ഥികളുടെ പ്രചരണവും ഏകോപനവും നേരിട്ട് ഏറ്റെടുക്കും; 320 മുതിർന്ന ആർ എസ് എസ് നേതാക്കൾക്ക് കേരളാ ബിജെപിയെ നിയന്ത്രിക്കുന്നതിനുള്ള ചുമതല; ലോക്സഭയിൽ പരമാവധി വോട്ട് പിടിക്കാൻ പുതിയ തന്ത്രങ്ങൾ; കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമോ?
കൊല്ലം: കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി നിർണ്ണയം അടക്കമുള്ള കാര്യങ്ങളിൽ ആർ എസ് എസിന് നിർണ്ണായക പങ്കുണ്ടാകും. തിരിഞ്ഞെടുപ്പിൽ ബിജെപി. പ്രവർത്തനത്തിന്റെ കടിഞ്ഞാൺ ആർ.എസ്.എസിന്റെ കൈയിലായിരിക്കും. കഴിഞ്ഞയാഴ്ച ബിജെപി. സംസ്ഥാന കോർ കമ്മിറ്റിയിൽ മുതിർന്ന ആർ.എസ്.എസ്. നേതാക്കൾ പങ്കെടുത്തിരുന്നു. ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷിന്റെ സാന്നിധ്യത്തിൽ ഒരുദിവസം നീളുന്ന യോഗംകൂടി നടത്താനാണ് തീരുമാനം. ഈ യോഗത്തിൽ കാര്യങ്ങളിൽ വ്യക്തത വരും.
20 ലോക്സഭാ മണ്ഡലങ്ങളിലും 140 നിയമസഭാ മണ്ഡലങ്ങളിലും ആർ.എസ്.എസ്. നേതാക്കളെ സംയോജകൻ, സഹസംയോജകൻ എന്നീ ചുമതലകളിൽ നിയോഗിക്കും. 320 മുതിർന്ന നേതാക്കൾക്കാകും ചുമതല. കേരളത്തിൽ ബിജെപി.യുടെ പഞ്ചായത്ത്, ബൂത്തുതല പ്രവർത്തനം കാര്യക്ഷമമല്ലാത്തതിനാലാണ്, ആർ.എസ്.എസ്. ഇടപെടൽ. കൊടകര കുഴൽപ്പണക്കേസിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടരുതെന്ന് ആർ.എസ്.എസിനുള്ളിൽ അഭിപ്രായമുണ്ടായിരുന്നു. എന്നാൽ പല ഘടകങ്ങൾ ചർച്ച ചെയ്ത ശേഷം ആർ എസ് എസ് ഇടപെടലിനുള്ള തീരുമാനം എടുക്കുകയായിരുന്നു. അടുത്ത അസംബ്ലി തിരഞ്ഞെടുപ്പിൽ എംഎൽഎമാരെ സൃഷ്ടിക്കുക കൂടി ലക്ഷ്യമിട്ടാണ് ആർ എസ് എസ് ഇടപടെൽ.
ആർ.എസ്.എസിന്റെ പൊതുജനസമ്പർക്കം, സേവാ, പ്രചാരണം തുടങ്ങിയ മേഖലയിലുള്ള നേതാക്കളെയാകും തിരിഞ്ഞെടുപ്പ് സംയോജകരായി നിയമിക്കുക. ലോക്സഭാ മണ്ഡലങ്ങളുടെ ചുമതല ആർ.എസ്.എസ്. സംസ്ഥാന നേതാക്കൾക്കും നിയമസഭാ മണ്ഡലങ്ങളുടെ ചുമതല വിഭാഗ് നേതാക്കൾക്കും നൽകുമെന്നാണ് സൂചന. ഇവരുടെ പേരുകൾ വൈകാതെ പ്രഖ്യാപിക്കും. ബിജെപി നേതാക്കളും ഇവരുടെ നിർദ്ദേശം പ്രാദേശിക തലത്തിൽ പാലിക്കേണ്ടി വരും. നയപരമായ കാര്യങ്ങളിലടക്കം ഇവർ ഇടപെടുമെന്നാണ് സൂചന. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന പ്രതീക്ഷയിലാണ് ഇതെല്ലാം.
തൃശൂരിലും തിരുവനന്തപുരത്തും ആറ്റിങ്ങളിലിലും പത്തനംതിട്ടയിലും പാലക്കാടും പ്രത്യേക ശ്രദ്ധ നൽകും. കേരളത്തിലെ നിലവില രാഷ്ട്രീയ സാഹചര്യങ്ങളെല്ലാം അനുകൂലമാക്കുന്ന തരത്തിൽ പ്രചരണം നടത്തും. തൃശൂരിലും തിരുവനന്തപുരത്തും ജയിക്കുകയാണ് ലക്ഷ്യം. ആറ്റിങ്ങലിലും അതിശക്തമായി തന്നെ മത്സരിക്കും. ഓരോ മണ്ഡലത്തിലെ സാധ്യതയും സാഹചര്യവും മനസ്സിലാക്കിയാകും ആർ എസ് എശ് പദ്ധതികളൊരുക്കുക. ബിജെപിയിലെ ഗ്രൂപ്പിസം പ്രവർത്തനങ്ങളെ ബാധിക്കുന്നില്ലെന്നും ഉറപ്പാക്കും.
ഫലത്തിൽ ബിജെപി സംസ്ഥാന നേതൃത്വത്തെ നേരിട്ട് നിയന്ത്രിക്കാനാണ് ആർഎസ്എസ് എത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ആലോചിക്കുന്നതിനും മറ്റുമായി തൃശൂരിൽ ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ ആർഎസ്എസ് കേരള ഘടകത്തിന്റെ പ്രധാനികളും പങ്കെടുത്തിരുന്നു. ചരിത്രത്തിൽ ആദ്യമയാണ് ഇതെന്നാണ് റിപ്പോർട്ട്. സംസ്ഥാന ആർ എസ് എസിലെ ഏറ്റവും പ്രധാനികളാണ് എത്തിയത്. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തിരുത്തലുകൾക്ക് പിന്നിലും ആർഎസ്എസ് ആണെന്ന് ഇതോടെ വ്യക്തമായി.
ആദ്യമായാണു ബിജെപി കോർ കമ്മിറ്റി യോഗത്തിൽ ആർഎസ്എസ് പ്രാന്ത പ്രചാരകും പ്രാന്ത കാര്യവാഹുമെത്തുന്നത്. അതിനുശേഷം ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും കേരളത്തിന്റെ സഹപ്രഭാരിയുമായ രാധാ മോഹൻദാസ് അഗർവാൾ ഉൾപ്പെടെ നേതാക്കളുമായി ഇവർ കൂടിക്കാഴ്ച നടത്തി. ആർഎസ്എസ് പ്രാന്ത പ്രചാരക് എസ്. സുദർശൻ, പ്രാന്ത കാര്യവാഹ് പി.എൻ. ഈശ്വരൻ എന്നിവരാണ് തൃശൂരിലെ കോർ കമ്മിറ്റിയോഗത്തിൽ പങ്കെടുത്തത്. അസാധാരണ സാഹചര്യമായാണ് ഇതിനെ രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. ലോക്സഭയിൽ ആർഎസ്എസ് എല്ലാ അർത്ഥത്തിലും അഭിപ്രായം പറയും.
കഴിഞ്ഞ തിരഞ്ഞെടുപ്പിനു മുൻപുണ്ടായ കൊടകര കള്ളപ്പണ ആരോപണം ഉൾപ്പെടെയുള്ള പാളിച്ചകൾ പോലെ ഇനിയുണ്ടാകാതിരിക്കാൻ വരും തിരഞ്ഞെടുപ്പിൽ നേരിട്ടുള്ള നിരീക്ഷണത്തിന് ആർഎസ്എസ് തയ്യാറെടുക്കുന്നു എന്നതിന്റെ സൂചനയാണു സംഘടനയുടെ ഏറ്റവും പ്രധാന ചുമതലക്കാർ നേരിട്ടെത്തി ബിജെപി നേതാക്കളുമായി ചർച്ച നടത്തിയതിലൂടെ വ്യക്തമാകുന്നതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. ആർഎസ്എസ് നിയോഗിച്ച സംഘടനാ ജനറൽ സെക്രട്ടറി കോർ കമ്മിറ്റിയിൽ ഉള്ളതിനാൽ സംഘത്തിനു പറയാനുള്ളതു സംഘടനാ ജനറൽ സെക്രട്ടറി വഴി ബിജെപിയെ അറിയിക്കുകയാണു പതിവ്. ഇത് മാറ്റുകയാണ്.
നേരത്തെ സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഗണേശിനെ ആർഎസ്എസ് നീക്കി. പിന്നാലെ സുഭാഷിനെ നിർണ്ണായക ചുമതലയിൽ കൊണ്ടു വന്നു. ശോഭാ സുരേന്ദ്രനെ നേതൃത്വത്തിൽ സജീവമാക്കി. സന്ദീപ് വാര്യർക്കും ശിവശങ്കറിനും സംസ്ഥാന സമിതിയിൽ ഇടം നൽകി. ഈ തീരുമാനങ്ങളെല്ലാം ആർ എസ് എസിന്റേതായിരുന്നു. എല്ലാവരേയം ഒരുമിപ്പിക്കാനുള്ള നീക്കം. ഇത് ബിജെപി ദേശീയ നേതൃത്വം അംഗീകരിച്ചു. അതിന് ശേഷമാണ് യോഗത്തിൽ ആർഎസ്എസ് എത്തുന്നത്. കേരളത്തിലെ ലോക്സഭാ സ്ഥാനാർത്ഥികളെ അടക്കം നിശ്ചയിക്കുന്നതിൽ ബിജെപിയിലെ ഗ്രൂപ്പ് പ്രശ്നങ്ങൾ ആർഎസ്എസ് പരിഗണിക്കില്ല.
ജൂൺ മാസം നടന്ന ആർഎസ്എസ് സംസ്ഥാന നേതൃയോഗത്തിൽ ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷിനെ വിളിച്ചുവരുത്തിയിരുന്നു. ഈ യോഗത്തിൽ ആർഎസ്എസ് ദേശീയ നേതൃതലത്തിൽ രണ്ടാമനായ സഹ സർകാര്യവാഹ് അരുൺകുമാർ പങ്കെടുത്തിരുന്നു. ദേശീയതലത്തിൽ ബിജെപിയുമായുള്ള ആർഎസ്എസ് ഏകോപനത്തിന്റെ ചുമതല അദ്ദേഹത്തിനാണ്.




