നാഗ്പുര്‍: മഹാരാഷ്ട്രയില്‍ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമാകുമ്പോള്‍ ശിവസേന ഏക്‌നാഥ് ഷിന്‍ഡേ വിഭാഗം അതൃപ്തിയില്‍. ഉദ്ധവ് താക്കറെയുടെ ശിവസേനയെ ബിജെപി മുന്നണിയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ സജീവമാണ്. ഇതിനൊപ്പമാണ് മന്ത്രിമാരുടെ വകുപ്പുകളില്‍ ഷിന്‍ഡേയെ അവഗണിക്കുന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് ആഭ്യന്തരവകുപ്പ് നിലനിര്‍ത്തി. ഊര്‍ജം, നിയമം, ജുഡീഷ്യറി, പൊതുഭരണം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റി വകുപ്പുകള്‍ ഫഡ്‌നവിസ് കൈകാര്യംചെയ്യും. ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേയ്ക്ക് നഗരവികസനം, ഭവനനിര്‍മാണം, പൊതുമരാമത്ത് വകുപ്പുകളാണ് നല്‍കിയത്. മറ്റൊരു ഉപമുഖ്യമന്ത്രിയായ അജിത് പവാറിന് എക്സൈസ്, ധനകാര്യം, ആസൂത്രണം എന്നീ വകുപ്പുകളും ലഭിച്ചു. അതായത് കൂടുതല്‍ മെച്ചപ്പെട്ട വകുപ്പുകള്‍ എന്‍സിപിക്ക് നല്‍കി. ഫഡ്‌നാവീസും അജിത് പവാറും നല്ല ബന്ധത്തിലുമാണ്.

ഡിസംബര്‍ 15-ന് 39 മന്ത്രിമാര്‍ സത്യപ്രതിജ്ഞചെയ്തപ്പോള്‍ ഫഡ്‌നവിസും രണ്ട് ഉപമുഖ്യമന്ത്രിമാരും ഡിസംബര്‍ അഞ്ചിന് സത്യപ്രതിജ്ഞചെയ്തിരുന്നു. ബി.ജെ.പി., എന്‍.സി.പി., ശിവസേന എന്നിവയുടെ മഹായുതി സഖ്യം നവംബര്‍ 20-ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 288 സീറ്റുകളില്‍ 230 സീറ്റുകള്‍ നേടി.

288ല്‍ 132ഉം നേടി മഹാരാഷ്ട്രയില്‍ കരുത്ത് തെളിയിച്ച ബിജെപി. ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കി മന്ത്രിസഭാ രൂപീകരണം വളരെ എളുപ്പത്തിലാകുമെന്ന് തോന്നിച്ചെങ്കിലും പ്രതീക്ഷ തെറ്റി. മുഖ്യമന്ത്രി പദം വിട്ടുനല്‍കാന്‍ തയ്യാറായ ശിവസേന ഡിമാന്‍ഡുകളാണ് മുന്നോട്ടുവച്ചത്. ആഭ്യന്തരവും നഗരവികസനവും ഉള്‍പ്പടെ 12 വകുപ്പുകള്‍ വേണമെന്നും ആവശ്യപ്പെട്ടു. 57 എംഎല്‍എമാരുള്ള ഷിന്‍ഡെയ്ക്കു 41 എംഎല്‍എമാരുള്ള അജിത് പവാറിനും മതിയായ പരിഗണനയുണ്ടാകുമെന്ന് ബിജെപിയും പറഞ്ഞു. മന്ത്രിമാരുടെ എണ്ണത്തില്‍ ശിവസേനയ്ക്ക് ആശ്വസിക്കാം. എന്നാല്‍ അവരെക്കാള്‍ മികച്ച വകുപ്പുകള്‍ അജിത് പവാറിന് കിട്ടി. ഇതില്‍ വ്യക്തമായ ചില സൂചനകളുണ്ട്. ഉദ്ധവിന്റെ ശിവസേനയെ ബിജെപിയിലേക്ക് അടുപ്പിക്കാനാണ് ആര്‍ എസ് എസ് താല്‍പ്പര്യം. അതുകൊണ്ടാണ് ഷിന്‍ഡേയോടുള്ള അവഗണന.

ഷിന്‍ഡേയുടെ പിന്തുണയില്ലെങ്കിലും ബിജെപിക്കും അജിത് പവാറിനും ചേര്‍ന്ന് മഹാരാഷ്ട്ര ഭരിക്കാം. എന്നാല്‍ ലോക്‌സഭയില്‍ ഏഴു എംപിമാര്‍ ഷിന്‍ഡേയ്ക്കുണ്ട്. ഇത് കേന്ദ്ര ഭരണത്തില്‍ ബിജെപിക്ക് അനിവാര്യതയാണ്. എന്നാല്‍ ഉദ്ധവ് താക്കറെയുടെ ശിവസേനയ്ക്ക് 9 അംഗങ്ങള്‍ ലോക്‌സഭയിലുണ്ട്. നിയമസഭയില്‍ 20 പേരും. അതുകൊണ്ട് തന്നെ ഉദ്ധവിന്റെ ശിവസേന ബിജെപി മുന്നണിയില്‍ എത്തിയാല്‍ ബിജെപിക്ക് ലോക്‌സഭയിലും കരുത്ത് കൂടും. ഇതെല്ലാമാണ് ഷിന്‍ഡേയെ പതിയെ അകലത്തില്‍ നിര്‍ത്തുന്നതിന് കാരണമെന്നാണ് വിലയിരുത്തല്‍. കുറച്ചു ദിവസം മുമ്പ് ഉദ്ധവ് താക്കറെയും മുഖ്യമന്ത്രി ഫഡ്‌നാവീസുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിലൂടെ മഞ്ഞുരുക്കം തുടങ്ങിയെന്നാണ് സൂചന. ബോംബെ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് ഉദ്ധവിന്റെ തീരുമാനം. സവര്‍ക്കറിനെ രാഹുല്‍ ഗാന്ധി വിമര്‍ശിക്കുന്നതും ഉദ്ധവ് അംഗീകരിക്കുന്നില്ല. അങ്ങനെ കോണ്‍ഗ്രസുമായി ഉദ്ധവ് പിരിയുന്നതിന്റെ സൂചനകളും കണ്ടു തുടങ്ങിയിട്ടുണ്ട്.

സവര്‍ക്കറിന് എന്തുകൊണ്ടാണ് പരമോന്നത ബഹുമതിയായ ഭാരത് രത്ന നല്‍കാത്തത് എന്ന ചോദ്യവുമായി ഉദ്ധവ് താക്കറെ എത്തിയിരുന്നു. ഫഡ്നാവിസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ചോദ്യമുന്നയിച്ച് താക്കറെ രംഗത്തെത്തിയിരിക്കുന്നത്. 'മുന്‍പ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബിജെപിയോട് സവര്‍ക്കറിന് ഭാരതരത്‌ന നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. ഇപ്പോള്‍ വീണ്ടും ഫഡ്നാവിസ് തന്നെയാണ് മുഖ്യമന്ത്രി. എന്നിട്ടും ആവശ്യം അംഗീകരിക്കാന്‍ പാര്‍ട്ടി തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ സവര്‍ക്കറെ കുറിച്ച് സംസാരിക്കാന്‍ ബിജെപി യോഗ്യരല്ല. ഞാന്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്, സവര്‍ക്കറിന് പരമോന്നത ബഹുമതിയായ ഭാരതരത്ന നല്‍കണം,' ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു. ഇത് കോണ്‍ഗ്രസ് നിലപാടിന് എതിരായിരുന്നു. നാഗ്പൂരിലെ ഫഡ്നാവിസിന്റെ ഓഫീസിലെത്തിയായിരുന്നു ഉദ്ധവ് താക്കറെയുടെ കൂടിക്കാഴ്ച. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് ശേഷം ഇരുവരും തമ്മില്‍ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. അടച്ചിട്ട മുറിയില്‍ പതിനഞ്ച് മിനിറ്റോളം ഇരുവരും ചര്‍ച്ചയും നടത്തിയിരുന്നു.

ശിവസേന നേതാക്കളായ ആദിത്യ താക്കറെ, അനില്‍ പരാബ്, വരുണ്‍ സര്‍ദേശായ് തുടങ്ങിയവരും താക്കറെയ്ക്കൊപ്പം എത്തിയിരുന്നു. സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. 20 എംഎല്‍എമാരുള്ള പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവായി ശിവസേന യുബിടി വിഭാഗത്തിന് ലഭിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന വാദവും നിലനില്‍ക്കുന്നുണ്ട്. മഹാവികാസ് അഘാഡിയില്‍നിന്ന് പുറത്തുപോകാതെ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബി.എം.സി.) തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന (ഉദ്ധവ്) നേതാവ് സഞ്ജയ് റാവുത്ത് വിശദീകരിച്ചിട്ടുണ്ട്. ലോക്സഭ അല്ലെങ്കില്‍ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളേക്കാള്‍ കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ഉള്ളതിനാല്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സംഘടന ഒറ്റയ്ക്ക് പോകണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ നിര്‍ബന്ധം പിടിക്കുകയാണെന്ന് റാവുത്ത് പറഞ്ഞു.

ബി.എം.സി. തിരഞ്ഞെടുപ്പിനായി ഉദ്ധവ് താക്കറെയും മറ്റ് പാര്‍ട്ടി നേതാക്കളും ഒറ്റയ്ക്ക് പോകണമോ എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കണമെന്ന് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 1997 മുതല്‍ 2022 വരെ തുടര്‍ച്ചയായി 25 വര്‍ഷത്തോളം അവിഭക്ത ശിവസേനയാണ് ബി.എം.സി. നിയന്ത്രിച്ചത്. ബി.എം.സി. യുടെ മുന്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ കാലാവധി 2022 മാര്‍ച്ച് ആദ്യം അവസാനിച്ചു. അതിനുശേഷം തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. മുംബൈയില്‍ ശിവസേനയുടെ ശക്തി തര്‍ക്കമില്ലാത്തതാണെന്ന് റാവുത്ത് പറഞ്ഞു. മുംബൈയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് മത്സരിക്കാന്‍ ഞങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചിരുന്നെങ്കില്‍ വിജയിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശിവസേന മുംബൈയില്‍ 24 സീറ്റുകളില്‍ മത്സരിച്ച് 10 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് 10 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി നാല് സീറ്റുകള്‍ നേടി. എന്‍.സി.പി. (ശരദ്പവാര്‍) മത്സരിച്ച രണ്ട് സീറ്റുകളില്‍ പരാജയപ്പെട്ടു. അവിഭക്ത ശിവസേന ബി.ജെ.പി. യുമായി സഖ്യത്തിലായിരുന്നപ്പോഴും ബി.എം.സി. യിലും മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഞങ്ങള്‍ സ്വതന്ത്രമായി മത്സരിച്ചുവെന്നും സഞ്ജയ് റാവുത്ത് പറയുന്നു.

അതിനുള്ള വഴികള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. പുണെ, പിംപ്രി ചിഞ്ച്വാഡ്, നാസിക് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ എം.വി.എ. സഖ്യം നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭരണകക്ഷിയായ മഹായുതിയുടെ ഭാഗമായി അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ബി.എം.സി. തിരഞ്ഞെടുപ്പില്‍ ശിവസേന മത്സരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. 227 മുനിസിപ്പല്‍ വാര്‍ഡുകളിലാണ് മത്സരം. ബി.എം.സി. തിരഞ്ഞെടുപ്പില്‍ മഹായുതി സഖ്യമായി മത്സരിക്കുമെന്ന് ശിവസേനയുടെ തലവനായ ഷിന്‍ഡേ പറയുന്നു. ഈ തിരഞ്ഞെടുപ്പ് മഹാരാഷ്ട്രാ രാഷ്ട്രീയത്തെ സ്വാധീനിക്കുമെന്ന് തന്നെയാണ് വിലയിരുത്തല്‍.