- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നാഗാലാണ്ടിൽ എൻഡിഎ മുന്നണി നേടിയത് മിന്നും വിജയം; ശക്തമായ മത്സരത്തിൽ ത്രിപുരയിൽ ഭരണം നിലനിർത്താനാകുന്നത് ആശ്വാസം; മേഘാലയയിൽ കോൺഗ്രസ് തകർന്നതും നോർത്ത് ഈസ്റ്റിൽ പ്രതീക്ഷ; വടക്ക് കിഴക്കൻ പോരിലെ അന്തിമ ചിരി ബിജെപിയുടേത്; മൂന്നിൽ രണ്ടും നേടുമ്പോൾ ചർച്ചയാകുന്നത് മോദി പ്രഭാവമോ?
അഗർത്തല: വടക്കു കിഴക്ക് മൂന്നിൽ രണ്ടും ബിജെപി സ്വന്താക്കുകയാണ്. നാഗാലാണ്ടിൽ ബിജെപിയുടെ എൻഡിഎ മുന്നണി വമ്പൻ ജയം നേടി. ത്രിപുരയിലെ ഗോത്ര വർഗ്ഗ രാഷ്ട്രീയ ബദലുയർത്തിയ ശക്തമായ മത്സരത്തെ അതിജീവിച്ച് ബിജെപിക്ക് ഭരണ തുടർച്ചയും സാധ്യമായി. ഇതിന് പുറമേ മേഘാലയയിൽ കോൺഗ്രസ് തളരുന്നു. ബിജെപിയുടെ പഴയ സഖ്യ കക്ഷിയാണ് ഇവിടെ അധികാരത്തിലെത്താൻ സാധ്യതയുള്ളത്. ആ മുന്നണിയിൽ ഇനിയും ബിജെപിക്ക് ചേരാം. അങ്ങനെ വന്നാൽ മൂന്നിടത്തും ഭരണത്തിൽ സ്വാധീനം ബിജെപിക്ക് കൈവരും. നിലവിൽ മൂന്നിൽ രണ്ടാണ് എൻഡിഎ സ്വന്തമാക്കുന്നത്. ഇത് മോദി പ്രഭാവം നോർത്ത് ഈസ്റ്റിൽ തുടരുന്നതിന് തെളിവായി ബിജെപിക്ക് ഉയർത്തിക്കാട്ടാം.
ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി ഒരു വർഷമേയുള്ളൂ. ലോക്സഭയിൽ നോർത്ത് ഈസ്റ്റിലെ ഓരോ സീറ്റും ബിജെപിക്കും എൻഡിഎയ്ക്കും നിർണ്ണായകമാണ്. വടക്ക് കിഴക്ക് സംഘടനാ ചോർച്ചയുണ്ടായില്ലെന്ന് തെളിയിക്കാൻ ഈ തെരഞ്ഞെടുപ്പിലൂടെ ബിജെപിക്ക് കഴിഞ്ഞു. ത്രിപുരയിൽ സീറ്റുകൾ കുറയുമ്പോഴും മറ്റ് രണ്ടിടത്തും സീറ്റിൽ നേട്ടമുണ്ടായി എന്നത് ആശ്വാസമാണ്. ത്രിപുരയിൽ മുഖ്യ പ്രതിപക്ഷമായി മത്സരിച്ച സിപിഎം-കോൺഗ്രസ് മുന്നണിക്ക് ഒരു ചലനവും ഉണ്ടാക്കാനായില്ല. കരുത്ത് കാട്ടിയ തിപ്ര മോത്ത പാർട്ടിയെ കൂടെ കൂട്ടാൻ പറ്റുന്ന സാഹചര്യവുമുണ്ട്. ഇതെല്ലാം ലോക്സഭാ തെരഞ്ഞെടുപ്പിൽ ത്രിപുരയിൽ ആശങ്ക വേണ്ടെന്ന പ്രതീക്ഷ ബിജെപിക്ക് നൽകും. ത്രിപുരയിൽ ഭൂരിപക്ഷം കിട്ടിയില്ലായിരുന്നുവെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നുവെന്നതാണ് വസ്തുത.
ദേശീയ തലത്തിൽ സിപിഎം ഉയർത്തെഴുന്നേൽക്കുന്നുവെന്ന പൊതു ചിത്രം അതുണ്ടാക്കുമായിരുന്നു. കോൺഗ്രസും ഇടതുപക്ഷവും ബിജെപി വിരുദ്ധരും ഒരുമിച്ചാൽ കേന്ദ്രത്തിലും അട്ടിമറിയെന്ന സന്ദേശം ഉയരുമായിരുന്നു. ഇതിനുള്ള സാധ്യതയാണ് ത്രിപുരയിൽ തകരുന്നത്. ത്രിപുരയിൽ പത്ത് സീറ്റ് ബിജെപി നഷ്ടമായി. അതിന് കാരണം തിപ്രമോത്ത എന്ന പാർട്ടിയുടെ മികവായിരുന്നു. ഗോത്ര മേഖലയിൽ ബിജെപി പ്രതീക്ഷകളെ അവർ തകർത്തു. സിപിഎമ്മും കോൺഗ്രസും മുന്നണിയായി എത്തിയിട്ടും ആ കൂട്ടുകെട്ട് ബിജെപിക്ക് വെല്ലുവിളിയായില്ല. ഏതാണ് എക്സിറ്റ് പോളുകൾ ശരിയായി വരികയും ചെയ്തു.
നാഗാലാണ്ടിൽ ബിജെപി ഉൾപ്പെട്ട മുന്നണി വമ്പൻ വിജയം നേടുകയും ചെയ്തു. എൻഡിപിപിക്ക് 25 സീറ്റ് കിട്ടുമ്പോൾ ബിജെപിക്ക് 14 ഇടത്ത് നാഗാലാണ്ടിൽ ജയിക്കാനായി. അറുപതംഗ നിയമസഭയിൽ മികച്ച ഭൂരിപക്ഷം അവർ നേടി. കോൺഗ്രസിന് സീറ്റൊന്നും കിട്ടിയതുമില്ല. ഇതും ബിജെപിക്ക് നേട്ടമായി മാറുന്നു. നാഗാലാണ്ടിൽ എൻഡിഎ കരുത്ത് കൂടുന്നത് ലോക്സഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും. ത്രിപുരയിലെ ഭരണ തുടർച്ചയ്ക്കൊപ്പം നാഗാലാണ്ടിലെ മികവ് നോർത്ത് ഈസ്റ്റിൽ ഉടനീളം പ്രതിഫലിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിലും മോദി പ്രഭാവം ഈ മേഖലയിൽ നിറച്ച് പരമാവധി സീറ്റ് നേടുകയെന്ന തന്ത്രം ഫലം കാണുമെന്ന പ്രതീക്ഷയാണ് ബിജെപിക്ക് നിയമസഭാ പോരാട്ട വിജയങ്ങൾ നൽകുന്നത്.
അട്ടിമറികൾ സംഭവിച്ചില്ലെങ്കിൽ മേഘാലയയിൽ ബിജെപി സഖ്യമായ മേഘാലയ ഡെമോക്രാറ്റിക് അലയൻസ് (എം.ഡി.എ.) വീണ്ടും അധികാരത്തിലേക്ക് എത്താനും സാധ്യതയുണ്ട്. എൻ.പി.പി. 26 സീറ്റുകളിലും ബിജെപി. മൂന്ന് സീറ്റിലും ജയിച്ചു. അറുപതംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 31 സീറ്റാണ് വേണ്ടത്. 2018 നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സഖ്യമുണ്ടാക്കി എൻപിപിയും യുഡിപിയും ബിജെപിയും എല്ലാം ചേർന്ന സർക്കാരാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും കോൺഗ്രസിനെ മറികടന്ന് സർക്കാരുണ്ടാക്കിയത്. ഇക്കുറി എൻ.പി.പിയും ബിജെപിയും തനിച്ചാണ് മത്സരരംഗത്തിറങ്ങിയത്. മേഘാലയയിലും സാന്നിധ്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ മത്സരിക്കാനിറങ്ങിയ തൃണമൂൽ കോൺഗ്രസ് അഞ്ചിടത്ത് ജയിച്ചു.
മേഘാലയയിൽ 2018-ൽ ബിജെപിക്ക് വിജയിക്കാൻ സാധിച്ചത് രണ്ടു സീറ്റിൽ മാത്രമായിരുന്നു. സീറ്റിന്റെ എണ്ണം രണ്ടക്കം കടത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് കളത്തിലിറങ്ങിയതെങ്കിലും അതിന് സാധിക്കാൻ ബിജെപിക്കായില്ല. അപ്പോഴും സീറ്റിൽ കുറവ് വന്നില്ല. കോൺഗ്രസ് തളരുകയും ചെയ്തു. 2018ലെ തെരഞ്ഞെടുപ്പിൽ 21 സീറ്റ് നേടിയ കോൺഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. കോൺറാഡ് സാങ്മയുടെ എൻ.പി.പിക്ക് 20 സീറ്റും. രണ്ട് സീറ്റ് മാത്രമായിരുന്നു ബിജെപിക്ക്. കോൺഗ്രസിനെ അധികാരത്തിൽ നിന്നകറ്റുക ലക്ഷ്യമിട്ട് ബിജെപി, എൻ.പി.പിയെയും യു.ഡി.പിയെയും ചേർത്ത് സഖ്യമുണ്ടാക്കുകയായിരുന്നു.
ബിജെപി സഖ്യമായിരുന്നെങ്കിലും കേന്ദ്ര സർക്കാറിന് മുന്നിൽ സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ ബലികഴിക്കാൻ മുഖ്യമന്ത്രി കോൺറാഡ് സാങ്മ തയാറായിരുന്നില്ല. തെരഞ്ഞെടുപ്പിന് മുന്നേ അകൽച്ച വ്യാപകമായതോടെ എൻ.പി.പിയും ബിജെപിയും സഖ്യം വിട്ട് ഒറ്റക്ക് തെരഞ്ഞെടുപ്പിനെ നേരിടാൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ, പഴയ സഖ്യത്തെ വീണ്ടും കൊണ്ടുവരാൻ ബിജെപി തിരക്കിട്ട നീക്കങ്ങളാണ് നടത്തുന്നത്. എൻ.പി.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സൂചിപ്പിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ അസം മുഖ്യമന്ത്രിയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപി രാഷ്ട്രീയ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നയാളുമായ ഹിമന്ത ബിശ്വ ശർമ കോൺറാഡ് സാങ്മയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മേഘാലയയിൽ തൂക്കുസഭ ഉണ്ടാവില്ലെന്നും എൻ.ഡി.എയുടെ ഒരു സഖ്യകക്ഷിയും കോൺഗ്രസുമായോ തൃണമൂലുമായോ സഖ്യമുണ്ടാക്കില്ലെന്നുമാണ് ഹിമന്ത ബിശ്വ ശർമ പറഞ്ഞത്.




