- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസിനുള്ളിൽ നിന്ന് സ്ഥാനാർത്ഥിയെ അടർത്തിയെടുക്കാൻ ശ്രമിച്ചത് പരാജയമായി; കുടുംബവും പാർട്ടിയും ഒരുമിച്ചു മുന്നോട്ട് പോയപ്പോൾ തകർന്നത് സിപിഎമ്മിന്റെ 'പുതുപ്പള്ളി' മോഹങ്ങൾ; ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവരെ ബാലറ്റിൽ ജനം തോൽപ്പിക്കുമ്പോൾ
കോട്ടയം: പുതുപ്പള്ളിയുടെ ഹൃദയത്തിൽ ഉമ്മൻ ചാണ്ടിയുണ്ടെന്നതിന് തെളിവാണ് ഉപതിരഞ്ഞെടുപ്പ് ഫലം. കോൺഗ്രസ് പ്രതീക്ഷിച്ചതിലും അപ്പുറത്തേക്കാണ് ചാണ്ടി ഉമ്മൻ മുന്നേറിയത്. വികസന അജണ്ടയാണ് സിപിഎം മുമ്പോട്ട് വച്ചത്. എന്നാൽ ഉമ്മൻ ചാണ്ടി തരംഗവും ഭരണവിരുദ്ധ വികാരവും പുതുപ്പള്ളിയിലെ സിപിഎം പ്രതീക്ഷകൾ തെറ്റിച്ചു. അങ്ങനെ ചാണ്ടി ഉമ്മൻ വലിയ വിജയം നേടി. ഇത് ഉമ്മൻ ചാണ്ടിയുടെ വിജയമാണ്. ഇതിനൊപ്പം ഇടത് സർക്കാരിനുള്ള പുതുപ്പള്ളിക്കാരുടെ തിരിച്ചടിയും. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർക്കുള്ള മറുപടിയാണ്. വോട്ടെണ്ണൽ തുടങ്ങും മുമ്പ് ആഹ്ലാദം തുടങ്ങിയ യുഡിഎഫുകാരുടെ പ്രതീക്ഷകളാണ് പുതുപ്പള്ളിക്കാർ കാത്തു സൂക്ഷിച്ചത്.
പുതുപ്പള്ളിയെന്ന സ്ഥലത്തെ കേരള രാഷ്ട്രീയത്തിൽ അടയാളപ്പെടുത്തിയത് ഉമ്മൻ ചാണ്ടിയാണെന്ന കാര്യത്തിൽ രണ്ടഭിപ്രായത്തിനിടയില്ല. അരനൂറ്റാണ്ടിലേറെ പുതുപ്പള്ളിയെ പ്രതിനിധീകരിച്ച് നിയമസഭാംഗമായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെയാണ് മണ്ഡലം വീണ്ടും ചർച്ചകളിൽ ഇടം പിടിച്ചത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ കൂടുതൽ ആലോചിക്കാതെ കോൺഗ്രസ് ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി ചാണ്ടി ഉമ്മനെ പ്രഖ്യപിക്കുകയും ചെയ്തു. ഉമ്മൻ ചാണ്ടിയുടെ മകനിലൂടെ മണ്ഡലം നിലനിർത്താനാകുമെന്ന ആത്മവിശ്വാസം കോൺഗ്രസുകാർ പങ്കുവച്ചു. എന്നാൽ ചാണ്ടി ഉമ്മനെ പിടിച്ചെ കെട്ടാൻ ജെയ്ക് സി തോമസ് വീണ്ടുമെത്തി. പക്ഷേ ഉമ്മൻ ചാണ്ടിയോടുള്ള സഹതാപം വോട്ടായി മാറി.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കഴിഞ്ഞ കോൺഗ്രസ് തികഞ്ഞ ആത്മവിശ്വാസത്തിലാണ് പ്രചരണം നടത്തിയത്. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെത്തുടർന്ന് നടക്കുന്ന തെരഞ്ഞെടുപ്പായതിനാൽ ആ വികാരവും വോട്ടായിമാറുമെന്ന് കണക്കു കൂട്ടി എല്ലാവരും ഒരുമയോടെ പ്രവർത്തിച്ചു. ഉമ്മൻ ചാണ്ടിയുടെ മകൻ തന്നെ സ്ഥാനാർത്ഥിയാകുന്നതിലൂടെ നേരത്തെയുണ്ടായിരുന്ന എല്ലാ ഘടകങ്ങളും ഇത്തവണയും സഹായകമാകുമെന്നാണ് കോൺഗ്രസ് നേതൃത്വം കണക്കുകൂട്ടി. അതിലുപരി ഗ്രൂപ്പിസം പ്രചരണത്തെ ബാധിച്ചില്ല. യുവ നേതാക്കളും മുതിർന്ന നേതാക്കളും ഒരു പോലെ പ്രവർത്തിച്ചു. എല്ലാത്തിനും നേതൃത്വം നൽകി പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുന്നിൽ നിന്നു. കെപിസിസി അധ്യക്ഷൻ കെ സുധാകരനും സംഘടനാ പ്രവർത്തനം ചലനാത്മകമാക്കി.
കോൺഗ്രസ് പാളയത്തിൽ നിന്ന് തന്നെ സ്ഥാനാർത്ഥിയെ കണ്ടെത്താൻ സിപിഎം ശ്രമിച്ചിരുന്നു. ഉമ്മൻ ചാണ്ടിയുടെ ചികിൽസാ വിവാദം ചർച്ചയാക്കാനായിരുന്നു ശ്രമം. എന്നാൽ സുധാകരന്റെ ഇടപെടൽ ഇത് പൊളിച്ചു. പിന്നീടൊരിക്കലും സിപിഎമ്മിന് പുതുപ്പള്ളിയിൽ മേധാവിത്വം നേടാനായില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ പൊതുയോഗവും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവന്ദന്റെ സംഘടനാ പ്രഖ്യാപനവുമൊന്നും ഏശാതെ പോയി. എല്ലാ അർത്ഥത്തിലും പിണറായിസത്തിനെ പുതുപ്പള്ളി തള്ളി പറഞ്ഞു. അങ്ങനെ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർ പുതുപ്പള്ളിയിൽ പരാജയപ്പെട്ടു. സോളാറിൽ അടക്കം കോടതികളിൽ നിന്നുണ്ടായ വിധികളും ഈ ഉപതിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കി. ഉമ്മൻ ചാണ്ടിയുടെ കുടുംബവും ഒരുമയോടെ ചാണ്ടി ഉമ്മന്റെ വിജയത്തിന് വേണ്ടി അതിശക്തമായി തന്നെ നിലകൊണ്ടു.
കോൺഗ്രസ് ഹൈക്കമാണ്ടും എല്ലാ കരുതലും എടുത്തു. പ്രവർത്തക സമിതി അംഗമായ എകെ ആന്റണിയും ശശി തരൂരും അവസാന നാളുകളിൽ പുതുപ്പള്ളിയിൽ തരംഗമുണ്ടാക്കി. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും വോട്ടുറപ്പിക്കാൻ ഓടി നടന്നു. സിപിഎമ്മിൽ ജെയ്ക് സി തോമസ് ഏതാണ്ട് ഒറ്റയ്ക്കായിരുന്നു. മന്ത്രി വിഎൻ വാസവൻ മാത്രമായിരുന്നു മുഴുവൻ സമയ പ്രചരണത്തിൽ നിന്ന സംസ്ഥാന നേതാവ്. മറ്റ് പൊതു തിരഞ്ഞെടുപ്പകളെ പോലെ എംഎൽഎമാർക്കൊന്നും കൂട്ടായ ചുമതല നൽകിയില്ല. മാസപ്പടി വിവാദത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ തീർത്തും ദുർബ്ബലവുമായി. അങ്ങനെ പ്രാദേശിക നേതൃത്വം ചിട്ടയോടെ പ്രവർത്തിച്ചിട്ടും ജെയ്ക്കിന് കുതിക്കാനായില്ല.
ഉമ്മൻ ചാണ്ടിയില്ലാത്ത തിരഞ്ഞെടുപ്പിൽ മികച്ച സ്ഥാനാർത്ഥിയെ നിർത്തിയാൽ മണ്ഡലം പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു സിപിഎം. ഉമ്മൻ ചാണ്ടിയില്ലാത്ത തെരഞ്ഞെടുപ്പ് എന്നതിന് പുറമെ, കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കുറഞ്ഞിരുന്നു എന്നതും നിയോജക മണ്ഡലപരിധിയിലെ എട്ട് പഞ്ചായത്തുകളിൽ ആറിലും എൽഡിഎഫ് ഭരണമാണെന്നതും നിർണായകമാകുമെന്നും സിപിഎം കണക്കു കൂട്ടി. എന്നാൽ ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയേക്കാൾ കരുത്തനായിരുന്നു മരിച്ച ഉമ്മൻ ചാണ്ടി. ഇതാണ് അന്തിമ ഫലത്തിൽ നിറയുന്നത്.
പുതുപ്പള്ളി മണ്ഡലത്തിൽപ്പെടുന്ന എട്ട് പഞ്ചായത്തുകളിൽ രണ്ടെണ്ണം മാത്രമാണ് ഇപ്പോൾ യുഡിഎഫ് ഭരിക്കുന്നത്. 6 പഞ്ചായത്ത് ഇടതിനൊപ്പമാണ്. അയർക്കുന്നം, മീനടം പഞ്ചായത്തിലാണ് യുഡിഎഫ് ഭരണം. വാകത്താനം, പുതുപ്പള്ളി, പാമ്പാടി, മണർക്കാട്, കൂരോപ്പട, അകലകുന്നം എന്നീ പഞ്ചായത്തുകളിൽ എൽഡിഎഫും. ബൂത്ത് തലം മുതൽ സിപിഎ സംഘടനാ പ്രവർത്തനം ശക്തമുള്ള മേഖല. ഇവിടെയാണ് ചാണ്ടി ഉമ്മൻ വൻ ഭൂരിപക്ഷത്തിലൂടെ സിപിഎമ്മിനെ ഞെട്ടിച്ചത്.
2016ലും 2021ലും ജെയ്ക് സി തോമസായിരുന്നു ഉമ്മൻ ചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ മത്സരിച്ചത്. 2016ൽ 27,092 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഉമ്മൻ ചാണ്ടി നേടിയതെങ്കിൽ 2021ൽ 9044 ആയി കുറക്കാൻ ജെയ്ക്കിന് കഴിഞ്ഞിരുന്നു. എന്നാൽ 2023ൽ ഉമ്മൻ ചാണ്ടിയുടെ മകൻ എല്ലാ പ്രതീക്ഷകൾക്കും അപ്പുറത്തേക്ക് വിജയവുമായി നിയമസഭയിലേക്ക്. അങ്ങനെ 54 വർഷവും ഉമ്മൻ ചാണ്ടിയുടെ രക്തം തന്നെ പുതുപ്പള്ളിയെ നിയമസഭയിലും പ്രതിനിധീകരിക്കുന്ന സ്ഥിതി വരുന്നു.




