- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അരനൂറ്റാണ്ടിന്റെ നായകത്വത്തിന് ശേഷം മാണി സാർ വിടവാങ്ങിയെങ്കിലും നേരവകാശിക്ക് വിജയം നൽകാത്ത പാല; 53 കൊല്ലത്തെ ഉമ്മൻ ചാണ്ടിയുടെ സ്നേഹ വാൽസല്യത്തെ മറക്കാതെ പുതുപ്പള്ളിയും; അച്ഛന്റെ ലീഡിനെ മറികടന്ന മകനായി ചാണ്ടി ഉമ്മൻ മാറുമ്പോൾ
കോട്ടയം: പാലയിൽ മാണി സി കാപ്പന് നേടിയ അട്ടിമറിയാണ് പുതുപ്പള്ളിയിൽ സിപിഎം ആഗ്രഹിച്ചത്. കെ എം മാണിയുടെ വിയോഗത്തിന് ശേഷം പാലായിൽ മാണിയുടെ നേരവകാശി ജയിച്ചിട്ടില്ല. ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് പക്ഷത്ത് നിന്ന കേരളാ കോൺഗ്രസ് തോറ്റു. അവിടെ എന്നും തോറ്റ സ്ഥാനാർത്ഥിയെന്ന സഹതാപത്തിൽ മാണി സി കാപ്പൻ ഇടത് മുന്നണിക്കായി ജയിച്ചു. പിന്നീടുള്ള പൊതു തിരിഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് ഇടതുപക്ഷത്തായി. അപ്പോൾ മാണി സി കാപ്പൻ യുഡിഎഫിൽ. ജയം മാണി സി കാപ്പനൊപ്പം. അത്തവണ തോറ്റത് മാണിയുടെ മകൻ ജോസ് കെ മാണിയും. പാലായിലെ ഈ ചിന്ത പുതുപ്പള്ളിയിൽ അലയടിക്കുമെന്നായിരുന്നു സിപിഎം പ്രതീക്ഷ.
പാലായിലെ വികസനം ദൃശ്യമായിരുന്നു. എന്നിട്ടും മാണിയുടെ മകന് അനുകൂലമായ വികാരം ആഞ്ഞടിച്ചില്ല. ലോക്‌സഭയിൽ വരെ എത്തിയ ജോസ് കെ മാണിയുടെ പരിചയമില്ലാത്ത ചാണ്ടി ഉമ്മൻ. പുതുപ്പള്ളിയിലെ സഹതാപം ചാണ്ടി ഉമ്മന് അനുകൂലമാകാനിടയില്ലെന്ന നിഗമനങ്ങളിലേക്ക് സിപിഎം എത്തിയത് പാലായിലെ കോൺഫിഡൻസിലാണ്. പക്ഷേ മരിച്ച മാണിയെ പാല മറന്നെങ്കിലും ഉമ്മൻ ചാണ്ടിയെ ഇനിയും പുതുപ്പള്ളി മറന്നില്ല. സിപിഎം തട്ടകത്തിൽ തന്നെ ചാണ്ടി ഉമ്മൻ ഭൂരിപക്ഷം നേടി മുന്നോട്ട് കുതിച്ചു. ഒരു മാസമായി കേരള രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി മാറിയ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് ചരിത്ര വിജയം. അച്ഛന്റെ ഭൂരിപക്ഷം മകൻ തകർത്തു. നിയമസഭയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ രണ്ടു പേരാണ് കെ എം മാണിയും ഉമ്മൻ ചാണ്ടിയും.
ഉമ്മൻ ചാണ്ടിയുടെ വേർപാട് സൃഷ്ടിച്ച സഹതാപ തരംഗത്തിലും അരനൂറ്റാണ്ടിലേറെ അദ്ദേഹം നടത്തിയ ജനസേവനത്തിന്റെ പിൻബലത്തിലും മകൻ ചാണ്ടി ഉമ്മൻ വിജയം നേടിയെന്ന് വേണം വിലയിരുത്താൻ. പ്രചാരണ രംഗത്ത് ആരോപണ പ്രത്യാരോപണങ്ങൾക്കൊണ്ട് മുന്നണികൾ പരസ്പരം പ്രഹരിച്ചു. വ്യക്തി അധിക്ഷേപവും രാഷ്ട്രീയവും ആയുധമാക്കി. സൈബർ ആക്രമണങ്ങൾക്കെതിരെ അച്ചു ഉമ്മനും ജെയ്ക്കിന്റെ ഭാര്യ ഗീതുവിനും പൊലീസിനെ സമീപിക്കേണ്ടി വന്നു.സിപിഎം ആദ്യം ചർച്ചയാക്കിയ ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദം അവസാനം കോൺഗ്രസ് നേതാക്കളുടെ പരാമർശമെന്ന തരത്തിൽ ഓഡിയോ ക്‌ളിപ്പിലൂടെ വീണ്ടും പ്രചരിച്ചു.
മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ സിപിഎമ്മിന്റെ മുഴുവൻ സംഘടനാ സംവിധാനവും ഉപയോഗിച്ച് വികസനം ചർച്ചയാക്കിയപ്പോൾ, സംസ്ഥാനത്തെ മുഴുവൻ നേതാക്കളെയും എത്തിച്ച് കുടുംബയോഗങ്ങളിലൂടെ ഭരണവിരുദ്ധ വികാരം ജനങ്ങളിലെത്തിക്കാനായിരുന്നു യു.ഡി.എഫ് ശ്രമം. കേന്ദ്ര വികസനം പറഞ്ഞും ദേശീയ നേതാക്കളെ ഇറക്കിയും എൻ.ഡി.എയും നിറഞ്ഞു. ഒടുവിൽ വിജയം സഹതാപത്തിന് അനുകൂലവും കേരളത്തിലെ ഭരണത്തിന് എതിരെയുമാകുന്നു. അങ്ങനെ പുതുപ്പള്ളിക്ക് ഒസിയെന്ന ഉമ്മൻ ചാണ്ടിയുടെ പകരക്കാരനായി സി ഒ എന്ന ചാണ്ടി ഉമ്മൻ എത്തുന്നു. പാലായിലെ സഹതാപ വിരുദ്ധ കാമ്പയിൻ പുതുപ്പള്ളിയിൽ നടക്കാതെ പോകുന്നു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന റൗണ്ടിലേക്ക് കടക്കുമ്പോൾ തന്നെ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്ക് ലഭിച്ച റെക്കോർഡ് ഭൂരിപക്ഷവും മറികടന്ന് 34126 വോട്ടിന്റെ ലീഡുമായി ചാണ്ടി ഉമ്മന്റെ പുതിയ ചരിത്രം കുറിച്ചു. 2011ൽ ഉമ്മൻ ചാണ്ടിക്ക് ലഭിച്ച 33255 വോട്ടിന്റെ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മൻ മറികടന്നത്. അവസാന റൗണ്ടുകളിൽ യുഡിഎഫിന്റെ ഉറച്ച കോട്ടകളായ പുതുപ്പള്ളി മീനടം തുടങ്ങിയ പഞ്ചായത്തുകളിലെ വോട്ടുകളാണ്.
അതുകൊണ്ട് തന്നെ ചരിത്ര വിജയമാണ് ചാണ്ടി ഉമ്മന്റേത്. പോൾ ചെയ്തതിൽ പകുതിയിൽ ഏറെ വോട്ടുകൾ ചാണ്ടി ഉമ്മൻ നേടുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനേക്കാൾ മികച്ച വിജയം കോൺഗ്രസ് നേടുകയാണ്.




