ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ വീണ്ടും ചന്ദ്രബാബു നായിഡു ഭരണം. ആകെയുള്ള 175 സീറ്റിൽ 125 ചന്ദ്രബാബു നായിഡുവിനൊപ്പമാണ്. ആകെ 20 സീറ്റിലാണ് ജഗ്മോഹൻ റെഡ്ഡിയുടെ വൈ എസ് ആർ കോൺഗ്രസിന് നേടാനായത്. പവൻകല്യാണിന്റെ ജനസേനാ പാർട്ടി 17 സീറ്റും നേടി. ബിജെപിക്ക് ഏഴു സീറ്റുണ്ട്. ഇതിൽ നായുഡുവും പവൻ കല്യാണും ബിജെപിയും സഖ്യത്തിലായിരുന്നു. അതുകൊണ്ട് തന്നെ ആന്ധ്രയിൽ വമ്പൻ ഭൂരിപക്ഷമാണ് ബിജെപി മുന്നണി നേടുന്നത്.

ആന്ധ്രയിൽ ഇക്കുറി ത്രികോണപ്പോരാട്ടമായിരുന്നു. ചന്ദ്രബാബു നാഡിയുവിന്റെ തെലുഗുദേശം പാർട്ടി, പവൻ കല്യാണിന്റെ ജനസേന, ബിജെപി എന്നിവർ കൈകോര്ത്ത എൻഡിഎ, മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡിയുടെ വൈഎസ്ആർസിപി, വൈ.എസ്. ശർമ്മിളയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള ഇന്ത്യാ സഖ്യം എന്നിവർ തമ്മിലായിരുന്നു പോരാട്ടം. ഈ ത്രികോണ മത്സരത്തിന്റെ ഗുണം എൻഡിഎയ്ക്ക് കിട്ടി. ലോക്‌സഭാ തിരഞ്ഞെടുപ്പിലും എൻഡിഎ ആന്ധ്രയിൽ നട്ടമുണ്ടാക്കി. 16 സീറ്റിൽ ടിഡിപി ജയിച്ചു. മൂന്നിടത്ത് ബിജെപിയും രണ്ടിടത്ത് ജെ എൻ പിയും വിജയിച്ചു. കോൺഗ്രസിന് ലോക്‌സഭയിലും സീറ്റൊന്നും കിട്ടിയില്ല. അഴിമതി കേസിൽ ജയിലിലായ ചന്ദ്രബാബു നായിഡുവിന്റേത് സമാനതകളില്ലാത്ത ജയമാണ്.

2019ലെ തിരഞ്ഞെടുപ്പിൽ 151 നിയമസഭാ സീറ്റും 22 ലോക്സഭാ സീറ്റും നേടി വലിയ വിജയം വൈ.എസ്.ആർ. കോൺഗ്രസ് കൈവരിച്ചിരുന്നു. സാമൂഹികക്ഷേമത്തിൽ ഊന്നിയ പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും വലിയ ഭരണവിരുദ്ധവികാരം ജഗന് എതിരായുണ്ടായി. നോട്ടയേക്കാൾ കുറവ് വോട്ടുകളാണ് 2019ലെ തിരഞ്ഞെടുപ്പിൽ ദേശീയ പാർട്ടികളായ കോൺഗ്രസിനും ബിജെപിക്കും സംസ്ഥാനത്ത് ലഭിച്ചത്. ശക്തികേന്ദ്രമായിരുന്ന സംസ്ഥാനം വൈ.എസ്.ആറിന്റെ മരണത്തേയും പിന്നാലെയുണ്ടായ വിഭജനത്തേയും തുടർന്ന് കോൺഗ്രസിന്റെ കൈയിൽനിന്ന് വഴുതിപ്പോവുകയായിരുന്നു. വൈ.എസ്.ആറിന്റെ പാരമ്പര്യം തിരികെ അവകാശപ്പെടാനൊരുങ്ങിയാണ് വൈ.എസ്. ശർമിളയെ കോൺഗ്രസ് തിരിച്ചെത്തിച്ചത്. അതും ഗുണമായില്ല.

എന്നും കോൺഗ്രസിനോട് സംസ്ഥാനം കാണിക്കുന്ന അതേ വിപ്രതിപത്തി മറ്റൊരു ദേശീയ പാർട്ടിയായ ബിജെപിയോടും ഇവിടുത്തെ ജനങ്ങൾക്കുണ്ട്. ടി.ഡി.പിയുമായി ചേർന്നപ്പോൾ മാത്രമാണ് ബിജെപിക്ക് ഇവിടെ വിജയം നേടാനായത്. ഇത്തവണയും അത് സംഭവിച്ചു. 1999-ൽ ടി.ഡി.പിക്കൊപ്പം ചേർന്ന് ഏഴ് ലോക്സഭാ സീറ്റുകളിൽ ജയിച്ചു. 2004-ലും 2009-ലും സഖ്യമുണ്ടായിരുന്നില്ല. 2014-ൽ വീണ്ടും ടി.ഡി.പിക്കൊപ്പം ചേർന്ന് രണ്ട് സീറ്റുകൾ. 2018-ൽ നായിഡു സഖ്യം വിട്ടതിന് പിന്നാലെ 2019-ൽ നടന്ന തിരഞ്ഞെടുപ്പിൽ നോട്ടയേക്കാൾ കുറവ് വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. ഇത്തവണ ആറ് ലോക്സഭാ സീറ്റിലും പത്ത് നിയമസഭാ സീറ്റിലുമാണ് ബിജെപി. സഖ്യത്തിൽ മത്സരിച്ചത്. വൈ.എസ്.ആർ. കോൺഗ്രസ് വിരുദ്ധവോട്ടുകളുടെ ഏകീകരണം ഉണ്ടാവുകയും അത് സഖ്യത്തിന് ലഭിക്കുകയും വഴി തങ്ങൾക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ എൻഡിഎയ്ക്ക് കഴിഞ്ഞു.

ജനസംഖ്യയുടെ പത്തുശതമാനത്തോളം മാത്രംവരുന്ന റെഡ്ഡി- ഖമ്മ വിഭാഗങ്ങളാണ് യഥാക്രമം വൈ.എസ്.ആർ. കോൺഗ്രസ്- ടി.ഡി.പി. പർട്ടികളെ നിയന്ത്രിക്കുന്നത്. വടക്കൻ ആന്ധ്ര മേഖലയിലെ ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി ജില്ലകളിൽ കൂടുതലായി താമസിച്ചുവരുന്ന കാപ്പ് സമുദായവോട്ടുകൾ സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായകമാണ്. 15 ശതമാനത്തോളം വരുമിത്. 2014-ൽ സമുദായത്തിന്റെ സ്വാധീനമേഖലകളിൽ ടി.ഡി.പിക്കായിരുന്നു നേട്ടം. എന്നാൽ, 2019-ൽ ഇത് ജഗന് അനുകൂലമായി. ഇത്തവണയും കാപ്പ് സമുദായത്തിന്റെ വോട്ട് ഫലത്തെ സ്വാധീനിച്ചു. അത് ടിഡിപിക്കൊപ്പമായി.

പിരിയോഡിക് ലേബർ ഫോഴ്സ് സർവേയുടെ 2022- 23 വർഷത്തെ കണക്കുകൾ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മയിൽ മൂന്നാമതായിരുന്നു ആന്ധ്ര. ഇത് ജഗൻ സർക്കാരിന് തിരിച്ചടിയാവുമെന്നാണ് കരുതുന്നത്. നഗര- യുവ വോട്ടർമാർക്കിടയിൽ ഇത് വലിയ ഭരണവിരുദ്ധവികാരത്തിന് കാരണമാവുന്നെന്നാണ് വിലയിരുത്തൽ.

ജഗൻ സർക്കാരിന് തിരിച്ചടിയാവുന്ന മറ്റൊരു വിവാദം തലസ്ഥാനമാറ്റത്തെ ചൊല്ലിയുള്ളതാണ്. ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരുന്നപ്പോൾ അമരാവതിയെ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി നിശ്ചയിച്ചിരുന്നു. ലോകോത്തര തലസ്ഥാന നഗരമായി അമരാവതിയെ മാറ്റാൻ വലിയ പദ്ധതികൾ നായിഡു പ്രഖ്യാപിച്ചു. നഗരത്തോട് ചേർന്ന് പല ഗ്രാമങ്ങളിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ അടക്കം ആരംഭിച്ചിരുന്നു. എന്നാൽ, ജഗൻ അധികാരത്തിൽ വന്നതിന് പിന്നാലെ അമരാവതിയിലെ വികസനപ്രവർത്തനങ്ങൾ അവസാനിപ്പിച്ചു. മൂന്ന് നഗരങ്ങളിലെ സംസ്ഥാനത്തിന്റെ തലസ്ഥാനമാക്കാനുള്ള നിർദേശവും ജഗൻ മുന്നോട്ടുവെച്ചു. അമരാവതിയെ നിയമനിർമ്മാണതലസ്ഥാനവും വിശാഖപട്ടണത്തെ ഭരണനിർവഹണതലസ്ഥാനവും കർണൂലിനെ നീതിന്യായതലസ്ഥാനവുമാക്കുമെന്നാണ് ജഗന്റെ പ്രഖ്യാപനം.

എന്നാൽ, അമരാവതിയിലെ വികസനപ്രവർത്തനങ്ങൾക്കായി ഭൂമി വിട്ടുനൽകേണ്ടിവന്ന കർഷകർക്കിടയിൽ ഇത് വലിയ എതിർപ്പിന് കാരണമായി. അമരാവതിയിലും പരിസരത്തും വലിയ വികസനം പ്രതീക്ഷിച്ചവരുടേയും നീരസത്തിന് ഇത് കാരണമായി. വീണ്ടും മുഖ്യമന്ത്രിയാവുന്ന താൻ വിശാഖപട്ടണത്തുനിന്ന് സത്യപ്രതിജ്ഞചെയ്യുമെന്ന പ്രഖ്യാപനവും സ്ഥിതി കൂടുതൽ വഷളാക്കി.