തൃശൂര്‍: കലയും സംസ്‌കാരവും പ്രകൃതിയും ഇഴചേര്‍ന്ന കാര്‍ഷികഭൂമിയില്‍ ആവേശത്തിന്റെ തീയാട്ടമായിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പാലക്കാട് രഹസ്യഡീല്‍ ആരോപണത്തില്‍ മുങ്ങിത്താഴ്ന്നപ്പോള്‍ ചേലക്കരയില്‍ നോഡീല്‍ പോരാട്ടമായിരുന്നു നടന്നത്. ഇത് ശരിവയ്ക്കുന്നതാണ് ഫലവും. സിപിഎമ്മിനായി യു ആര്‍ പ്രദീപ് ജയിച്ചു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ മികച്ച പ്രകടനം കോണ്‍ഗ്രസ് നടത്തി. ബിജെപിയും ചരിത്രത്തില്‍ ഇല്ലാത്ത വോട്ട് നേടി. സാധാരണ ഉപതിരഞ്ഞെടുപ്പ് വിജയങ്ങളില്‍ ബിജെപിയുടെ വോട്ട് കുറവാണ് ചര്‍ച്ചയാകാറുള്ളത്. ഇത്തവണ ആ ചര്‍ച്ചയ്ക്കുള്ള സാധ്യത ചേലക്കരയിലും ഇല്ല.

സിറ്റിങ് സീറ്റ് കൈവിടുന്ന അവസ്ഥയുണ്ടായാല്‍ സി.പി.എമ്മിന് കേരളത്തിലെമ്പാടും ഉറക്കംകെടുന്ന അവസ്ഥയുമാണ്ടായിരുന്നു. പട്ടികജാതി സംവരണമണ്ഡലമായ ഇവിടെ ഇടതുമുന്നണിയുടെ യു.ആര്‍ പ്രദീപും യു.ഡി.എഫിന്റെ രമ്യഹരിദാസും ഇഞ്ചോടിഞ്ചു പോരിലായിരുന്നു. തിരുവില്വാമല പഞ്ചായത്ത് മുന്‍ വൈസ്പ്രസിഡന്റ് എന്ന നിലയില്‍ സുപരിചിതനാണ് എന്‍ഡി.എയുടെ കെ.ബാലകൃഷ്ണന്‍. കലാമണ്ഡലവും കുത്താമ്പുള്ളിയും വെടിക്കെട്ടും കൊണ്ടു പ്രസിദ്ധമായ ഇവിടെ ന്യൂനപക്ഷവോട്ടുകള്‍ നിര്‍ണായകമായിരുന്നു. ഇതും പ്രദീപിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായി. 1996 ല്‍ കെ. രാധാകൃഷ്ണന്‍ മത്സരിക്കാനെത്തിയതോടെയാണ് കോണ്‍ഗ്രസ് കോട്ടയായിരുന്ന ചേലക്കര ഇടതുവശം ചേര്‍ന്നത്. നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള കഠിന യത്നത്തിലായിരുന്നു കോണ്‍ഗ്രസ്. മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ എന്നിവരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു ഇടത് പ്രചാരണം. ഇത് വിജമായി മാറി.

കെ.സുധാകരന്‍, വി.ഡി സതീശന്‍ എന്നിവരാണ് യു.ഡി.എഫിന്റെ കുന്തമുനകള്‍. എന്‍.കെ സുധീറിനെ മുന്‍നിര്‍ത്തി പി.വി അന്‍വര്‍ എം.എല്‍.എയും സജീവമായി. എന്നാല്‍ ബിജെപിക്കായി വന്‍തോക്കുകളൊന്നും സജീവമായിരുന്നില്ല. എല്ലാവരും പാലക്കാടായിരുന്നു ശ്രദ്ധിച്ചത്. എന്നിട്ടും വലിയ തോതില്‍ ബിജെപിയുടെ ബാലകൃഷ്ണന്‍ വോട്ടുയര്‍ത്തി. തൃശൂര്‍പൂരം കലക്കല്‍, കൊടകര കുഴല്‍പ്പണക്കേസ്, കരുവന്നൂര്‍ തട്ടിപ്പ്, ഭരണരംഗത്തെ അഴിമതി എന്നിവ ചേലക്കരയിലെ കുടുംബയോഗങ്ങളില്‍ സജീവചര്‍ച്ചയായി. ഇവിടെ ആകെ 9 പഞ്ചായത്തുകളില്‍ 6 ഇടത്തും എല്‍.ഡി.എഫ് ഭരണമാണ്. 3 സ്ഥലത്ത് യു.ഡി.എഫ്.

ലോക്‌സഭ തിരഞ്ഞെടുപ്പിലാണ് ചേലക്കരയില്‍ ബിജെപിക്ക് കൂടുതല്‍ വോട്ട് കിട്ടിയത്. അതിനേക്കാള്‍ 4,635 വോട്ട് ബാലകൃഷ്ണന്‍ ഉയര്‍ത്തി. 21.49 ശതമാനം വോട്ടും നേടി. ബാലൃഷ്ണന്റെ ജനകീയതയ്ക്ക് തെളിവായി ഇത് മാറുകയാണ്. 2021ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 9309 വോട്ടാണ് ഇത്തവണ ബിജെപിക്ക് കൂടിയത്.

ഉപതിരഞ്ഞെടുപ്പിലെ ബിജെപി നില ഇങ്ങനെ

യു ആര്‍ പ്രദീപ്(സിപിഎം)-64827

രമ്യാ ഹരിദാസ്(കോണ്‍ഗ്രസ്)-52626

കെ ബാലകൃഷ്ണന്‍(ബിജെപി)-33609

ഭൂരിപക്ഷം 12201

മുന്‍ തിരഞ്ഞെടുപ്പിലെ വോട്ടുനില

2021 നിയമസഭ

കെ.രാധാകൃഷ്ണന്‍ (സി.പി.എം) 83415 (54.41 %)

സി.സി ശ്രീകുമാര്‍ (കോണ്‍ഗ്രസ്) 44015 (28.71 %)

ഷാജുമോന്‍ വട്ടേക്കാട് ( ബി.ജെ.പി) 24045 (15.68%)

ഭൂരിപക്ഷം: 39400

2024 ലോക്സഭാ തെരഞ്ഞെടുപ്പ്

കെ.രാധാകൃഷ്ണന്‍ (സി.പി.എം) 60368 (41.21 %)

രമ്യഹരിദാസ് (കോണ്‍ഗ്രസ്) 55195 (37.67 %)

ഡോ.ടി.എന്‍ സരസു (ബി.ജെ.പി) 28974 (19.78 %)

ഭൂരിപക്ഷം 5173

രാഷ്ട്രീയകണക്കുകള്‍ക്കും അപ്പുറത്താണ് ചേലക്കരയുടെ മനസ്. കെ.രാധാകൃഷ്ണന്റെ സൗമ്യതയ്ക്ക് ഇവിടത്തുകാര്‍ എ പ്ലസ് മാര്‍ക്കിട്ടു. 2016 ല്‍ രാധാകൃഷ്ണനു പകരം യു.ആര്‍ പ്രദീപാണ് എത്തിയത്. 21 ല്‍ വീണ്ടും രാധാകൃഷ്ണന്‍ വന്നപ്പോള്‍ റെക്കോഡ് ഭൂരിപക്ഷം നല്‍കി. കൂടെനില്‍ക്കുന്നവരുടെ കൂടെയുണ്ടാകുമെന്നാണ് ചേലക്കരയുടെ ഉറപ്പ്. അതിലൂന്നിയാണ് രമ്യഹരിദാസും വോട്ടുതേിയത്. മുന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാധാകൃഷ്ണന് 39400 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നുവെങ്കില്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നിയമസഭാ മണ്ഡലത്തിലെ ലീഡ് കേവലം 5173 ആയിരുന്നു. ഇതാണ് പ്രദീപ് ഉയര്‍ത്തുന്നത്. ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു ആര്‍ പ്രദീപിന്റെ തേരോട്ടം. 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യു ആര്‍ പ്രദീപ് വിജയിച്ചു.

64,259 വോട്ടുകളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. ചേലക്കരയിലാണ് രാഷ്ട്രീയ മത്സരം നടക്കുന്നതെന്ന് അവകാശ വാദം ഉന്നയിച്ച കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് 52,137 വോട്ടാണ് ലഭിച്ചത്. പ്രതിപക്ഷത്തിന്റെയും സര്‍ക്കാരിന്റെയും വിലയിരുത്തല്‍ നടന്ന തെരഞ്ഞെടുപ്പായിരുന്നു ചേലക്കരയിലേത്. പാലക്കാട് സിപിഐ എമ്മിലെ സൗമ്യ മുഖങ്ങളിലൊന്നാണ് ചേലക്കാരക്കാരുടെ സ്വന്തം പ്രദീപേട്ടന്‍. കെ രാധാകൃഷണന്റെ പിന്‍ഗാമിയായി 2016 മുതല്‍ 21 വരെ അഞ്ചുവര്‍ഷം ചേലക്കര എംഎല്‍എയായിരുന്ന അദ്ദേഹം നിരവധി വികസനപ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ഇതെല്ലാം വോട്ടായി മാറി.

പ്രദീപിന് തദ്ദേശ-സഹകരണ രംഗത്തെ ഭരണപരിചയമടക്കം കരുത്തായി. 2000-2005 കാലയളവില്‍ ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. പഞ്ചായത്തിന്റെ ഭരണസാരഥിയായിരിക്കെ ആദ്യ അവസരത്തില്‍ തന്നെ നേതൃപാടവം തെളിച്ച് സംസ്ഥാനത്തെ മികച്ച പഞ്ചായത്തിനുള്ള പുരസ്‌കാരം ദേശമംഗലത്തിന് നേടികൊടുത്തു. പഞ്ചായത്തില്‍ ഇടത് മുന്നണിയ്ക്ക് തുടര്‍ ഭരണവും നേടികൊടുത്തു. 2005-10വരെ പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 2009-11ല്‍ ദേശമംഗലം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 2015ല്‍ വീണ്ടും ദേശമംഗലം പഞ്ചായത്ത് അംഗമായി. ഇതിനിടയിലാണ് 2016ല്‍ ചേലക്കരയില്‍ നിന്ന് നിയമസഭയിലെത്തിയത്. 2022 മുതല്‍ സംസ്ഥാന പട്ടികജാതി-വര്‍ഗ വികസന കോര്‍പറേഷന്‍ ചെയര്‍മാനാണ്. പട്ടികജാതി വിഭാഗക്കാര്‍ക്ക് ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കി. 15 വര്‍ഷ ചരിത്രത്തിനിടെ കോര്‍പറേഷനെ വന്‍ ലാഭത്തിലാക്കി.

പട്ടികജാതി സംവരണ മണ്ഡലമായ ചേലക്കര 1965ലാണ് രൂപീകൃതമായത്. ചേലക്കര, കൊണ്ടാഴി, തിരുവില്വാമല, പഴയന്നൂര്‍, പാഞ്ഞാള്‍, വള്ളത്തോള്‍ നഗര്‍, മുള്ളൂര്‍ക്കര, ദേശമംഗലം, വരവൂര്‍ എന്നീ ഒമ്പത് പഞ്ചായത്തുകളാണ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. 1996ല്‍ കെ രാധാകൃഷ്ണന്‍ ജയിച്ച ശേഷം എല്‍ഡിഎഫിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മണ്ഡലത്തിലെ ആദ്യ ഉപതെരഞ്ഞെടുപ്പ് ആയിരുന്നു ഇത്. തെരഞ്ഞെടുപ്പില്‍ 72.77 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 1,55,077 പേര്‍ വോട്ട് ചെയ്തപ്പോള്‍ ബൂത്തിലേക്കെത്തിയത് കൂടുതലും സ്ത്രീകളായിരുന്നു. വോട്ട് ചെയ്തവരില്‍ 82,757 സ്ത്രീകളും 72,319 പുരുഷന്മാരും ഒരു ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെടും. 2021ല്‍ 77.40 ശതമാനമായിരുന്നു പോളിങ്.

നിലവില്‍ സിപിഐ എം വള്ളത്തോള്‍ നഗര്‍ ഏരിയ കമ്മിറ്റി അംഗമാണ് യു ആര്‍ പ്രദീപ്. പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന കമ്മിറ്റി അംഗവും കെഎസ്‌കെടിയു ജില്ലാ കമ്മിറ്റി അംഗവുമാണ്. ചേലക്കര പാളൂര്‍ തെക്കേപുരക്കല്‍ പരേതരായ രാമന്റയും ശാന്തയുടെയും മകനാണ്.