- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്നിത്തലയുടെ ഉറക്കം കെടുത്തുന്ന 'മഹാ ദുരന്തം'; മറാത്തിയിലെ മേല്‍നോട്ടം ഗംഭീരമാക്കിയ വി മുരളീധരനും; മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് പ്രമുഖന് അടിതെറ്റിയപ്പോള്‍ മുംബൈയിലെ ചുമതലകള്‍ ബിജെപിക്കാരന് നല്‍കുന്നത് അളവറ്റ സന്തോഷം; മലയാളി നേതാക്കളുടെ 'ശിവജി മണ്ണിലെ' പ്രകടനം കേരളം ചര്‍ച്ചയാക്കുമ്പോള്‍
തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ വിജയം നേടിയ വി മുരളീധരന്‍. തകര്‍ന്നടിഞ്ഞ രമേശ് ചെന്നിത്തലയും. കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകള്‍ക്കിടയില്‍ മലയാളികളായ രണ്ടു മുതിര്‍ന്ന നേതാക്കളെയാണ് മഹാരാഷ്ട്രയിലേക്ക് അവരുടെ പാര്‍ട്ടി നിയോഗിച്ചത്. മഹാരാഷ്ട്രാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നിയന്ത്രണം തന്നെ രമേശ് ചെന്നിത്തലയ്ക്കായിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും എല്ലാം നോക്കിയത് മഹാരാഷ്ട്രയില്‍ ചെന്നിത്തല. ഇത് വിജയമായി. ലോക്‌സഭയിലേക്ക് കോണ്‍ഗ്രസ് നേതൃത്വത്തിലെ മഹാ വികാസ് അഘാഡി സീറ്റുകള്‍ വാരിക്കൂട്ടി. ആ ആത്മവിശ്വാസവുമായി നിയമസഭയില്‍ പോരാട്ടിന് മുന്നില്‍ നിന്ന ചെന്നിത്തലയ്ക്ക് ക്ഷീണകാലമാണ് ഇപ്പോള്‍. മറുവശത്ത് ബിജെപി വിട്ടത് മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍. മഹാരാഷ്ട്രയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണ ചുമതലയില്‍ മേല്‍നോട്ടം വഹിച്ചത് ആഭ്യന്തരമന്ത്രി അമിത് ഷായാണ്. മുരളീധരനെ അമിത് ഷാ നിര്‍ണ്ണായക ചുമതലകളും ഏല്‍പ്പിച്ചു. ബിജെപി അവിടെ ചരിത്രം വിജയം നേടുമ്പോള്‍ അത് മുരളീധരന് പലവിധത്തില്‍ ആഹ്ലാദിക്കാന്‍ വക നല്‍കുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ മത്സരിച്ച് മൂന്ന് ലക്ഷത്തില്‍ അധികം വോട്ട് നേടിയത് മുരളീധരന്റെ സംഘടനാ മികവായിരുന്നു. സംഘടനയെ ചലിപ്പിക്കാന്‍ അറിയുന്ന മുരളീധരനെ മഹാരാഷ്ട്രയിലേക്കും നിയോഗിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സജീവമാകേണ്ടിയും വന്നില്ല. പാലക്കാടും ചേലക്കരയും ഒന്നു പോയി നോക്കിയെന്നൊഴിച്ചാല്‍ വലിയ ഇടപെടലൊന്നും മുരളീധരന്‍ നടത്തിയില്ല. അതുകൊണ്ട് തന്നെ തന്റെ ഗ്രൂപ്പിലെ രണ്ടാമനും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രന്‍ നേരിട്ട് നയിച്ച പാലക്കാട്ടെ തിരഞ്ഞെടുപ്പ് ദുരന്തത്തില്‍ മുരളീധരന് പേരു ദോഷവും ഉണ്ടായില്ല. ഒരു കാര്യവും കേരളത്തില്‍ ആരും മുരളീധരനോട് ചോദിച്ചതുമില്ല. അതുകൊണ്ട് തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അടക്കം മുരളിയ്ക്ക് പങ്കുമുണ്ടായില്ല. ഇതിനൊപ്പം മഹാരാഷ്ട്രയിലെ മഹാ വിജയത്തിന്റെ ഭാഗമാകാനും കഴിഞ്ഞു. സംഘടനാ പുനസംഘടനയില്‍ അടക്കം മുരളീധരന് ഗുണം ചെയ്യുന്നാണ് വിലയിരുത്തല്‍. ശിവജിയുടെ നാട്ടില്‍ ബിജെപിക്കായി മികച്ച ഏകോപനം മുരളീധരന്‍ നടത്തിയെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്ന് രമേശ് ചെന്നിത്തല വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നേട്ടം അടക്കം വിലയിരുത്തിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തിയത്. പക്ഷേ കോണ്‍ഗ്രസ് സഖ്യം അമ്പേ പൊളിഞ്ഞടങ്ങി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നേരത്തെ ഉയര്‍ത്തിക്കാട്ടാന്‍ കഴിയാത്തത് വലിയ തിരിച്ചടിയായി. മഹാരാഷ്ട്രാ സഖ്യത്തിലെ നേതാക്കള്‍ മുഖ്യമന്ത്രി കസേര മുന്നില്‍ കണ്ട് നടത്തി പ്രഖ്യാപനങ്ങള്‍ മഹാ വികാസ് അഘാഡിയുടെ അടിത്തറ തന്നെ തോണ്ടി. ആരും പ്രതീക്ഷിക്കാത്ത ദുരന്തമായി അവര്‍ മാറി. ഇത് ചെന്നിത്തലയ്ക്ക് നല്‍കുന്നത് വലിയ നിരാശയാണ്. മഹാരാഷ്ട്ര കാരണം കേരളത്തിലെ ഉപതിരഞ്ഞെടുപ്പില്‍ വലിയ റോളുമുണ്ടായില്ല. കേരളത്തില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കി. പക്ഷേ അത് എല്ലാ അര്‍ത്ഥത്തിലും വിഡി സതീശന്റേയും കെ സുധാകരന്റേയും ആയി മാറുകയും ചെയ്തു. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടായിരുന്നുവെങ്കില്‍ ഹൈക്കമാണ്ടിന്റെ പ്രിയങ്കരനായി ചെന്നിത്തല മാറുമായിരുന്നു. ഈ സുവര്‍ണ്ണാവസരമാണ് മഹാ വികാസ് അഘാഡിയുടെ തോല്‍വിയോടെ സംഭവിച്ചത്. കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലെ ചെന്നിത്തല വിരുദ്ധര്‍ക്ക് ഇത് കരുത്തായി മാറിയിട്ടുമുണ്ട്.
'മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കാനിറങ്ങിയ' കോണ്‍ഗ്രസിന്റെ സംസ്ഥാന ചുമതലക്കാരനായ രമേശ് ചെന്നിത്തല ഫലം പുറത്തുവന്നതോടെ പരിഹാസ്യനായി എന്ന തരത്തില്‍ ചര്‍ച്ചകളും വാര്‍ത്തകളുമെത്തി. മഹാരാഷ്ട്രയുടെ ചുമതലയുള്ള പ്രവര്‍ത്തകസമിതി അംഗമെന്ന നിലയില്‍ ചെന്നിത്തല 10 മാസം അവിടെ 'നങ്കൂരമിട്ട്' നടത്തിയ പരിശ്രമങ്ങളെ പ്രശംസിക്കുന്ന മനോരമയുടെ പഴയ വാര്‍ത്ത ഫലം വന്നതോടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഹരിയാനയിലെ തോല്‍വിയുടെ പാഠത്തിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്രയില്‍ തന്ത്രങ്ങള്‍ ഉണ്ടാക്കിയെന്ന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചെന്നിത്തല അവകാശപ്പെട്ടിരുന്നു. മുഖ്യമന്ത്രി ആരാണെന്ന കാര്യത്തില്‍ ഫലപ്രഖ്യാപനത്തിനുശേഷം സമവായമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡിയെ അസാമാന്യ നേതൃശേഷിയോടെ കോര്‍ത്തിണക്കാന്‍ ചെന്നിത്തലയ്ക്ക് കഴിഞ്ഞതായി മനോരമ ലേഖകനും എഴുതിപ്പിടിച്ചിരുന്നു. രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പേജിലും പരിഹാസ കമന്റുകള്‍ നിറഞ്ഞു. പ്രിയങ്ക ഗാന്ധിയെ അഭിനന്ദിച്ചുള്ള ചെന്നിത്തലയുടെ പോസ്റ്റിന് അടിയില്‍- 'മഹാരാഷ്ട്രയില്‍ നമ്മുടെ സര്‍ക്കാര്‍ എപ്പോള്‍ സത്യപ്രതിജ്ഞ ചെയ്യും?', 'പ്രിയങ്കയോട് ധൈര്യമുണ്ടെങ്കില്‍ മഹാരാഷ്ട്രയില്‍ മത്സരിക്കാന്‍ പറയൂ...' എന്നിങ്ങനെ കമന്റുകളുടെ ചാകരയാണെനന് റിപ്പോര്‍ട്ട് ചെയ്ത് ആഘോഷിക്കുന്നത് സിപിഎം മുഖപത്രമായ ദേശാഭിമാനിയാണ്.
അതിനിടെ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് പരാജയം അവിശ്വസനീയമെന്ന് രമേശ് ചെന്നിത്തല പ്രതികരിക്കുകയും ചെയ്തു. ഇത്രയും വലിയൊരു പരാജയം ഉണ്ടാകുമെന്ന് കരുതിയില്ലെന്നും പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും തിരിച്ചടിയുണ്ടായത് അംഗീകരിക്കാനാകുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഈ തോല്‍വി പാര്‍ട്ടി കൃത്യമായി പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.പാലക്കാട്ടെ വിജയത്തിന് രാഹുല്‍ മാങ്കൂട്ടത്തിലിന് അഭിനന്ദനമെന്നും പ്രിയങ്ക ഗാന്ധിയുടെ വിജയം മതേതര ശക്തികളുടെ വിജയം എന്നും പറഞ്ഞ രമേശ് ചെന്നിത്തല കേരളത്തില്‍ ഭരണവിരുദ്ധ വികാരം ഇല്ല എന്ന സിപിഐഎം വാദം അംഗീകരിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. അങ്ങനെ കേരള വിജയത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് ചെന്നിത്തലയെത്തി. എന്നാല്‍ ബിജെപിയുടെ മുരളീധരന്‍ എല്ല്ാ അര്‍ത്ഥത്തിലും സന്തോഷത്തിലാണ്. പ്രതികരണങ്ങളിലും അത് വ്യക്തം. മഹാരാഷ്ട്രയെയാണ് മുമ്പ് മുരളീധരന്‍ രാജ്യസഭയില്‍ പ്രതിനിധാനം ചെയ്തത്. ഈ വിജയത്തിന് പിന്നിലെ ചാലക ശക്തികളില്‍ ഒരാളായ മുരളീധരനെ വീണ്ടും മഹാരാഷ്ട്രയില്‍ നിന്നും രാജ്യസഭയില്‍ എത്തിക്കാനും സാധ്യതയുണ്ട്.
അതിനിടെ പാലക്കാട്ടെ ബിജെപി തോല്‍വിയെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്ന് വ്യക്തമാക്കിയ മുരളീധരന്‍ പ്രസ്താവനയും സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയാണ്. തനിക്ക് മഹാരാഷ്ട്രയുടെ ചുമതലയാണ് നല്‍കിരുന്നതെന്നും അവിടത്തെക്കുറിച്ചുപറയാമെന്നും മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.'ഈ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി എന്നെ ഏല്‍പ്പിച്ചത് മഹാരാഷ്ട്രയുടെ ചുമതലയാണ്. ഓഗസ്റ്റ് മാസം പകുതിതൊട്ട് ഈ മാസം ഇരുപതാം തീയതിവരെ മുംബയ് കേന്ദ്രമാക്കി മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പാണ് ഞാന്‍ ശ്രദ്ധിച്ചത്. പ്രധാനപ്പെട്ട നേതാവായതുകൊണ്ടാണല്ലോ പാര്‍ട്ടി എനിക്ക് മഹാരാഷ്ട്രയുടെ ചുമതല തന്നത്. അതുകൊണ്ട് മഹാരാഷ്ട്രയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ഞാന്‍ പറഞ്ഞുതരാം. ഇവിടെ എന്തൊക്കെയാണ് പ്ലാന്‍ചെയ്തത്, എന്തൊക്കെ നടപ്പിലായി, എന്തൊക്കെ നടപ്പിലായില്ല അതൊക്കെ പാര്‍ട്ടി വിലയിരുത്തും. ഇനി ഈ ഘട്ടത്തില്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് പ്രസിഡന്റ് പറയും. വേറെന്തുപറയാനാ'- മുരളീധരന്‍ പ്രതികരിച്ചത് ഇങ്ങനെയാണ്.