- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
23,571 വാര്‍ഡുകളില്‍ 11,102 സീറ്റില്‍ യുഡിഎഫിന് വിജയം; സിപിഎമ്മിന്റെ നേട്ടം 8863 ഇടത്തു മാത്രം; 1919 സീറ്റില്‍ ബിജെപിയും; മറ്റുള്ളവരുടെ നേട്ടം 1687 സീറ്റും; എന്തുകൊണ്ട് ഈ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനും ബിജെപിക്കും മാത്രം ചിരിക്കാനുള്ളതാകുന്നു? കണക്കുകളില്‍ നിറയുന്നത് ഭരണവിരുദ്ധത തന്നെ
തിരുവനന്തപുരം: തദ്ദേശത്തില്‍ ഫലം വന്നത് 23, 571 തദ്ദേശ സ്ഥാപനങ്ങളുടേതില്‍. ഇതില്‍ ജില്ലാ പഞ്ചായത്ത് സീറ്റുകളും കോര്‍പ്പറേഷന്‍ വാര്‍ഡുകളും പഞ്ചായത്തും ബ്ലോക്ക് വാര്‍ഡും വരും. ഇതില്‍ 11,102 ഇടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. 8863 ഇടത്തു മാത്രാണ് ഇടതു വിജയം. 1919 സീറ്റില്‍ ബിജെപി മുന്നണിയും ജയിച്ചു. മറ്റുള്ളവരുടെ നേട്ടം 1687 സീറ്റിലാണ്. ഗ്രാമപഞ്ചായത്തിലും ബ്ലോക്കിലും ജില്ലാ പഞ്ചായത്തിലും കോര്‍പ്പറേഷനിലും യുഡിഎഫിന് വാര്‍ഡ് എണ്ണ കണക്കില്‍ മുന്‍തൂക്കമുണ്ട്.
ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ് 8021 സീറ്റിലും ബ്ലോക്ക് പഞ്ചായത്തില്‍ 1241 സീറ്റിലും ജില്ലാ പഞ്ചായത്തില്‍ 195 സീറ്റിലും യുഡിഎഫ് ജയിച്ചു. 1458 മുന്‍സിപ്പല്‍ വാര്‍ഡിലും കോണ്‍ഗ്രസ് മുന്നണിയാണ് ജയിച്ചത്. 187 കോര്‍പ്പറേഷന്‍ വാര്‍ഡുകളും അവര്‍ കീഴടക്കി. ഇടതു മുന്നണിയ്ക്ക് 6568 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ കിട്ടി. ബ്ലോക്കില്‍ 923 വാര്‍ഡുകളിലാണ് ഇടതു നേട്ടം. 147 ജില്ലാ പഞ്ചായത്ത് സീറ്റും ഇടതുപക്ഷം ജയിച്ചു. 1100 മുന്‍സിപ്പല്‍ വാര്‍ഡുകളും സിപിഎം മുന്നണി നേടി. കോര്‍പ്പറേഷനില്‍ 125 വാര്‍ഡാണ് സിപിഎം മുന്നണിയ്ക്ക് നേട്ടം.
ബിജെപിയ്ക്കും നേട്ടമുണ്ടായി. കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ് ജയിച്ചു. 1919 വാര്‍ഡുകളിലാണ് നേട്ടം. ഇതില്‍ 1447 ഗ്രാമ പഞ്ചായത്തുകളുണ്ട്. 54 ബ്ലോക്ക് സീറ്റിലും ജയിച്ചു. ഇതും ബിജെപിയ്ക്ക് കരുത്തായി മാറും. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിലും ജയമുണ്ടായി. ഇതിനൊപ്പം 324 മുന്‍സിപ്പലാറ്റി വാര്‍ഡിലും വിജയിച്ചു. 93 കോര്‍പ്പറേഷന്‍ വാര്‍ഡിലും ജയിച്ചു. 1687 സീറ്റിലാണ് മറ്റുള്ളവര്‍ ജയിച്ചത്. 1299 സീറ്റില്‍ ഒരു പാര്‍ട്ടിയിലും പെടാത്തവര്‍ ഗ്രാമ പഞ്ചായത്തിലേക്ക് ജയിച്ചു. ട്വന്റി ട്വന്റിയും സ്വതന്ത്രരും ഇതില്‍ പെടും. മറ്റുളളവരുടെ പട്ടികയില്‍ ബ്ലോക്ക് വാര്‍ഡുകളില്‍ ജയിച്ചത് 49 പേരാണ്. ജില്ലാ പഞ്ചായത്തിലും ഈ കാറ്റഗറിയില്‍ ഒരാള്‍ വിജയം നേടി. 323 മുന്‍സിപ്പല്‍ വാര്‍ഡിലും 15 കോര്‍പ്പറേഷന്‍ വാര്‍ഡിലും മറ്റുള്ളവര്‍ ജയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ 'ശബരിമല തരംഗം' ആഞ്ഞടിച്ചപ്പോള്‍ ഭരണകക്ഷിയായ സിപിഎം പ്രതിസന്ധിയിലായി. സംഘടനാ കരുത്തില്‍ നേട്ടമുണ്ടാക്കാമെന്ന ഇടതുമുന്നണിയുടെ പ്രതീക്ഷയെല്ലാം തകര്‍ന്ന് അടിഞ്ഞു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ക്ഷേമ പെന്‍ഷന്‍ തുകയടക്കം വര്‍ദ്ധിപ്പിച്ചിട്ടും ഫലമുണ്ടായില്ല. കടുത്ത ഭരണവിരുദ്ധ വികാരം സമൂഹത്തിലുണ്ടെന്ന വ്യക്തമായ സന്ദേശമാണ് ഈ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമേയുള്ളൂ. അതുകൊണ്ട് തന്നെ ഈ വികാരം എങ്ങനെ മറികടക്കുമെന്ന ചിന്ത സിപിഎമ്മിനെ വല്ലാതെ അലട്ടുകയാണ്.
സമീപകാലത്ത് കേരളം ചര്‍ച്ച ചെയ്ത വിവാദങ്ങളെല്ലാം ഇടതുമുന്നണിയെ ജനങ്ങളില്‍ നിന്ന് അകറ്റിയെന്നതാണ് വസ്തുത. ആഗോള അയ്യപ്പ സംഗമത്തിലൂടെ എന്‍എസ്എസിനെ ചേര്‍ത്തു നിര്‍ത്താന്‍ ശ്രമിച്ച സിപിഎം നീക്കം പുറത്തുകൊണ്ടുവന്നത് ശബരിമലയിലെ 'സ്വര്‍ണക്കൊള്ള'യായിരുന്നു. സിപിഎം പ്രവര്‍ത്തകരായ എ. പത്മകുമാറിന്റെയും വാസുവിന്റെയും അറസ്റ്റ് വന്‍ തിരിച്ചടിയായി. പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാറിനെതിരെ നടപടിയെടുക്കാന്‍ വൈകിയത് ഗുണത്തേക്കാളേറെ ദോഷം ചെയ്തു. രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദത്തെ പോലും സിപിഎമ്മിന്റെ മൗനം അപ്രസക്തമാക്കി. എന്നാല്‍, മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് എടുത്ത നടപടികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം ലഭിക്കുകയും ചെയ്തു.
അയ്യപ്പ സംഗമത്തിലൂടെ നായര്‍ വോട്ടുകള്‍ അടുപ്പിക്കാനുള്ള തന്ത്രം സ്വര്‍ണക്കൊള്ളയില്‍ തകര്‍ന്നടിഞ്ഞു. എസ്എന്‍ഡിപി യൂണിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുള്ള വ്യക്തിബന്ധം ഈഴവ വോട്ടുകളെ പോലും ഇടതുമുന്നണിക്ക് അനുകൂലമാക്കിയില്ല. അവസാന നിമിഷം പ്രഖ്യാപിച്ച ക്ഷേമപെന്‍ഷന്‍ വര്‍ദ്ധനവ് പോലും ഫലം കാണാതിരുന്നതിന് കാരണം ഇത്തരത്തിലുള്ള ശക്തമായ വിവാദങ്ങളാണ്. ദേശീയ പാതയില്‍ ഉന്നയിച്ച അനാവശ്യ അവകാശവാദങ്ങള്‍ റോഡ് തകര്‍ച്ചയോടെ തകര്‍ന്നു.
കണ്ണൂരിലെ വോട്ട് ചോര്‍ച്ചയും കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് മുന്നണിയുടെ വിജയം സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ചു. കൂത്തുപറമ്പ് രക്തസാക്ഷികളെ മറന്നുള്ള രവഡാ ചന്ദ്രശേഖറിന്റെ ഡിജിപി നിയമനം കണ്ണൂരിലെ സഖാക്കളെ വേദനിപ്പിച്ചിട്ടുണ്ട്. ഇതിനുപുറമെ പിഎം ശ്രീ വിവാദത്തോടെ കേന്ദ്ര സര്‍ക്കാരുമായുള്ള സിപിഎമ്മിന്റെ അവിശുദ്ധ ബന്ധം ചര്‍ച്ചകളിലെത്തി. ഈ ഡീലിന് പിന്നില്‍ ജോണ്‍ ബ്രിട്ടാസാണെന്ന് കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഇനിയും ഡീലുണ്ടാക്കുമെന്നായിരുന്നു ഈ വിവാദത്തോട് സിപിഎം സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചത്.
വോട്ടെടുപ്പ് ദിനത്തിലെ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രസ്താവനയും ദോഷം ചെയ്തു. സ്ത്രീ ലമ്പടന്മാരെന്ന അദ്ദേഹത്തിന്റെ പ്രയോഗം തിരിച്ചടിച്ചു. നിലമ്പൂരിലെ യുഡിഎഫ് തരംഗം തദ്ദേശത്തിലും നിറയുകയാണ്. ഇത്രയും അനുകൂല ഫലം യുഡിഎഫ് നേതാക്കള്‍ പോലും വിചാരിച്ചിരുന്നില്ല. ശബരിമല വിവാദത്തിന്റെ ആഴമാണ് ഈ വിജയത്തിന് കാരണമെന്ന് സിപിഎം തിരിച്ചറിയുന്നുണ്ട്.
ഈ ഫലത്തില്‍ നിന്ന് അതിവേഗം കരകയറിയില്ലെങ്കില്‍ ഭരണത്തില്‍ ഹാട്രിക് നേടാനുള്ള സ്വപ്നം യാഥാര്‍ത്ഥ്യമാകില്ലെന്ന് സിപിഎം മനസ്സിലാക്കുന്നുണ്ട്. സൈബര്‍ മേഖലയിലെ പിന്തുണ കൊണ്ടുമാത്രം അധികാരം നിലനിര്‍ത്താന്‍ കഴിയില്ലെന്ന ശക്തമായ തിരിച്ചറിവിലാണ് ഇടതുപക്ഷം ഇപ്പോള്‍. ഇനി ഇടതുമുന്നണിയില്‍ തിരുത്തല്‍ ശക്തിയായി സിപിഐയും മാറാനുള്ള സാധ്യതകളുണ്ട്.




