പാലക്കാട്: ബിജെപി നേതാവ് സന്ദീപ് വാര്യരെ കോണ്‍ഗ്രസിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് ബെന്നി ബെഹന്നാന്‍. സന്ദീപുമായുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് കെപിഎസ്ടിഎ മുന്‍ അധ്യക്ഷന്‍ ഹരി ഗോവിന്ദാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. മറ്റു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും അതീവ രഹസ്യമായി സന്ദീപ് വാര്യരുമായി ചര്‍ച്ച നടത്തി. സന്ദീപ് വാര്യരുമായുള്ള കോണ്‍ഗ്രസിന്റെ പാലം ഹരി ഗോവിന്ദായിരുന്നു. പി സരിനെതിരെ മുമ്പ് ഉറച്ച നിലപാട് സ്വീകരിച്ച വ്യക്തിയാണ് ഹരി ഗോവിന്ദ്. സന്ദീപ് വാര്യരുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള വ്യക്തിയായിരുന്നു ഹരി ഗോവിന്ദ്.

പ്രാഥമിക ചര്‍ച്ചയിലൂടെ കോണ്‍ഗ്രസ് പ്രവേശനത്തിനുള്ള സന്നദ്ധത സന്ദീപ് വാര്യര്‍ അറിയിച്ചതോടെ ഇന്നലെ രാത്രി പ്രതിപക്ഷ നേതാവ് വിഡി സതീശനും ചര്‍ച്ച നടത്തി. സന്ദീപുമായി പ്രതിപക്ഷ നേതാവ് ചര്‍ച്ച നടത്തിയതിനുശേഷം കെസി വേണുഗോപാല്‍ സന്ദീപുമായി ഫോണില്‍ സംസാരിച്ചു. പ്രതിപക്ഷ നേതാവ് ചര്‍ച്ച നടത്തിയപ്പോള്‍ ഒപ്പം ദീപാ ദാസ് മുന്‍ഷിയും ഉണ്ടായിരുന്നു. കെസി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചര്‍ച്ചയുടെ ഭാഗമായശേഷം സന്ദീപിനെ കോണ്‍ഗ്രസിലേക്ക് സ്വീകരിക്കാന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പാലക്കാടന്‍ മിന്നല്‍ എന്ന് പേരിട്ട ഈ ഓപ്പറേഷന്റെ മറ്റ് വിശദാംശങ്ങള്‍ പുറത്തു വിടില്ലെന്നാണ് ബെന്നി ബെഹന്നാന്‍ പറയുന്നത്.

കോണ്‍ഗ്രസില്‍ പ്രധാനമായും രണ്ട് ഗ്രൂപ്പുകളാണുണ്ടായിരുന്നത്. കരുണകര വിഭാഗവും അന്റണി പക്ഷവും. ഇതില്‍ എ ഗ്രൂപ്പെന്ന ആന്റണി വിഭാഗം പിന്നിട് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലായി. എ ഗ്രൂപ്പില്‍ ക്രൈസിസുകള്‍ മാനേജ് ചെയ്യാന്‍ എന്നും ഉമ്മന്‍ചാണ്ടി ആശ്രയിച്ചത് ബെന്നിയെയാണ്. കുറച്ചു കാലമായി ബെന്നി കേരളത്തിലെ നേതൃത്വവുമായി സഹകരിക്കാതെ മാറി നില്‍ക്കുന്നുവെന്നായിരുന്നു വിലയിരുത്തല്‍. ഇത് അപ്രസക്തമാക്കുന്നതാണ് ഇപ്പോഴത്തെ ഇടപെടല്‍. എല്ലാ ക്രെഡിറ്റും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അടക്കം ബെന്നിക്കും നല്‍കി. കരുണാകരനൊപ്പം നിന്ന് വളര്‍ന്ന കെസി വേണുഗോപാലും ഐ ഗ്രൂപ്പിലെ പഴയ പോരാളി കെ സുധാകരനുമെല്ലാം ബെന്നിയ്‌ക്കൊപ്പം കൂടി. കോണ്‍ഗ്രസില്‍ എല്ലാവരും ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കാനും ഈ ഓപ്പറേഷന് കഴിഞ്ഞു.

പി സരിന്‍ കോണ്‍ഗ്രസ് വിട്ടത് പാര്‍ട്ടിക്ക് ചെറിയൊരളവില്‍ ക്രൈസിസ് ആയിരുന്നു. ഇതിനിടെ പാലക്കാട്ടെ കള്ളപ്പണം മാങ്കൂട്ടത്തിന് കൂടുതല്‍ അനുകൂലതയുണ്ടാക്കി. ബിജെപിയിലെ ഭിന്നതകളും തുണയാകുമെന്ന് കരുതി. അപ്പോഴും 'ക്രൈസിസ്' അവിടെ ഉണ്ടായിരുന്നു. എവി ഗോപിനാഥ് എന്ന കോണ്‍ഗ്രസ് വിമതന്റെ ചടുലമായ നീക്കങ്ങള്‍ കോണ്‍ഗ്രസിന് തലവേദനയായിരുന്നു. ഈ ക്രൈസിസിനെ മറികടക്കാനാണ് സന്ദീപ് വാര്യരെ കോണ്‍ഗ്രസ് അടുപ്പിക്കാന്‍ ശ്രമിച്ചത്. അതില്‍ നേതൃപരമായ പങ്ക് ബെന്നി വഹിക്കുകയും ചെയ്തു. കോണ്‍ഗ്രസ് നേതാക്കളുടെ നീക്കം മണത്തറിയാന്‍ സിപിഎം പ്രത്യേക സംവിധനമൊരുക്കിയിരുന്നു. ഇതില്‍ സുധാകരനും സതീശനും ഷാഫി പറമ്പിലും വികെ ശ്രീകണ്ഠനുമൊക്കെ ഉള്‍പ്പെട്ടു. എന്നാല്‍ ചാലക്കുടി എംപിയായ ബെന്നിയെ ആരും നിരീക്ഷിക്കുകയോ കാര്യമായി എടുക്കുകയോ ചെയ്തില്ല. അതുകൊണ്ടാണ് ബെന്നിയുടെ ഓപ്പറേഷന്‍ സിപിഎം രഹസ്യാന്വേഷണത്തിനും അറിയാതെ പോയത്.

തിരുത്തല്‍വാദ നേതാവായ വിഡി സതീശനും ഇതിനൊപ്പം ഉറച്ചു നിന്നു. അതായത് ഗ്രൂപ്പ് മറന്നാണ് നേതാക്കള്‍ സന്ദീപ് വാര്യര്‍ക്ക് വേണ്ടി ഒരുമിച്ചത്. ആരും പിന്നില്‍ നിന്നും മുന്നില്‍ നിന്നും കുത്തിയതുമില്ല. പാലക്കാട്ടെ വിജയം കോണ്‍ഗ്രസിന് എത്രത്തോളം അനിവാര്യതയാണെന്ന് തിരിച്ചറിഞ്ഞതാണ് ഈ മിന്നല്‍ നീക്കത്തിന് കാരണം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോണ്‍ഗ്രസ് നേതൃത്വം രഹസ്യമായി നടത്തിയ നീക്കങ്ങള്‍ക്കൊടുവിലാണ് ബി.ജെ.പി. സംസ്ഥാന സമിതി അംഗമായിട്ടുള്ള സന്ദീപ് വാര്യരെ പാര്‍ട്ടിയിലെത്തിച്ചതെന്നാണ് സൂചന. സാമൂഹിക മാധ്യമങ്ങളില്‍ ബി.ജെ.പി. മുദ്രകളങ്ങിയ കവര്‍ ഫോട്ടോ മാറ്റി രാവിലെ തന്നെ തന്റെ രാഷ്ട്രീയമാറ്റം പ്രഖ്യാപിച്ചിരുന്നു സന്ദീപ് വാര്യര്‍.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് സന്ദീപിനെ പാര്‍ട്ടിയിലെത്തിക്കാനുള്ള അണിയറനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതെന്നാണ് സൂചന. പാലക്കാട്ടെ കോണ്‍ഗ്രസില്‍നിന്ന് സി.പി.എം. ചില നേതാക്കളെ അടര്‍ത്തിയെടുത്തത് രാഷ്ട്രീയമായി തിരിച്ചടിച്ചിരുന്നു. അതിനെ മറികടക്കുന്ന രാഷ്ട്രീയ പ്രത്യാക്രമണമാണ് കോണ്‍ഗ്രസ് സന്ദീപിലൂടെ നല്‍കുന്നത്. വടകരയിലെ സഹായത്തിനു പകരമായി പാലക്കാട്ട് സഹായമെന്ന ഡീലാണ് കോണ്‍ഗ്രസും ബി.ജെ.പി.യും തമ്മിലുള്ളതെന്ന് ആരോപിച്ചുകൊണ്ടാണ് ഇടതുപക്ഷത്തേക്ക് ഡോ. പി. സരിന്‍ കളംമാറ്റിച്ചവിട്ടിയത്. സരിന് ശേഷം യൂത്ത് കോണ്‍ഗ്രസ് നേതാക്കളടക്കം മറ്റുചിലരും ഇതേ ആരോപണം ഉന്നയിച്ച് പാര്‍ട്ടി വിട്ട് ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നു.

തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പ്രധാന പ്രചാരണായുധമായി ഇത് മാറുകയും ചെയ്തു. അതിനുകൂടിയുള്ള മറുപടിയെന്നോണമാണ് ബി.ജെ.പി. സംസ്ഥാന സമിതി അംഗത്തെ തന്നെ പാര്‍ട്ടിയിലെത്തിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയ തിരിച്ചടി നല്‍കുന്നത്. ബിജെപിയോട് ഇടഞ്ഞ സന്ദീപ് വാരിയറെ കൈപിടിച്ച് കോണ്‍ഗ്രസിലേക്കു സ്വീകരിക്കാന്‍ രണ്ടു ദിവസം മുന്‍പ് തന്നെ അന്തിമധാരണ എത്തിയിരുന്നുവെന്നാണു സൂചന. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനലാപ്പില്‍ വലിയ ട്വിസ്റ്റായി സന്ദീപിന്റെ കൂടുമാറ്റം പ്രഖ്യാപിച്ച് മറ്റു മുന്നണികള്‍ക്കു ഷോക്ക് നല്‍കാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍. കല്‍പ്പാത്തി രഥോല്‍സവം കൂടി കഴിഞ്ഞു മതി പ്രഖ്യാപനം എന്നായിരുന്നു തീരുമാനം. ഇതിനിടെ ഹൈക്കമാന്‍ഡിന്റെ അനുമതി കൂടി ലഭിച്ചതോടെ പ്രഖ്യാപനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. നവംബര്‍ 20നാണ് പാലക്കാട്ട് വോട്ടെടുപ്പ് നടക്കുന്നത്.

പി.സരിന്റെ അപ്രതീക്ഷിത ചുവടുമാറ്റവും പിന്നീടു വന്ന കള്ളപ്പണ വിവാദവും മറികടക്കാന്‍ ബിജെപിയുടെ കരുത്തനായ നേതാവിനെ ഒപ്പം ചേര്‍ക്കുന്നതിലൂടെ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.