അഗർത്തല: സിപിഎമ്മിന്റെ കോട്ടയായിരുന്നു അഞ്ചു കൊല്ലം മുമ്പ് ത്രിപുര. ബിജെപി തേരോട്ടത്തിൽ കഴിഞ്ഞ തവണ തകർന്നു. പതിനാറ് സീറ്റുകളുമായി പ്രതിപക്ഷത്തായി. ഇത്തവണ വീറോടെ അവർ പൊരുതി. കൂടെ കോൺഗ്രസിനേയും കൂട്ടി. കോൺഗ്രസുമായുള്ള പ്രചരണമായതു കൊണ്ട് തന്നെ കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രചരണത്തിന് എത്തിയില്ല. അപ്പോഴും ത്രിപുരയിൽ അധികാരം പിടിക്കുമെന്ന് സിപിഎം കേന്ദ്ര നേതൃത്വം ഉറച്ച് വിശ്വസിച്ചു. പക്ഷേ സംഭവിച്ചത് മറിച്ചാണ്. കോൺഗ്രസിനെ ചേർത്ത് നിർത്തി മത്സരിച്ചിട്ടും സീറ്റുകൾ കുറയുകയാണ് ത്രിപുരയിൽ സിപിഎമ്മിന്. 16ൽ നിന്നും 11 സീറ്റിലേക്ക് അതു ചുരുങ്ങുന്നു. ഒന്നും ഇല്ലായ്മയിൽ നിന്നും കോൺഗ്രസിന് മൂന്ന് സീറ്റും ഈ കൂട്ടായ്മ നൽകുന്നുവെന്നതാണ് വസ്തുത.

ത്രിപുരയിൽ ബിജെപിയെ വീഴ്‌ത്താൻ കോൺഗ്രസിന് കൈകൊടുത്ത സിപിഎമ്മിന് തിരിച്ചടി എന്നതാണ് അന്തിമ വിലയിരുത്തൽ. സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച കോൺഗ്രസ് സീറ്റുകൾ നേടിയപ്പോഴും സിപിഎം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന സഖ്യത്തിന്റെ പ്രതീക്ഷ അസ്ഥാനത്തായി. 43 സീറ്റിൽ സിപിഎം മത്സരിച്ചെങ്കിലും സിപിഎമ്മിന് 11 സീറ്റ് മാത്രമാണ് കിട്ടിയത്. ഇത്തവണ സഖ്യധാരണ അനുസരിച്ച് 13 സീറ്റിൽ മാത്രമാണ് കോൺഗ്രസ് മത്സരിച്ചത്. അതിൽ പല സ്ഥലത്തും ശക്തമായ പോരാട്ടം കോൺഗ്രസ് നടത്തി. ഒടുവിൽ ജയം മൂന്ന് സീറ്റിലേക്ക് ഒതുങ്ങി. 2018 ൽ ഫലം വന്നപ്പോൾ ഒരു സീറ്റും ജയിക്കാതെ കോൺഗ്രസ് വട്ടപ്പൂജ്യമായിരുന്നു. മതേതര സഖ്യം ഫലത്തിൽ കോൺഗ്രസിന് ഗുണം ചെയ്തപ്പോൾ സിപിഎമ്മിന്റെ അംഗബലം കുറഞ്ഞു. ഫലത്തിൽ പഴയ ശത്രുക്കളുടെ കൂടിചേരൽ എല്ലാ അർത്ഥത്തിലും പരാജയമായി.

സെക്കുലർ ഡെമോക്രാറ്റിക് ഫോഴ്‌സസ് എന്ന പേരിൽ മത്സരിച്ച സഖ്യത്തിൽ സിപിഐ, ഫോർവേഡ് ബ്ലോക്ക്, ആർ.എസ്‌പി. പാർട്ടികൾ ഓരോ സീറ്റിലും മത്സരിച്ചിരുന്നു. രാംനഗറിൽ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥി പുരുഷോത്തം റോയ് ബർമനെ തിപ്ര മോത്തയും ഇടത് കോൺഗ്രസ് സഖ്യവും പിന്തുണച്ചിരുന്നു. അവിടെ ജയിച്ചതും ബിജെപിയാണ്. കഴിഞ്ഞ തവണ ഭരണകക്ഷിയായി സഖ്യമില്ലാതെ 57 സീറ്റിൽ മത്സരിച്ച സിപിഎം ഒറ്റയ്ക്ക് 16 സീറ്റിൽ ജയിച്ചിരുന്നു. എന്നാൽ ഇത്തവണ സഖ്യ ബലത്തിൽ പതിനൊന്നിലേക്ക് ചുരുങ്ങുന്നു. ഇത് ദേശീയ തലത്തിൽ സിപിഎമ്മിന് ക്ഷീണമാണ്. ഇതിനൊപ്പം കേരള ഘടകത്തിന്റെ എതിർപ്പുകൾ വകവയ്ക്കാതെ കോൺഗ്രസിന് പിറകെ പോയത് വെറുതെയായെന്ന ഉൾപാർട്ടി വിമർശനത്തിനും കാരണമാകും.

കോൺഗ്രസുമായി സഖ്യമല്ലെന്നും സീറ്റു ധാരണ മാത്രമാണെന്നുമായിരുന്നു മണിക് സർക്കാർ അടക്കമുള്ള ഇടത് നേതാക്കളുടെ വിശദീകരണം. സ്വന്തം താത്പര്യപ്രകാരം പുതിയമുഖങ്ങൾക്ക് അവസരം നൽകാൻ മാറിനിൽക്കുകയാണെന്ന് ഔദ്യോഗികമായി വിശദീകരിച്ചിരുന്നെങ്കിലും കോൺഗ്രസുമായുള്ള സഖ്യമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് 20 വർഷത്തോളം സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന മണിക് സർക്കാരിനെ പിന്തിരിപ്പിച്ചതെന്ന് അഭ്യൂഹമുണ്ടായിരുന്നു. കേരളത്തിന്റെ നിലപാടും ഇതിന് എതിരായിരുന്നു. പക്ഷേ പ്രാദേശികമായി തീരുമാനം വന്നത് ദേശീയ നേതൃത്വം അംഗീകരിച്ചു. ബംഗാളിൽ സിപിഎമ്മിന്റെ കരുത്ത് ഏറെ ചോർന്നു പോയിരിക്കുന്നു. അതുകൊണ്ട് തന്നെ ത്രിപുരയിലെ തോൽവി സിപിഎമ്മിന് വലിയ ആഘാതമാണ്. കേരളത്തിൽ മാത്രമുള്ള പാർട്ടിയെന്ന പേരിലേക്ക് സിപിഎം ചുരുങ്ങും.

ത്രിപുരയിലെ സഖ്യത്തിൽ സിപിഎമ്മിന് വ്യക്തമായ മുൻതൂക്കം ഉണ്ടായിരുന്നു. 60 സീറ്റിൽ തുല്യ പരിഗണന ആദ്യഘട്ടത്തിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് 27 സീറ്റിലേക്കായിരുന്നു കോൺഗ്രസ് അവകാശവാദം ഉന്നയിച്ചത്. എന്നാൽ, ഇടത് പാർട്ടികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ 13 സീറ്റുകളായിരുന്നു കോൺഗ്രസിനായി മാറ്റിവെച്ചത്. ഇതിൽ തൃപ്തരാവാതിരുന്ന കോൺഗ്രസ് 17 സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ചർച്ചകൾക്കൊടുവിൽ പരസ്പരം പ്രഖ്യാപിച്ച നാല് സ്ഥാനാർത്ഥികളെ അവസാനനിമിഷം പിൻവലിച്ച് കോൺഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയായിരുന്നു. അങ്ങനെ സഖ്യം യാഥാർത്ഥ്യമായി. പ്ക്ഷേ ഈ ഒത്തു ചേരൽ ജനം അംഗീകരിച്ചില്ല.

കഴിഞ്ഞ തവണ 59 ഇടത്ത് മത്സരിച്ച കോൺഗ്രസിന് ഒരു സീറ്റുപോലും നേടാൻ കഴിഞ്ഞിരുന്നില്ല. തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടി വിട്ട് തൃണമൂൽ കോൺഗ്രസ് വഴി ബിജെപിയിലെത്തിയ സുദീപ് റോയ് ബർമൻ, തിരിച്ചുവന്ന് അഗർത്തലയിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴാണ് കോൺഗ്രസിന് സംസ്ഥാന നിയമസഭയിൽ ഒരംഗമുണ്ടായത്. ഇത്തവണയും അഗർത്തലയിൽ ബർമൻ വിജയം ഉറപ്പിച്ചു. അതായത് നിലവിലെ നിയമസഭയിൽ ഒരംഗമുണ്ടായിരുന്ന കോൺഗ്രസിന് ഇനി മൂന്ന് അംഗങ്ങളുണ്ടാകും.