തിരുവനന്തപുരം : ഇന്ത്യാ സഖ്യത്തിൽ സിപിഎമ്മും ഉണ്ടാകും. ബംഗാളിലും ത്രിപുരയിലും പ്രതിപക്ഷ മുന്നണിയുമായി സീറ്റ് വിഭജനത്തിലും പങ്കാളിയാകും. ബിജെപിയെ തോൽപ്പിക്കാനാണ് ഇത്. എന്നാൽ കേരളത്തിൽ ഇന്ത്യാ മുന്നണിയുണ്ടാകില്ല. കോൺഗ്രസിനെതിരെ സംസാരിക്കും. ഇതിനൊപ്പം ഇന്ത്യാ മുന്നണി ഭാവി പ്രതീക്ഷയായി ഉയർത്തിക്കാട്ടുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്ററും ചർച്ചയാക്കും. ഇതിലൂടെ കേരളത്തിൽ നേട്ടമുണ്ടാക്കാമെന്നാണ് സിപിഎം പ്രതീക്ഷ. സിപിഎം സർക്കാരിനെ കോൺഗ്രസ് ഹൈക്കമാണ്ട് പോലും അംഗീകരിക്കുന്നതിന് തെളിവായി ഈ പോസ്റ്റർ ചർച്ചയാക്കും.

ബിജെപി.ക്കെതിരേ ദേശീയമുന്നണിയായി വികസിച്ച 'ഇന്ത്യ' കൂട്ടായ്മയ്ക്ക് സിപിഎം. കേരളഘടകത്തിന്റെ പൂർണപിന്തുണ കിട്ടുന്നത് ഈ സംഖ്യം കേരളത്തിൽ സിപിഎമ്മിന് സീറ്റ് കൂടുതൽ നൽകുമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ കേന്ദ്രകമ്മിറ്റി യോഗത്തിൽ ഇക്കാര്യത്തിൽ വ്യക്തത വന്നതോടെ 'ഇന്ത്യ' മുന്നണിയിൽ ഊർജിതമാവാൻ സിപിഎം. തീരുമാനിച്ചു. 'ഇന്ത്യ' കൂട്ടായ്മയുടെ ഏകോപനസമിതിയിൽ ആരെ ഉൾപ്പെടുത്തണമെന്ന് ഈ മാസം ചേരുന്ന പി.ബി. തീരുമാനിക്കും. കേരളത്തിൽ നിന്നുള്ള നേതാക്കളെ ഈ സമിതിയിലേക്ക് പരിഗണിക്കില്ല.

'ഇന്ത്യ' കൂട്ടായ്മ ഒരു തിരഞ്ഞെടുപ്പ് മുന്നണിയായി വികസിക്കുന്നതിൽ പ്രകാശ് കാരാട്ട് ഉൾപ്പെടെ ചില നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചുവെന്നാണ് സൂചന. ഇതിനിടെയാണ് കേരള ഘടകം ഇടപെടൽ നടത്തിയത്. 'ഇന്ത്യ' മുന്നണിയെ പൂർണമായും പിന്തുണച്ചായിരുന്നു കേരളഘടകത്തിന്റെ ചർച്ച. ദേശീയമുന്നണിയുടെ സ്വഭാവമുണ്ടെങ്കിലും തിരഞ്ഞെടുപ്പുതന്ത്രങ്ങൾ സ്വീകരിക്കുക സംസ്ഥാനങ്ങളിലാണെന്ന് 'ഇന്ത്യ' കൂട്ടായ്മ ചർച്ചകളിൽ സ്ഥിരമായി പങ്കെടുക്കുന്ന സിപിഎം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സി.സി.യിൽ വിശദീകരിച്ചു. ഇതോടെ മുന്നണിയിൽ സജീവ പങ്കാളിയാവാൻ കേരള ഘടകം പൂർണപിന്തുണ നൽകി.

കോൺഗ്രസുമായി സഖ്യംവേണ്ടെന്ന് പാർട്ടികോൺഗ്രസ് തീരുമാനിച്ചെങ്കിലും സംസ്ഥാനങ്ങളിലെ സാഹചര്യമനുസരിച്ച് സഹകരണമാവാമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒന്നിച്ചുള്ള തിരഞ്ഞെടുപ്പ് റാലികളും പ്രചാരണങ്ങളും നടത്താനാണ് 'ഇന്ത്യ' സഖ്യത്തിന്റെ തീരുമാനം. പ്രചാരണസമിതിയിൽ സി.സി. അംഗം ആർ. അരുൺകുമാറിനെ സിപിഎം. ഉൾപ്പെടുത്തി. സാമൂഹികമാധ്യമസമിതിയിൽ പാർട്ടി സോഷ്യൽ മീഡിയാ കൺവീനർ പ്രഞ്ജാളിനെയും ഉൾപ്പെടുത്തി. ഏകോപനസമിതിയംഗത്തെ പി.ബി. തീരുമാനിക്കും. 'ഇന്ത്യ' മുന്നണിയുടെ നയപ്രഖ്യാപനത്തിലും തിരഞ്ഞെടുപ്പ് അജൻഡകളിലും ഊർജിതമായി പങ്കെടുക്കാനും ഇടപെടാനുമാണ് തീരുമാനം.

2004-ലെ യു.പി.എ. സഖ്യം വികസിപ്പിക്കുന്നതിൽ സിപിഎം. നിർണായക നേതൃത്വം വഹിച്ചിരുന്നു. അനാവശ്യതർക്കങ്ങൾ 'ഇന്ത്യ' മുന്നണിയിൽ ഉണ്ടാവാതിരിക്കാൻ സിപിഎം. കൂടുതൽ ജാഗ്രത പുലർത്തും. 'ഇന്ത്യ' സംഖ്യത്തിന്റെ ഏകോപനസമിതിയിൽ തീരുമാനമായിരുന്നു. 14 അംഗങ്ങളാണ് സമിതിയിൽ ഉണ്ടാവുക. ഇതിൽ വിവിധ പാർട്ടികളിലെ 13 പേരെ പ്രഖ്യാപിച്ചു. സിപിഎം. പ്രതിനിധിയെ പിന്നീട് പ്രഖ്യാപിക്കും. ജുഡേഗാ ഭാരത്, ജീത്തേഗാ ഇന്ത്യ (ഒരുമിക്കുന്ന ഭാരതം, വിജയിക്കുന്ന ഇന്ത്യ) എന്നതായിരിക്കും മുന്നണിയുടെ മുദ്രാവാക്യം.

എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, എൻ.സി.പി. അധ്യക്ഷൻ ശരദ് പവാർ, ഡി.എം.കെ. എംപി. ടി.ആർ ബാലു, ശിവസേന നേതാവ് സഞ്ജയ് റാവുത്ത്, ആർ.ജെ.ഡി. നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, ജെ.എം.എം. നേതാവ് ഹേമന്ത് സോറൻ, തൃണമൂൽ നേതാവ് അഭിഷേക് ബാനർജി, എ.എ.പി. നേതാവ് രാഘവ് ഛദ്ദ, നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള. പി.ഡി.പി. നേതാവ് മെഹബൂബ മുഫ്തി, സിപിഐ. ജനറൽ സെക്രട്ടറി ഡി. രാജ, ജെ.ഡി.യു. നേതാവ് ലല്ലൻ സിങ്, സമാജ്വാദി പാർട്ടി നേതാവ് ജാവേദ് അലി ഖാൻ എന്നിവരാണ് ഏകോപനസമിതി അംഗങ്ങൾ. ഗാന്ധി കുടുംബത്തിൽനിന്ന് ആരും സമിതിയിൽ ഇല്ലെന്നത് ശ്രദ്ധേയമാണ്.