തിരുവനന്തപുരം: കേരളത്തിന് അപ്പുറത്തേക്കൊരിടത്തും വേരോട്ടമുണ്ടാക്കുക ഇനി ബുദ്ധിമുട്ടാണെന്ന തിരിച്ചറിവില്‍ വീണ്ടും നയം മാറ്റത്തിന് സിപിഎം. കേരളത്തില്‍ ഹാട്രിക്കിലേക്ക് ഭരണ തുടര്‍ച്ച ഉണ്ടാകണമെങ്കില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിക്കണം. രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും വിമര്‍ശിക്കാതെ മുമ്പോട്ട് പോയാല്‍ കേരളത്തില്‍ ബിജെപി വളരുമെന്ന് തിരിച്ചറിയുകയാണ് സിപിഎം. കേരളത്തിലെ താല്‍പ്പര്യ സംരക്ഷണം സിപിഎം ഇനി പ്രധാന അജണ്ടയാക്കും. ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി ഇനി വലിയ അടുപ്പമുണ്ടാകില്ല. കേരള ഘടകം വീണ്ടും സിപിഎമ്മില്‍ പിടിമുറുക്കുകയാണ്. സീതാറാം യെച്ചൂരിയുടെ മരണം സിപിഎമ്മിന്റെ രാഷ്ട്രീയ ലൈനും മാറ്റുകയാണ്. എല്ലാ അര്‍ത്ഥത്തിലും സിപിഎമ്മില്‍ കേരള ഘടവും പിണറായിസവും പിടിമുറുക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഗ്രഹിച്ച നയം മാറ്റം അടുത്ത പാര്‍ട്ടി കോണ്‍ഗ്രസോടെ സിപിഎമ്മിലുണ്ടാകും.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ആധിപത്യം ചെറുക്കാന്‍ ഇന്ത്യ സഖ്യത്തിനു സാധിച്ചെങ്കിലും സി.പി.എം. സ്വതന്ത്ര വളര്‍ച്ച നേടിയില്ല. കോണ്‍ഗ്രസിനും പ്രാദേശികപ്പാര്‍ട്ടികള്‍ക്കും വളര്‍ച്ചയുണ്ടായി. പശ്ചിമബംഗാള്‍, ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങളും വിലയിരുത്തിയാണ് പുതിയ തീരുമാനം. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികളാണ് വേണ്ടത. കേരളത്തില്‍ ശക്തി ചോരാതിരിക്കാനുള്ള കരുതലും ഉണ്ടാകും. കേരളത്തില്‍ ബി.ജെ.പി.-ആര്‍.എസ്.എസ്. സ്വാധീനം വര്‍ധിച്ചെന്നാണ് വിലയിരുത്തല്‍. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള സംഘപരിവാര്‍ പ്രവര്‍ത്തനങ്ങളെ ചെറുക്കാന്‍ വിശ്വാസികളിലേക്ക് ഇറങ്ങിച്ചെല്ലണമെന്നും സിപിഎമ്മിന്റെ പുതിയ രാഷ്ട്രീയരേഖയ്ക്കായുള്ള കരട് നിര്‍ദേശിച്ചിട്ടുണ്ട്.

ബി.ജെ.പി.ക്കെതിരായ പോരാട്ടത്തില്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്തത് നേട്ടമായെങ്കിലും സി.പി.എമ്മിന്റെ വളര്‍ച്ചയ്ക്ക് അത് ഗുണമായില്ലെന്ന് പാര്‍ട്ടി വിലയിരുത്തല്‍. ബി.ജെ.പി.യെ എതിര്‍ക്കുന്നതിനൊപ്പം കോണ്‍ഗ്രസില്‍നിന്ന് അകലം പാലിച്ചില്ലെങ്കില്‍ അത് കേരളത്തില്‍ വലിയ ദോഷം ചെയ്യും. രാഹുലിനേയും പ്രിയങ്കയേയും നേതാവാക്കി കാട്ടുന്ന മുന്നണിയാണ് 'ഇന്ത്യാ' മുന്നണി. എന്നാല്‍ വയനാട്ടില്‍ പ്രിയങ്കയ്‌ക്കെതിരെ ഇടതുപക്ഷത്തിന് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണം. ഈ രാഷ്ട്രീയ സാഹചര്യം കേരളത്തില്‍ സിപിഎമ്മിന് വലിയ വെല്ലുവിളിയാണ്. കോണ്‍ഗ്രസിനേയും ബിജെപിയേയും എതിര്‍ക്കുന്ന നിലപാട് കേരളത്തില്‍ അനിവാര്യതയും. ഇത് മനസ്സിലാക്കി നീങ്ങിയില്ലെങ്കില്‍ കേരളത്തിലും ഭരണ നഷ്ടമുണ്ടാകുമെന്ന് സിപിഎം വിലയിരുത്തുന്നു.

കോണ്‍ഗ്രസ് സഹകരണത്തിന് അനുകൂലമായിരുന്ന മുന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നയത്തിനുപകരം പി.ബി. കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടിന്റെ ലൈനിലേക്കാണ് പാര്‍ട്ടി പോകുന്നുവെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് സഖ്യത്തിന് എതിരായിരുന്ന കേരള ഘടകത്തിന്റെ സമ്മര്‍ദവും വിജയിക്കുകയാണ്. കാരാട്ടിന് ഈ പാര്‍ട്ടി കോണ്‍ഗ്രസുവരെ താല്‍കാലികമായി പാര്‍ട്ടിയെ നയിക്കാം. അതു കഴിഞ്ഞ് പുതിയ സെക്രട്ടറി വരും. കോണ്‍ഗ്രസ് വിരുദ്ധത ചര്‍ച്ചയാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാത്രമേ ഈ പദവിയില്‍ എത്താന്‍ കഴിയൂ എന്ന നിലപാട് കേരളം എടുത്തു കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും എല്ലാം നയം മാറ്റത്തെ സ്വാധീനിച്ച ഘടകമാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി കേരളത്തിലെ നേതാവ് എത്താനുള്ള സാധ്യതയും കൂടന.

ബി.ജെ.പി.യെ അധികാരത്തില്‍നിന്ന് താഴെയിറക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള ജനാധിപത്യ-മതേതര പാര്‍ട്ടികളുമായി സഹകരിക്കാമെന്നായിരുന്നു സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറിയായിരിക്കേ ആവിഷ്‌കരിച്ച രാഷ്ട്രീയനയം. കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ് ഈ നയം അംഗീകരിച്ചു. ഇനി അത് തിരുത്തും. 2025 ഏപ്രിലില്‍ മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിച്ച രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടിലാണ് പുതിയ നയം അവതരിപ്പിക്കുന്നത്. നവ-ഉദാര സാമ്പത്തികനയം, മൃദുഹിന്ദുത്വം എന്നീ കാരണം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിനോടുള്ള അകലംപാലിക്കല്‍ തുടരും. കേരളത്തില്‍ ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താന്‍ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍.

തിരഞ്ഞെടുപ്പുകളിലും ആര്‍.എസ്.എസ്.-ബി.ജെ.പി. കൂട്ടുകെട്ടിന്റെ വര്‍ഗീയ അജന്‍ഡയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലും മാത്രം ഇന്ത്യസഖ്യവുമായി സഹകരിച്ചാല്‍ മതിയെന്നാണ് നിലപാട്. തിരിഞ്ഞെടുപ്പിലും കരുതലോടെ മാത്രമേ സഖ്യത്തില്‍ ഇടപെടൂവെന്ന സൂചനയാണ് സിപിഎം നല്‍കുന്നത്. ഇസ്ലാമിക മത മൗലിക വാദത്തിനെതിരേയും സിപിഎം ഉറച്ച നിലപാടുകള്‍ എടുക്കും. വയനാട് ലോക്‌സഭയില്‍ അടുത്ത തവണയും പ്രിയങ്ക മത്സരിക്കാന്‍ സാധ്യത സിപിഎം കാണുന്നു. കോണ്‍ഗ്രസുമായി അകലം പാലിച്ച് പ്രിയങ്കയെ വിമര്‍ശിച്ചില്ലെങ്കില്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും കേരളത്തില്‍ നിന്നും പാര്‍ട്ടിക്ക് സീറ്റൊന്നും കിട്ടില്ലെന്ന വിലയിരുത്തലില്‍ സിപിഎം എത്തുകയാണെന്ന് സാരം.