തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎംശ്രീയില്‍ സര്‍ക്കാര്‍ ഒപ്പുവച്ചതിനെച്ചൊല്ലിയുണ്ടായ സിപിഎം-സിപിഐ തര്‍ക്കം കൂടുതല്‍ രൂക്ഷമാകുമ്പോഴും സിപിഎം പ്രതീക്ഷയില്‍. ഇടതു മുന്നണിയെ ഉപേക്ഷിച്ച് സിപിഐ പോകില്ലെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടു തന്നെ അനുനയിപ്പിച്ച് കൂടെ നിര്‍ത്തും. സിപിഎം അറിയാതെ വിദ്യാഭ്യാസ വകുപ്പ് കരാറില്‍ ഒപ്പിട്ടുവെന്ന പൊതു ധാരണയും ഉണ്ടാകും. ഇടതുനയം മാത്രം നടപ്പിലാക്കാനുള്ള ഏജന്‍സിയല്ല സര്‍ക്കാരെന്നും പിഎംശ്രീയില്‍ സിപിഐക്കുള്ള ആശങ്ക സിപിഎമ്മിനും ഉണ്ടെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇടതു ബന്ധം ഉപേക്ഷിക്കുന്നതിനെ അനുകൂലിക്കില്ല. ഇടതില്‍ നിന്നും വലത്തെത്തിയാല്‍ അവിടെ മൂന്നാം പാര്‍ട്ടിയായി മറും. യുഡിഎഫില്‍ കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും പിന്നില്‍ മാത്രമേ സിപിഐയ്ക്ക് പദവിയുണ്ടാകൂ. മുസ്ലീം ലീഗിനെ ഇടതുപക്ഷത്ത് എത്തിക്കുന്നതില്‍ എതിരു നിന്നത് സിപിഐയാണ്. ഈ സാഹചര്യത്തില്‍ ലിഗിനൊപ്പം യുഡിഎഫില്‍ നില്‍ക്കുന്നത് ആത്മഹത്യാപരമാകുമെന്നാണ് സിപിഐയുടെ വിലയിരുത്തല്‍. നയപരമായ വിഷയങ്ങള്‍ ഇടതു മുന്നണിയില്‍ ചര്‍ച്ച ചെയ്ത് മാത്രമേ തീരുമാനിക്കൂവെന്ന് സിപിഎമ്മിനെ കൊണ്ട് പറയിച്ച് ഈ വിവാദം സിപിഐ അവസാനിപ്പിക്കും. അതായത് കേരളത്തിലെ മുന്നണി രാഷ്ട്രീയത്തെ പിഎം ശ്രീ വിവാദം തച്ചുടക്കില്ല. തല്‍കാലം അത് ഇങ്ങനെ തുടരും.

തൊട്ടുപിന്നാലെ സിപിഎമ്മിനെതിരേ രൂക്ഷവിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ തിരുത്തിയേ മതിയാകൂവെന്നും ഇല്ലെങ്കില്‍ 27നു ചേരുന്ന പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവിനു ശേഷം കാണാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.എന്നാല്‍ എന്‍ഇപി നടപ്പിലാക്കില്ലെന്ന മന്ത്രി വി. ശിവന്‍കുട്ടിയുടെ പരാമര്‍ശത്തെ സ്വാഗതം ചെയ്ത ബിനോയ് പിഎംശ്രീ പദ്ധതിയിയിലും പതിവുപോലെ സര്‍ക്കാരിനൊപ്പം ചേര്‍ന്നുനില്‍ക്കുമെന്ന പ്രതീതിയാണു ജനിപ്പിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റില്‍ രൂക്ഷവിമര്‍ശനമാണു സിപിഎമ്മിനെതിരേയും സര്‍ക്കാരിനെതിരേയും ഉണ്ടായത്. ഇടതുമുന്നണിയെയും മന്ത്രിസഭയിലെ പാര്‍ട്ടി മന്ത്രിമാരെയും നോക്കുകുത്തിയാക്കി പിഎംശ്രീ പദ്ധതിയില്‍ ഒപ്പിട്ട നടപടിയെ ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്നും ശക്തമായ തീരുമാനം ഇക്കാര്യത്തില്‍ വേണമെന്നും സെക്രട്ടേറിയറ്റംഗങ്ങള്‍ ബിനോയ് വിശ്വത്തോടു പറഞ്ഞു. പാര്‍ട്ടി സെക്രട്ടേറിയറ്റിന്റെ വികാരം പൂര്‍ണമായും ഉള്‍ക്കൊള്ളുന്നുവെന്നും ഇടതുമുന്നണി കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇക്കാര്യം പറഞ്ഞു കത്തയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. കത്ത് അയയ്ക്കുകയും ചെയ്തു. കേ്ന്ദ്ര നേതൃത്വത്തേയും കാര്യങ്ങള്‍ അറിയിച്ചു. സിപിഎമ്മുമായി മുന്നണി ബന്ധം വിച്ഛേദിക്കുന്നതില്‍ സിപിഐ കേന്ദ്ര നേതൃത്വവും അനുകൂലിക്കുന്നില്ല.

ഇടതുമുന്നണിയിലെ എല്ലാ പാര്‍ട്ടികള്‍ക്കും സിപിഐയുടെ പ്രതിഷേധം വ്യക്തമാക്കിക്കൊണ്ടുള്ള കത്തുനല്‍കാനും സെക്രട്ടേറിയറ്റ് പാര്‍ട്ടി സെക്രട്ടറിയെ ചുമതലപ്പെടുത്തി. പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ച രണ്ടുതവണ മന്ത്രിസഭായോഗം മാറ്റിവച്ചതാണ്. ആര്‍എസ്എസിന്റെ രാഷ്ട്രീയം നടപ്പിലാക്കാനുള്ള എന്‍ഇപി പരിപാടി ഒരു കാരണവശാലും കേരളത്തില്‍ നടപ്പിലാക്കില്ലെന്നു മന്ത്രി വി. ശിവന്‍കുട്ടിയും സിപിഎം നേതാക്കളും ആവര്‍ത്തിച്ചു വ്യക്തമാക്കിയതുമാണ്. എന്നാല്‍ നയപരമായ ഒരു കാര്യം ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ പൊടുന്നനെ പറഞ്ഞയച്ചു നിര്‍വഹിച്ചതിലെ നിഗൂഢതയെയാണു സിപിഐ സംശയിക്കുന്നത്. എന്തു രാഷ്ട്രീയ നീക്കുപോക്കാണു നടന്നതെന്ന സംശയവും സിപിഐയ്ക്കുണ്ട്. പദ്ധതിയില്‍ ഒപ്പിട്ട സാഹചര്യത്തില്‍ പിന്നോട്ടുപോകാന്‍ കഴിയില്ലെന്ന തിരിച്ചറിവും സിപിഐക്കുണ്ട്. പാര്‍ട്ടി മന്ത്രിമാരെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുപ്പിക്കാതിരിക്കാനുള്ള തീരുമാനമെങ്കിലും ഉണ്ടാകണമെന്ന വിലയിരുത്തലും എത്തി. എന്നാലും അത്രയും കടുത്ത നടപടികള്‍ ഉണ്ടായില്ലെന്നതാണ് വസ്തുത.

27ന് ആലപ്പുഴയില്‍ ചേരുന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ആലോചിക്കാമെന്നു മാത്രമാണു പാര്‍ട്ടി നേതാക്കളോട് ബിനോയ് പങ്കുവച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശസന്ദര്‍ശന ശേഷം മടങ്ങിയെത്തുമ്പോള്‍ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകളും തീരുമാനങ്ങളും സിപിഐ നടത്തും. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടത് തന്ത്രപരമായ തീരുമാനമെന്ന് പറഞ്ഞ മന്ത്രി വി. ശിവന്‍കുട്ടി പക്ഷേ തന്ത്രം വിശദീകരിച്ചില്ല. ഇതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് 'എല്ലാ തന്ത്രവും പരസ്യമാക്കാനാവില്ല' എന്നായിരുന്നു മന്ത്രിയുടെ മറുപടി. പദ്ധതിയുമായി ബന്ധപ്പെട്ട് ചില സംശയങ്ങളുണ്ടായിരുന്നു. അതിനാല്‍ അതുമായി ബന്ധപ്പെട്ട ആലോചനകളും ചര്‍ച്ചകളും നടന്നുവരികയായിരുന്നു. പദ്ധതിയില്‍ ഒപ്പിട്ടില്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കേന്ദ്രം അറിയിച്ചു. അങ്ങനെ വന്നപ്പോള്‍ പണം നഷ്ടപ്പെടേണ്ട എന്നു കരുതിയാണ് പദ്ധതിയില്‍ ഒപ്പിട്ടതെന്നും മന്ത്രി പറഞ്ഞു.

നയപരമായ വിഷയമായതിനാല്‍ പിഎംശ്രീ മന്ത്രിസഭ ചര്‍ച്ച ചെയ്യാതെ മാറ്റിവച്ച വിഷയമാണ്.ഈ വിഷയം പിന്നീടൊരിക്കലും മന്ത്രിസഭയില്‍ ചര്‍ച്ചയില്‍ വന്നിട്ടില്ല. ഇടതുമുന്നണിയുടെ ശൈലി ഇതല്ലെന്ന് സിപിഐയും പറയുന്നു. പിഎം ശ്രീ എന്‍ഇപിയുടെ ഷോക്കേസാണെന്നാണു മനസിലായത്. ഇക്കാര്യത്തില്‍ എല്ലാ ഇടതുപക്ഷ പാര്‍ട്ടികള്‍ക്കും ആശങ്കയുണ്ട്. അസ്വാഭാവികമായ തിരക്കോട് കൂടി മന്ത്രിസഭയിലോ ഇടതുമുന്നണിയിലോ ഒരു വാക്കു പോലും പറയാതെ ഉദ്യോഗസ്ഥ ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്ത് ഒപ്പിടുന്നു. പിറ്റേദിവസം അതിനെ ബിജെപിയും ആര്‍എസ്എസും എബിവിപിയും പുകഴ്ത്തുന്നു. അതുകൊണ്ടാണ് ചര്‍ച്ച ആവശ്യപ്പെടുന്നതെന്നും സിപിഐ പറയുന്നു.