കൊച്ചി: പാലക്കാട്ടെ രണ്ടാം മിന്നല്‍ തകര്‍ത്തു. ഇനി അറിയേണ്ടത് അടുത്ത കേരളത്തില്‍ നിന്നുള്ള ഗവര്‍ണര്‍ ആരെന്ന് മാത്രം..... ഇത്തരത്തിലെ ചര്‍ച്ചയാണ് ഇപ്പോള്‍ പരിവാര്‍ കേന്ദ്രങ്ങള്‍ പോലും ആഗ്രഹിക്കുന്നത്. മൂന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്നും അതോടെ പാലക്കാട്ടെ അട്ടിമറി പൂര്‍ത്തിയാകുമെന്നുമായി കോണ്‍ഗ്രസ് കേന്ദ്രങ്ങളുടെ പ്രതീക്ഷ. ഇതിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൂടിയായ കൊടിക്കുന്നില്‍ സുരേഷ് ഇനിയും നേതാക്കള്‍ കോണ്‍ഗ്രസിലെത്തുമെന്ന് ചാനലിന് മുമ്പില്‍ തുറന്നു പറഞ്ഞു. ഇതോടെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ പത്ര സമ്മേളനത്തിലേക്കായി ശ്രദ്ധ. ഒരു മുതിര്‍ന്ന നേതാവ് കോണ്‍ഗ്രസിലെത്തുമെന്ന് പ്രചരണമെത്തി. പിന്നാല്‍ സൈബര്‍ ഇടത്തെ കോണ്‍ഗ്രസ് കൂട്ടായ്മ പേരടക്കം വെളിപ്പെടുത്തല്‍ നടത്തി. കെസിയുടെ വാര്‍ത്താ സമ്മേളനത്തിനും മണിക്കൂറുകള്‍ക്ക് മുമ്പേ. ഇതോടെ ആ മുതിര്‍ന്ന നേതാവിന്റെ ഫോണ്‍ സ്വിച്ച് ഓഫായി. ആറു മണി കഴിഞ്ഞതും ബിജെപി ക്യാമ്പിലായി ആഘോഷം. സന്ദീപ് വാര്യരെ കോണ്‍ഗ്രസിലെത്തിയ കരുതല്‍ നഷ്ടമായതാണ് ഇതിന് കാരണമെന്ന് കോണ്‍ഗ്രസ് നേതാക്കളും പറയുന്നു.

സന്ദീപിനെ കോണ്‍ഗ്രസിലേക്ക് അടുപ്പിച്ചത് ഹരി ഗോവിന്ദന്‍ എന്ന അധ്യാപക സംഘടനാ നേതാവാണ്. ബെന്നി ബെഹന്നാന്‍ ഏകോപനം നടത്തി. ഇത് വിജയമായതോടെ ബെന്നിക്കും ഹരി ഗോവിന്ദനും വലിയ ഇമേജ് വര്‍ദ്ധന ഉണ്ടായി. എന്തും സാധിപ്പിച്ചെടുക്കുന്ന ബെന്നിയുടെ മാനേജ്‌മെന്റ് തന്ത്രം ആണ് ഇതില്‍ ചര്‍ച്ചയായതും. ഇത് മനസ്സിലാക്കി അടുത്ത ആളിന്റെ കാര്യം തനിക്കും അറിയാമെന്ന് മുന്‍കൂട്ടി പുറത്തറിയിക്കാനുള്ള വഗ്രതയാണോ ചാനലിന് മുമ്പിലെ കൊടിക്കുന്നില്‍ സുരേഷിന്റെ പ്രസ്താവനയെന്ന സംശയം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തന്നെയുണ്ട്. കൊടിക്കുന്നിലന്റെ ഈ വെളിപ്പെടുത്തലോടെ എന്തോ നടക്കാന്‍ പോകുന്നുവെന്ന തോന്നല്‍ ബിജെപി കേന്ദ്രങ്ങളിലുണ്ടായി. ഇതോടെയാണ് കൗണ്‍സിലര്‍മാര്‍ അടക്കം നിരീക്ഷണത്തിലായത്. ആറു മണിക്ക് കെസി വേണുഗോപലിന് അടുത്ത് ആരും എത്തുന്നില്ലെന്നും അങ്ങോട്ടേക്ക് ആരും പോകുന്നില്ലെന്നും ഉറപ്പിക്കാന്‍ പരിവാറിനായി. ആ വലിയ നേതാവിനെ ഫോണില്‍ പോലും കോണ്‍ഗ്രസിന് കിട്ടിയില്ല. കേരളത്തില്‍ നിന്നുള്ള പി എസ് ശ്രീധരന്‍ പിള്ള നിലവില്‍ ഗവര്‍ണ്ണറാണ്. ഗോവയില്‍ കാലാവധി പൂര്‍ത്തിയാക്കിയിട്ടുണ്ട് ശ്രീധരന്‍ പിള്ള. ഈ സാഹചര്യത്തില്‍ ഈ തിരഞ്ഞെടുപ്പ് കാലം കഴിഞ്ഞാല്‍ ഗവര്‍ണര്‍മാരെ ആകെ മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. അതുകൊണ്ട് തന്നെ പുതിയ ഗവര്‍ണ്ണറായി മലയാളി എത്തുമോ എന്നതാണ് ഈ ഘട്ടത്തില്‍ ഉയരുന്ന രാഷ്ട്രീയ കൗതുകം. ഏതായാലും കഴിഞ്ഞ ദിവസത്തെ ആറു മണി വാര്‍ത്താ സമ്മേളനം ആകെ പൊളിഞ്ഞുവെന്നതാണ് വസ്തുത.

സന്ദീപ് വാര്യര്‍ ഇഫക്ടിനെ ബിജെപി ഗൗരവത്തില്‍ എടുക്കില്ല. സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ടതില്‍ ബി ജെ പിക്ക് ഒരു ക്ഷീണവുമില്ലെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ പറയുന്നു. സന്ദീപ് പോയതില്‍ സന്തോഷേയുളളൂ. അഹങ്കാരം പിടിച്ച് പോയവനെ പ്രവര്‍ത്തകര്‍ ഉള്‍ക്കൊള്ളില്ലെന്നും അദ്ദേഹം പറഞ്ഞു.പാര്‍ട്ടി വക്താക്കളില്‍ ഒരാള്‍ മാത്രമാണ് സന്ദീപ്. അതുകൊണ്ട് ഒന്നും സംഭവിക്കില്ല. സന്ദീപിന് കൂടുതല്‍കാലം കോണ്‍ഗ്രസില്‍ നില്‍ക്കാന്‍ കഴിയില്ല. പല പാര്‍ട്ടികളുമായി വിലപേശി കൂടുതല്‍ വിലനല്‍കിയ പാര്‍ട്ടിയില്‍ സന്ദീപ് ചേക്കേറിയതാണ്. പ്രത്യയശാസ്ത്രത്തെ തൂക്കി വില്‍ക്കാനാണ് രണ്ടു ദിവസം സന്ദീപ് ബെംഗളൂരുവില്‍ പോയത്. നവംബര്‍ 20 ന് വോട്ടെടുപ്പ് കഴിഞ്ഞാല്‍ സന്ദീപ് വാര്യരെ കോണ്‍ഗ്രസ് കറിവേപ്പിലയാക്കും. പ്രസ്ഥാനത്തെയും ബലിദാനികളെയും വഞ്ചിച്ചാണ് സന്ദീപ് വാര്യര്‍ പോയതെന്ന് കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സന്ദീപിന് അ്പ്പുറത്തേക്ക് ആരേയും വിട്ടു കൊടുക്കില്ലെന്ന നിലപാടിലാണ് ബിജെപി. പാലക്കാട്ടെ എല്ലാ കൗണ്‍സിലര്‍മാരും കൃഷ്ണകുമാറിനൊപ്പം റാലിയിലും പങ്കെടുത്തു. ആര്‍ എസ് എസാണ് ഇതിന് നേതൃത്വം കൊടുത്തത്.

ബ്രേകിംഗ്! വെറുപ്പിന്റെ ഫാക്ടറിയില്‍ നിന്നും സി കെ പി സ്നേഹത്തിന്റെ കടയിലേക്ക്-ഇതായിരുന്നു കോണ്‍ഗ്രസ് സൈബര്‍ പോരാളികളുടെ ഗ്രൂപ്പില്‍ ഉച്ചയ്ക്ക് ശേഷം എത്തിയ പോസ്റ്റ്. വൈകിട്ട് കെസി വേണുഗോപാല്‍ പത്ര സമ്മേളനം വിളിക്കുക കൂടി ചെയ്തു. ഇതോടെ ഈ പോസ്റ്റില്‍ ചര്‍ച്ച സജീവമായി. സികെപി എന്ന പേരിലേക്ക് ഏവരും ആകാംഷയോടെ നോക്കി. എന്നാല്‍ മലയാളിയ്ക്ക് അറിയാവുന്ന സികെപി ഒന്നും പറഞ്ഞില്ല. മാധ്യമങ്ങള്‍ വിളിച്ചിട്ട് ഫോണില്‍ പോലും വന്നില്ല. ഏതായാലും കോണ്‍ഗ്രസ് സസ്പെന്‍സ് ഒന്നും പൊട്ടിച്ചതുമില്ല. അതിനിടെ കോണ്‍ഗ്രസ് ഹൈക്കമാണ്ട് ഈ പോസ്റ്റില്‍ പ്രതിഷേധത്തിലാണ്. രഹസ്യം ചോര്‍ന്നാല്‍ ഓപ്പറേഷന്‍ നടക്കില്ലെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കെല്ലാം അറിയാം. എന്നിട്ടും ഇത്തരമൊരു പോസ്റ്റ് കോണ്‍ഗ്രസിന്റെ സൈബര്‍ ഗ്രൂപ്പിലെത്തിയത് നേതൃത്വത്തേയും ഞെട്ടിച്ചു. ഇത്തരമൊരു ചര്‍ച്ച വന്ന ശേഷം അതിനെ പൊളിക്കാന്‍ മറുവിഭാഗം കരുതലോടെ നീങ്ങി. അങ്ങനെയാണ് ആ സസ്പെന്‍സ് പൊളിഞ്ഞതെന്നും സൂചനകളുണ്ട്.

ഇതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ഫെയ്സ് ബുക്ക് പോസ്റ്റുമെത്തി. മഹാരാഷ്ട്രാ തെരഞ്ഞെടുപ്പിന്റെ ഭീകരമായ തിരക്കിനിടയിലും സ്വന്തം കേരളത്തിലെ അതിസാഹസികമായ ഒരു ദൗത്യത്തിന് സമയം കണ്ടെത്താന്‍ തയ്യാറായി എന്നത് ചില്ലറക്കാര്യമല്ല. നാഗപ്പൂരിലെ പരിപാടികളെല്ലാം ക്യാന്‍സല്‍ ചെയ്ത് നേരെ കോയമ്പത്തൂരിലേക്ക്. ഉടന്‍ പാലക്കാട്ടേക്ക്. തിരിച്ച് മുംബെയിലേക്ക്. കന്നഡസിങ്കം ഒരുക്കിയ ചായസല്‍ക്കാരത്തില്‍ തീരുമാനിക്കപ്പെട്ടത്. എക്കാലത്തേയും ഉന്നതനേതാവും ഒമ്പതു കൗണ്‍സിലര്‍മാരും. നഗരസഭാ ഭരണമാറ്റം. പിന്നെ പതിനായിരം വോട്ടുകളും. രണ്ടരക്കോടി ആദ്യഘട്ടം. ശേഷം 23 കഴിഞ്ഞ്. കാശും പോയി മാനവും പോയി. ഓപ്പറേഷന്‍ കൈപ്പത്തി. ഉറപ്പുകൊടുത്തത് മാധ്യമശിങ്കം. ഇപ്പം വിളിച്ചുനോക്കിയപ്പോ അന്ത ഫോണ്‍ ഇന്ത ഉലകത്തിലേ ഇല്ല. നീവു കരീ മാഡുതിര ചന്ദാദാര വ്യാപ്തി പ്രദേശദ ഹൊറഗിദ്ദാരെ??-ഇതാണ് സുരേന്ദ്രന്റെ പോസ്റ്റ്. അതായത് സികെപിയെന്ന് ഉദ്ദേശിച്ചത് ആരെയെന്ന് ബിജെപിക്ക് മനസ്സിലായി. ആ ഓപ്പറേഷന്‍ പൊളിച്ചുവെന്ന് പ്രഖ്യാപിക്കുകയായിരുന്നു ഈ പരിഹാസ പോസ്റ്റില്‍.

ഈ പോസ്റ്റില്‍ ഏഷ്യാനെറ്റ് ന്യൂസിലെ പിജെ സുരേഷ് കുമാറിനേയും സുരേന്ദ്രന്‍ ട്രോളുന്നുണ്ട്. ഏതായാലും കോണ്‍ഗ്രസ് ഓപ്പറേഷന്‍ പൊളിഞ്ഞു. രഹസ്യം ചോര്‍ന്നാല്‍ എല്ലാം പൊളിയുമെന്ന് കോണ്‍ഗ്രസിന് തിരിച്ചറിവ് കൂടിയാകും ഈ ചര്‍ച്ചകള്‍.