- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എംഎം മണിയും രാജേന്ദ്രനും തമ്മിലുള്ള വാക് പോരും സിപിഎമ്മിന് തലവേദന; ലൈഫ് മിഷനിലെ അന്വേഷണം പ്രതിരോധത്തിലാക്കിയ പിണറായിക്ക് ഹൈക്കോടതി വിധി കൂടുതൽ ആശങ്ക; രാജയുടെ അപ്പീലിൽ സുപ്രീംകോടതി അനുകൂലമായില്ലെങ്കിൽ ഉപതെരഞ്ഞെടുപ്പ് ഉടനെത്തും; ദേവികുളത്തേത് സിപിഎം ജാഗ്രത കുറവോ?
തൊടുപുഴ: ദേവികുളത്ത് ഉപതെരഞ്ഞെടുപ്പിന് സാധ്യത ഏറെയാണ് രാജയുടെ വിജയം ഹൈക്കോടതി റദ്ദാക്കുമ്പോൾ സിപിഎം സുപ്രീംകോടതിയിൽ അപ്പീൽ പോകും. ഈ അപ്പീലിൽ സുപ്രീംകോടതി തീരുമാനം നിർണ്ണായകമാണ്. എങ്കിലും പ്രാഥമിക തെളിവുകൾ രാജയ്ക്ക് എതിരാണ്. അതുകൊണ്ട് തന്നെ പിണറായി ഭരണത്തിന്റെ വിലയിരുത്തലായി ഈ തെരഞ്ഞെടുപ്പ് മാറും. ഇതിനൊപ്പം മൂന്നാറിലെ അടിയൊഴുക്കും നിർണ്ണായകമാണ്. ദേവികുളത്തെ രാജേന്ദ്രൻ ഇഫക്ടും തെളിയും. ഉപതെരഞ്ഞെടുപ്പ് സിപിഎമ്മിന് ജീവന്മരണ പോരാട്ടമാണ്. കോൺഗ്രസിന് തിരിച്ചു വരാനുള്ള ശക്തിയുണ്ടെന്ന് തെളിയിക്കാനുള്ള സുവർണ്ണാവസരം. പിണറായി സർക്കാർ നിരന്തര വിവാദത്തിലാണ്. ഇതിനിടെയാണ് ദേവികുളത്ത് ഉപതെരഞ്ഞെടുപ്പിന് സാധ്യത തെളിയുന്നത്.
എ.രാജയെ തിരഞ്ഞെടുപ്പിൽ തോൽപിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെത്തുടർന്നു സിപിഎമ്മിൽനിന്ന് ഒരു വർഷത്തേക്കു സസ്‌പെൻഷനിലായ മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ഹൈക്കോടതി വിധിയോടു കരുതലോടെയാണു പ്രതികരിച്ചത്. ഇത്തരമൊരു വിധി പ്രതീക്ഷിച്ചില്ലെന്നും ജാതി സംബന്ധിച്ചു സംശയമുണ്ടായിരുന്നെങ്കിൽ പാർട്ടി സ്ഥാനാർത്ഥിത്വം നൽകുമായിരുന്നുവെന്നു കരുതുന്നില്ലെന്നും രാജേന്ദ്രൻ പറഞ്ഞു. രാജേന്ദ്രൻ എല്ലാ അർത്ഥത്തിലും സിപിഎമ്മുമായി തെറ്റി നിൽക്കുകയാണ്. അതുകൊണ്ട് തന്നെ ദേവികുളത്ത് രാജേന്ദ്രൻ നടത്തുന്ന നീക്കം നിർണ്ണായകമാണ്.
3 തവണ എംഎൽഎയായ രാജേന്ദ്രൻ, ഒരുതവണ കൂടി പാർട്ടി ടിക്കറ്റ് പ്രതീക്ഷിച്ചിരുന്നു. പ്രചാരണത്തിൽ സജീവമാകാതെയും ചരടുവലി നടത്തിയും രാജയെ തോൽപിക്കാൻ രാജേന്ദ്രൻ ശ്രമിച്ചെന്ന വിലയിരുത്തലിലാണ് പാർട്ടി അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തത്. സസ്‌പെൻഷൻ കാലാവധി ജനുവരിയിൽ കഴിഞ്ഞെങ്കിലും തിരിച്ചുവരവിനോടു ജില്ലാ നേതൃത്വത്തിന് അനുകൂലനിലപാടല്ല. ഇതിനിടെയാണ് ഹൈക്കോടതി വിധി വരുന്നത്. സിപിഐയുമായും രാജേന്ദ്രൻ അടുക്കുമെന്ന വിലയിരുത്തലുണ്ടായിരുന്നു. എന്നാൽ എടുത്തു ചാട്ടം രാജേന്ദ്രൻ കാട്ടിയില്ല.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മറ്റു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്കൊപ്പം ദേവികുളത്തെ സ്ഥാനാർത്ഥിയെ സിപിഎം പ്രഖ്യാപിച്ചിരുന്നില്ല. പിന്നീട് എ.രാജയെ പ്രഖ്യാപിച്ചതു വൈകിയാണെങ്കിലും പ്രചാരണത്തിൽ അതു മറികടന്നു. മൂന്നാറിലെ തോട്ടം മേഖലയിൽ 3 പതിറ്റാണ്ടു നീണ്ട പ്രവർത്തനപരിചയത്തിന്റെ ബലത്തിൽ മത്സരത്തിനിറങ്ങിയ കോൺഗ്രസിന്റെ ഡി.കുമാറിനെതിരെ രാജ 7848 വോട്ടിന്റെ മികച്ച വിജയം നേടി. എന്നാൽ വ്യാജ ജാതി സർട്ടിഫിക്കറ്റുണ്ടാക്കിയാണു രാജ മത്സരിച്ചതെന്ന ആരോപണം ഹൈക്കോടതി ശരിവച്ചു.
ഒരു എംഎൽഎ അയോഗ്യനാകുന്നു എന്നതിനൊപ്പം, രാജയെ തോൽപിക്കാൻ ശ്രമിച്ചു എന്ന ആരോപണത്തിന്റെ പേരിൽ മുൻ എംഎൽഎ എസ്. രാജേന്ദ്രനും എം.എം.മണിയും തമ്മിൽ നടന്ന വാക്‌പോരും രാജേന്ദ്രന്റെ സസ്‌പെൻഷനും അടക്കമുള്ള വിഷയങ്ങൾ സിപിഎമ്മിന് തലവേദനയാണ്. രാജേന്ദ്രൻ, തിരഞ്ഞെടുപ്പിൽ രാജയെ തോൽപ്പിക്കാൻ നീക്കം നടത്തിയെന്നു പാർട്ടിക്കുള്ളിൽത്തന്നെ ആരോപണമുയർന്നിരുന്നു. അതു ശരിവച്ച് എം.എം. മണി എംഎൽഎ തന്നെ രംഗത്തെത്തിയതോടെ രാജേന്ദ്രനും മണിയും തമ്മിൽ കനത്ത വാക്‌പോരാണു നടന്നത്.
പിഴയടച്ചാണു ദേവികുളം എംഎൽഎ എ.രാജയുടെ നിയമസഭാ പ്രവേശം. നിയമസഭാംഗമായി ചെയ്ത സത്യപ്രതിജ്ഞ പൂർണമാകാത്തതിന്റെ പേരിലാണ്, സത്യപ്രതിജ്ഞ ചെയ്യാതെ സഭയിലിരുന്നതിനു രാജ പിഴയൊടുക്കേണ്ടിവന്നത്. പുതിയ പ്രതിജ്ഞ ചൊല്ലേണ്ടിയും വന്നു. തമിഴിലാണു രാജ പ്രതിജ്ഞയെടുത്തത്. അവസാനം പരാമർശിക്കേണ്ടിയിരുന്ന 'ദൈവനാമത്തിൽ' അല്ലെങ്കിൽ 'സഗൗരവം' എന്നിവയിൽ ഏതെങ്കിലും വാക്കിനു തുല്യമായ തമിഴ് വാക്ക് പറയാൻ രാജ വിട്ടുപോയി. നിയമവകുപ്പു തയാറാക്കിയ സത്യപ്രതിജ്ഞാവാചകത്തിൽ ഈ ഭാഗം ഒഴിച്ചിട്ടാണു രാജയ്ക്കു നൽകിയത്. തുല്യമായ തമിഴ്പദം ചേർത്തു രാജ പൂരിപ്പിക്കുമെന്ന് അവർ കരുതി. രാജയാകട്ടെ കയ്യിൽകിട്ടിയത് അതേപടി വായിച്ചു. ഇത് വിവാദമായി ചർച്ചയായി.
പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്തു മൽസരിക്കാൻ രാജ തെറ്റായ ജാതിരേഖകളാണ് സമർപ്പിച്ചതെന്നു ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഡി.കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. രാജയുടെ മാതാപിതാക്കളായ അന്തോണിയും എസ്തറും ക്രിസ്തുമത വിശ്വാസികളാണെന്നും അതേ വിശ്വാസത്തിൽത്തന്നെയാണ് രാജയും തുടരുന്നതെന്നും ഹർജിയിൽ കുമാർ ചൂണ്ടിക്കാട്ടിയിരുന്നു. ക്രിസ്തുമത വിശ്വാസി തന്നെയായ ഷൈനിപ്രിയയെ രാജ വിവാഹം ചെയ്തത് ക്രിസ്തുമത ആചാരപ്രകാരണമാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു.
തുടർന്ന് രാജ വിചാരണ നേരിടണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പട്ടികജാതി സംവരണ സീറ്റിൽ മൽസരിക്കാൻ രാജ യോഗ്യനല്ലെന്നു പറഞ്ഞ കോടതി, തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന ഡി. കുമാറിന്റെ ആവശ്യം അംഗീകരിച്ചിട്ടില്ല. കേരള നിയമസഭാ ചരിത്രത്തിൽ ആദ്യമായിട്ട് ഒരു മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കുന്നത് ദേവികുളത്താണ്. കേരളം രൂപീകൃതമായതിനുശേഷം 1957-ൽ നടന്ന ആദ്യനിയമസഭ തിരഞ്ഞെടുപ്പിൽ ദേവികുളം നിയമസഭാമണ്ഡലം ഒരു ദ്വയാംഗ മണ്ഡലമായിരുന്നു. അവിടെനിന്ന് സിപിഐ. പ്രതിനിധിയായി നിയമസഭയിലെത്തിയ റോസമ്മ പുന്നൂസ് സത്യപ്രതിഞ്ജ ചെയ്ത് കേരളത്തിലെ ആദ്യത്തെ എംഎൽഎയായി. പ്രൊ ടേം സ്പീക്കറായും അവർ തെരഞ്ഞെടുക്കപ്പെടുന്നു.
അതോടെ സ്വന്തമായി സത്യപ്രതിജ്ഞ ചൊല്ലിയ ആദ്യത്തെ നിയമസഭാംഗം എന്ന റെക്കോർഡും റോസമ്മ പുന്നൂസിന് ലഭിക്കുന്നു. കേരളത്തിലെ തിരഞ്ഞെടുപ്പിലൂടെ നിയമസഭയിലെത്തുന്ന ആദ്യത്തെ വനിതാ എംഎൽഎയും റോസമ്മ തന്നെ. എന്നാൽ തന്റെ നാമ നിർദ്ദേശ പത്രിക വരണാധികാരി നിയമവിരുദ്ധമായി തള്ളി എന്നാരോപിച്ച് എതിർ സ്ഥാനാർത്ഥി ബി.കെ. നായർ ഹൈക്കോടതിയെ സമീപിച്ചു. കോടതി തെരഞ്ഞെടുപ്പ് തന്നെ റദ്ദു ചെയ്തു കൊണ്ട് വിധി പ്രഖ്യാപിക്കുകയുണ്ടായി. 1958-ൽ ദേവികുളത്ത് കേരള നിയമസഭാ ചരിത്രത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പും നടന്നു. റോസമ്മ പുന്നൂസ് തന്നെ സിപിഐക്ക് വേണ്ടി മത്സരിച്ചു. വാശിയേറിയ പോരാട്ടത്തിൽ നേരത്തെ കിട്ടിയതിന്റെ മൂന്നിരട്ടി ഭൂരിപക്ഷത്തിൽ റോസമ്മ പുന്നൂസ് ജയിച്ചുവെന്നതും ചരിത്രം.
തുടർന്ന് ഇടതുപക്ഷവും കോൺഗ്രസും മാറി മാറി ദേവികുളത്ത് ജയിക്കുകയുണ്ടായി. 1991 മുതൽ കോൺഗ്രസിന്റെ കൈയിലായിരുന്ന മണ്ഡലം 2006-ൽ എസ്. രാജേന്ദ്രനിലൂടെയാണ് സിപിഎം. പിടിച്ചെടുത്തത്. മൂന്ന് തവണ രാജേന്ദ്രനെ ഇവിടെ നിന്ന് ജയിച്ചു.
മറുനാടന്‍ മലയാളി ബ്യൂറോ