തിരുവനന്തപുരം: ആത്മകഥയെന്ന പേരില്‍ പുറത്തുവന്ന ഭാഗങ്ങള്‍ താനറിയാതെ കൂട്ടിച്ചേര്‍ത്തതാണെന്ന് ഇ.പി.ജയരാജന്‍ പാര്‍ട്ടിക്കു വിശദീകരണം നല്‍കുമ്പോള്‍ വെട്ടിലാകുന്നത് ഗോസ്റ്റ് റൈറ്റര്‍. തന്നെ തകര്‍ക്കാന്‍ ഗൂഢാലോചന തുടരുകയാണെന്നും ഏത് അന്വേഷണത്തിനും തയാറാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ.പി വ്യക്തമാക്കി. ജയരാജന്‍ പറഞ്ഞതു വിശ്വസിക്കാനാണു പാര്‍ട്ടി തീരുമാനം. ഈ ഘട്ടത്തില്‍ അന്വേഷിക്കില്ല. കേന്ദ്രനേതൃത്വവുമായി ചര്‍ച്ച ചെയ്തശേഷം, ഉപതിരഞ്ഞെടുപ്പു ഫലം വന്നിട്ട് തുടര്‍പരിശോധന നടത്തും. ദേശാഭിമാനിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ജേണലിസ്റ്റില്‍ നിന്നും വിശദീകരണം തേടും.

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നു നീക്കിയതില്‍ പ്രകോപിതനായി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിട്ടശേഷം 76 ദിവസം കഴിഞ്ഞാണ് ജയരാജന്‍ വീണ്ടും യോഗത്തിനെത്തിയത്. അതായത് കട്ടണ്‍ചായയും പരിപ്പുവടയും എന്ന ആത്മകഥയിലെ വിവാദം എകെജി സെന്ററില്‍ ഇപിയെ വീണ്ടുമെത്തിച്ചു. യോഗം ഇപിയുടെ വിശദീകരണം കേട്ടതല്ലാതെ വിശദ ചര്‍ച്ചകള്‍ക്ക് നടത്തിയില്ല. പ്രചരിക്കുന്ന ആത്മകഥയിലെ ഒരു ഭാഗവും താന്‍ എഴുതിയതല്ല എന്ന അവകാശവാദം യോഗത്തില്‍ ഇ.പി നടത്തിയില്ല. 'തനിക്കെതിരെ ഉയര്‍ന്ന ചില ആരോപണങ്ങളില്‍ ഒരു പുസ്തകത്തിലൂടെ വ്യക്തത വരുത്തണമെന്ന് ആഗ്രഹിച്ചെന്നതു ശരിയാണ്. എന്നാല്‍, പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ വിമര്‍ശിച്ചു കൊണ്ടുള്ള ഭാഗമടക്കം പലതും താന്‍ എഴുതിയതല്ല. എഴുത്ത് പൂര്‍ത്തിയാക്കാനായി ഒന്നു രണ്ടു പേരുടെ സഹായം തേടിയിരുന്നു. അവരെ അവിശ്വാസമില്ല. ഉപതിരഞ്ഞെടുപ്പ് ദിവസം തന്നെ ഇതു പുറത്തിറങ്ങിയതിനു പിന്നില്‍ വലിയ ഗൂഢാലോചന നടന്നു. പറയുന്നതില്‍ സംശയമുണ്ടെങ്കില്‍ പാര്‍ട്ടിക്ക് അന്വേഷിക്കാം' ജയരാജന്‍ വ്യക്തമാക്കി. ഇത് ചെന്ന് കൊള്ളുന്നത് ഗോസ്റ്റ് റൈറ്ററിലേക്കാണ്.

ജയരാജന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസിന്റെ അന്വേഷണം നടക്കട്ടെയെന്നും അതിനു ശേഷം ആലോചിക്കാമെന്നുമാണ് സെക്രട്ടേറിയറ്റ് തീരുമാനം. മുമ്പൊരു മന്ത്രിയുടെ സ്റ്റാഫില്‍ പ്രവര്‍ച്ചയാളാണ് ഗോസ്റ്റ് റൈറ്റര്‍ എന്നാണ് സൂചനകള്‍. ഇയാള്‍ക്ക് മന്ത്രി ഓഫീസിലെ ജോലി പിന്നീട് നഷ്ടമായി. വര്‍ഷങ്ങള്‍ക്ക് ശേഷം ഇതിന്റെ പകവീട്ടലുണ്ടായോ എന്ന സംശയം സജീവമാണ്. ഇതിനൊപ്പം കണ്ണൂര്‍ ദേശാഭിമാനിയിലെ സമീപ കാല മാറ്റങ്ങളില്‍ താക്കോല്‍ സ്ഥാനം പ്രതീക്ഷിച്ചു. അതും കിട്ടിയില്ല. ഇതിലെ നിരാശയും ഈ വിവാദത്തിന് പിന്നില്‍ നിറഞ്ഞോ എന്ന് പാര്‍ട്ടി പരിശോധിക്കും. എന്നാല്‍ പാര്‍ട്ടി വിരുദ്ധത ചെയ്യുന്ന ആള്‍ക്കെതിരെയല്ല ആരോപണങ്ങള്‍ ഉയരുന്നത്. അതുകൊണ്ട് തന്നെ വിശദ അന്വേഷണം പാര്‍ട്ടി നടത്തും. ഡിസിയുമായി ഇപി കരാറൊന്നും ഒപ്പിട്ടിട്ടില്ല. ഇത് ഇപിയുടെ വാദങ്ങള്‍ക്ക് കരുത്ത് പകരും.

കവിയൂര്‍ പൊന്നമ്മയെ അനുസ്മരിച്ചു മോഹന്‍ലാലിന്റെ പേരില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഗുരുതരമായ തെറ്റു വരുത്തിയ ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റ് മേധാവിയും സീനിയര്‍ ന്യൂസ് എഡിറ്ററുമായ എ.വി. അനില്‍കുമാറിനു സസ്‌പെന്‍ഷന്‍ കിട്ടിയിരുന്നു. ലേഖനത്തില്‍ മോഹന്‍ലാലിന്റെ അമ്മ നേരത്തേ മരിച്ചുവെന്ന തെറ്റായ പരാമര്‍ശം കടന്നു കൂടിയതു വിവാദമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ദേശാഭിമാനിക്കു നേരെ കടുത്ത വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് പത്രാധിപര്‍ ഖേദ പ്രകടനം പ്രസിദ്ധീകരിച്ചു. അനില്‍ കുമാറിനു പകരക്കാരനായി കണ്ണൂര്‍ ബ്യൂറോയിലെ സ്‌പെഷല്‍ കറസ്‌പോണ്ടന്റ് പി.സുരേശനു കണ്ണൂര്‍ യൂണിറ്റിന്റെ ചുമതല നല്‍കുകയും ചെയ്തു. ഈ വിവാദവുമായി ബന്ധപ്പെട്ട് അന്ന് പ്രചരിച്ച കുറിപ്പില്‍ ചില വാചകമുണ്ട്. ഇ.പി.ജയരാജന്റെ അനൗദ്യോഗിക മാധ്യമ ഉപദേഷ്ടാവ് ഇന്നാണ് ആ മാധ്യമ പ്രവര്‍ത്തകനെ വിളിച്ചത്. ജയരാജന്‍ എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥയുടെ ഗോസ്റ്റ് റൈറ്റര്‍ ഇദ്ദേഹമാണെന്ന് പാര്‍ട്ടിക്കു വിവരം ലഭിച്ചിട്ടുണ്ടെന്നും അതില്‍ പറയുന്നു. അതായത് ആത്മകഥ എഴുതിയ ആളിനെ പാര്‍ട്ടി നേരത്തെ കണ്ടെത്തിയിരുന്നു.

ഇപ്പോഴത്തെ വിവാദ സമയത്തും ചില കേന്ദ്രങ്ങള്‍ ഒരു കുറിപ്പ് ഇറക്കി. അതിലും ഗുരുതര ആരോപണം ഇയാള്‍ക്കെതിരെയുണ്ട്. സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ ആത്മകഥ വിവാദത്തിലായതോടെ കുടുങ്ങിയത്. ഡി.സി.ബുക്‌സും ദേശാഭിമാനി ലേഖകനും. ദേശാഭിമാനി കണ്ണൂര്‍ ബ്യൂറോയിലെ ഒരു ലേഖകനാണ് ജയരാജന്റെ ആത്മകഥ തയ്യാറാക്കിയത്. പയ്യന്നൂര്‍ സ്വദേശിയാണെന്നും പറയുന്നു. ആത്മകഥ പ്രസിദ്ധീകരിക്കുന്നതിന് ഇ.പി.ജയരാജന്‍ സി.സി.ബുക്‌സുമായി എഗ്രിമെന്റ് ഉണ്ടാക്കിയിരുന്നില്ല. എഗ്രിമെന്റില്ലാതെ പുസ്തകത്തിന്റെ പേര് നല്‍കുകയും അതിന്റെ കവര്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ഡി.ഡി. ബുക്‌സിന്റെ നടപടി കടുത്ത നിയമ ലംഘനമാണ്. ഇ.പി.ജയരാജന്‍ നിയമ നടപടി സ്വീകരിച്ചാല്‍ സി.സി.ബുക്‌സ് അധികൃതര്‍ കുടുങ്ങും. പുസ്തകം മാതൃഭൂമി ബുക്‌സിന് നല്‍കാനായിരുന്നു ഇ.പി.ജയരാജന് താല്‍പ്പര്യവും. മാത്രമല്ല, ഇ.പി.ജയരാജനെ ആക്ഷേപിക്കാന്‍ മാധ്യമങ്ങള്‍ നിരന്തരം ഉപയോഗിക്കുന്ന,അദ്ദേഹത്തിന്റെ

തന്നെ ഒരു മുന്‍ പ്രയോഗമാണ് പുസ്തകത്തിന്റെ പേരായി നല്‍കിയിരിക്കുന്നത്. കണ്ണൂരിലെ ഒരു മുതിര്‍ന്ന സി.പി.എം.നേതാവിന്റെ ആത്മകഥക്ക് നല്‍കിയ പേര് തന്നെ ആ നിലയില്‍ അധിക്ഷേപകരമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.-ഈ കുറിപ്പിലും ഗോസ്റ്റ് റൈറ്റര്‍ ആരെന്ന സൂചനകളുണ്ട്.