ആലപ്പുഴ: സിപിഎമ്മിനെ തള്ളി പറഞ്ഞൊരു പരിപാടിക്കും ജി സുധാകരനെ കിട്ടില്ല. അസംതൃപ്തിയുണ്ടെങ്കിലും പരസ്യ പ്രതികരണം നടത്തില്ല. എന്നാല്‍ തന്റെ പ്രധാന്യം സിപിഎമ്മിനെ പറഞ്ഞു മനസ്സിലാക്കി കൊടുക്കാനും മടിക്കില്ല. പാര്‍ട്ടിയില്‍ സ്ഥാനമാനമില്ലാഞ്ഞിട്ടും താന്‍ പ്രധാനിയാണെന്ന് എതിരാളികള്‍ കാണുന്നുവെന്ന് ജി സുധാകരന്‍ പറയുന്നത് അളന്നുമുറിച്ചുള്ള വാക്കുകളിലൂടെയാണ്. സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും ആശ്വാസമാണ് എല്ലാ അര്‍ത്ഥത്തിലും സുധാകരന്റെ നിലപാട്. ആലപ്പുഴയിലെ സിപിഎമ്മില്‍ പലവിധ പ്രശ്‌നമുണ്ട്. അത് പരസ്യമായി ആളികത്തിക്കില്ലെന്നാണ് ജി സുധാകരന്‍ നല്‍കുന്ന സൂചന.


നേരത്തെ മുസ്ലീം ലീഗ് ദിനപത്രമായ ചന്ദ്രിക ക്യാംപെയ്നിന്റെ ഉദ്ഘാടനത്തില്‍ നിന്ന് പിന്‍മാറിയിരുന്നു സുധാകരന്‍. വിവാദത്തിന് താത്പര്യമില്ലെന്ന് വീട്ടിലെത്തിയ ലീഗ് നേതാക്കളെ ജി സുധാകരന്‍ അറിയിച്ചു. ഇന്ന് രാവിലെ പത്രത്തിന്റെ ക്യാംപെയ്ന്‍ ഉദ്ഘാടനം ജി സുധാകരന്റെ വീട്ടില്‍ വച്ച് നടത്താനായിരുന്നു തീരുമാനം. ഉദ്ഘാടനം മാറ്റാന്‍ ജി സുധാകരന്‍ ആവശ്യപ്പെട്ടതായി മുസ്ലീം ലീഗ് ആലപ്പുഴ ജില്ല പ്രസിഡന്റ് അറിയിച്ചു. ജി സുധാകരന്റെ സൗകര്യം നോക്കി മറ്റൊരു ദിവസം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കേവലം സിപിഎം നേതാവ് എന്ന നിലയ്ക്കല്ല. അദ്ദേഹം എംഎല്‍എയും മന്ത്രിയുമായിരിക്കുമ്പോള്‍ എല്ലാവര്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. കഴിഞ്ഞ വര്‍ഷവും ജി സുധാകരനായിരുന്നു ഉദ്ഘാടനം ചെയ്തത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ വിവാദം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് ശേഷമാണ് കെസി വേണുഗോപാല്‍ സുധാകരനെ കാണാനെത്തിയത്. ഇവിടേയും സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്നതൊന്നും സുധാകരന്‍ ചെയ്യുന്നില്ല.

തനിക്ക് ഒരു അസംതൃപ്തിയുമില്ല. കഴിഞ്ഞ വര്‍ഷത്തെ തന്റെ രാഷ്്ട്രീയ പ്രവര്‍ത്തനം കാണുമ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലാത്തവര്‍ക്കും പാര്‍ട്ടിവിട്ടുപോകുന്നവര്‍ക്കും തന്നെ പറ്റി പറയേണ്ടിവരുന്നു. തന്റെ രാഷ്ട്രീയ ജീവിതം അവര്‍ക്കും അവഗണിക്കാനാവില്ലെന്നതാണ് അത് വ്യക്തമാക്കുന്നതെന്ന് സുധാകരന്‍ പറഞ്ഞു. കെസി വേണുഗോപാല്‍ വീട്ടില്‍ എത്തി സന്ദര്‍ശിച്ചതി പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സ്വാഗം ചെയ്യലിനും മറുപടിയില്ല. ഇതൊന്നും തന്റെ വിഷയമല്ലെന്നാണ് സുധാകരന്‍ പറയുന്നത്. തന്റെ പ്രസക്തി മാത്രമാണ് ഇതിലുള്ളതെന്നാണ് സുധാകരന്‍ വിശദീകരിക്കുന്നത്.

ആരോഗ്യ വിവരം തിരക്കാനാണ് സുധാകരന്റെ വീട്ടില്‍ കെസി എത്തിയത്. കൂടിക്കാഴ്ചയ്്ക്ക് പിന്നാലെ സൗഹൃദസന്ദര്‍ശനമെന്ന് ഇരുനേതാക്കളും മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ആരോഗ്യവിവരം തിരക്കിവന്നതാണെന്ന് ജി സുധാകരനും സന്ദര്‍ശനം വ്യക്തിപരമെന്ന് കെസി വേണുഗോപാലും മാധ്യമങ്ങളോട് പറഞ്ഞു. 'ഞാന്‍ സുഖമില്ലാതെ കിടന്നതറിഞ്ഞ് വന്നതാണ്. ഞങ്ങള്‍ ഒരുപാട് കാലം അസംബ്ലിയില്‍ ഉണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വന്നതാണ്. സുഖമില്ലാതെ കിടന്നപ്പോള്‍ ഒരുപാട് പേര്‍ എന്നെ കാണാന്‍ വന്നിട്ടുണ്ട്. നിങ്ങള്‍ക്ക് വാര്‍ത്തകള്‍ ഒന്നുമില്ലാത്തത് കൊണ്ട് നിങ്ങള്‍ ഇതും വാര്‍ത്തയാക്കുകയാണ്'- സുധാകരന്‍ പറഞ്ഞു.

ഞാന്‍ 62 വര്‍ഷമായി രാഷ്ട്രീയത്തില്‍ ഉള്ള ആളല്ലേ?. ഇപ്പോഴും ഉണ്ടല്ലോ. മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാനങ്ങളല്ലേ ഒഴിഞ്ഞുള്ളു. അത് ഞങ്ങള്‍ എല്ലാ കൂടീ തീരുമാനിച്ചതാണല്ലോ. എനിക്ക് ഒരു അസംതൃപ്തിയുമില്ല. ഞാന്‍ വളരെ പ്രധാനപ്പെട്ട ഒരാളെന്ന് എതിരാളികള്‍ കരുതുന്നു. അതാണ് രാഷ്ട്രീയം. പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ ഇല്ലെങ്കിലും എന്റെ കഴിഞ്ഞ വര്‍ഷത്തെ രാഷ്്ട്രീയ പ്രവര്‍ത്തനം കാണുമ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലാത്തവര്‍ക്കും പാര്‍ട്ടിവിട്ടുപോകുന്നവര്‍ക്കും എന്നെ പറ്റി പറയേണ്ടിവരുമെന്നും. എന്റെ രാഷ്ട്രീയ ജീവിതം അവര്‍ക്കുംഅവഗണിക്കാനാവില്ല'

'കെ സുരേന്ദ്രന്‍ പറയുന്നതിനൊക്കെ താന്‍ മറുപടിയ പറയണോ? അത് എന്ത് പത്രധര്‍മ്മമാണ്. എന്റെപേര് ആരെല്ലാം ലോകത്ത് പറയുന്നുണ്ട്. ഞാന്‍ ഒരു പൊതുപ്രവര്‍ത്തകനല്ലേ?. അതിന് എല്ലാ സമാധാനം പറയുന്ന രീതി എനിക്ക് ഇല്ല. ഞാന്‍ ഇപ്പോള്‍ അധികമൊന്നും പ്രതികരിക്കാറില്ല'- സുധാകരന്‍ പറഞ്ഞു. സിപിഎം അമ്പലപ്പുഴ ഏരിയ സമ്മേളനത്തില്‍നിന്നു മുന്‍ മന്ത്രി കൂടിയായ ജി.സുധാകരനെ സിപിഎം പൂര്‍ണമായും ഒഴിവാക്കി. ഉദ്ഘാടന സമ്മേളനത്തിലും ശനിയാഴ്ച നടക്കുന്ന പൊതുസമ്മേളനത്തിലും ജി.സുധാകരന് ക്ഷണമില്ല. സുധാകരന്റെ വീടിനടുത്താണ് ഇത്തവണ പൊതുസമ്മേളന വേദി. 15 വര്‍ഷം അമ്പലപ്പുഴ മണ്ഡലത്തിലെ എംഎല്‍എയായിരുന്നു ജി.സുധാകരന്‍. ഇതിന് പിന്നാലെയാണ് ബിജെപിയിലേക്ക് സുധാകരനെ സുരേന്ദ്രന്‍ ക്ഷണിച്ചത്.

നേരത്തെ സിപിഎമ്മിന്റെ ആലപ്പുഴയിലെ യുവനേതാവ് ടി.ജെ.ആഞ്ചലോസിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത് കള്ളറിപ്പോര്‍ട്ട് ഉണ്ടാക്കിയാണെന്ന് ആരോപിച്ച് ജി.സുധാകരന്‍ രംഗത്തെത്തിയിരുന്നു. സിപിമ്മിലെ പ്രായപരിധി നിബന്ധനയ്ക്കെതിരെയും അദ്ദേഹം ശബ്ദമുയര്‍ത്തിയിരുന്നു.