തിരുവനന്തപുരം: എബി വാജ്‌പേയി പ്രധാനമന്ത്രിയായപ്പോള്‍ രാജ്യസഭാ അംഗമായത് ഒ രാജഗോപാലാണ്. പി പരമേശ്വരന്‍ എന്ന ആര്‍ എസ് എസിലെ ബഹുമുഖ വ്യക്തിത്വത്തിനായി വാജ്‌പേജ് കരുതിയതായിരുന്നു ആ എംപി പദവും മന്ത്രി സ്ഥാനവും. പക്ഷേ രാജഗോപാലിനെയാണ് പി പരമേശ്വരന്‍ പകരക്കാരനായി മുന്നോട്ട വച്ചത്. പിന്നീട് ബിജെപിയുടെ മോദി പ്രധാനമന്ത്രിയായപ്പോള്‍ കേരളത്തില്‍ നിന്നും ഒരേ സമയം ഒന്നിലധികം പേര്‍ രാജ്യസഭാ എംപിമാരായി. അല്‍ഫോണ്‍സ് കണ്ണന്താനവും വി മുരളീധരനും സുരേഷ് ഗോപിയും ആഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി റിച്ചാര്‍ഡ് ഹേയും രാജ്യസഭയില്‍ എത്തി. ഒരേ സമയം ഒന്നിലധികം പേര്‍. വി മുരളീധരനും രാജീവ് ചന്ദ്രശേഖറും രണ്ടാം മന്ത്രിസഭയില്‍ ഒരുമിച്ച് മന്ത്രിമാരായ മലയാളികളുമായി. കര്‍ണ്ണാടകയില്‍ നിന്നും രാജ്യസഭയില്‍ എത്തിയ രാജീവ് ചന്ദ്രശേഖര്‍, മോദി സര്‍ക്കാര്‍ എത്തും മുമ്പേ രാജ്യസഭയില്‍ ഇടം നേടിയ മലയാളിയായിരുന്നു. പിടി ഉഷയും രാജ്യസഭാ അംഗമാണ്.

പുതിയ മോദി സര്‍ക്കാരില്‍ പ്രതീക്ഷിച്ചതു പോലെ സുരേഷ് ഗോപി മന്ത്രിയായി. ഇതിനൊപ്പം അപ്രതീക്ഷിതനായി ജോര്‍ജ്ജ് കുര്യനുമെത്തി. മധ്യപ്രദേശില്‍ നിന്നായിരുന്നു കേന്ദ്രമന്ത്രിയായ ശേഷം ജോര്‍ജ് കുര്യന്‍ രാജ്യസഭാ അംഗമായത്. മുന്‍ കീഴ് വഴക്കമനുസരിച്ച് ഒരാള്‍ കൂടി കേരളത്തില്‍ നിന്നും രാജ്യസഭാ അംഗമാകുമെന്ന് ഏവരും കരുതിയിരുന്നു. പലരും ആ പദവി ആഗ്രഹിക്കുകയും ചെയ്തു. എന്നാല്‍ ആഗ്രഹിച്ചവര്‍ക്കൊന്നും അത് മോദി നല്‍കിയില്ല. പകരം സദാനന്ദന്‍ മാസ്റ്ററെ തിരഞ്ഞെടുത്തിരുന്നു. കുട്ടിക്കാലം മുതല്‍ ആരുടേയും സമ്മര്‍ദ്ദമില്ലാതെ ബിജെപി രാഷ്ട്രീയത്തിനൊപ്പം നടന്ന ന്യൂനപക്ഷ സമുദായ അംഗമായിരുന്നു ജോര്‍ജ് കുര്യന്‍.

സംഘപരിവാറുകാരുടെ ഇഷ്ട നേതാവ്. ക്രൈസ്തവര്‍ക്കിടയില്‍ സ്വാധീനം കൂട്ടാന്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള കുര്യനെ മോദി കണ്ടെത്തി. അതിന് സമാനമായി ബലിദാനി വികാരം ശക്തമാക്കാന്‍ ആര്‍ എസ് എസുകാരുടെ പ്രിയപ്പെട്ട മാസ്റ്ററായ സദാനന്ദനെ രാജ്യസഭയിലും എത്തിച്ചു. രണ്ടും കേരളത്തിലെ ബിജെപി രാഷ്ട്രീയത്തില്‍ പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കുകളാണ്. അതായത് ജോര്‍ജ്ജ് കുര്യനും പിടി ഉഷയും സദാനന്ദന്‍ മാസ്റ്ററും അടക്കം മൂന്ന് പേര്‍ ഒരേ സമയം ബിജെപി അക്കൗണ്ടില്‍ രാജ്യസഭയില്‍ അംഗമാവുകയാണ്. കായിക താരമെന്ന നിലയില്‍ പിടി ഉഷയേയും നാമനിര്‍ദ്ദേശം ചെയ്യുകയായിരുന്നു.

ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനാണ് കെ സുരേന്ദ്രന്‍. ഒരു വട്ടം കൂടി തന്നെ തുടരാന്‍ അനുവദിക്കുമെന്ന് ഏവരും കരുതി. പക്ഷേ കര്‍ണ്ണാടകയിലെ ബിജെപിയില്‍ നിറഞ്ഞു നിന്ന രാജീവ് ചന്ദ്രശേഖര്‍ എന്ന മലയാളിയെ ആ ദൗത്യം ഏല്‍പ്പിച്ചതും മോദി-അമതി ഷാ കൂട്ടുകെട്ടിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കായിരുന്നു. കേരളത്തിലെ ബിജെപിയില്‍ ഗ്രൂപ്പിസം അനുവദിക്കില്ലെന്ന സന്ദേശമായി ഭാരവാഹി പ്രഖ്യാപനം. എല്ലാവരും ഒരുമിച്ചു നീങ്ങണമെന്ന സന്ദേശം നല്‍കാന്‍ അമിത് ഷാ കേരളത്തില്‍ നേരിട്ടെത്തി. അമിത് ഷാ പോകുമ്പോള്‍ പലരും അടുത്ത രാജ്യസഭാ അംഗം താനാകുമെന്ന് പലരും സ്വപ്‌നം കണ്ടിരുന്നു. സുരേന്ദ്രന്‍ രാജ്യസഭാ അംഗമായി കേന്ദ്രമന്ത്രിയാകുമെന്ന് പോലും പ്രചരണമുണ്ടായി. മുന്‍ മന്ത്രി വി മുരളീധരനും കേന്ദ്ര മന്ത്രി സ്ഥാനം പ്രതീക്ഷിച്ചിരുന്നു. മുതിര്‍ന്ന നേതാവായ കുമ്മനം രാജശേഖരന്റെ അനുയായികളും അദ്ദേഹം എംപിയാകുമെന്ന് കരുതിയിരുന്നു.

എന്നാല്‍ രാജ്യസഭാ അംഗമായി സദാനന്ദന്‍ മാസ്റ്റര്‍ എത്തിയതോടെ ആ പ്രതീക്ഷകള്‍ തെറ്റുകായണ്. ഇതിനൊപ്പം പികെ കൃഷ്ണദാസും രാജ്യസഭയിലേക്ക് എത്താമെന്ന് കരുതിയിരുന്നു. പത്മജാ വേണുഗോപാലിന് രാജ്യസഭാ സീറ്റ് നല്‍കുമെന്ന് പ്രതീക്ഷിച്ചവരുണ്ട്. എന്നാല്‍ കരുണാകരന്റെ മകളെ ഗവര്‍ണ്ണറാക്കുമെന്ന പ്രചരണമായിരുന്നു ആദ്യം മുതല്‍ കൂടുതലായി നടക്കുന്ന പ്രചരണം. ബിജെപിയുടെ സംസ്ഥാന നേതൃനിരയില്‍ പത്മജയെ എത്തിക്കാത്തതു കൊണ്ട് തന്നെ ദേശീയ തലത്തില്‍ അവരെ അംഗീകരിക്കുമെന്ന ചര്‍ച്ചകള്‍ ഇപ്പോഴും സജീവം. പക്ഷേ ബിജെപിയില്‍ പരമ്പരാഗത മുഖങ്ങളുടെ എല്ലാം രാജ്യസഭാ എംപി മോഹത്തെ തകര്‍ത്താണ് സദാനന്ദന്‍ മാസ്റ്ററുടെ രാജ്യസഭാ എന്‍ട്രി. ഇതിനെ എതിര്‍ക്കാന്‍ ആ പദവി ആഗ്രഹിച്ചവര്‍ക്ക് പോലും കഴിയുന്നില്ല. ജോര്‍ജ് കുര്യനെ കേന്ദ്രമന്ത്രിയാക്കിയതിലും വലിയ സപ്രൈസാണ് കേരളത്തിന് വേണ്ടി 2025 ജൂലൈ 13ന് മോദി സര്‍ക്കാര്‍ രാഷ്ട്രപതിയുടെ വിജ്ഞാപനത്തിലൂടെ പൊട്ടിച്ചത്. അതു കേരളത്തിലെ പല ബിജെപി നേതാക്കള്‍ക്കും ഞെട്ടലായി മാറിയിട്ടുണ്ട്.

കേരളത്തിലെ ബിജെപിയുമായി ആര്‍ എസ് എസ് അകലത്തിലാണ്. ഇനിയും ബിജെപിക്ക് സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു ആര്‍ എസ് എസ് പ്രചാരകനെ നല്‍കിയിട്ടില്ല. ഇതു കൂടി മനസ്സില്‍ വച്ചാണ് സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ കേരളത്തിലെ പ്രധാന വക്താക്കളില്‍ ഒരാളായ സദാനന്ദന്‍ മാസ്റ്ററെ രാജ്യസഭയിലേക്ക് എത്തിക്കുന്നത്.ജീവിച്ചിരിക്കുന്ന ബലിദാനിയാണ് ആക്രമണത്തില്‍ രണ്ടു കാലും നഷ്ടമായ സദാനന്ദന്‍ മാസ്റ്റര്‍. രാജ്യസഭാംഗമായി സദാനന്ദനെ നിര്‍ദേശിച്ചു രാഷ്ട്രപതി വിജ്ഞാപനം ഇറക്കി. കണ്ണൂര്‍ കൂത്തുപറമ്പ് ഉരുവച്ചാല്‍ സ്വദേശിയാണ്. 1994ല്‍ സിപിഎം ആക്രമണത്തില്‍ കാല്‍ നഷ്ടപ്പെട്ടിരുന്നു. രാജ്യസഭാംഗമായി നിര്‍ദേശിച്ചതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി ഇക്കാര്യത്തപ്പറ്റി നേരത്തെ സൂചന നല്‍കിയിരുന്നുവെന്നും സദാനന്ദന്‍ പറഞ്ഞു. ''സന്തോഷമുണ്ട്. പദവിയെക്കുറിച്ചു പ്രധാനമന്ത്രി നേരത്തെ സൂചന നല്‍കിയിരുന്നു. നേരിട്ടും സംസാരിച്ചിരുന്നു.

കേരളത്തിനും കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തനത്തിനും ശക്തിപകരുന്ന തീരുമാനമാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കുകയാണ്. വികസിത ഭാരതം എന്ന സന്ദേശം പാര്‍ട്ടി നല്‍കിയിട്ടുണ്ട്. അത് സാധ്യമാകുന്ന നയങ്ങള്‍ പാര്‍ട്ടി സ്വീകരിക്കുകയാണ്. അതിന്റെ ഭാഗമായും ഇതിനെ കാണാം'' സി.സദാനന്ദന്‍ പറഞ്ഞു. കേരളത്തില്‍നിന്ന് പി.ടി. ഉഷയെ നേരത്തെ നോമിനേറ്റഡ് രാജ്യസഭാംഗമാക്കിയിരുന്നു. സുരേഷ് ഗോപിയും അതേ തലത്തില്‍ രാജ്യസഭാംഗമായിരുന്നു.