- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജാതി സെൻസസിനെ 'ദീദി' എതിർത്തു; കൺവീനർ വേണ്ടെന്ന തീരുമാനത്തിന് പിന്നിൽ ബംഗാൾ-ബീഹാർ-തമിഴ്‌നാട് മുഖ്യമന്ത്രിമാർ; സീറ്റ് വിഭജനം ഉടൻ തീർക്കണമെന്ന് തീരുമാനം; കപിൽ സിബൽ എത്തിയത് കോൺഗ്രസിനെ നിരാശരാക്കി; സംയുക്ത വാർത്താ സമ്മേളനം മമത ബഹിഷ്കരിക്കുമെന്ന് അറിയിച്ചതും പ്രതിസന്ധിയായി; 'ഇന്ത്യാ' മുന്നണിയിൽ കേരളം ഉണ്ടാവില്ല!
മുംബൈ: ഇന്ത്യാ മുന്നണിയിൽ തുടക്കത്തിലേ പൊട്ടിത്തെറികൾ. സീറ്റ് വിഭജനത്തെ ചൊല്ലി ഇന്ത്യ സഖ്യത്തിൽ ഭിന്നതയുണ്ടെന്നാണ് സൂചന. സംയുക്ത വാർത്ത സമ്മേളനം ബഹിഷ്‌ക്കരിച്ച് മമത ബാനർജി. കൃത്യമായ സമയത്തിനുള്ളിൽ സംസ്ഥാനങ്ങളിൽ സീറ്റ് വിഭജനം നടത്തണമെന്ന് മമത ബാനർജി ആവശ്യപ്പെട്ടു. മമതയുടെ നിലപാടിനോട് കോൺഗ്രസടക്കം മൗനം പാലിച്ചു. ആർജെഡി, സമാജ് വാദി പാർട്ടികൾ അനുകൂലിച്ചു. മമതയുടെ പ്രതിഷേധത്തെ തുടർന്ന് ജാതി സെൻസസിൽ പ്രമേയം പാസാക്കാനായില്ല. ജാതി സെൻസസ് കോൺഗ്രസിന്റെ നിർദ്ദേശമായിരുന്നു.
പ്രതിപക്ഷ പാർട്ടികൾ രൂപീകരിച്ച ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) സഖ്യത്തെ നയിക്കാൻ 14 അംഗ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചത് മാത്രമാണ് നിർണ്ണായക തീരുമാനം. സമിതിക്ക് കൺവീനർ ഇല്ല. ഗാന്ധി കുടുംബത്തിൽ നിന്ന് അംഗങ്ങളില്ല. ശരദ് പവാറാണ് കമ്മിറ്റിയിലെ മുതിർന്ന നേതാവ്. കോൺഗ്രസ് പാർട്ടിയിൽ നിന്ന് കെ സി വേണുഗോപാലാണ് സമിതിയിലുള്ളത്. തേജസ്വി യാദവും ഒമർ അബ്ദുള്ളയും ഡി രാജയും സമിതിയിലുണ്ട്. സിപിഎം പ്രതിനിധി ആരെന്ന് പിന്നീട് തീരുമാനിക്കും. കേരളത്തിൽ ഇന്ത്യാ മുന്നണിയിലെ കോൺഗ്രസും സിപിഎമ്മും പരിസ്പരം മത്സരിക്കും.
പ്രതിപക്ഷ പാർട്ടികൾക്കിടയിലെ സീറ്റ് വിഭജനം സെപ്റ്റംബർ 30 നകം പൂർത്തിയാക്കാൻ ധാരണ. മുംബൈയിൽ വച്ച് ഇന്ത്യ മുന്നണിയിലെ നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. തെരഞ്ഞെടുപ്പ് നേരത്തെ നടന്നേക്കുമെന്ന് സൂചന കിട്ടിയതോടെ തയ്യാറെടുപ്പ് വേഗത്തിലാക്കാനാണ് തീരുമാനം. എന്നാൽ സീറ്റ് വിഭജനത്തിൽ കീറാമുട്ടികൾ ഏറെയാണ്. പഞ്ചാബിലും ഡൽഹിയിലും ബംഗാളിലും പ്രതിസന്ധിക്ക് സാധ്യത ഏറെയാണ്. കേരളം ഇന്ത്യാ മുന്നണിയുടെ സീറ്റ് വിഭജന ചർച്ചയിൽ ഉണ്ടാകില്ല,.
'ഇന്ത്യ' യോഗത്തിന് മുതിർന്ന നേതാവ് കപിൽസിബൽ എത്തിയതിൽ കോൺഗ്രസ് നേതാക്കളിൽ അമർഷവും രൂപപ്പെട്ടു. കോൺഗ്രസ് വിട്ട സിബലിന് ഔദ്യോഗിക ക്ഷണമില്ലെങ്കിലും അപ്രതീക്ഷതമായാണ് യോഗത്തിനെത്തിയത്. കോൺഗ്രസ് ദേശീയ ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ യോഗത്തിന് ആതിഥ്യംവഹിച്ച മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ തന്റെ പ്രതിഷേധം അറിയിച്ചു. പ്രതിപക്ഷനേതാക്കളുടെ ഒന്നിച്ചുള്ള ഫോട്ടോയെടുക്കുന്നതിന് മുമ്പാണ് വേണഗോപാൽ അമർഷം പ്രകടിപ്പിച്ചത്.
നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ളയും സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും വേണുഗോപാലിനെ അനുനയിപ്പിക്കാൻ ശ്രമിച്ചു. സിബൽ പങ്കെടുക്കുന്നതിൽ എതിർപ്പില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി അറിയിച്ചതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്. എൻ.സി.പി. വർക്കിങ് പ്രസിഡന്റ് സുപ്രിയ സുലെ സിബലിനെ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. രാജ്യസഭാ എംപി. കൂടിയായ സിബൽ പ്രതിപക്ഷ നേതാക്കൾക്കൊപ്പം ഫോട്ടോയെടുപ്പിൽ പങ്കെടുക്കുകയും ചെയ്തു.
ഇന്നലെ മുംബയിൽ നടന്ന യോഗത്തിൽ 'ഇന്ത്യ' പ്രതിപക്ഷ മുന്നണിക്ക് കൺവീനറെ പ്രഖ്യാപിക്കാൻ കഴിയാത്തത് മൂന്ന് മുഖ്യമന്ത്രിമാരുടെ കടുത്ത വിയോജിപ്പ് കാരണമെന്നാണ് സൂചന. മുന്നണി രൂപീകരണത്തിന് മുന്നിട്ടിറങ്ങിയ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് പുറമേ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കൺവീനർ വേണ്ടെന്ന കടുത്ത നിലപാട് സ്വീകരിച്ചു. തുടർന്നാണ് മുന്നണിയുടെ ഏകോപനത്തിനും പ്രചാരണ തന്ത്രങ്ങൾ മെനയാനും അടക്കം കമ്മിറ്റികൾ രൂപീകരിച്ചത്.
വർക്കിങ് ഗ്രൂപ്പ് ഫോർ സോഷ്യൽ മീഡിയ, വർക്കിങ് ഗ്രൂപ്പ് ഫോർ മീഡിയ, വർക്കിങ് ഗ്രൂപ്പ് ഫോർ റിസർച്ച് എന്നിവയാണ് മറ്റു മൂന്നു കമ്മിറ്റികൾ.മുന്നണി ഏകോപനത്തിനായി സമിതിയുള്ള സാഹചര്യത്തിൽ കൺവീനർ വേണ്ടെന്ന നിലപാടിലേക്ക് കാര്യങ്ങളെത്തി.




