- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരുവ് വിളക്കിന്റെ പേരില്‍ പരസ്യമായി തെറിവിളിച്ചപ്പോള്‍ ബോധംകെട്ട് വീണ് ജീവനക്കാരി; അധ്യക്ഷയെ വീട്ടിലെത്തിക്കാത്ത ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍; തെറികേട്ട് പേടിച്ച് യുവതിയുടെ മരണം: രാഷ്ട്രീയക്കാരുടെ കീഴളാന്മാരല്ല സര്‍ക്കാര്‍ ജീവനക്കാര്‍ എന്ന് തിരിച്ചറിയുക; ഇനിയും നവീന്‍ ബാബുമാര്‍ ഉണ്ടാകരുത്; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടിമകളാണെന്ന് നേതാക്കളെ പഠിപ്പിച്ചത് ആരാണ്?
ആലപ്പുഴ: നവീന്‍ ബാബുവിനെ യാത്ര അയപ്പ് ചടങ്ങില്‍ അപമാനിച്ച കണ്ണൂരിലെ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ. ദിവ്യയുടെ ആ അധിക്ഷേപം മാത്രമായിരുന്നു ആ സത്യസന്ധമായ ഉദ്യോഗസ്ഥന്റെ ജീവനെടുക്കാന്‍ കാരണം. ഒരു പക്ഷേ അത് കൊലപാതകവുമാകാം. തുറന്നിട്ട ക്വാര്‍ട്ടേഴ്‌സിലെ എഡിഎമ്മിന്റെ ആത്മഹത്യ അത്രയും ദുരൂഹമാണ്. എന്നാല്‍ ജാമ്യം കിട്ടിയ ജയില്‍ മോചിതയായ പിപി ദിവ്യ ആവേശത്തിലാണ്. വിമര്‍ശനങ്ങളില്‍ നിന്നും കരുത്തി കിട്ടിയെന്നും നിയമപോരാട്ടം തുടരുമെന്നും അവര്‍ പറയുന്നു. അതായത് ഒരു സാധാരണക്കാരന്റെ ജീവനെടുത്ത കുറ്റബോധമല്ല. അതില്‍ നിന്ന് ആര്‍ജ്ജിച്ച കരുത്തിനെ കുറിച്ചാണ് ദിവ്യ ചിന്തിക്കുന്നത്. ഈ അഭിമുഖം മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് അവരെ വെള്ളപൂശുന്നത് വ്യാജ സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ നിന്നും സ്വാധീന ബലത്തില്‍ തടിയൂരിയ മാധ്യമ പ്രവര്‍ത്തകനും. അങ്ങനെ വെള്ള പൂശല്‍ നടക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള രാഷ്ട്രീയ അധിക്ഷേപം അതിരുവിടുന്ന അവസ്ഥയിലാണ്. ഇതിനെതിരെ പ്രതികരിക്കാന്‍ സര്‍വ്വീസ് സംഘടനകളുമില്ല. അവരെല്ലാം രാഷ്ട്രീയക്കാരുടെ അടിമകളായി മാറുന്നു. നവീന്‍ ബാബുവിനെ പോലെ പലര്‍ക്കും ആത്മഹത്യയില്‍ അഭയം തേടുന്നു. തിരൂരിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ ചാലിബിന് സമ്മര്‍ദ്ദം കാരണം നാടുവിടേണ്ട അവസ്ഥയുമുണ്ടാകുന്നു. പലതും ചര്‍ച്ച പോലുമാകാതെ വിസ്മൃതിയിലാകുന്നു.
ആലപ്പുഴ പൂച്ചാക്കല്‍ പഞ്ചായത്തംഗം കയര്‍ത്തു സംസാരിച്ചതിനു പിന്നാലെ പഞ്ചായത്ത് ഓഫിസിലെ സീനിയര്‍ ക്ലാര്‍ക്കിന് ബോധക്ഷയമുണ്ടായത് അടക്കം കേരളം ചര്‍ച്ച ചെയ്യേണ്ട വിഷയാണ്. വടകരയില്‍ മുനിസിപ്പല്‍ ചെയര്‍പെഴ്‌സണിനെ അവധി ദിവസം വീട്ടില്‍ എത്തിച്ചില്ലെന്നതിന്റെ പേരില്‍ ഡ്രൈവറെ സസ്‌പെന്റ് ചെയ്തതും രാഷ്ട്രീയ നേതൃത്വത്തിന്റെ ധാര്‍ഷ്ട്യമാണ്. ബസില്‍ കുഴഞ്ഞു വീണു മരിച്ച എടവിലങ്ങ് ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഇന്ദു വിശ്വകുമാര്‍ എടവിലങ്ങ് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തിനിടെ മാനസിക പീഡനം നേരിട്ടിരുന്നതായി ആക്ഷേപത്തിലും കുറ്റക്കാര്‍ക്കെതിരെ നടപടിയില്ല. പഞ്ചായത്ത് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചു ചേര്‍ച്ച യോഗത്തില്‍ ഇന്ദു വിശ്വകുമാറിനെതിരെ രൂക്ഷമായ വിമര്‍ശനവും അധിക്ഷേപ പരാമര്‍ശവും ഉയര്‍ത്തിയത് ഏവരേയും ഞെട്ടിച്ചിരുന്നു. ഇതിന് സമാനമാണ് നവീന്‍ ബാബുവിന്റെ ആത്മഹത്യയും. കേരളത്തില്‍ പുതിയൊരു രാഷ്ട്രീയ സംസ്‌കാരമുണ്ട്. ഉദ്യോഗസ്ഥരെ തെറി പറയുക. അതിന് ശേഷം അണികളെ കൊണ്ട് വീഡിയോ എടുക്കുക. അത് റീലുകളാക്കിയിട്ട് കൈയ്യടി നേടുക. ഇതിനെതിരെ ചില വിമര്‍ശനങ്ങള്‍ മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി ഉയര്‍ത്തിയിരുന്നു. ആ വാക്കുകളെ കൂടുതല്‍ പ്രസക്തമാക്കുകയാണ് നവീന്‍ ബാബുവിന്റെ ഭാര്യയുടെ പുതിയ തീരുമാനം. എന്തും ചെയ്യാന്‍ കരുത്തുള്ള രാഷ്ട്രീയ മാഫിയയ്ക്ക് കീഴില്‍ തഹസില്‍ദാറായി ജോലി ചെയ്യുക നല്ല മെയ് വഴക്കം വേണ്ട ജോലിയാണ്. അതുകൊണ്ടാണ് കോന്നിയിലെ തഹസില്‍ദാര്‍ സ്ഥാനം വേണ്ടെന്ന അപേക്ഷ നവീന്‍ ബാബുവിന്റെ ഭാര്യ സര്‍ക്കാരിന് നല്‍കിയത്.
ആലപ്പുഴ പൂച്ചാക്കല്‍ പഞ്ചായത്തംഗം കയര്‍ത്തു സംസാരിച്ചതിനു പിന്നാലെ പഞ്ചായത്ത് ഓഫിസിലെ സീനിയര്‍ ക്ലാര്‍ക്കിന് ബോധക്ഷയമുണ്ടായത് വിമര്‍ശനം പരിധി വിട്ടതു കൊണ്ടാണ്. 16ാം വാര്‍ഡ് അംഗവും ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷനുമായ ജി. ധനേഷ്‌കുമാര്‍ കയര്‍ത്തു സംസാരിച്ചതിനെ തുടര്‍ന്ന് സീനിയര്‍ ക്ലാര്‍ക്ക് ആര്‍. ശ്രീനിത്യയാണ് ബോധരഹിതയായത്. പഞ്ചായത്ത് കമ്മിറ്റിക്കു ശേഷമായിരുന്നു സംഭവം. പഞ്ചായത്തിലെ തെളിയാത്ത തെരുവുവിളക്ക് ബള്‍ബുകളുടെ ഗാരന്റി സംബന്ധിച്ച വിവരം ധനേഷ്‌കുമാര്‍ നേരത്തെ ചോദിച്ചിരുന്നു. അതിന് മറുപടി കൊടുക്കാതിരുന്നതാണു പ്രകോപനത്തിന് കാരണം. ജോലിഭാരംമൂലമാണു കണക്ക് കൊടുക്കാന്‍ കഴിയാതെ വന്നതെന്നും പദ്ധതി ആസൂത്രണ വിഭാഗത്തില്‍ നിന്നു തന്നെ ഒഴിവാക്കണമെന്നും ശ്രീനിത്യ പറഞ്ഞു. പ്രകോപനം തുടര്‍ന്നതോടെ കരഞ്ഞുകൊണ്ട് താഴെനിലയിലെ സീറ്റിലെത്തി ഇരുന്ന ശ്രീനിത്യയ്ക്ക് പിന്നാലെ ബോധക്ഷയമുണ്ടാകുകയായിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശ്രീനിത്യ വൈകാതെ സാധാരണ നിലയിലായി. ഇവിടേയും ഹീറോയാകുന്നത് രാഷ്ട്രീയക്കാരന്‍. ഒരു ജീവനക്കാരിയെ ചീത്ത വിളിപ്പിച്ച് കരയിച്ച ഹീറോ. അക്ഷരാര്‍ത്ഥത്തില്‍ ക്രിമിനല്‍ കേസ് എടുക്കേണ്ട സംഭവമാണ് ഇത്. രാഷ്ട്രീയക്കാരുടെ കീഴാളന്മാരായി സര്‍ക്കാര്‍ ജീവനക്കാരെ കാണുന്നതിന് തെളിവാണ് ഈ സംഭവം,
സംഭവത്തില്‍ പ്രതിഷേധിച്ച് പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ സമരം പോലും ചെയ്തു. സേവനങ്ങള്‍ തടസ്സപ്പെട്ടു. യുഡിഎഫ് നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. പഞ്ചായത്തുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദിച്ചതെന്നും വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും ധനേഷ്‌കുമാര്‍ പറഞ്ഞൊഴിഞ്ഞു. പരാതിയുണ്ടെങ്കില്‍ അത് ഔദ്യോഗിക സംവിധാനമുപയോഗിച്ച് പരാതിപ്പെടണം. അല്ലാതെ ഉദ്യോഗസ്ഥരെ ഭരിക്കാനോ ചീത്ത പറയാനോ അധിക്ഷേപിക്കാനോ ആര്‍ക്കും അവകാശമില്ല. തീര്‍ത്തും നിയമലംഘനം. എന്നാല്‍ ഇടതു ഭരണ കാലത്ത് ഇടതു നേതാക്കള്‍ എന്തുമാകാം. കണ്ണൂരിലെ പിപി ദിവ്യയുടെ അതേ പതിപ്പായിരുന്നു പൂച്ചാക്കലില്‍ ധനേഷും കാട്ടിയത്. പക്ഷേ അവിടെ ആ ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്യാതെ പിടിച്ചു നിന്നു. രാഷ്ട്രീയ കരുത്തില്‍ ആ അധിക്ഷേപക്കാരന്‍ നിവര്‍ന്നു നടക്കുകയും ചെയ്യുന്നു. ഉദ്യോഗസ്ഥരെ ചീത്ത പറഞ്ഞ് വീഡിയോ സോഷ്യല്‍ മീഡിയയിലിട്ട് ആളാകുന്ന രീതികള്‍ കേരളത്തില്‍ ഉടനീളമുണ്ടെന്നാണ് വസ്തുത. എന്നാല്‍ അഴിമതി നടത്തുന്ന യഥാര്‍ത്ഥ ഉദ്യോഗസ്ഥര്‍ താരങ്ങളായി തിളങ്ങുന്നു. സെക്രട്ടറിയേറ്റില്‍ ആക്രി വിറ്റ് കാശുണ്ടാക്കിയെന്ന ആരോപണം നേരിടുന്ന സംഘടനാ നേതാവിനെതിരെ തെളിവുകള്‍ ഏറെയുണ്ട്. പക്ഷേ ആര്‍ക്കും ഒരു കുഴപ്പവുമില്ല. അതാണ് രാഷ്ട്രീയ ഇരട്ടത്താപ്പിന്റെ മറ്റൊരു വശം.
വടകര മുന്‍സിപ്പല്‍ ഓഫീസില്‍ നടന്നത് സമാനതകളില്ലാത്ത കള്ളക്കളിയാണ്. മുനിസിപ്പല്‍ ചെയര്‍പെഴ്‌സണിനെ വീട്ടില്‍ എത്തിച്ചില്ലെന്നതിന്റെ പേരില്‍ ഡ്രൈവറെ സസ്‌പെന്റ് ചെയ്തതും പകപോക്കലായിരുന്നു. വടകര മുനിസിപ്പാലിറ്റി ആഫീസില്‍ പി.എസ്.സി വഴി നിയമനം കിട്ടി വന്നയാളാണ് നടപടിക്ക് വിധേയമായത്. അവധി ദിവസം ഹോളിഡെ ഡ്യൂട്ടി കഴിഞ്ഞതിന് ശേഷം ചെയര്‍മാനെ വീട്ടില്‍ എത്തിക്കണമെന്നായിരുന്നു വാക്കാലുള്ള നിര്‍ദേശം. ചെയര്‍മാന്റെ ഡ്രൈവര്‍ക്ക് ലീവ് അനുവദിച്ച് ആ ജോലിയും കൂടി തലയില്‍ വെച്ചതിന് ശേഷമാണ് നടപടി. സസ്‌പെന്‍ഷന്‍ നടപടിക്കെതിരെ പരാതി കൊടുത്തതിന് ശേഷം ചെയര്‍മാന്റെ ലോഗ് ബുക്ക് കാണാതായിരിക്കുകയാണ്. സര്‍ക്കാര്‍ വാഹനത്തില്‍ സൂക്ഷിക്കുകയും പരിശോധനയ്ക്ക് വിധേയമായി വെക്കേണ്ട പ്രധാനപ്പെട്ട രജിസ്ട്രര്‍ ആണ് ലോഗ് ബുക്ക് .ഇത് കൈകാര്യം ചെയ്യേണ്ടതും നഷ്ടപ്പെടാതെ സൂക്ഷിച്ച് വെക്കേണ്ടതും ഡ്രൈവറുടെ ഉത്തരവാദിത്വമാണ്. എന്നാല്‍ ലോഗ് ബുക്ക് നഷ്ടമായതിന്റെ പേരില്‍ ചെയര്‍മാന്റെ വാഹനം ഓടിക്കുന്ന ഡ്രൈവര്‍ക്കെതിരെ ഒരു നടപടിയും ഇല്ല. കാരണം രാഷ്ട്രീയ സ്വാധീനം.
ബസില്‍ കുഴഞ്ഞു വീണു മരിച്ച എടവിലങ്ങ് ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഇന്ദു വിശ്വകുമാറിന് നേരിട്ടതും സമാനതകളില്ലാത്ത അധിക്ഷേപമാണ്. എടവിലങ്ങ് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തിനിടെ മാനസിക പീഡനം നേരിട്ടതിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടു വനിതാ ശിശു വികസന വകുപ്പ് ജീവനക്കാര്‍ ജില്ലാ വനിതാ ശിശു വികസന ഓഫിസര്‍ക്ക് പരാതിയും നല്‍കി. മാള വലിയപറമ്പ് താണിശേരി കരിപ്പാത്തറ സുജിത്തിന്റെ ഭാര്യ ഇന്ദു വിശ്വകുമാര്‍ യാത്രയ്ക്കിടെ കുഴഞ്ഞു വീണു മരിച്ചത്. മന്ത്രി വി.അബ്ദുറഹ്‌മാന്‍ പങ്കെടുത്ത എടവിലങ്ങ് പഞ്ചായത്തിലെ സ്റ്റേഡിയം നിര്‍മാണ ഉദ്ഘാടനച്ചടങ്ങില്‍ അങ്കണവാടി അധ്യാപകരുടെയും ഹെല്‍പര്‍മാരുടെയും പങ്കാളിത്തം കുറവായിരുന്നു. ഇതു സംബന്ധിച്ച് 21ന് പഞ്ചായത്ത് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചു ചേര്‍ച്ച യോഗത്തില്‍ ഇന്ദു വിശ്വകുമാറിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.
അധ്യാപകരെയും ഹെല്‍പര്‍മാരെയും പങ്കെടുപ്പിക്കേണ്ട ചുമതലയുള്ള ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഇന്ദു ജോലിയില്‍ വീഴ്ച വരുത്തിയെന്നായിരുന്നു ആരോപണം. എന്നാല്‍, മന്ത്രിയുടെ ചടങ്ങ് നടക്കുമ്പോള്‍ ഇന്ദു ജോലി സംബന്ധമായി ബെംഗളൂരുവില്‍ പരിശീലനത്തില്‍ ആയിരുന്നു. മന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ദു വിശ്വകുമാര്‍ അധ്യാപകര്‍ക്കും ഹെല്‍പര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഞായറാഴ്ച ആയതിനാല്‍ അങ്കണവാടിയുടെ ഭാഗമായി ഒരാള്‍ മാത്രമേ ചടങ്ങില്‍ പങ്കെടുത്തുള്ളൂ. ഇതു ചോദ്യം ചെയ്താണ് അങ്കണവാടി പ്രവര്‍ത്തകരെയും സൂപ്പര്‍വൈസറെയും പഞ്ചായത്ത് ഹാളില്‍ വിളിപ്പിച്ചത്. സൂപ്പര്‍വൈസര്‍ കര്‍ശനമായി പറയാത്തതു കൊണ്ടാണു വീഴ്ച പറ്റിയതെന്നു പഞ്ചായത്ത് അധികൃതര്‍ വിലയിരുത്തി. കീഴുദ്യോഗസ്ഥരുടെ മുന്‍പില്‍ വച്ചായിരുന്നു വിമര്‍ശനം. ഒടുവില്‍ മാപ്പ് പറഞ്ഞാണ് ഇന്ദു മടങ്ങിയത്. വനിതാ ശിശുവികസന വകുപ്പ് അധികൃതര്‍ വിശദീകരണം ചോദിച്ചതിനു പുറമേ ആയിരുന്നു പഞ്ചായത്തിന്റെ വിചാരണ. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ഇന്ദുവിന്റെ ഭര്‍ത്താവ് സുജിത്ത് ആവശ്യപ്പെട്ടിരുന്നു.
ഇതേസമയം, മികച്ച ഉദ്യോഗസ്ഥ ആയിരുന്നു ഇന്ദു വിശ്വകുമാര്‍ എന്നു പഞ്ചായത്ത് പ്രസിഡന്റ് നിഷ അജിതന്‍ പറഞ്ഞു. പഞ്ചായത്തിന്റെ കീഴിലുള്ള സ്ഥാപനത്തില്‍ നിന്നു ബന്ധപ്പെട്ടവര്‍ പങ്കെടുക്കാത്തതിനെ കുറിച്ച് അന്വേഷണം നടത്തുന്നതിനാണ് പഞ്ചായത്ത് ഹാളില്‍ അങ്കണവാടി സൂപ്പര്‍വൈസറെയും അധ്യാപകരെയും ഹെല്‍പര്‍മാരെയും വിളിച്ചു വരുത്തിയതെന്നു പഞ്ചായത്ത് പ്രസിഡന്റ് നിഷ അജിതന്‍ പറഞ്ഞു. അങ്ങനൊരു അന്വേഷണം ഫയലുകളില്‍ അല്ലാതെ നടത്താന്‍ പഞ്ചായത്ത് പ്രസിഡന്റിന് കഴിയുമോ എന്ന് ചോദിച്ചാല്‍ ഉത്തരമില്ല. ഇവിടെ സ്വാഭാവിക മരണം സംഭവിച്ചു. അതുകൊണ്ട് ഇന്ദുവിനെ കൊന്നവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് പോലും കേസെടുക്കാന്‍ കഴിയില്ലെന്നതാണ് വസ്തുത.