മലപ്പുറം: ഇടക്കാലം കൊണ്ട് യുഡിഎഫിൽ നിന്നും മുസ്ലിംലീഗ് മറുകണ്ടം ചാടി ഇടതുമുന്നണിയിലേക്ക് പോകുമെന്ന പ്രചരണം അതിശക്തമായിരുന്നു. എന്നാൽ, കർണാടക തെരഞ്ഞെടുപ്പു ഫലം വന്നതോടെ അത്തരം സാധ്യതകളെല്ലാം അടഞ്ഞു. കർണാടകത്തിലെ കോൺഗ്രസിന്റെ ഉജ്ജ്വല വിജയം കേരളത്തിലും യുഡിഎഫിന് നേട്ടമാകുമെന്ന് കരുതി ലീഗ് മുന്നണി മാറ്റ ചർച്ചകളെല്ലാം അസ്ഥാനത്തായി യുഡിഎഫിൽ അടിയുറച്ചു നിലകൊണ്ടു. എന്നാൽ, സർക്കാറിനെതിരെ നിരവധി വിഷയങ്ങൾ ഉണ്ടായിട്ടു കൂടി അതൊന്നും മുതലെടുക്കാൻ സാധിക്കാത്ത വിധത്തിൽ യുഡിഎഫിലെ സാഹചര്യങ്ങൾ മാറുകയാണ്. കോൺഗ്രസിലെ ഗ്രൂപ്പിസമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്കെല്ലാം കാരണമെന്നാണ് ലീഗ് വിലയിരുത്തുന്നത്. ഈ അതൃപ്തി തുറന്നു പറഞ്ഞാണ് പി കെ കുഞ്ഞാലിക്കുട്ടി ഇന്നലെ രംഗത്തുവന്നത്.

കോൺഗ്രസിലെ ഗ്രൂപ്പ് പോര് ഇപ്പോൾ ഉണ്ടാകാൻ പാടില്ലാത്തതാണ്. ഇതു കോൺഗ്രസ് സ്വയം പരിഹരിക്കുമെന്നാണ് വിശ്വാസം മറ്റൊരു പാർട്ടിയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ കഴിയില്ലല്ലോയെന്നും, പരിഹരിക്കാൻ വേറെ വഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെപുനഃസംഘടനയുമായി ബന്ധപ്പെട്ട് ഗ്രൂപ്പുകൾ തമ്മിൽ തർക്കം നിലനിൽക്കുന്നത്.ബ്ലോക്ക് പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽകെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഗ്രൂപ്പ് നേതാക്കളുമായി ആദ്യഘട്ട ചർച്ച നടത്തിയിരുന്നു.എന്നാൽ ഗ്രൂപ്പ് നേതാക്കൾ വഴങ്ങാതെ നിലപാടിലുറച്ച് നിൽക്കുകയാണ്.

ഇതിന് പിന്നാലെയാണ് ഗ്രൂപ്പ് നേതാക്കൾക്കെതിരെ കെപിസിസി പ്രസിഡന്റ് സുധാകരൻ പരസ്യമായി രംഗത്തെത്തിയത്.തുടർന്ന് കോൺഗ്രസ് ബ്ലോക്ക് പുനഃസംഘടനയുമായി ബന്ധപ്പെട്ട് എ,ഐ ഗ്രൂപ്പുകൾ ഒരുമിച്ച് പരാതിയുമായി ഹൈക്കമാൻഡിനെ സമീപിച്ചിരുന്നു. പിന്നാലെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പിന്തുണയോടെ യുഡിഎഫ് കൺവീനർ എം എം ഹസൻ കെപിസിസി നേതൃത്വത്തിനും താരീഖ് അൻവറിനുമെതിരെ വാർത്താസമ്മേളനത്തിൽ വിമർശനം ഉന്നയിച്ചിരുന്നു.എന്നാൽ രണ്ടോ മൂന്നോ നേതാക്കൾക്ക് മാത്രമാണ് പരാതിയുള്ളതെന്നും പാർട്ടിയിലെ ആഭ്യന്തര പ്രശ്‌നം മാധ്യമങ്ങൾക്ക് മുന്നിലെത്തിച്ചത് പക്വതയില്ലായ്മയാണെന്നും സുധാകരനും നേതാക്കൾക്കെതിരെ പ്രതികരിച്ചിരുന്നു.

ഹൈക്കമാൻഡ് തെറ്റ് ചൂണ്ടിക്കാട്ടിയാൽ അത് തിരുത്താൻ തയ്യാറാണെന്നും സുധാകരൻ പറഞ്ഞു.തീരുമാനങ്ങളിൽ നിന്ന് തങ്ങളെ അകറ്റിനിർത്തുന്നുവെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ ആരോപണം. പാർട്ടിക്കുള്ളിലെ തർക്കം നേതാക്കൾ പരസ്യമാക്കിയതിന് പിന്നാലെയാണ് പാർട്ടി ഹൈക്കമാൻഡ് ഇടപെട്ടത്. പ്രശ്നം പരിഹരിക്കാൻ പാർട്ടി ജനറൽ സെക്രട്ടറി താരീഖ് അൻവറിനെ ചുമതലപ്പെടുത്തിയത്.

മുന്നണിമാറ്റ പ്രചാരണങ്ങൾക്ക് വിരാമമിട്ട്, യു.ഡി.എഫിനെ ശക്തിപ്പെടുത്തുമെന്ന ഉറച്ച തീരുമാനവുമെടുത്ത് ലീഗ് നില കൊള്ളുമ്പോഴാണ് കോൺഗ്രസിലെ പ്രശ്‌നങ്ങൾ എന്നതും ശ്രദ്ധേയമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തുകയും സംസ്ഥാന സർക്കാറിനെതിരെ ആഞ്ഞടിക്കാൻ അവസരങ്ങൾ തുറന്നുകിടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ബ്ലോക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ രൂപംകൊണ്ട പരിധിവിട്ട ഗ്രൂപ് പോരിൽ ലീഗിന് കടുത്ത അതൃപ്തിയാണുള്ളത്.

കർണാടകയിലെ വിജയത്തിളക്കം കേരളത്തിൽ ഊർജമാക്കാൻ കഴിയുമായിരുന്ന സാഹചര്യമാണ് തമ്മിലടിയിലൂടെ കോൺഗ്രസ് നേതൃത്വം കളഞ്ഞുകുളിക്കുന്നതെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തൽ. സംസ്ഥാന സർക്കാറിനെതിരെ പോർമുഖം തുറക്കാൻ നിരവധി അവസരങ്ങളുണ്ടായിട്ടും ഐക്യത്തോടെ മുതലാക്കാൻ യു.ഡി.എഫിന് കഴിയാത്തതിന് കാരണം ഈ വിഴുപ്പലക്കലാണെന്നും ലീഗ് കരുതുന്നു.

കഴിഞ്ഞ യു.ഡി.എഫ് യോഗത്തിൽ കോൺഗ്രസ് നേതൃത്വം നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്ന പരിഭവം ഘടകകക്ഷികൾക്കുണ്ട്. ഓരോ പാർട്ടിയും ഐക്യത്തോടെ മുന്നോട്ടുപോകണമെന്നും മുന്നണി വിപുലീകരിക്കണമെന്നുമുള്ള തീരുമാനമെടുത്താണ് യോഗം പിരിഞ്ഞത്. ബ്ലോക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രശ്‌നങ്ങളൊന്നുമില്ലാതെ, സമാധാനപരമായി പൂർത്തിയാക്കുമെന്നും കോൺഗ്രസ് നേതാക്കൾ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഇത് പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, പ്രമുഖ നേതാക്കൾതന്നെ പരസ്പരം കൊമ്പുകോർക്കുന്ന സാഹചര്യമാണുണ്ടായത്.

സർക്കാറിനെതിരെ യോജിച്ച് നിൽക്കേണ്ട സമയത്തെ സംയുക്ത ഗ്രൂപ്പ് നീക്കം ശരിയായില്ലെന്നായിരുന്നു കെപിസിസി നേതൃത്വത്തിന്റെ പ്രധാന നിലപാട്. അതേ വാദം ലീഗ് ഉയർത്തിയതിന്റെ സന്തോഷത്തിലാണ് കോൺഗ്രസ് നേതൃത്വം. ലീഗിന് മാത്രമല്ല, ആർഎസ്‌പി അടക്കമുള്ള മറ്റ് കക്ഷികൾക്കും മുന്നണിയിലെ ഒന്നാം കക്ഷിയിൽ വീണ്ടും പോര് തുടങ്ങിയതിൽ അമർഷമുണ്ട്. പോരിന് തെരഞ്ഞെടുത്ത സമയം ശരിയായില്ലെന്ന വാദം ഒന്ന് കൂടി ശക്തമായി ഉയർത്തി എ-ഐ ഗ്രൂപ്പുകളുടെ പരാതികളെ നേരിടാനാണ് സതീശന്റെയും സുധാകരന്റെയും നീക്കം.

പ്രത്യേകിച്ചു ഇരുവർക്കുമെതിരായ കേസും അന്വേഷണവും കൂടി വന്ന പശ്ചാത്തലത്തിൽ. ഉൾപ്പോര് വിട്ട് സർക്കാറിനെ നിശിതമായി നേരിടാൻ ഒരുമിച്ച് നിൽക്കണമെന്ന വാദം പാർട്ടിക്കുള്ളിലും ശക്തം. ബ്ലോക്ക് പ്രസിഡണ്ടുമാരെ നിശ്ചയിച്ചതിൽ നേരത്തെ പരാതിപ്പെട്ട കെ മുരളീധരൻ കഴിഞ്ഞദിവസം പഠനക്യാമ്പിലെത്തി ഗ്രൂപ്പുകൾക്കെതിരെ തിരിഞ്ഞത് ഇതുകൊണ്ട് തന്നെ. സുധാകരനും സതീശനുമെതിരായ കേസുകളെ ശക്തമായി എതിർക്കുമ്പോഴും ഉന്നയിച്ച പരാതികൾ പരിഹരിക്കണമെന്ന നിലപാടിലാണ് ഗ്രൂപ്പുകൾ. കേരളത്തിലുണ്ടായിട്ടും സംസ്ഥാനത്തിന്റെ ചുമതലയുള്ള താരിഖ് അൻവറിനെ കാണാതിരിക്കുന്ന ഗ്രൂപ്പ് നേതാക്കൾ അമർഷം ഒട്ടും കുറക്കുന്നില്ല.