- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിറവത്ത് 2012ല്‍ വെറും 2000 വോട്ടേ കിട്ടിയുള്ളുവെന്ന് കള്ളം പറഞ്ഞ സുരേന്ദ്രന്; മുരളീധരനെ കൊച്ചാക്കാന്‍ എന്തും പറയുന്ന അധ്യക്ഷന്‍ സത്യസന്ധമായ വാര്‍ത്ത നല്‍കുന്നവരെ ഭീഷണിപ്പെടുത്തുന്നു; അതൃപ്തിയില്‍ ആര്‍ എസ് എസും ശ്രീധരന്‍പിളളയും; സുരേന്ദ്രനെ മാറ്റാതെ പരിവാറില്‍ നിന്നും സംഘടനാ ജനറല്‍ സെക്രട്ടറി വരില്ല; സ്ഥാനം പോകുമെന്നായപ്പോള്‍ അടിത്തറ തകര്‍ക്കാന്‍ സുരേന്ദ്രന്?
തിരുവനന്തപുരം: വി മുരളീധരനും കൈവിട്ടതോടെ കെ സുരേന്ദ്രന്‍ ബിജെപിയില്‍ കൂടുതല്‍ ഒറ്റപ്പെടുന്നു. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും സുരേന്ദ്രന്‍ മാറാതെ ആര്‍ എസ് എസ് ഏകോപനവും ശരിയാകില്ല. സുരേന്ദ്രന്‍ തുടരുന്നിടത്തോളം കാലം സംഘടനാ ജനറല്‍ സെക്രട്ടറിയെ ബിജെപിയിലേക്ക് ആര്‍ എസ് എസ് നിയോഗിക്കില്ല. സുരേന്ദ്രനുമായി മുരളീധര ഗ്രൂപ്പ് ബന്ധം വിച്ഛേദിച്ചതോടെ കേരള ബിജെപിയില്‍ പുതിയ സമവാക്യങ്ങളും രൂപപ്പെടും. പികെ കൃഷ്ണദാസും എംടി രമേശും എഎന്‍ രാധാകൃഷ്ണനും ജെ ആര്‍ പത്മകുമാറുമെല്ലാം നിര്‍ണ്ണായക നീക്കങ്ങളിലാണ്. ഗോവ ഗവര്‍ണ്ണറായ പി എസ് ശ്രീധരന്‍ പിള്ളയും സുരേന്ദ്രന്റെ നീക്കങ്ങളില്‍ അതൃപ്തരാണ്. മാധ്യമങ്ങളെ വെല്ലുവിളിക്കുന്ന സുരേന്ദ്രന്റെ പ്രസ്താവനകളില്‍ അമര്‍ഷം ആര്‍ എസ് എസിനേയും ബിജെപിയുടെ കേന്ദ്ര നേതാക്കളേയും പിള്ള അറിയിച്ചേക്കും. ഈ ഘട്ടത്തില്‍ ജനങ്ങളില്‍ നിന്നും ബിജെപിയെ അകറ്റും ഇത്തരം നീക്കങ്ങളെന്നാണ് ശ്രീധരന്‍ പിള്ളയുടെ വിലയിരുത്തല്‍. പ്രസിഡന്റ് സ്ഥാനം നഷ്ടമാകുമെന്ന് മനസ്സിലാക്കി സുരേന്ദ്രന്‍ ബിജെപിയുടെ ജനകീയ അടിത്തറ തകര്‍ക്കാന്‍ ഇറങ്ങി പുറപ്പെടുകയാണെന്ന സംശയം കേരളത്തിലെ ബിജെപി നേതാക്കള്‍ക്കുണ്ട്.
പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാലക്കാട് ബിജെപിയിലും സംസ്ഥാന നേതാക്കള്‍ക്കിടയിലുമുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട് ബിജെപി കേന്ദ്ര നേതൃത്വം സുപ്രധാന നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രശ്‌ന പരിഹാരത്തിനായി കേന്ദ്ര നേതൃത്വം കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തും. പരസ്യ പ്രസ്താവനകള്‍ പാടില്ലെന്നും കേന്ദ്ര നേതൃത്വം നേതാക്കളോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന് വിരുദ്ധമാണ് സുരേന്ദ്രന്റെ മാധ്യമ വിരുദ്ധ പ്രസ്താവനകളെന്നാണ് കേരളത്തിലെ ബിജെപി നേതാക്കളുടെ നിലാപാട്. ഇത് കേന്ദ്ര നേതൃത്വത്തെ അറിയിക്കും. വെറുതെ പ്രകോപനം ഉണ്ടാക്കുന്ന പ്രഖ്യാപനമാണ് സുരേന്ദ്രന്‍ നടത്തിയത്. ആലോചിച്ചുറപ്പിച്ചതു പോലെ വന്ന് പ്രഖ്യാപിക്കുകയായിരുന്നു സുരേന്ദ്രന്‍. പാലക്കാട് തോറ്റതിന് അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന തരത്തിലാണ് സുരേന്ദ്രന്റെ പ്രഖ്യാപനം. ഇത് ഒരു ബിജെപി നേതാവിന് ചേര്‍ന്നതല്ലെന്ന വികാരമാണ് പൊതുവേ ഉയരുന്നത്. പിറവത്ത് വി മുരളീധരന്‍ പ്രസിഡന്റായിരിക്കുമ്പോള്‍ ബിജെപിക്ക് 2000 വോട്ടേ കിട്ടിയുള്ളുവെന്ന കള്ള പ്രചരണം സുരേന്ദ്രന്‍ നടത്തിയിരുന്നു. അങ്ങനെ ബിജെപിയുടെ വോട്ട് പോലും കുറച്ച് കള്ളം പറഞ്ഞ സുരേന്ദ്രനാണ് ഇപ്പോള്‍ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നത്.
പിറവം ഉപതിരഞ്ഞെടുപ്പിലെ വോട്ടു കുറവ് ചര്‍ച്ചയാക്കുമ്പോള്‍ ബിജെപിയിലെ മുരളീധര പക്ഷത്ത് നിന്നും താന്‍ പുറത്തായി എന്നതിന് സ്ഥിരീകരണം കൂടി നല്‍കുകയായിരുന്നു കെ സുരേന്ദ്രന്‍. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുള്ള കെ സുരേന്ദ്രന് ഇനി വി മുരളീധരനെ പിന്തുണയ്ക്കുന്നവരുടെ ആരുടേയും പ്രതിരോധമുണ്ടാകില്ല. പിറവത്ത് 2012ലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി നേടിയത് മൂവായിരത്തി ഇരുന്നൂറില്‍ അധികം വോട്ടായിരുന്നു. എന്നാല്‍ ഇത് 2000മാക്കി കുറച്ചതിന് പിന്നില്‍ മുരളീധരനെ അപമാനിക്കാനുള്ള ശ്രമമാണെന്ന വിലയിരുത്തല്‍ സജീവമാണ്. മുരളീധരനേയും ശോഭാ സുരേന്ദ്രനേയും പ്രധാന എതിരാളികളായി പ്രഖ്യാപിച്ച് ബിജെപിയില്‍ ഗ്രൂപ്പ് പോര് കടുപ്പിക്കാനുള്ള ശ്രമമായും ഇതിനെ വിലയിരുത്തുന്നു. നെയ്യാറ്റിന്‍കരയ്ക്കും അരുവിക്കരയ്ക്കും ഒപ്പമായിരുന്നില്ല പിറവത്തെ 2012ലെ ഉപതിരഞ്ഞെടുപ്പ്. അതിന് മുമ്പായിരുന്നു പിറവത്തെ വോട്ടെടുപ്പ്. ടിഎം ജേക്കബ് വികാരം ആളിക്കത്തിയ തിരഞ്ഞെടുപ്പായിരുന്നു 2012ലേത്. ഈ വികാരമായിരുന്നു പിറവത്ത് ബിജെപിയുടെ വോട്ടു കുറച്ചതെന്ന വസ്തുത അന്ന് തന്നെ രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്തതുമാണ്. ഇത്തരത്തില്‍ തനിക്കെതിരെ നില്‍ക്കുന്നവര്‍ക്കെതിരെ കള്ളം പറയുന്ന നേതാവായി സുരേന്ദ്രന്‍ മാറിയെന്ന് ബിജെപിയിലെ ഒരു വിഭാഗം വിലയിരുത്തിയിരുന്നു.
മാധ്യമപ്രവര്‍ത്തകരെ വെറുതെ വിടില്ലെന്ന ഭീഷണിയുമായി സുരേന്ദ്രന്‍ രംഗത്തു വിരകയായിരുന്നു. ബിജെപിയിലെ വിഭാഗീയത സംബന്ധിച്ച ചോദ്യത്തിന് മറുപടിയായിയാണ് സുരേന്ദ്രന്റെ പ്രതികരണം. ബിജെപിയെ പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച കേരളത്തിലെ ഒരു മാധ്യമപ്രവര്‍ത്തകനെയും വെറുതെ വിടില്ല എന്ന് സുരേന്ദ്രന്‍ ഭീഷണി മുഴക്കി.പാലക്കാട് തെരഞ്ഞെടുപ്പ്, ബിജെപിയിലെ വിഭാഗീയത എന്നിവ സംബന്ധിച്ച ചോദ്യങ്ങളാണ് മാധ്യമപ്രവര്‍ത്തകര്‍ സുരേന്ദ്രനോട് ചോദിച്ചത്.ഇതാണ് അദ്ദേഹത്തെ അസ്വസ്ഥനാക്കിയത്. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ ശരിക്കും പണി തുടങ്ങിയിട്ടുണ്ട്. ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കാതെ മാധ്യമങ്ങളെ പഴി പറയുകയാണ് സുരേന്ദ്രന്‍. പാലക്കാട് തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് ശേഷം ജയിക്കുമെന്ന് പ്രഖ്യാപിച്ച സുരേന്ദ്രന് എല്ലാ കണക്കുകൂട്ടലുകളും തെറ്റി. വന്‍ തോല്‍വിയാണ് കൃഷ്ണകുമാര്‍ എന്ന ബിജെപി സ്ഥാനാര്‍ത്ഥി ഏറ്റുവാങ്ങിയത്. എല്ലാവരേയും പിണക്കിയ സുരേന്ദ്രന്റെ നയമാണ് തിരിച്ചടിയായതെന്ന് കൃഷ്ണകുമാറും മനസ്സിലാക്കുന്നുണ്ട്. വി മുരളീധരന്റെ വിശ്വസ്തനായി കൃഷ്ണകുമാര്‍ പോലും തുടരുമെന്ന തീരുമാനത്തിലാണ്. ഇതിനൊപ്പമാണ് ആര്‍ എസ് എസും കര്‍ശന നിലപാടുകള്‍ എടുക്കുന്നത്. ബിജെപിയിലെ സുരേന്ദ്രന്റെ നേതൃത്വവുമായി ആര്‍ എസ് എസ് അകലം പാലിക്കുന്നത് തുടരും. സംഘടനാ ജനറല്‍ സെക്രട്ടറിയെ ഉടന്‍ വിട്ടുകൊടുക്കുകയുമില്ല.
ബിജെപിയിലെ അസംതൃപ്തരെ കോണ്‍ഗ്രസില്‍ എത്തിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് സ്ന്ദീപ് വാര്യര്‍. ഇത് വ്യക്തമാക്കി ഫേസ്ബുക്കില്‍ കുറിപ്പിടുകയും ചെയ്തു. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തുന്ന ഒരാളും രാഷ്ട്രീയമായി അനാഥമാവില്ല എന്ന ഉറപ്പും അദ്ദേഹം നല്‍കുന്നുണ്ട്. 'വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രത്തെ പൂര്‍ണ്ണമായും തള്ളിപ്പറഞ്ഞ് മതനിരപേക്ഷതയുടെ ഭാഗമാവാന്‍ , കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രത്തോട് ഐക്യപ്പെടുവാന്‍ സന്നദ്ധതയുള്ള ഒരാളും രാഷ്ട്രീയമായി അനാഥമാവില്ല. ഇതുറപ്പാണ്'. എന്നാണ് സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചത്. ബിജെപിയിലെ അസംതൃപ്തരെയാണ് സന്ദീപ് ലക്ഷ്യമിടുന്നതെന്ന് വ്യക്തം.കഴിഞ്ഞദിവസം ബിജെപിയില്‍ നിന്ന് രാജിവച്ച വയനാട് മുന്‍ ജില്ലാപ്രസിഡന്റ് കെ പി മധുവിനെ കോണ്‍ഗ്രസിലെത്തിക്കാനുള്ള നീക്കവും സന്ദീപ് വാര്യര്‍ തുടരുകയാണ്. മധുവുമായി അദ്ദേഹം ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയെന്നാണ് വിവരം. മധുവിനെ ബിജെപിയില്‍ ഉറപ്പിച്ച് നിര്‍ത്താനും സുരേന്ദ്രന്‍ ശ്രമിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. സന്ദീപ് വാര്യര്‍ ബന്ധപ്പെട്ടുവെന്നും ആലോചിച്ച് മറുപടി അറിയിക്കാമെന്ന് പറഞ്ഞതായും കെ പി മധു ഒരു സ്വകാര്യ ചാനലിനോട് പറയുകയും ചെയ്തു. മധുവിനെ എല്‍ഡിഎഫിലെത്തിക്കാനുള്ള നീക്കവും സജീവമാണ്. എന്നാല്‍ പ്രശ്‌ന പരിഹാരത്തിന് ബിജെപി നേതൃത്വം മാത്രം ഇടപെടല്‍ നടത്തുന്നില്ല.
നേതൃത്വവുമായുള്ള ഉടക്കിനെത്തുടര്‍ന്ന് ഇന്നലെയാണ് ബിജെപിയില്‍ നിന്ന് മധു രാജിവച്ചത്.സന്ദീപ് വാര്യര്‍ക്കും മധുവിനും പിന്നാലെ കൂടുതല്‍ ബിജെപി നേതാക്കള്‍ പാര്‍ട്ടിവിട്ട് കോണ്‍ഗ്രസിലേക്ക് ചുവടുമാറുമോ എന്നും ആശങ്കയിലുണ്ട്. പാലക്കാട് നഗരസഭയില്‍ അടക്കം പ്രതിസന്ധിയുണ്ട്. പാലക്കാട്ടെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഏറെ ജനസ്വാധീനമുള്ള സന്ദീപ് വാര്യരെ പിണക്കി കോണ്‍ഗ്രസിലെത്തിച്ചത് സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നാണ് പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും പറയുന്നത്.