- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സി.പിഎം തെരഞ്ഞെടുപ്പ് ഫല വിലയിരുത്തലുകളിൽ ചൂടേറിയ ചർച്ചയായേക്കും
കണ്ണൂർ: കണ്ണൂരിലെ സ്ഥാനാർത്ഥി നിർണയം പാളിയത് കനത്ത തിരിച്ചടിയായെന്ന് പ്രവർത്തകരിൽ വിമർശനമുയരുന്നു. പാർട്ടി കണ്ണൂർ ജില്ലാസെക്രട്ടറി തന്നെ സ്ഥാനാർത്ഥിയായത് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഏകോപനത്തെ പ്രതികൂലമായി ബാധിച്ചുവെന്നാണ് വിമർശമുയരുന്നത്.വരും നാളുകളിൽ സംസ്ഥാനസെക്രട്ടറിയേറ്റിനു ശേഷം നടക്കുന്ന കീഴ്ഘടകങ്ങളിൽ നടക്കുന്ന പാർട്ടി തെരഞ്ഞെടുപ്പ് വിലയിരുത്തൽ കൺവെൻഷനുകളിൽ ഈ വിഷയം ഉയർന്നേക്കും.
ഇതോടെ കണ്ണൂർ, കാസർകോട് ജില്ലകളിൽ സി.പി. എമ്മിൽ സംഘടനയ്ക്കുള്ളിൽ തന്നെ നേതൃത്വത്തിനെതിരെ വിമർശനമുയർന്നേക്കും. കണ്ണൂരിന് സമാനമായ കാസർകോട്ടും ജില്ലാസെക്രട്ടറിയായിരുന്ന എം.വി ബാലകൃഷ്ണനുമായിരുന്നു സ്ഥാനാർത്ഥികൾ .കനത്തതോൽവി നേരിട്ടിട്ടും ഒന്നും സംഭവിക്കാതെ പോലെ ഇരുവരുംജില്ലാസെക്രട്ടറിമാരുടെ സ്ഥാനത്തേക്ക് തിരിച്ചെത്തുകയും ചെയ്തു.
കണ്ണൂർ ലോക്സഭ മണ്ഡലത്തിലെ പാർട്ടി ഗ്രാമങ്ങളിൽസി യു.ഡി. എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ റെക്കാർഡ് ഭൂരിപക്ഷം നേടിയത് സി.പി. എമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചിടത്തും യു.ഡി. എഫ് ഭൂരിപക്ഷം നേടിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയന് അരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം സമ്മാനിച്ച ധർമടത്തും സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം കെ.കെ ശൈലജയ്ക്കു സമ്മാനിച്ച മട്ടന്നൂരിലും നേരിയ ഭൂരിപക്ഷമാണ് എൽ. ഡി. എഫ് സ്ഥാനാർത്ഥി എം.വി ജയരാജന് ലഭിച്ചത്.
ധർമടം മണ്ഡലത്തിന്റെ ആദ്യരൂപമായ എടക്കാട് രണ്ടുവട്ടം എംഎൽഎയായിരുന്നു ജയരാജൻ. ഇതുകൂടാതെ അദ്ദേഹത്തിന്റെജന്മനാടായ പെരളശേരി ഉൾപ്പെടെ ധർമടം മണ്ഡലത്തിലാണ്. മുഖ്യമന്ത്രിയുടെ നാടായ പിണറായിയിൽ ബിജെപിയും വോട്ടുവർധിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ബൂത്തിലടക്കം ഇരട്ടി വോട്ടുകളാണ് ബിജെപി നേടിയത്. എന്നാൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എംഎൽഎയായ തളിപറമ്പ് മണ്ഡലത്തിൽ ഇതിനെക്കാൾ ദയനീയമായാണ് സി.പി. എമ്മിന്റെ തെരഞ്ഞെടുപ്പ് പരാജയം. തളിപറമ്പിൽ എട്ടായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണ് യു.ഡി. എഫിന് ലഭിച്ചത്.ധർമടത്ത് 2016, മട്ടന്നൂരിൽ 3034, എന്നിങ്ങനെയാണ് എൽ.ഡി. എഫ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം.
കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിലും യു.ഡി. എഫ് ഭൂരിപക്ഷം നേടിയിട്ടുണ്ട്. ധർമടത്ത് ബിജെപി നടത്തിയ കുതിപ്പാണ് സി.പി. എമ്മിന് തലവേദനയുണ്ടാക്കുന്ന മറ്റൊരു കാര്യം.ധർമടത്ത് 2016-ൽ 8538 വോട്ടുകളാണ് ബിജെപിക്കുണ്ടായിരുന്നത്. എന്നാൽ ഇത്തവണ അതു 16,711 വോട്ടുകളാക്കി ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ ബിജെപിക്ക് 8659-വോട്ടാണ് കിട്ടിയിരുന്നത്. ഇത്തവണ 16,706 വോട്ടു ഷെയറായി അതുയർന്നിട്ടുണ്ട്. മട്ടന്നൂരിൽ കഴിഞ്ഞ തവണ 11612 വോട്ടുണ്ടായിരുന്ന ബിജെപി ഇക്കുറിയത് 19,159-വോട്ടായി അതുയർന്നിട്ടുണ്ട്. അഴീക്കോട് മണ്ഡലത്തിലും ബിജെപി വോട്ടുവർധിപ്പിച്ചിട്ടുണ്ട്.
2016-ൽ അഴീക്കോട് 11728-വോട്ടിന്റെ സ്ഥാനത്ത് ഇത്തവണ 19,832 വോട്ടുകൾ നേടാൻ അവർക്ക് കഴിഞ്ഞു. യു.ഡി. എഫ് കോട്ടയായ ഇരിക്കൂറിലും മോശമല്ലാത്ത പ്രകടനം കാഴ്‌ച്ചവയ്ക്കാൻ ബിജെപിക്ക് കഴിഞ്ഞു. കഴിഞ്ഞ തവ്ണ 72891- വോട്ടുനേടിയ ഇരിക്കൂറിൽ ഇത്തവണ 13,562-വോട്ടാണ് ഇവിടെ ബിജെപിക്ക് ലഭിച്ചത്. ചരിത്രത്തിലില്ലാത്ത തെരഞ്ഞെടുപ്പ് പ്രചരണമാണ് എൽ.ഡി. എഫ് ഇക്കുറി കണ്ണൂരിൽ നടത്തിയത്. പ്രചരണത്തിനായി കോടികളാണ് പാർട്ടി വാരിയെറിഞ്ഞത്.
യു.ഡി. എഫ് സ്ഥാനാർത്ഥി നിർണയം നടത്താനാവാതെ കോൺഗ്രസ് ചാഞ്ചാടി നിൽക്കുമ്പോഴെക്കും എൽ.ഡി. എഫ് സ്ഥാനാർത്ഥി എം.വി ജയരാജൻ ഒന്നാംഘട്ട പര്യടനം പൂർത്തിയാക്കിയിരുന്നു. എന്നാൽ ഇതിനു ശേഷംസുധാകരൻ കളത്തിലിറങ്ങിയപ്പോൾ യു.ഡി. എഫ് കുതിക്കുകയായിരുന്നു. എന്നാൽ ഇരുസ്ഥാനാർത്ഥികൾക്കിടെയിൽ മികച്ച പ്രചരണം നടത്തി എൻ.ഡി. എ സ്ഥാനാർത്ഥി സി.രഘുനാഥും ത്രികോണ മത്സരത്തിന്റെ പ്രതീതി പരത്തി. ഒരുലക്ഷത്തിലേറെ വോട്ടുകൾ സി. രഘുനാഥ് പിടിച്ചപ്പോൾ സ്വന്തം മണ്ഡലത്തിൽ പോലും പ്രതീക്ഷിച്ചത്ര മാർജിൻ നേടാൻ എൽ. ഡി. എഫ് സ്ഥാനാർത്ഥിക്ക് കഴിഞ്ഞില്ല.
നേരത്തെ കേന്ദ്രകമ്മിറ്റിയംഗം പി.കെ ശ്രീമതി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ എന്നിവരുടെ പേരുകളാണ് സ്ഥാനാർത്ഥി പട്ടികയിൽ ആദ്യമുണ്ടായിരുന്നത്. പി.കെ ശ്രീമതിക്കായി എൽ. ഡി. എഫ് കൺവീനർ ഇ.പി ജയരാജൻ ഉൾപ്പെടെയുള്ളവർ രംഗത്തുവന്നിരുന്നുവെങ്കിലും സംസ്ഥാന നേതൃത്വം പരിഗണിച്ചില്ല. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ നേതാവായ പി.കെ ശ്രീമതിയെ മത്സരിപ്പിക്കുന്നതിൽ കേന്ദ്രകമ്മിറ്റിക്ക് താൽപര്യമുണ്ടായിരുന്നുവെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പിനെ തുടർന്ന് എം.വി ജയരാജനെതന്നെ കളത്തിൽ ഇറക്കുകയായിരുന്നു.