ആലപ്പുഴ: പത്തു വര്‍ഷമായി മുടങ്ങിക്കിടന്ന അമ്പലപ്പുഴ - ആലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കലിന് റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം നേടിയെടുത്തതോടെ, വികസന നായകനെന്ന പ്രതിച്ഛായയില്‍ കെ.സി. വേണുഗോപാലിനെ മുന്‍നിര്‍ത്തി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു. ആലപ്പുഴയിലെ വികസന മാതൃക കേരളത്തിലുടനീളം എത്തിക്കാന്‍ കെ.സിക്ക് കഴിയുമെന്ന സന്ദേശമാണ് പാര്‍ട്ടി ജനങ്ങളിലേക്ക് എത്തിക്കുന്നത്. നിലവില്‍ എം.പി സ്ഥാനത്തിരുന്നുകൊണ്ട് തന്നെ കേരളത്തിലെ റെയില്‍വേ വികസനത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചു എന്നത് കോണ്‍ഗ്രസ് ആയുധമാക്കുന്നു.

അമ്പലപ്പുഴ മുതല്‍ ആലപ്പുഴ വരെയുള്ള 12.66 കിലോമീറ്റര്‍ ദൂരം ഇരട്ടിപ്പിക്കുന്നതിനായി പുതുക്കിയ 324.16 കോടി രൂപയുടെ എസ്റ്റിമേറ്റിനാണ് റെയില്‍വേ ബോര്‍ഡ് ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. പാത ഇരട്ടിപ്പിക്കല്‍ സംബന്ധിച്ച അനിശ്ചിതത്വം പരിഹരിക്കാന്‍ പദ്ധതി മൂന്നായി വിഭജിച്ച് എസ്റ്റിമേറ്റ് പുതുക്കണമെന്ന കെ.സി. വേണുഗോപാലിന്റെ നിര്‍ദ്ദേശം കേന്ദ്ര റെയില്‍വേ മന്ത്രാലയവും ബോര്‍ഡും അംഗീകരിച്ചതോടെയാണ് വലിയൊരു വികസന തടസ്സം നീങ്ങിയത്. ഇതിന്റെ തുടര്‍ച്ചയായി മാരാരിക്കുളം - തുറവൂര്‍ പാതയ്ക്കും (430 കോടി രൂപ) ഉടന്‍ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ലെങ്കിലും കോണ്‍ഗ്രസിന്റെ പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് കെ.സി. വേണുഗോപാല്‍ തന്നെയാകും. വികസന വിഷയങ്ങളില്‍ അദ്ദേഹം നടത്തുന്ന ഇടപെടലുകളെ സി.പി.എം ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ് ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ കെ.സിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിമര്‍ശനങ്ങളെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. 2004-ല്‍ ദേവസ്വം മന്ത്രിയായിരുന്ന കെ.സിയെ, 2016-ന് ശേഷം നടന്ന സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നത് അസംബന്ധമാണെന്നാണ് പാര്‍ട്ടിയുടെ വാദം.

സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ പ്രതികളായ സ്വര്‍ണ്ണക്കൊള്ള മറച്ചുവെക്കാനാണ് മുഖ്യമന്ത്രി കെ.സി വേണുഗോപാലിനെ ടാര്‍ഗറ്റ് ചെയ്യുന്നത്. യു.ഡി.എഫ് കാലത്ത് ബോര്‍ഡ് അംഗങ്ങള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത കെ.സിയുടെ ധാര്‍മ്മികതയും, കോടതി നിയോഗിച്ച സംഘം പിടികൂടിയ സ്വന്തം പാര്‍ട്ടി പ്രതികളെ സംരക്ഷിക്കുന്ന പിണറായി വിജയന്റെ രീതിയും തമ്മിലുള്ള വ്യത്യാസം വരും ദിവസങ്ങളില്‍ രാഷ്ട്രീയ ചര്‍ച്ചയാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ശബരിമല വികസനത്തില്‍ അന്നും ഇന്നും കെ.സി നടത്തിയ പോസിറ്റീവായ ഇടപെടലുകളെ ഉയര്‍ത്തിക്കാട്ടി സി.പി.എമ്മിന്റെ ആരോപണങ്ങളുടെ മുനയൊടിക്കാനാണ് നേതൃത്വം ലക്ഷ്യമിടുന്നത്.

സിപിഎം ഏറ്റവും കൂടുതല്‍ ഭയക്കുന്ന നേതാവായി കെ സി വേണുഗോപാല്‍ മാറിയെന്ന് കെസി അനുകൂലികള്‍ പറയുന്നു. അതിലാണ് ശബരിമല സ്വര്‍ണ്ണക്കള്ളക്കടത്തില്‍ സിപിഎമ്മിന്റെ പങ്ക് മറക്കാന്‍ കെസി വേണുഗോപാലിനെ കരുവാക്കുന്നത്. 2004 കെസി വേണുഗോപാല്‍ ദേവസ്വം ചുമതലയുള്ള മന്ത്രിയായി എന്നതിന്റെ പേരില്‍ 2016 ന് ശേഷം പിണറായി ഭരണത്തില്‍ നടന്ന സ്വര്‍ണക്കൊള്ളയില്‍ കെസി എങ്ങനെ കുറ്റക്കാരനാകും. ഇവിടെയാണ് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ കേരള രാഷ്ട്രീയത്തില്‍ കെസിയുടെ വരവിനെ സിപിഎം എത്രത്തോളം ഭയക്കുന്നു എന്ന വിഷയം ചര്‍ച്ച ചെയ്യപ്പെടേണ്ടതെന്നാണ് അവപുചെ നിലപാട്. 2007 ന് ശേഷമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ എത്തിയതെന്നാണ് സര്‍ക്കാരും പ്രത്യേക അന്വേഷണസംഘവും പറയുന്നത്.

മന്ത്രി എം ബി രാജേഷ് ആദ്യം കെസി വേണുഗോപാലിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിച്ചു എങ്കിലും ഒടുവില്‍ നിയമസഭയില്‍ ആ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞു. പ്രയാര്‍ ഗോപാലകൃഷ്ണന്‍ ദേവസ്വം പ്രസിഡണ്ടായി ഇരിക്കെയാണ് പോറ്റി ശബരിമലയിലെത്തി എന്നാണ് പുതിയ വാദം. ഇതേ വസ്തുത നിലനില്‍ക്കെയാണ് പ്രതിപക്ഷ നേതാവിന്റെ പുതുയുഗ യാത്ര കാസര്‍ഗോഡ് നിന്ന് ആരംഭിക്കുന്ന അതേ ദിവസം മുഖ്യമന്ത്രി കെ സി വേണുഗോപാലിനെ ടാര്‍ജറ്റ് ചെയ്തു ആരോപണം ഉന്നയിക്കുന്നത്. മുഖ്യമന്ത്രി കെ സി വേണുഗോപാലിനെ ഉന്നം വച്ചത് കോണ്‍ഗ്രസില്‍ സിപിഎം ആരെയാണ് ഭയക്കുന്നത് എന്ന് വ്യക്തമാണെന്നാണ് കെസി അനുകൂലികളുടെ അഭിപ്രായം.

മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ഇത്തരമൊരു ആരോപണത്തില്‍ കഴമ്പില്ലെന്ന് ചരിത്രം അറിയാവുന്ന പലര്‍ക്കും ബോധ്യമുള്ളതാണ്. കെ സി വേണുഗോപാല്‍ ദേവസ്വം മന്ത്രി ആയിരിക്കെയാണ് യുഡിഎഫ് നിയമിച്ച ദേവസ്വം ബോര്‍ഡിനെതിരെ ഉയര്‍ന്ന നിയമന വിഭാഗത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ദേവസ്വം മന്ത്രിയായി കെസി വേണുഗോപാല്‍ ശുപാര്‍ശ ചെയ്യുന്നതും അന്വേഷണം നടത്തുന്നതും. ഈയൊരു നടപടിയിലൂടെ ബോര്‍ഡും മന്ത്രിയും തമ്മിലുള്ള ബന്ധത്തില്‍ എത്രത്തോളം ഇഴയടുപ്പം ഉണ്ടായിരുന്നു എന്നത് വ്യക്തമാണ്. പിണറായി സര്‍ക്കാരിന്റെ കാലഘട്ടത്തില്‍, സിപിഎം നിയമിച്ച ബോര്‍ഡിന്റെ , സിപിഎം നേതാക്കള്‍ നടത്തിയ സ്വര്‍ണക്കൊള്ള മറക്കാനായിട്ടാണ് മുഖ്യമന്ത്രി ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്നും അവര്‍ പറയുന്നു.

നിയമന വിവാദം ഉണ്ടായപ്പോള്‍ തന്നെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത കെസി വേണുഗോപാല്‍ ഒരുപക്ഷത്തും, കോടതി ചുമതലപ്പെടുത്തിയ അന്വേഷണസംഘം തെളിവുസഹിതം പിടികൂടിയ സിപിഎമ്മുകാരായ പ്രതികളെ ഇപ്പോഴും സംരക്ഷിക്കുന്ന പിണറായി വിജയന്‍ മറുവശത്തും. ഇവിടെയാണ് കെസി വേണുഗോപാലും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള വ്യത്യാസം നാം കാണേണ്ടതെന്നും അവര്‍ പറയുന്നു. കെ സി വേണുഗോപാല്‍ മന്ത്രിയായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ കാലാവധി 2006ല്‍ അവസാനിച്ചു. അതുകഴിഞ്ഞ് വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പോറ്റി ശബരിമലയില്‍ എത്തുന്നതെന്നതാണ് വസ്തുത.