- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു മലയാളി ഡല്‍ഹിയില്‍ ചെന്ന് അവരെ എല്ലാം കീഴടക്കി കോണ്‍ഗ്രസില്‍ രണ്ടാമനായി നില്‍ക്കാന്‍ സാധിക്കുന്നു എന്നുള്ളത് വലിയൊരു കഴിവല്ലേ? ഞാനുമായി പ്രശ്നമുണ്ടെങ്കിലും അഭിനന്ദിച്ചേ മതിയാകൂ....; കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ വേണുഗോപാല്‍ എന്ന് വെള്ളാപ്പള്ളിയും; ലീഗിനും എന്‍ എസ് എസിനും പിന്നാലെ എസ് എന്‍ ഡി പിയും കെസിയ്ക്കൊപ്പം; കോണ്‍ഗ്രസിലെ 'ക്യാപ്ടന്' ചര്‍ച്ച ഇനി ഒറ്റ വഴിക്ക്
തിരുവനന്തപുരം: കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ആരാകും മുഖ്യമന്ത്രി? കോണ്‍ഗ്രസ് ഹൈക്കമാണ്ടിലെ പ്രധാനിയായ കെസി വേണുഗോപാല്‍ കേരളത്തില്‍ നിറഞ്ഞ് പ്രവര്‍ത്തിക്കുമ്പോള്‍ ഈ ചോദ്യത്തിന് പ്രസക്തി ഏറെയാണ്. രമേശ് ചെന്നിത്തലയും വിഡി സതീശനും കെ സുധാകരനും ശശി തരൂരും ഭാവി മുഖ്യമന്ത്രിയാകുമെന്ന് വിലയിരുത്തലുകള്‍ മുമ്പ് എത്തിയിരുന്നു. ഇതില്‍ തരൂരും സുധാകരനും സാധ്യതകളില്‍ നിന്നും ഏറെ അകന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനും പതിയെ ചിത്രത്തില്‍ നിന്നും പുറത്താകുന്നു. രമേശ് ചെന്നിത്തലയ്ക്കും ഹൈക്കമാണ്ട് സമവാക്യം അനുകൂലമാക്കാന്‍ കഴിയുമോ എന്ന് ആര്‍ക്കും ഉറപ്പില്ല. ഈ സാഹചര്യത്തില്‍ കെസിയ്ക്ക് സാധ്യത കൂടി. ഇതിനിടെ മുസ്ലീം ലീഗും കെസിയെ കേരളത്തിലേക്ക് ക്ഷണിച്ചു. കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിക്കാന്‍ കെസിയോട് ലീഗ് ആവശ്യപ്പെടുകയായിരുന്നു. എന്‍ എസ് എസുമായി കെസി നല്ല ബന്ധത്തിലാണ് എന്നും. എന്നാല്‍ എസ് എന്‍ ഡി പിയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയും കെസിയോട് പോരടിച്ച് നിന്നതാണ് ചരിത്രം. വെള്ളാപ്പള്ളിയുടെ വെല്ലുവിളികളെ അതിജീവിച്ചാണ് കെസി ആലപ്പുഴയെ കീഴടക്കിയത്. ഇപ്പോഴിതാ വെള്ളാപ്പള്ളിയും കെസിയെ അംഗീകരിക്കുന്നു. യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാല്‍ കെസി മുഖ്യമന്ത്രിയാകട്ടേ എന്നതാണ് വെള്ളാപ്പള്ളിയുടെ വെളിപ്പെടുത്തല്‍.
യുഡിഎഫില്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യത കെസി വേണുഗോപാലിന് എന്നാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറയുന്നത്. ഏറെക്കാലമായി വേണുഗോപാലിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന വെള്ളാപ്പള്ളിയില്‍ നിന്നാണ് ഇപ്പോള്‍ ഇങ്ങനെ ഒരു വാക്ക് എന്നതാണ് ശ്രദ്ധേയം. അനുയായികള്‍ ഉള്ളത് വേണുഗോപാലിനൊപ്പമാണ്. ഒരു മലയാളി കോണ്‍ഗ്രസിന്റെ രണ്ടാമത്തെ ആളായി വളര്‍ന്നതില്‍ സന്തോഷം. തര്‍ക്കമുണ്ടെങ്കിലും വേണുഗോപാലിന്റെ കഴിവിനെ അഭിനന്ദിക്കാതെ വയ്യെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇപ്പോള്‍ അനുയായി ഉള്ളത് വേണുഗോപാലിനെയാണ്. പുള്ളി പുള്ളി ഡല്‍ഹിയിലാ. പുള്ളി ഇവിടെ ഇഷ്ടംപോലെ അനുയായികളെ ഇപ്പോള്‍ സൃഷ്ടിച്ചു വെച്ചിട്ടുണ്ട്. പക്ഷേ സോണിയയുടെ മകന് കെസിയെ വേണം. രാഹുല്‍ വിടുമോ എന്നതാണ് പ്രശ്‌നം. ഞാനുമായിട്ട് പല പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കഴിവിനെ അഭിവന്ദിച്ചേ പറ്റുുള്ളൂ. ഇവിടെയുള്ള ഒരു മലയാളി ഡല്‍ഹി ചെന്ന് അവരെ എല്ലാം കീഴടക്കി അവരില്‍ രണ്ടാമനായി നില്‍ക്കാന്‍ സാധിക്കുന്നു എന്നുള്ളത് വലിയൊരു കഴിവല്ലേ?-വെള്ളാപ്പള്ളി ചോദിക്കുന്നു. അതായത് എസ് എന്‍ ഡി പിയും കെസിയോട് എതിര്‍പ്പ് കുറയ്ക്കുന്നു. ലീഗും എന്‍ എസ് എസും അനുകൂലിക്കുന്ന കെസി ഇതോടെ കേരള രാഷ്ട്രീയത്തിലും നിര്‍ണ്ണായക ശക്തിയായി മാറും. വിഡി സതീശനെ കടന്നാക്രമിച്ച വെള്ളാപ്പള്ളിയാണ് കെസിയെ അനുകൂലിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പുനഃസംഘടനകളില്‍ നിര്‍ണായക പങ്കു വഹിച്ചതിനു പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നുവെന്ന് വ്യക്തമായിരുന്നു. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേണുഗോപാല്‍ പാര്‍ട്ടിയെയും മുന്നണിയെയും നയിക്കാനും സാധ്യതയുണ്ട്. പാര്‍ട്ടിയിലെ ചോദ്യം ചെയ്യപ്പെടാനാകാത്ത നേതാവായി വേണുഗോപാല്‍ മാറിയിട്ടുണ്ട്. ഹൈക്കമാണ്ടിലെ സ്വാധീനമാണ് ഇതിന് കാരണം. എഐസിസിയില്‍ സംഘടനാ ജനറല്‍ സെക്രട്ടറിയായ കെസിയാണ് ഇന്ന് രാഹുല്‍ ഗാന്ധിയുടെ അതിവവിശ്വസ്തന്‍. പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി ഷാഫി പറമ്പില്‍ അകന്നതിനു പിന്നാലെ, കെ സി വേണുഗോപാലുമായി ചേര്‍ന്ന് കോണ്‍ഗ്രസിനുള്ളില്‍ പുതിയ അധികാര അച്ചുതണ്ടായി മാറിയിരിക്കുകയാണ്. കെ സി വേണുഗോപാലിന്റെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള സുഗമമായ പ്രവേശനത്തിനായി, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ കെ സിയുടെ 'ഗ്രൂപ്പ് മാനേജരായി' പ്രവര്‍ത്തിക്കുന്നുണ്ട്. കെപിസിസി ഭാരവാഹികളുടെ അഴിച്ചുപണിയോടെ, പുതിയ അധികാര ഗ്രൂപ്പ് പാര്‍ട്ടിയില്‍ പിടിമുറുക്കി. പുനഃസംഘടനയില്‍ 16 ജനറല്‍ സെക്രട്ടറിമാര്‍, രണ്ട് വൈസ് പ്രസിഡന്റുമാര്‍, മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാര്‍, നിരവധി രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ എന്നിവര്‍ക്കു പുറമേ, യൂത്ത് കോണ്‍ഗ്രസിന്റെ നിയന്ത്രണവും കെ സി ഗ്രൂപ്പ് കൈക്കലാക്കിയിട്ടുണ്ട്. ഇതോടെ സംസ്ഥാന കോണ്‍ഗ്രസിലും കെ സി വേണുഗോപാല്‍ നിര്‍ണായക സ്വാധീനമായി മാറി. ഇതിനൊപ്പമാണ് സാമുദായിക നേതൃത്വവും കെസിയെ അംഗീകരിക്കുന്നത്.
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയിലും കെസി വേണുഗോപാല്‍ പിടിമുറുക്കിയിട്ടുണ്ട്. 22 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 6 പേര്‍ ഇപ്പോള്‍ കെസിയുടെ വിശ്വസ്തരാണ്. രമേശ് ചെന്നിത്തലയെ 5 പേരും 'എ' ഗ്രൂപ്പിനെ 3 പേരും പ്രതിപക്ഷ നേതാവ് വി ഡി സതീശനെ രണ്ടു പേരുമാണ് പിന്തുണയ്ക്കുന്നത്. രണ്ട് എംഎല്‍എമാര്‍ സ്വതന്ത്ര നിലപാടിലാണ്. ഇവരും കെസിയെ അനുകൂലിക്കുന്നുണ്ട്. എ ഗ്രൂപ്പിന്റെ നിരവധി ആവശ്യങ്ങള്‍ വേണുഗോപാല്‍ പരിഗണിച്ചിരുന്നു. കെ സുധാകരനും രമേശ് ചെന്നിത്തലയും മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളും ഒരു പരിധിയോളം പരിഗണിച്ചു. അതായിരുന്നു കെപിസിസി പുനസംഘടനയിലെ കെസിയുടെ ഗെയിം പ്ലാന്‍. ഇതില്‍ സതീശനെ വെട്ടി വീഴ്ത്തി. 'എ' 'ഐ' ഗ്രൂപ്പുകളെ, കെസിയുടെ നേതൃത്വത്തിലെ അധികാര അച്ചുതണ്ട് ഗണ്യമായി ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്. കേരള രാഷ്ട്രീയത്തില്‍ താന്‍ സജീവമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വ്യക്തമാക്കുകയും ചെയ്തു. ആലപ്പുഴയിലെ ജനങ്ങള്‍ ജയിപ്പിച്ചു വിട്ടയാളാണ് താന്‍. സജീവമാകുന്നത് ഏതെങ്കിലും കസേര നോക്കിയല്ല. പൂര്‍ണമായും പ്രവര്‍ത്തിക്കുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ താഴേയിറക്കാനെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി. ഇനിയും സജീവമായി ഉണ്ടാകുമെന്നും പ്രഖ്യാപിച്ചു കഴിഞ്ഞു.




