- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോലീബി സഖ്യകാലത്ത് വോട്ട് കച്ചവടത്തിന് മൂകസാക്ഷികളായിരുന്ന സി പി എമ്മും ഇടതുപക്ഷവും ഇന്ന് കളിക്കുന്നത് കളം മാറ്റി; ലാവ്‌ലിൻ കേസ് മാറ്റി വയ്ക്കുന്നതിൽ അടക്കം രഹസ്യവിനിമയങ്ങൾ തകൃതി; ഇടത്തുനിന്നാണോ, വലത്തുനിന്നാണോ ബിജെപിയിലേക്കുള്ള കുറഞ്ഞദൂരം?
കോഴിക്കോട്: മുന്നണികൾ തമ്മിൽ ഇടതായാലും വലതായാലും നയസമീപനങ്ങളിൽ കാര്യമായ വ്യത്യാസമില്ലാത്ത ഒരു കാലഘട്ടത്തിലൂടെയാണ് നാം നീങ്ങുന്നത്. നയങ്ങൾ നോക്കി ഇടതുപക്ഷമാണോ, വലതുപക്ഷമാണോ ഭരിക്കുന്നതെന്ന് തിരിച്ചറിയാൻ ഏറെ പ്രയാസം. മുന്നണിയിൽ ആരെല്ലാമാണ് നിലയുറപ്പിച്ചിരിക്കുന്നത്, അവരുടെയെല്ലാം സാമുദായിക സമവാക്യങ്ങൾ ഏതുവിധമാണ് ഇതൊന്നും തിരിച്ചറിയാൻ നന്നേ വിയർക്കേണ്ടുന്ന സ്ഥിതിയായിരിക്കുന്നു.
ദിനേന വരുന്ന പത്രവാർത്തകളിലും ചാനലുകൾ നൽകുന്ന ന്യൂസുകളിലും ശ്രദ്ധിച്ചാൽ ഇടത്തുനിന്നാണോ, വലത്തുനിന്നാണോ ബിജെപിയിലേക്കു ദൂരം കുറവെന്നത് ഇപ്പോൾ അറിയാൻ സാധിക്കാത്ത നിലയിലേക്കു എത്തിയിരിക്കുന്നു. ബിജെപി വോട്ടു വാങ്ങി ജയിക്കുകയെന്നത് ഒരുകാലത്ത് കോൺഗ്രസ് നേതൃത്വം നൽകുന്ന യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് അജണ്ടയുടെ ഭാഗമായിരുന്നു. അന്ന് ബിജെപിയെന്ന ഒരു പാർട്ടി രാജ്യം ഭരിക്കുമെന്നൊന്നും ആരും കരുതിയിരിക്കില്ല.
അക്കാലത്ത് മാറി മാറി വരുന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിയുമായി കോൺഗ്രസും മുസ് ലിം ലീഗും വോട്ടു കച്ചവടം നടത്തി വിജയം ഉറപ്പാക്കുകയോ, പരാജയത്തിന്റെ ആഘാതം കുറക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടുണ്ട്. അതിൽ നിന്നായിരുന്നല്ലോ കോലീബി (കോൺഗ്രസ്, ലീഗ് ബിജെപി) സഖ്യമെന്ന അപഖ്യാതി ജന്മമെടുത്തത്.
എന്നാൽ ഇന്ന് സ്ഥിതിയെല്ലാം ഏറെ മാറി. വോട്ട് കച്ചവടത്തിന് മൂകസാക്ഷികളായി കാലംകഴിച്ച സി പി എമ്മും ഇടതുപക്ഷവും കളം മാറി കളിക്കുന്നതാണ് കണുന്നത്. വോട്ട് ആരുടേതായാലും ഞങ്ങൾ വേണ്ടെന്നു പറയില്ലെന്നു അവർ എന്നോ വ്യക്തമാക്കിയതാണ്. എസ് ഡി പി ഐയും ജമാഅത്തെ ഇസ് ലാമിയും ആർ എസ് എസുമെല്ലാം എന്താണ് സമൂഹത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് കൃത്യമായി അറിയുന്നവരാണ് നമ്മുടെ രാഷ്ട്രീയ പാർട്ടികൾ. പ്രത്യേകിച്ചും സി പി എമ്മുകാർ. എന്നാൽ സി പി എം ഉന്നത നേതാക്കൾ വരെ പരസ്യമായി വോട്ടുവേണ്ടെന്നു പറയാറില്ല. വോട്ട് ആരുടേതായാലും അത് തങ്ങൾക്ക് പഥ്യമല്ലെന്നു നിലപാടെടുക്കാനും അവരും ഒരുക്കമല്ല.
ഇ എം എസും ചടയൻ ഗോവിന്ദനും നായനാരുമെല്ലാം അരങ്ങൊഴിഞ്ഞ് വി എസ് അച്യുതാനന്ദനെയും പിന്നിട്ട് അധികാരം പിണറായിയിലും കോടിയേരിയിലുമെല്ല്ാം കേന്ദ്രീകരിച്ച് ഒടുവിൽ പിണറായി വിജയനിലേക്കു മാത്രം കേന്ദ്രീകൃതമായിരിക്കുന്ന വർത്തമാനകാലത്ത് സി പി എമ്മിനും ബിജെപിക്കുമിടയിൽ മുൻപെങ്ങുമില്ലാത്ത വിധം അടവുനയങ്ങളും രഹസ്യമായ വിനിമയങ്ങളും വർധിച്ചതാണ് ഇപ്പോൾ ഇടതുനിന്നാണോ, വലതുനിന്നാണോ ബി ജെ യിലേക്കുള്ള ദൂരം കുറവെന്ന ചോദ്യത്തിലേക്കു എത്തിയിരിക്കുന്നത്.
ബിജെപിയുമായി യു ഡി എഫ് പിന്തുടർന്നിരുന്ന അതേ രീതിയിലുള്ള നയം തന്നെയാണ് ഇപ്പോൾ എൽ ഡി എഫിനുമുള്ളത്. കേന്ദ്ര സർക്കാർ ബിജെപി ഇതര സംസ്ഥാനങ്ങളെ ഇ ഡിയെയും സി ബി ഐയെയുമെല്ലാം ഉപയോഗപ്പെടുത്തി പിടിച്ചുകെട്ടാനും തകർക്കാനും ആഞ്ഞുശ്രമിക്കുമ്പോൾ കേരള മുഖ്യമന്ത്രി പിണറായി വിജൻ പ്രതിയായ ലാവ്ലിൻ കേസ് 27 തവണയാണ് കോടതി മാറ്റിവച്ചത്. ബിജെപി -ആർഎസ്എസ് പ്രവർത്തകരും നേതാക്കളും പ്രതിപട്ടികയിൽ വരുന്ന പല കേസുകളും സി പി എമ്മിന്റെ നേതൃത്വത്തിൽ കുറച്ചുകാലമായി തേച്ചുമായിച്ചു കളയുന്നതായും വ്യാപകമായ പരാതി ഉയരുന്നുണ്ട്.
ബിജെപി ഇതര സർക്കാരുകൾക്കെതിരേ അരയും തലയും മുറുക്കി അമിത് ഷായും നരേന്ദ്ര മോദിയും കളിക്കുമ്പോൾ അത്തരം കളികളൊന്നും കേരളത്തിലേക്കു എത്താതെ പോകുന്നത് ഇരു പാർട്ടികളിലെയും ഉന്നതർ തമ്മിലുള്ള രഹസ്യ ബാന്ധവത്തിന്റെ തെളിവാണെന്നാണ് പ്രതിപക്ഷവും രാഷ്ട്രീയം സൂക്ഷ്മമായി വിലയിരുത്തുകയും ചെയ്യുന്നവരുടെ അഭിപ്രായം. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഇ പി ജയരാജനും പുതിയ പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററുമെല്ലാം ബിജെപിയെയും ആർഎസ്എസ് ഉൾപ്പെട്ട പരിവാര സംഘനടകളെയും കടന്നാക്രമിക്കുകയും അവർക്കെതിരേ അവസരം ഒത്തുവരുമ്പോഴെല്ലാം പോർവിളി മുഴക്കുകയും ചെയ്യും. പക്ഷേ ആവശ്യം വരുമ്പോൾ എല്ലാവരും ഒന്നാവുന്നതാണ് അണിയറയിലെ കാഴ്ചകൾ.
ഏറ്റവും ഒടുവിൽ നെഹ് റു ട്രോഫി വെള്ളംകളി കാണാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യമന്ത്രി നേരിട്ടു ക്ഷണിച്ചതോടെയാണ് ഇരു പാർട്ടികൾക്കുമിടിയിലെ അകലം മുമ്പെങ്ങുമില്ലാത്ത വിധം കുറഞ്ഞതായി രാഷ്ട്രീയ നിരീക്ഷകർ അനുഭവിച്ചറിയുന്നത്. പാർട്ടിക്കും പിണറായിക്കുമെതിരേ അമിത് ഷായെ ക്ഷണിച്ചെന്ന വാർത്ത ബ്രേക്കായ ഉടൻ തന്നെ സാമൂഹിക മാധ്യമങ്ങളിൽ വിമർശനങ്ങളുടെ വെടിക്കെട്ട് തുടങ്ങിയിരുന്നു.
ചാനലുകളിൽ വരുംവരായ്കകൾ ഉൾപ്പെടുത്തി ചർച്ചകളും നിറഞ്ഞു. എന്തും ഏതും തങ്ങളുടേതായ രീതിയിൽ പറഞ്ഞു ഫലിപ്പിക്കുന്നതിൽ മിടുക്കന്മാരായ സി പി എമ്മുകാർക്ക് പക്ഷേ ഇതിനെ പ്രതിരോധിക്കാൻ കൈയിൽ ആയുധമില്ലെന്ന ഗതിയായിരിക്കയാണ്.
ത്രിപുരയിൽ 1978 മുതൽ 1988 വരെയും പിന്നീട് 1993 മുതൽ 2018 വരെയും 35 വർഷം ഭരണത്തിലിരുന്നു സി പി എം നേതൃത്വം. തുർച്ചയായി 34 വർഷം പശ്ചിമ ബംഗാളിലും ഭരണം കൈയാളി. ആ കാലഘട്ടത്തിൽ കാര്യമായ വികസനമൊന്നും ആ സംസ്ഥാനങ്ങളിൽ ഉണ്ടായില്ലെന്നതാണ് ചരിത്രം.
എന്തുകൊണ്ട് പാർട്ടി തകർന്നു തരിപ്പണമായി, എന്തുകൊണ്ട് അവർ ജനങ്ങളിൽ നിന്ന് അകന്നു. തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം ആരും പഠിക്കുന്നതിലും വസ്തുതാപരമായി പഠിച്ച് റിപ്പോർട്ടുണ്ടാക്കി അട്ടത്തുവെച്ചിരിക്കുന്ന പാർട്ടിയാണ് സി പി എം. അവരെ അക്കാര്യങ്ങളൊന്നും ആരും പഠിപ്പിക്കേണ്ട കാര്യവുമില്ല. എന്നിട്ടും പിണറായിയും കൂട്ടരും എന്തിനാണ് സ്വന്തം കുഴിതോണ്ടുന്നതെന്നാണ് പാർട്ടി അണികൾക്കുപോലും മനസിലാവാത്തത്. ഫ്രഞ്ച് ചക്രവർത്തി ലൂയി പതിനഞ്ചാമൻ പറഞ്ഞപോലെ തനിക്കു ശേഷം പ്രളയം മാത്രം മതിയെന്നാണോ പിണറായിയുടെയും ഒപ്പം നിൽക്കുന്ന ഉപദേശക വൃന്തത്തിന്റെയും കണക്കുകൂട്ടൽ എന്നതാണ് ഇനി അറിയേണ്ടത്.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്