- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് അതിരുവിട്ട് എസ് എഫ് ഐ പ്രതിഷേധം; കേരളാ സര്‍വ്വകലാശാലയിലെ 'കീഴടക്കലില്‍' പോലീസ് നോക്കു കുത്തി; ചൊവ്വാഴ്ചത്തെ വിദ്യാര്‍ത്ഥി സമരം ഓര്‍മ്മിപ്പിക്കുന്നത് പിന്നില്‍ ആരോ ചരട് വലിക്കുന്നത് പോലുള്ള ഷാജി കൈലാസ് ചിത്രമായ 'തലസ്ഥാനം' മോഡല്‍; അജണ്ട മാറ്റാന്‍ വിദ്യാര്‍ത്ഥികള്‍ വീണ്ടും 'ഇരകള്‍' ആകുന്നുവോ? ലക്ഷ്യം കൂത്തു പറമ്പോ?
തിരുവനന്തപുരം: വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ അതിരുവിടുന്നത് ക്രമസമാധാന തകര്‍ച്ചയ്ക്ക് തെളിവാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലാണ്. അതിനിടെ വിദ്യാര്‍ത്ഥികള്‍ എല്ലാ അര്‍ത്ഥത്തിലും കേരളാ സര്‍വ്വകലാശാലയിലേക്ക് ഇരച്ചു കയറി. ജനലില്‍ കൂടി കവര്‍ച്ചക്കാരെ പോലെ സര്‍വ്വകലാശാല ആസ്ഥാനത്തേക്ക് ഇരച്ചു കയറി. പോലീസ് വെറും നോക്കുകുത്തിയായി. ഇങ്ങനെ സമരം മുമ്പോട്ട് പോകുന്നത് അത്യാഹിതത്തിലേക്ക് കാര്യങ്ങളെത്തിക്കും. ചൊവ്വാഴ്ചത്തെ സമരം ഇനി ആവര്‍ത്തിച്ചു കൂടെന്ന് സാരം. ഇതിന് സിപിഎം നേതാക്കള്‍ തന്നെ മുന്‍കൈയ്യെടുക്കണം.
രണ്ടു പതിറ്റാണ്ട് മുമ്പ് പുറത്തിറങ്ങിയ ഷാജി കൈലാസ് ചിത്രമായ തലസ്ഥാനം. അത് പറഞ്ഞത് വിദ്യാര്‍ത്ഥി സമരത്തിന് പിന്നിലെ കാണാ കളികളാണ്. നരേന്ദ്രപ്രസാദിന്റെ ആ സിനിമയിലെ കഥാപാത്രത്തെ പോലൊരാള്‍ ഇപ്പോഴത്തെ സമരത്തേയും നിയന്ത്രിക്കുന്നുവോ എന്ന സംശയം ഉയര്‍ത്തുന്നതാണ് എസ് എഫ് ഐ പ്രതിഷേധം. കേരളത്തില്‍ എല്ലായിടത്തും ചൊവ്വാഴ്ച എസ് എഫ് ഐ അതിരുവിട്ടു പ്രവര്‍ത്തിച്ചു. പോലീസ് പരമാവധി സംയമനം പാലിച്ചു. സംയമനം പോലീസിന് കൈവിട്ടാല്‍ എന്തും സംഭവിക്കാം. എല്ലാ അര്‍ത്ഥത്തിലും കേരളാ സര്‍വ്വകലാശാലയെ എസ് എഫ് ഐ കീഴടക്കുകയായിരുന്നു.
ഇത്തരം സമരങ്ങള്‍ അതിരുവിടുമ്പോള്‍ പോലീസ് ഇടപെട്ടാല്‍ അത് മറ്റൊരു കൂത്തുപറമ്പിലേക്ക് കാര്യങ്ങളെത്തിക്കാം. കൂത്തുപറമ്പില്‍ വെടിവയ്പ്പിന് ഉത്തരവിട്ട പഴയ എ എസ് പി ഇന്ന് കേരളാ പോലീസിന്റെ മേധാവിയാണ്. ചുമതലയേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ റവാഡ ചന്ദ്രശേഖറിന് വലിയ വെല്ലുവിളിയായി മാറുകയാണ് സര്‍വ്വകലാശാല പ്രതിഷേധം. കൂത്തുപറമ്പിലെ പഴി ഒഴിവാക്കാന്‍ കേരളാ പോലീസ് കഴിയുന്നത്ര സംയമനം പാലിച്ചുവെന്നതാണ് വസ്തുത. പക്ഷേ ഈ സമരത്തെ നിയന്ത്രിച്ചേ മതിയാകൂ. അതിന് തൊട്ടടുത്തുള്ള എകെജി സെന്ററില്‍ നിന്ന് പോലും സിപിഎം നേതാക്കള്‍ കടന്നു വരുന്നില്ലെന്നതാണ് വസ്തുത.
സര്‍ക്കാരിനെ പല വിധ വിവാദങ്ങള്‍ പിന്തുടരുന്നുണ്ട്. ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങളാണ് അതില്‍ പ്രധാനം. അതെല്ലാം ഗവര്‍ണ്ണര്‍-സര്‍ക്കാര്‍ പോരിലേക്ക് വഴി തിരിച്ചു വിടാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. ഏതായാലും കേരളാ പോലീസ് മേധാവി റവാഡ ചന്ദ്രശേഖരിന് വലിയ തലവേദനയാണ് എസ് എഫ് ഐ പ്രതിഷേധം. പോലീസ് നിയമ പ്രകാരം പ്രതികരിച്ചാല്‍ എന്തും സംഭവിക്കും. അതും കൂത്തുപറമ്പിലെ വിവാദ നായകനായി ചിലര്‍ ഉയര്‍ത്തുന്ന റവാഡയ്ക്ക് വെല്ലുവിളികള്‍ കൂട്ടും. കേന്ദ്ര സര്‍വ്വീസില്‍ നിന്നും തിരിച്ചെത്തി സിപിഎം കുട്ടികളെ കൈകാര്യം ചെയ്തുവെന്ന തരത്തിലേക്ക് ആ പേരു ദോഷം എത്തും. അതുകൊണ്ട് കൂടിയാണ് കഴിയുന്നത്ര സംയമനം പോലീസ് പാലിക്കുന്നത് എന്ന് വേണം വിലയിരുത്താന്‍.
തിരുവനന്തപുരത്ത് അതിരുവിട്ട് എസ് എഫ് ഐ പ്രതിഷേധം എല്ലാ അര്‍ത്ഥത്തിലും പോലീസിന് വിനയായി മാറി. കേരളാ സര്‍വ്വകലാശാലയില്‍ 'കീഴടക്കല്‍' എസ് എഫ് ഐ പ്രഖ്യാപിക്കുമ്പോള്‍ പോലീസ് നോക്കു കുത്തിയായി. സര്‍വ്വകലാശാലാ ആസ്ഥാനത്ത് വിസി ഉണ്ടായിരുന്നില്ല. വിസി സിസാ തോമസ് ഉണ്ടായിരുന്നുവെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമായിരുന്നു. ഗവര്‍ണറുടെ ചടങ്ങില്‍ ഇടപെടല്‍ നടത്തിയ രജിസ്ട്രാര്‍ അനില്‍കുമാര്‍ ഉണ്ടായിരുന്നു. സിന്‍ഡിക്കേറ്റ് അംഗങ്ങളാരും പ്രതിഷേധത്തില്‍ വന്നതുമില്ല. അതായത് പ്രധാന നേതാക്കളെല്ലാം മാറി നിന്നായിരുന്നു എസ് എഫ് ഐ യൂണിവേഴ്‌സിറ്റിയെ അതിക്രമിച്ച് കീഴടക്കിയത്.
സര്‍വകലാശാലകളെ കാവിവത്കരിക്കുന്നുവെന്ന് ആരോപിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരേ കണ്ണൂരിലും കോഴിക്കോട്ടും വന്‍ പ്രതിഷേധവുമായി എസ്എഫ്‌ഐ രംഗത്തു വന്നിരുന്നു. കാലിക്കട്ട് സര്‍വകലാശാലയിലും കണ്ണൂര്‍ സര്‍വകലാശാലയിലും രാവിലെ മുതല്‍ ആരംഭിച്ച പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. രണ്ടിടത്തും പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചു. എല്ലാ പരിധിയും വിടുന്നതായിരുന്നു തിരുവനന്തപുരത്തെ പ്രതിഷേധം.
കണ്ണൂര്‍ സര്‍വകലാശാലയിലെ പ്രതിഷേധമാര്‍ച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞെങ്കിലും പ്രവര്‍ത്തകര്‍ പിന്മാറാന്‍ തയാറായില്ല. പിന്നാലെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.