- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമസഭാ തെരഞ്ഞെടുപ്പിന് 60 മണ്ഡലങ്ങളില്‍ പ്രത്യേക സജ്ജീകരണം ഒരുക്കിയിട്ടുണ്ടെന്ന് സതീശന്‍; പാര്‍ട്ടിയോട് ചര്‍ച്ച ചെയ്യാതെ ആര് ഇതിന് അനുമതി നല്‍കിയെന്ന് അനില്‍കുമാര്‍; തര്‍ക്കം അതിരുവിട്ടപ്പോള്‍ ഇടപെട്ട് ദീപ് ദാസ് മുന്‍ഷി; കെസിയുടെ വിശ്വസ്തനും വിഡിയെ കടന്നാക്രമിച്ചു; രാഷ്ട്രീയകാര്യ സമിതിയില്‍ ഒരു തീരുമാനവുമില്ലയോ? വീണ്ടും പ്രതിപക്ഷ ബഞ്ചോ? കരളത്തിലെ കോണ്‍ഗ്രസ് ഭയപ്പാടില്‍
തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിലെ വാദ പ്രതിവാദങ്ങള്‍ കൈവിട്ടു പോകുമ്പോള്‍ ഇനി നിര്‍ണ്ണായകം കോണ്‍ഗ്രസ് ഹൈക്കമാണ്ട് തീരുമാനം. നിര്‍ണ്ണായകമായ പ്രശ്‌നങ്ങളിലൊന്നും തീരുമാനം എടുക്കാന്‍ യോഗത്തിന് കഴിഞ്ഞില്ല. കെ.പി.സി.സി പ്രസിഡന്റിനെ മാറ്റുന്ന പ്രശ്‌നവും മുഖ്യമന്ത്രി പദവുമായി ബന്ധപ്പെടുത്തി ചില നേതാക്കള്‍ നടത്തി അഭിപ്രായവും ചര്‍ച്ചകള്‍ക്ക് ചൂടു പകര്‍ന്നു. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരസ്പര ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വേണ്ട ഇടപെടല്‍ നടത്താന്‍ ദീപാദാസ് മുന്‍ഷിയെ ചുമതലപ്പെടുത്തി.
വിഡി സതീശനും എപി അനില്‍കുമാറും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് പ്രസംഗം പൂര്‍ത്തിയാക്കാതെ വിഡി സതീശന്‍ ഇരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് 60 മണ്ഡലങ്ങളില്‍ പ്രത്യേക സജ്ജീകരണം ഒരുക്കിയിട്ടുണ്ടെന്ന് സതീശന്‍ പറഞ്ഞപ്പോള്‍ പാര്‍ട്ടിയോട് ചര്‍ച്ച ചെയ്യാതെ ആര് ഇതിന് അനുമതി നല്‍കിയെന്ന് അനില്‍കുമാര്‍ ചോദിച്ചു. ഇതാണ് സതീശനെ ചൊടിപ്പിച്ചത്. എനിക്ക് പറയാന്‍ അവകാശമില്ലേ എന്ന് വിഡി സതീശന്‍ തിരിച്ചു ചോദിച്ചു. ഇതോടെയാണ് വാക്കേറ്റം ഉണ്ടായത്. അതേ സമയം, സംസ്ഥാനത്തെ പാര്‍ട്ടിയെ നയിക്കുന്ന നേതാക്കള്‍ തര്‍ക്കങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ചുമതല ഒഴിയുമെന്ന് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി യോഗത്തെ അറിയിച്ചു. കെസി വേണുഗോപാലിന്റെ വിശ്വസ്തനാണ് അനില്‍കുമാര്‍. പ്രതിപക്ഷ നേതാവായി വിഡി സതീശന്‍ എത്തിയത് കെസിയുടെ പിന്തുണയിലാണ്. അതുകൊണ്ട് തന്നെ അനില്‍കുമാറിന്റെ നിലപാട് ഗ്രൂപ്പ് സമവാക്യങ്ങളിലെ മാറ്റത്തിന് തെളിവാണ്. അനില്‍കുമാറും സതീശനും തമ്മിലുള്ള തര്‍ക്കം രൂക്ഷമായപ്പോള്‍ എഐസിസി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഇടപെടുകയായിരുന്നു. പിന്നീട് പ്രസംഗം പൂര്‍ത്തിയാകാതെയായിരുന്നു പ്രതിപക്ഷനേതാവ് യോഗത്തില്‍ ഇരുന്നത്.
രാഷ്ട്രീയകാര്യ സമിതി തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും, പ്രതിപക്ഷനേതാവ് വി.ഡി.സതീശനും സംയുക്ത വാര്‍ത്താസമ്മേളനം നടത്തും. വിവാദമായിട്ടുള്ള കഞ്ചിക്കോട് മദ്യനിര്‍മ്മാണശാല വിഷയവും യു.ഡി.എഫില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ കക്ഷിയാക്കണമെന്നുള്ള പി.വി.അന്‍വറിന്റെ കത്തും യോഗത്തില്‍ വന്നെങ്കിലും കാര്യമായ ചര്‍ച്ചയുണ്ടായില്ല. നേതാക്കള്‍ ഒറ്റക്കെട്ടാണെന്ന സന്ദേശം പ്രവര്‍ത്തകര്‍ക്ക് നല്‍കാനാണ് ഈ വാര്‍ത്താ സമ്മേളനം. ഹൈക്കമാണ്ട് നിര്‍ദ്ദേശ പ്രകാരമാണ് ഇത്. കഴിഞ്ഞ രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിവെച്ചതും സതീശന്‍ കെപിസിസി നേതൃയോഗത്തില്‍ പങ്കെടുക്കാത്തതും അനാവശ്യ വിവാദം സൃഷ്ടിച്ചെന്നും ഇത്തരം വിവാദങ്ങള്‍ തിരിച്ചടിയാകുമെന്നും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ നേതാക്കള്‍ പറഞ്ഞിരുന്നു. പരസ്പര ഐക്യം വര്‍ദ്ധിപ്പിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. തര്‍ക്കം തെറ്റായ സന്ദേശം നല്‍കുമെന്നും യോജിച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പിടിവലിയില്‍ രൂക്ഷമായ വിമര്‍ശനമാണ് യോഗത്തില്‍ ഉണ്ടായത്. മുഖ്യമന്ത്രി സ്ഥാന ചര്‍ച്ച ഇപ്പോള്‍ പാടില്ല എന്ന് പിജെ കുര്യന്‍ അഭിപ്രായപ്പെട്ടിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഐക്യത്തോടെ നീങ്ങണമെന്നും കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയില്‍ രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. സുധാകരന്‍-സതീശന്‍ തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ വിമര്‍ശനം. ഓണ്‍ലൈനായിട്ട് ആണ് ചെന്നിത്തല പങ്കെടുത്തത്.
നേരത്തെ, നേതാക്കള്‍ക്കിടയിലെ തര്‍ക്കത്തിന്റെ ഭാഗമായി തദ്ദേശ തെരഞ്ഞെടുപ്പിലെ അടക്കം ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കെപിസിസി യോഗം പ്രതിപക്ഷ നേതാവ് ബഹിഷ്‌കരിച്ചിരുന്നു. ഇതിനു പകരമായി യുഡിഎഫ് യോഗം കെ സുധാകരനും ബഹിഷ്‌കരിച്ചു. തുടര്‍ന്നാണ് രാഷ്ട്രീയകാര്യസമിതി യോഗവും മാറ്റിവെച്ചത്. നേതാക്കള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ കാരണം പാര്‍ട്ടിയിലെയും മുന്നണിയിലെയും പ്രധാന കാര്യങ്ങളില്‍ പോലും തീരുമാനമെടുക്കാന്‍ കഴിയുന്നില്ല എന്ന വിമര്‍ശനം ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. വിവാദ വിഷയങ്ങളില്‍ പോലും ഇരു നേതാക്കളും പരസ്പര വിരുദ്ധമായാണ് മറുപടി പറയുന്നത്. ഇതില്‍ മാറ്റം വേണമെന്നാണ് ഹൈക്കമാന്റിന്റെ നിലപാട്. ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടരയോടെ തുടങ്ങിയ യോഗം രാത്രി 9 വരെ നീണ്ടു. എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം.
മൂന്നാമത് ഒരിക്കല്‍ക്കൂടി പ്രതിപക്ഷ ബെഞ്ചിലിരിക്കാനാവില്ലെന്ന് എംഎല്‍എയായ ടി സിദ്ദിഖ് തുറന്നടിച്ചു. ഇപ്പോഴത്തെ നിലയില്‍ പോയാല്‍ വീണ്ടും ഇതേ അവസ്ഥയുണ്ടാകും. അതിനാല്‍ അത്തരം അസ്വാരസ്യങ്ങള്‍ ഒഴിവാക്കണം. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ അഭിപ്രായ ഭിന്നതകളില്ലാതെ യോജിച്ച് പോകണമെന്ന അഭിപ്രായമാണ് മുതിര്‍ന്ന നേതാക്കള്‍ പ്രകടിപ്പിച്ചത്. കെ.പി.സി.സി പുനഃസംഘടനയില്‍ വ്യക്തമായ നിലപാട് വേണം. അതനുസരിച്ച് നടപടികള്‍ വേഗത്തിലാക്കണം. രാഷ്ട്രീയകാര്യസമിതി യോഗം മാസത്തില്‍ ഒരു വട്ടം ചേരണമെന്ന ആവശ്യവും ഉയര്‍ന്നു. താഴേത്തട്ടിലുള്ള പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊണ്ടു വേണം നേതാക്കള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ദീപാദാസ് മുന്‍ഷി പറഞ്ഞു.