- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഗിയാണെന്ന് പറഞ്ഞ് പരത്തി തന്നെ മൂലക്കിരുത്താന്‍ ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സുധാകരന്; സംസ്ഥാനത്തെ ഒരു നേതാവാണ് അതിന് പിന്നില്‍ എന്ന് പറയുമ്പോള്‍ ഒളിയമ്പ് ചെന്നുക്കൊള്ളുന്നത് സതീശനില്‍; കെസിയുടെ മനസ്സും സുധാകരനൊപ്പമോ? ഫോട്ടോ കണ്ടാല്‍ തിരിച്ചറിയുന്ന ആരെങ്കിലും വേണം അധ്യക്ഷസ്ഥാനത്തേയ്ക്ക് വരാന്‍ എന്ന വിമര്‍ശനവും പ്രസക്തം; കെപിസിസിയിലെ മാറ്റം പ്രതിസന്ധിയിലേക്ക്?
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റാനുള്ള സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ കെ സുധാകരന്‍ നല്‍കുന്നത് ഹൈക്കമാണ്ടിനുള്ള സന്ദേശം. അധ്യക്ഷ പദവിയില്‍ നിന്ന് ഒഴിയില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. തനിക്ക് അനാരോഗ്യമില്ല, ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നത് കോണ്‍ഗ്രസിലെ തന്നെ ഒരു ഗ്രൂപ്പ് മനപൂര്‍വം പ്രചരിപ്പിക്കുന്നതാണ്. ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നവരെ മനസിലായിട്ടുണ്ടെന്ന് സുധാകരന്‍ പ്രതികരിച്ചു. തന്നെ മൂലയ്ക്കിരുത്താന്‍ ശ്രമിക്കുന്നത് സംസ്ഥാനത്തെ ഒരു നേതാവാണ്. എന്നാല്‍ കോണ്‍ഗ്രസില്‍ പ്രായമല്ല പ്രാപ്തിയാണ് പ്രധാനം. തനിക്ക് എത്രയോ വര്‍ഷത്തെ പാരമ്പര്യമാണ് പാര്‍ടിയില്‍ ഉള്ളത്. താന്‍ മാറുമെന്ന് കോണ്‍ഗ്രസിനുള്ളില്‍ പറയുന്നവര്‍ വഷളന്‍മാരാണെന്നും സുധാകരന്‍ പറഞ്ഞു. ഇതോടെ തന്നെ മാറ്റാന്‍ ശ്രമിക്കുന്നവരെ പ്രതിരോധിക്കാന്‍ സുധാകരന്‍ നേരിട്ട് രംഗത്ത് വരികയാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി അത്ര നല്ല ബന്ധത്തില്‍ അല്ല സുധാകരന്‍. അതുകൊണ്ട് തന്നെ സുധാകരന്റെ ഒളിയമ്പുകള്‍ ചെന്നു കൊള്ളുന്നത് സതീശനിലേക്കാണെന്നാണ് വിലയിരുത്തല്‍.
സുധാകരന്‍ അധ്യക്ഷസ്ഥാനത്ത് തുടരുന്നത് അനുകൂലിക്കുന്നവര്‍ കെ മുരളീധരനും ശശി തരൂരും രമേശ് ചെന്നിത്തലയും മാത്രമാണ്. ആന്റോ ആന്റണിയെ കെപിസിസി അധ്യക്ഷസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ഫോട്ടോ കണ്ടാല്‍ തിരിച്ചറിയുന്ന ആരെങ്കിലും വേണം അധ്യക്ഷസ്ഥാനത്തേയ്ക്ക് വരാന്‍ എന്ന പരിഹാസമായി മുരളീധരനും രംഗത്തെത്തിയിരുന്നു. ഇടതുപക്ഷത്തെതാഴെയിറക്കും താന്‍ എന്ന് പറയുമ്പോഴാണ് സുധാകരനെ താഴെയിറക്കാന്‍ കോണ്‍ഗ്രസില്‍ വലിയൊരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് സുധാകരന്‍ പറയുന്നു. ഇതോടെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് സുധാകരന്‍ തുടരണമെന്ന വികാരവും ഉണ്ടാക്കിയെടുക്കാന്‍ ശ്രമം സജീവമാകുകയാണ്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും സുധാകരന് അനുകൂലമാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കെസി ഇതുവരെ പരസ്യമായി പ്രതികിച്ചിട്ടില്ല. ഡിസിസി അധ്യക്ഷന്മാരെ അടക്കം ഹൈക്കമാണ്ട് തീരുമാനിക്കുമെന്നാണ് സൂചന. അതിന് മുമ്പ് സുധാകരനെ മാറ്റാനാണ് ചിലരുടെ ശ്രമം. അല്ലാത്ത പക്ഷം സുധാകരന്‍ എതിര്‍പ്പുകള്‍ ഉയര്‍ത്തുമെന്ന വിലയിരുത്തല്‍ സജീവമാണ്.
കേരളത്തില്‍ പാര്‍ടി നിര്‍ജീവമാണെന്ന അഭിപ്രായമാണ് ചുമതലയുള്ള ദീപ ദാസ്മുന്‍ഷിക്കുള്ളത്. ക്രൈസ്തവ വിഭാഗത്തിലുള്ള നേതാവിനെ പ്രസിഡന്റാക്കണമെന്നാണ് അവര്‍ എഐസിസിക്ക് നല്‍കിയ റിപ്പോര്‍ട്ട്. വി ഡി സതീശനടക്കം സുധാകരന്‍ വിരുദ്ധരെല്ലാം അതിനോട് യോജിക്കുന്നുണ്ട് എന്നാല്‍ സുധാകരനെ മുന്നില്‍നിര്‍ത്തി കേരളത്തിലെ തന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയാണ് കെ സി വേണുഗോപാലിന്റെ ലക്ഷ്യം. സതീശനോട് കെസിയ്ക്ക് പഴയ താല്‍പ്പര്യമില്ലെന്നും സൂചനകളുണ്ട്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് സുധാകരനെ മാറ്റാമെന്നാണ് ചിലരുടെ നീക്കം. പക്ഷേ തദ്ദേശത്തിലേക്കും തുടര്‍ന്ന് നിയമസഭ തെരഞ്ഞെടുപ്പിലേക്കും സുധാകരന്റെ നേതൃത്വം മതിയെന്ന വിലയിരുത്തലും സജീവമാണ്. എന്നാല്‍ അധ്യക്ഷസ്ഥാനത്തേക്ക് ആര് എന്ന ചോദ്യത്തിന് ചര്‍ച്ചകളുമായി ഹൈക്കമാന്‍ഡ് മുന്നോട്ട് പോവുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ ആന്റോ ആന്റണിയും സണ്ണി ജോസഫുമാണ് അധ്യക്ഷസ്ഥാനത്തേക്ക് പരിഗണനയിലുള്ളത്.
സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റം ഉടന്‍ എന്ന തരത്തില്‍ വാര്‍ത്തകളെത്തിയിരുന്നു. ഇക്കാര്യത്തില്‍ വ്യക്തമായ സന്ദേശം കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനു പാര്‍ട്ടി ഹൈക്കമാന്‍ഡ് കൈമാറിയെന്നായിരുന്നു റിപ്പോര്‍്ട്ട്. റോജി എം.ജോണ്‍ എംഎല്‍എയുടെ പേരും ഉയര്‍ന്നെങ്കിലും ആന്റോ ആന്റണിയോ സണ്ണി ജോസഫ് എംഎല്‍എയോ പ്രസിഡന്റ് ആയേക്കുമെന്നാണ് വിവരം. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പുതിയ അധ്യക്ഷനു കീഴില്‍ വേണമെന്ന ധാരണയിലാണ് നേതൃത്വത്തിന്റെ നീക്കങ്ങളെന്നും വാര്‍ത്തയെത്തി. കഴിഞ്ഞ ദിവസം വൈകിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയിലെത്തിയ സുധാകരനോട് ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും നേതൃമാറ്റത്തെക്കുറിച്ച് വ്യക്തമായ സൂചന നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ട്. സുധാകരനെ പ്രവര്‍ത്തകസമിതിയില്‍ ക്ഷണിതാവായി ഉള്‍പ്പെടുത്തുന്നതിന്റെ സാധ്യത പരിഗണിക്കുന്നുണ്ടെന്നും വാര്‍ത്തയെത്തി. ഇതെല്ലാം ഇന്ന് സുധാകരന്‍ നിഷേധിച്ചു. തന്നോട് തുടരണമെന്ന സന്ദേശമാണ് നേതൃത്വം നല്‍കിയതെന്ന തരത്തിലാണ് സുധാകരന്‍ പ്രതികരിച്ചത്.
പദവിയില്‍ നിന്നു മാറ്റുന്ന കാര്യത്തില്‍ സുധാകരന്റെ അടുത്ത അനുയായികള്‍ക്ക് അമര്‍ഷമുണ്ട്. ഇതു പരസ്യ പ്രശ്‌നങ്ങളിലേക്ക് നീങ്ങാതിരിക്കാന്‍ സുധാകരനെ കൂടി അനുനയിപ്പിച്ചും വിശ്വാസത്തിലെടുത്തുമുള്ള നേതൃമാറ്റമാണ് ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്. കൂടിക്കാഴ്ചയ്ക്കുശേഷം സുധാകരനെ യാത്രയാക്കാന്‍ ഖര്‍ഗെ ഒപ്പം വസതിക്കു പുറത്തേക്കുവന്നതും അസാധാരണ കാഴ്ചയായി. ഇതിനിടെയാണ് കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത്‌നിന്ന് തന്നെ മാറ്റാനായി ഒരു നേതാവ് ശ്രമിക്കുകയാണെന്ന് കെ. സുധാകരന്‍ ആറോപിക്കുന്നത്. പലരും എനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് പറയുന്നു. എന്നാല്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് ഞാന്‍ അല്ലേ പറയേണ്ടത്. ഏത് തരത്തിലുള്ള ആരോഗ്യപ്രശ്‌നത്തിന് ഇപ്പോള്‍ ചികിത്സയില്ലേയെന്നും സുധാകരന്‍ ചോദിക്കുന്നു. അത് ചിലര്‍ മനപൂര്‍വം പറഞ്ഞുപരത്തുന്നതാണ്. രോഗി ആണെന്ന് കാണിച്ച് എന്നെ മൂലക്ക് ഇരുത്താന്‍ ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ ഒരു നേതാവാണ് അതിന് പിന്നില്‍. തന്നെ അഖിലേന്ത്യാ കമ്മിറ്റി കെ.പി.സി.സി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റില്ലെന്ന് ഉറപ്പുണ്ടെന്നും കെ. സുധാകരന്‍ പറഞ്ഞു.
സ്ഥാനത്ത് നിന്ന് മാറ്റുന്നു എന്നതിനെ കുറിച്ച് ഒരു സൂചന പോലും ലഭിച്ചിട്ടില്ല. മാറ്റുകയാണെങ്കില്‍ ഡല്‍ഹിയിലേക്ക് വിളിക്കേണ്ട കാര്യമില്ലല്ലോ. എത്രയോ വര്‍ഷത്തെ പാരമ്പര്യമുണ്ട്. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി ഒന്നരമണിക്കൂര്‍ നേരം ചര്‍ച്ചനടത്തി. കേരള രാഷ്ട്രീയത്തെ കുറിച്ചായിരുന്നു സംസാരമത്രയും. മാധ്യമങ്ങളാണ് കെ.പി.സി.സി നേതൃമാറ്റത്തെ കുറിച്ച് വാര്‍ത്തയുണ്ടാക്കുന്നതെന്നും കെ. സുധാകരന്‍ പറഞ്ഞു. അതേസമയം, നേതൃത്വം ആവശ്യപ്പെട്ടാന്‍ ആ നിമിഷം സ്ഥാനമൊഴിയാന്‍ തയാറാണെന്നും സുധാകരന്‍ വ്യക്തമാക്കി.