കോട്ടയം: പുതുപ്പള്ളിയിൽ ഓർത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങൾ സജീവമാണ്. സഭാ തർക്കം വോട്ടായി മാറുമെന്നായിരുന്നു സിപിഎമ്മിന്റെ പ്രതീക്ഷ. ഇതിന് വേണ്ടി കൂടിയാണ് യാക്കോബായ സഭാ അംഗം കൂടിയായ ജെയ്ക് സി തോമസിനെ വീണ്ടും രംഗത്തിറക്കിയത്. ചാണ്ടി ഉമ്മനൊപ്പം ഓർത്തഡോക്‌സുകാർ അണിനിരക്കുമ്പോൾ ജെയ്ക്കിനെ യാക്കോബായക്കാർ പിന്തുണയ്ക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ പുതുപ്പള്ളിയിലെ വോട്ടെണ്ണൽ കാട്ടുന്നത് മറ്റൊരു കണക്കാണ്. ജെയ്കിന്റെ സ്വന്തം പഞ്ചായത്തിൽ പോലും ജെയ്ക് മുന്നേറിയില്ല. മണർകാടും ചാണ്ടി ഉമ്മൻ മുന്നിലെത്തി. അതായത് ഓർത്തഡോക്‌സുകാരും യാക്കോബായക്കാരും ഒരു പോലെ ഉമ്മൻ ചാണ്ടിയുടെ ഓർമ്മയ്ക്ക് വോട്ട് ചെയ്തു.

അതികായനായ ഉമ്മൻ ചാണ്ടിയെ രണ്ടുവട്ടം നേരിട്ടതിന്റെ ആത്മവിശ്വാസവും പരിചയസമ്പത്തും കൈമുതലാക്കിയാണ് ചാണ്ടി ഉമ്മനെതിരെ ജെയ്ക് സി.തോമസ് പുതുപ്പള്ളിയിൽ മൽസരത്തിനിറങ്ങിയത്. ബി.എ.കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് സിലബസ് മാറ്റിയതുമായി ബന്ധപ്പെട്ട് 2010ൽ കോട്ടയം സി.എം.എസ് കോളജിൽ എസ്.എഫ്‌.െഎ നടത്തിയ സമരത്തിലൂടെയാണ് ജെയ്ക് സി.തോമസ് എന്ന യുവനേതാവിന്റെ പിറവി. മണർകാട് യാക്കോബായ പള്ളി അംഗമായ ജെയ്ക് 2016ൽ തന്റെ ഇരുപത്തിയാറാം വയസിലാണ് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ ജെയ്ക് മൽസരത്തിനിറങ്ങിയത്.

2016ലും 2021ലും പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയോട് തോറ്റു. പക്ഷെ 2016ൽ ഉമ്മൻ ചാണ്ടി നേടിയ 27,092 എന്ന ഭൂരിപക്ഷം 2021ൽ 9044ലായി കുറച്ച് കരുത്തുകാട്ടി ജെയ്ക്. 2010ൽ എസ്.എഫ്‌.െഎ കോട്ടയം ഏരിയ കമ്മറ്റി അംഗംകൂടിയായ ജെയ്ക് സി.തോമസിനെ എസ്.എഫ്‌.െഎ സമരത്തിന്റെ തുടർച്ചയായി കോളജിൽനിന്ന് പുറത്താക്കിയെങ്കിലും പിന്നീട് പരീക്ഷ എഴുതാൻ അനുവദിച്ചു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻ ചാണ്ടി സി.എം.എസ് കോളജ് വിഷയത്തിൽ എസ്.എഫ്‌.െഎ അക്രമത്തിലെ പൊലീസ് വീഴ്ചയ്‌ക്കെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. പിന്നീട് എസ്.എഫ്‌.െഎ ജില്ല പ്രസിഡന്റ് സ്ഥാനത്തേക്കെത്തിയ ജെയ്ക് സംസ്ഥാന പ്രസിഡന്റായതിന് പിന്നാലെയാണ് ആദ്യ നിയമസഭ തെരഞ്ഞെടുപ്പിന് പാർട്ടി ഉമ്മൻ ചാണ്ടിക്കെതിരെ നിയോഗിച്ചതും.

ആദ്യമായി സ്ഥാനാർത്ഥിയായ ശേഷം പുതുപ്പള്ളിക്കൊരു പുസ്തകം എന്ന പരിപാടി വഴി നവമാധ്യമങ്ങളിലൂടെ മണ്ഡലത്തിൽ ജെയ്ക് സജീവമായ ഇടപെടൽ നടത്തിയിരുന്നു. രണ്ടുവട്ടം തോറ്റെങ്കിലും ഇതുവരെ നടത്തിയ ഇടപെടലുകളും മണ്ഡലപരിചയവും ജെയ്കിന് വിജയമൊരുക്കുമെന്നായിരുന്നു പ്രതീക്ഷ. ഇതിനൊപ്പം ഓർത്തഡോക്‌സ് സഭയ്‌ക്കെതിരായ യാക്കോബായക്കാരുടെ വോട്ടിലും പ്രതീക്ഷയായി. അങ്ങനെ ചാണ്ടി ഉമ്മൻ ജയിച്ചാലും ജെയ്ക് ഭൂരിപക്ഷം പിടിച്ചു കെട്ടുമെന്ന് സിപിഎം കരുതി. അതാണ് തെറ്റുന്നത്. എല്ലാ മതവിഭാഗങ്ങൾക്കിടയിലും ഉമ്മൻ ചാണ്ടിയുടെ വിയോഗം വേദനയായി. ഇതെല്ലാം ചാണ്ടി ഉമ്മന് വോട്ടായി മാറുകയും ചെയ്തു. 53 കൊല്ലം പുതുപ്പള്ളിയെ നയിച്ച ഉമ്മൻ ചാണ്ടി വികസനം എത്തിച്ചില്ലെന്ന സിപിഎം ആരോപണങ്ങളും ജനം തള്ളുകയാണ്.

മണർകാട് സിപിഎമ്മിന് നല്ല സ്വാധീനമുണ്ടായിരുന്നു. ഇവിടെ ജെയ്ക് ഒന്നാമത് എത്തുമെന്നായിരുന്നു സിപിഎം പ്രതീക്ഷ. എന്നാൽ യുഡിഎഫ് ശക്തമായ പ്രവർത്തനം നടത്തി. എംപിയായ ബെന്നി ബെഹന്നാനേയും മാത്യു കുഴൽനാടനേയും മണർകാട് പ്രവർത്തനത്തിന് നിയോഗിച്ചു. യാക്കോബായാ സഭയിലെ വോട്ടുകളെ വീണ്ടും ഇവർ കോൺഗ്രസിന് അനുകൂലമാക്കി. ഇതോടെ ഇവിടേയും സിപിഎമ്മിന് അടിതെറ്റി. ഇനി ചാണ്ടി ഉമ്മന്റെ നിയമസഭയിലെ സത്യപ്രതിജ്ഞയാണ്. ഉമ്മൻ ചാണ്ടിയുടെ അനന്തരാവകാശി അങ്ങനെ സഭയിലേക്ക് എത്തുമ്പോൾ കോൺഗ്രസ് ക്യാമ്പുകളിൽ ആത്മവിശ്വാസം തെളിയും.

ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകൾ പുറത്തുവന്നപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ബഹുദൂരം മുന്നിൽ നിൽക്കുന്നതിൽ പ്രതികരണവുമായി സഹോദരി മറിയ ഉമ്മൻ രംഗത്തു വന്നിരുന്നു. അപ്പയോടൊപ്പം ചാണ്ടി ഉമ്മനെയും പുതുപ്പള്ളിക്കാർ സ്വീകരിച്ചുകഴിഞ്ഞുവെന്നാണ് മറിയ മാധ്യമങ്ങളോടു പ്രതികരിച്ചത്. ''ഉമ്മൻ ചാണ്ടിയോടൊപ്പം ചാണ്ടി ഉമ്മനെയും പുതുപ്പള്ളിക്കാർ സ്വീകരിച്ചുകഴിഞ്ഞു. ഇനി പൂർണ ഫലത്തിനായി കാത്തരിക്കുകയാണ്. ശുഭപ്രതീക്ഷയാണുള്ളത്. യാതൊരുവിധ സംശയവുമില്ല. ഏറ്റവും മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് കുടുംബത്തിന്റെയും പാർട്ടിയുടെയും പ്രതീക്ഷ'' പിതാവിന്റെ കല്ലറയിൽ പോയി പ്രാർത്ഥിക്കാനിറങ്ങിയപ്പോൾ മറിയ മാധ്യമങ്ങളോടു പറഞ്ഞു.